തിരുവനന്തപുരം നഗരമധ്യത്തിൽ സ്ഥിതിചെയ്യുന്ന മൃഗശാല ഇപ്പോഴുള്ള സ്ഥലത്തുനിന്ന് കാടുമായി ചേർന്ന ഇടത്തേക്കുമാറ്റി സ്ഥാപിക്കണമെന്നും ഈ സ്ഥലം അമേരിക്കയിലെ മാഡിസൺ ചത്വരംപോലെ വികസിപ്പിക്കണമെന്നുമുള്ള മുഖ്യമന്ത്രിയുടെ നിർദേശം ഇപ്പോൾ വലിയ ചർച്ചാവിഷയമായിരിക്കുകയാണല്ലോ.
ഇക്കഴിഞ്ഞ 16ന് റീ ഇമാജിനിംഗ് കേരളം ഇനിഷ്യേറ്റീവ് എന്ന പേരിൽ കേരളത്തിന്റെ സമഗ്ര മാറ്റം ലക്ഷ്യമാക്കിയുള്ള പദ്ധതികളെ സംബന്ധിച്ചുള്ള റൗണ്ട് ടേബിൾ കോൺഫറൻസിൽ കേരളത്തിന്റെ ഒരു സ്വപ്നപദ്ധതിയായിട്ടാണ് മുഖ്യമന്ത്രി ഇതവതരിപ്പിച്ചത്.
നിലവിലുള്ള മൃഗശാലയിൽ ജീവികൾക്ക് അവരുടേതായ ആവാസ വ്യവസ്ഥയുടെ അഭാവം അവയോടുള്ള ക്രൂരതയാണെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. ഈ പശ്ചാത്തലത്തിൽ തൃശൂരിലെ പുത്തൂരിൽ, അന്തർദേശീയ നിലവാരത്തിലുള്ള ആവാസവ്യവസ്ഥയോടെ സുവോളജിക്കൽ പാർക്ക് സ്ഥാപിക്കുന്നതിന് ആദ്യന്തം നേതൃത്വം നൽകിയ അനുഭവത്തിന്റെ വെളിച്ചത്തിൽ ചില അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നത് ഉചിതമാണെന്നു കരുതുന്നു.
തിരുവനന്തപുരം നഗരമധ്യത്തിൽ 30 ഏക്കർ സ്ഥലത്ത് സ്ഥിതിചെയ്യുന്ന മൃഗശാല ദക്ഷിണേന്ത്യയിലെ ഒരു പ്രധാന മൃഗശാലയാണ്. 98 ഇനങ്ങളിലായി ഏതാണ്ട് 1025 ജീവികളെ ഇവിടെ പാർപ്പിച്ചിരിക്കുന്നു. 1859ൽ അന്നത്തെ മ്യൂസിയത്തോടു ചേർന്ന് പ്രധാനമായും വിനോദത്തിനായി പ്രവർത്തനം ആരംഭിച്ച ഈ മൃഗശാല കാലാനുസൃതമായി പരിഷ്കരിക്കപ്പെട്ടാണ് ഇന്നത്തെ നിലയിൽ എത്തിയിട്ടുള്ളത്. കൂട്ടിലടച്ച മൃഗങ്ങളെ തുറസായ എൻക്ലോഷറുകളിലേക്കു മാറ്റുന്ന ആധുനികീകരണം 1995 കാലത്ത് ആരംഭിച്ചത് ഇപ്പോഴും തുടരുന്നു. കേന്ദ്ര മൃഗശാല അഥോറിറ്റിയുടെ അനുമതിയോടെ പ്രവർത്തിക്കുന്ന മൃഗശാല സ്ഥലപരിമിതി നേരിടുന്നു എന്നത്, 98 ഇനത്തിൽപെട്ട 1025 ജീവികൾ 30 ഏക്കർ സ്ഥലത്തു പാർക്കുന്നു എന്നതിൽനിന്നു വ്യക്തമാണ്.
പുത്തൂർ മാതൃക
ലോകമെമ്പാടും മൃഗശാലകളുടെ നടത്തിപ്പ് സംബന്ധിച്ച കാഴ്ചപ്പാടുകൾ അനുദിനം മാറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ പരിമിതമായ 30 ഏക്കർ സ്ഥലത്തു വരുത്താവുന്ന ആവാസവ്യവസ്ഥാ പുനഃസൃഷ്ടിക്കു വലിയ പരിമിതിയുണ്ട്. സർക്കാർ ചിന്തിക്കുന്നത് മൃഗശാലയുടെ റീ ലൊക്കേഷൻ ആണ്. ഇതിനൊരു വിജയകരമായ മാതൃക ഇപ്പോൾ സർക്കാരിന്റെ മുന്നിലുള്ളത്, ഈ വർഷം ഫെബ്രുവരിയിൽ സന്ദർശകർക്ക് തുറന്നുകൊടുത്ത തൃശൂരിലെ പുത്തൂർ സുവോളജിക്കൽ പാർക്കാണ്. തൃശൂർ നഗരമധ്യത്തിൽ 13 ഏക്കർ സ്ഥലത്തു ഒരു നൂറ്റാണ്ടിനു മേലെയായി പ്രവർത്തിച്ചിരുന്ന മൃഗശാല പുത്തൂരിലെ 336 ഏക്കർ വനമേഖലയിലേക്കു മാറ്റി സ്ഥാപിച്ചത് ഒരു ചരിത്രസംഭവമായിട്ടുവേണം കാണാൻ.
മൂന്നരപതിറ്റാണ്ട് നീണ്ട പരിശ്രമത്തിന്റെ പരിസമാപ്തിയായിരുന്നു അത്. ആധുനിക മൃഗശാലാ രൂപകല്പനയിൽ ലോകപ്രസിദ്ധനായ ജോൺ കോ യുടെ രൂപകല്പനയിൽ എട്ടു വർഷത്തെ പരിശ്രമത്തിലാണ് ഈ പാർക്ക് രൂപംകൊണ്ടത്. ഇതിനോടകം മൂന്നരലക്ഷത്തിലധികം ആളുകൾ സന്ദർശിച്ച പുത്തൂരിലെ പാർക്കിന്റെ രൂപകൽപന വളരെയേറെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. മുളങ്കാടുകൾ വെട്ടിമാറ്റിയ ഭൂപ്രദേശത്ത് കഴിഞ്ഞ അഞ്ചുവർഷം കൊണ്ടു നിലവിൽ വന്ന ഹരിതഭംഗി ജോൺ കോ യുടെ പ്രശംസ നേടിയിട്ടുണ്ട്. പാർക്ക് ഇപ്പോൾ നേരിടുന്ന പരിമിതി മൃഗങ്ങളുടെ എണ്ണക്കുറവാണ്.
അനുയോജ്യമായ ഭൂമി എവിടെ?
മൃഗശാല തിരുവനന്തപുരത്തുനിന്ന് റീ ലൊക്കേറ്റ് ചെയ്യണമോ എന്നത് ഭരണതലത്തിൽ തീരുമാനിക്കേണ്ടതാണ്. ഇതിനായി പല കാര്യങ്ങൾ ശ്രദ്ധാപൂർവം പരിഗണിക്കേണ്ടതുണ്ട്.
അനുയോജ്യമായ ഭൂമി കണ്ടെത്തുകയാണ് പ്രധാനം. തൃശൂർ മൃഗശാലയുടെ റീ ലൊക്കേഷൻ അനന്തമായി നീണ്ടത് ഭൂമി പ്രശ്നത്തിലായിരുന്നു. ഇതൊരു അനുഭവപാഠമാണ്. ഇപ്പോൾ ലോകമെമ്പാടും സൂ സഫാരികളാണ് നിലവിൽ വരുന്നത്. ആഫ്രിക്കൻ സഫാരിയൊക്കെ സന്ദർശിച്ചിട്ടുള്ള പൊതുജനങ്ങൾ അത്തരത്തിൽ ഒന്ന് തീർച്ചയായും പ്രതീക്ഷിക്കും.
നെയ്യാറിനടുത്ത് അഗസ്ത്യമലയുടെ ഭാഗമായ കോട്ടൂരിൽ അഗസ്ത്യവനം ബയോളജിക്കൽ പാർക്ക് സ്ഥാപിക്കാനുള്ള ഒരു വലിയ പദ്ധതി 1992ൽ വിഭാവന ചെയ്തു പണി ആരംഭിച്ചെങ്കിലും പിന്നീട് പ്രത്യേക സാഹചര്യത്തിൽ ഉപേക്ഷിക്കപ്പെട്ടു എന്നതും ഈ സാഹചര്യത്തിൽ പഠനവിഷയമാക്കണം. ഇതിനായി സ്ഥാപിച്ച തറക്കല്ല് ഇപ്പോഴും വനംവകുപ്പിൽ സൂക്ഷിച്ചിട്ടുണ്ട്. ഈ പദ്ധതിയുടെ രണ്ടാംഘട്ടമായി തിരുവനന്തപുരം മൃഗശാലയുടെ റീ ലൊക്കേഷനും ലക്ഷ്യമിട്ടിരുന്നു.
കേന്ദ്ര നിയമം അനുസരിച്ചു മൃഗശാല വനസംരക്ഷണ പ്രവർത്തനമായി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഈ നിയമ ഭേദഗതി സുപ്രീംകോടതിയിൽ ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ട്. കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതിയോടെയാണ് പുത്തൂരിലെ പാർക്ക് സ്ഥാപിച്ചിട്ടുള്ളതെന്ന് എടുത്തു പറയേണ്ടിയിരിക്കുന്നു. എന്നാൽ, റിസർവ് വനം ഇതിനായി തുടക്കത്തിലേ പരിഗണിക്കാതിരിക്കുന്നതാകും ഉചിതം. മൃഗശാലയും വനം-വന്യജീവി ആവാസ വ്യവസ്ഥയും തുടർച്ചയായി വരാതിരിക്കുന്നതാണ് അഭികാമ്യം.
ഇതിനായി വനമേഖലയോടടുത്തു നിലവിലുള്ള എസ്റ്റേറ്റുകൾ പരിഗണിക്കാവുന്നതാണ്. ഒരു സൂ സഫാരി സ്ഥാപിക്കുന്നതിന് കുറഞ്ഞത് 600 ഏക്കർ സ്ഥലം ആവശ്യമാണ്. കുറഞ്ഞ ചെലവിൽ ഏറ്റെടുക്കാവുന്ന ഇത്തരം ഭൂമി വനമേഖലയോടു ചേർന്ന് നെയ്യാർ-കോട്ടൂർ ഭാഗത്തു ലഭ്യമാണ്.
സൂ നടത്തിപ്പ് ഒരിക്കലും സന്ദർശക ഫീ മാത്രം കൊണ്ടു സാധ്യമല്ല. കൊമേർഷ്യൽ ഏരിയകൂടി ആവശ്യമാണ്. വനേതര ഭൂമിയിൽ ഇതു സാധ്യമാണ്. അതുപോലെ, സംസ്ഥാന ബജറ്റ് വഴി സ്ഥലമെടുപ്പുൾപ്പടെ ഏതാണ്ട് 750 കോടി രൂപ മുതൽമുടക്കു വേണ്ടിവരുന്ന ഈ പദ്ധതി നടപ്പാക്കുക അസാധ്യമായിരിക്കും. പ്രത്യേക സാമ്പത്തിക സ്രോതസ് കണ്ടെത്തേണ്ടതുണ്ട്.
മഹാരാഷ്ട്ര പൂനയ്ക്കടുത്തു ഗോരേവാദ എന്ന സ്ഥലത്തു പബ്ലിക് പ്രൈവറ്റ് വെഞ്ചർ ആയി ഇത്തരത്തിൽ സുവോളജിക്കൽ പാർക്ക് സ്ഥാപിക്കുന്നുണ്ട്. ഇത്തരം പദ്ധതികൾക്കുള്ള മൂലധന സ്വരൂപണത്തിനു വഴികൾ പലതുണ്ട്. പുത്തൂർ സുവോളജിക്കൽ പാർക്കിന്റെ ചരിത്രം ഇതെല്ലാം ഉൾക്കൊള്ളുന്നതാണ്.
(റിട്ട. പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്ററായ ലേഖകൻ തൃശൂർ
സുവോളജിക്കൽ പാർക്കിന്റെ സ്പെഷ്യൽ ഓഫീസറായിരുന്നു)
Tags : Relocating Zoo Possible Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash