Kerala
കോട്ടയം: മാനവരക്ഷയ്ക്കായി കുരിശില്‍ ജീവന് അര്‍പ്പിച്ച ക്രിസ്തുവിന്റെ ഉദാത്തമായ സ്നേഹത്തിന്റെയും ത്യാഗത്തിന്റെയും സ്മരണ പുതുക്കി ലോകമെങ്ങുമുള്ള ക്രൈസ്തവർ ഇന്ന് ദുഃഖവെള്ളി ആചരിക്കുന്നു.
ദേവാലയങ്ങളില്‍ ദുഃഖവെള്ളിയുടെ തിരുക്കര്‍മങ്ങള്‍ നടക്കും. തിരുവനന്തപുരം പാളയത്ത് രാവിലെ 6.30ന് സംയുക്ത കുരിശിന്റെ വഴിയിൽ കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവയും തോമസ് ജെ. നെറ്റോയും മാർ തോമസ് തറയിലും പങ്കെടുത്തു.
സെന്റ് മേരീസ് കത്തീഡ്രലിലെ ശുശ്രൂഷകൾക്ക് സീറോ മലബാർ സഭ മേജർ ആര്‍ച്ച് ബിഷപ്പ് റാഫേല്‍ തട്ടില്‍ നേതൃത്വം നൽകും. ഓർത്തഡോക്സ് സഭാധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ പാമ്പാടി മാർ കുറിയാക്കോസ് ദയറായിൽ ദുഃഖവെള്ളി ചടങ്ങുകൾക്ക് മുഖ്യ കാർമ്മികത്വം വഹിക്കും.
നോമ്പിന്റെയും ഉപവാസത്തിന്റെയും ദിനങ്ങളിലൂടെ ആത്മവിശുദ്ധീകരണത്തിലേക്ക് കടന്നുവന്ന വിശ്വാസസമൂഹം ക്രൂശിതനു പിന്നാലെ പ്രാര്‍ഥനാമന്ത്രങ്ങളുമായി കുരിശിന്റെ വഴിയിലെ 14 സ്ഥലങ്ങള്‍ ധ്യാനിച്ച് പരിഹാര പ്രദക്ഷിണം നടത്തും.
പ്രമുഖ തീർഥാടക കേന്ദ്രങ്ങളായ മലയാറ്റൂർ, എഴുകുംവയല്‍, തുമ്പച്ചി, വല്യച്ചൻ മല തുടങ്ങിയവയടക്കം വിവിധ ജില്ലകളിലെ കുരിശുമലകളിലേക്ക് ആയിരങ്ങള്‍ കുരിശിന്റെ വഴിയുമായി നടന്നുനീങ്ങും.
Kerala
കൊച്ചി: ക്രിസ്തുവിന്റെ പീഡാസഹനവും കുരിശു മരണവും അനുസ്മരിക്കുന്ന ദുഃഖവെള്ളിയാഴ്ച പോളിംഗ് ഉദ്യോഗസ്ഥർക്ക് പരിശീലനം നടത്താനുള്ള തെരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനം ദൗർഭാഗ്യകരവും ക്രൈസ്തവ ന്യൂനപക്ഷത്തെ ബോധപൂർവം അവഹേളിക്കുന്നതിനുള്ള നടപടിയുമാണെന്ന് കത്തോലിക്ക കോൺഗ്രസ്.
തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഈ തീരുമാനം ഭാരതത്തിന്റെ മതേതരത്വത്തിന് കളങ്കമുണ്ടാക്കുന്നതും ഭരണഘടനാപരമായ അവകാശ ലംഘനവുമാണ്. ക്രൈസ്തവ ന്യൂനപക്ഷങ്ങളോടുള്ള സർക്കാരുകളുടെ തുടർച്ചയായ അവഹേളനങ്ങളുടെ ഒരു നേർക്കാഴ്ചയാണ് ദുഃഖവെള്ളിയാഴ്ച ഇലക്ഷൻ കമ്മീഷൻ നടത്തുന്ന പരിശീലനം.
ഈസ്റ്റർ, പെസഹാ ദിനങ്ങളിൽ എൻട്രൻസ് പരീക്ഷകൾ നടത്തി ക്രൈസ്തവ സമൂഹത്തെ ഉപദ്രവിക്കുന്ന സമീപനം നിലനിൽക്കുന്പോഴാണ് ദുഃഖവെള്ളിയാഴ്ച പുതിയ പരിശീലനവുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ വന്നിരിക്കുന്നത്.
ഇത് കടുത്ത നീതിനിഷേധവും ക്രൈസ്തവ ന്യൂനപക്ഷങ്ങൾക്കെതിരേയുള്ള ബോധപൂർവമായ ഗൂഢാലോചനയുടെ ഭാഗവുമാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഇത്തരം നടപടികൾ കൃത്യമായി ക്രൈസ്തവ മതവികാരത്തെ വ്രണപ്പെടുത്തുന്നത് തന്നെയാണ്.
ക്രൈസ്തവ പാരന്പര്യങ്ങളെയും അനുഷ്ഠാനങ്ങളെയും നിഷേധിക്കുകയും ബോധപൂർവം അവഹേളിക്കുകയും ചെയ്യുന്ന ഇത്തരം നടപടികൾ ആവർത്തിക്കപ്പെടാതിരിക്കാനുള്ള ജാഗ്രതയും നടപടികളും കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ഭാഗത്തുനിന്നുണ്ടാകണമെന്നും കത്തോലിക്കാ കോൺഗ്രസ് ആവശ്യപ്പെട്ടു.
ഇക്കാര്യങ്ങളിൽ ഭരണകൂടത്തിന്റെ ഭാഗത്തുനിന്നു നടപടികൾ ഉണ്ടാകുന്നില്ലെങ്കിൽ ശക്തമായ പ്രതികരണങ്ങളിലേക്ക് കടക്കാൻ കത്തോലിക്ക കോൺഗ്രസ് തീരുമാനിച്ചു.
NRI
പ്രെസ്റ്റൻ: ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപതയിലെ വിവിധ ഇടവകകളിലും മിഷനുകളിലും വിശുദ്ധ വാര തിരുക്കർമങ്ങൾക്കായി വിപുലമായ ഒരുക്കങ്ങൾ പൂർത്തിയായതായി രൂപതാ കേന്ദ്രത്തിൽ നിന്ന് അറിയിച്ചു.
നൂറിൽ പരം കേന്ദ്രങ്ങളിൽ തിരുക്കർമങ്ങൾ നടക്കും. പ്രെസ്റ്റൻ സെന്റ് അൽഫോൻസാ കത്തീഡ്രൽ ദേവാലയത്തിൽ നടക്കുന്ന തിരുക്കർമങ്ങൾക്ക് രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ കാർമികത്വം വഹിക്കും.