കോട്ടയം: മാനവരക്ഷയ്ക്കായി കുരിശില്‍ ജീവന് അര്‍പ്പിച്ച ക്രിസ്തുവിന്റെ ഉദാത്തമായ സ്നേഹത്തിന്റെയും ത്യാഗത്തിന്റെയും സ്മരണ പുതുക്കി ലോകമെങ്ങുമുള്ള ക്രൈസ്തവർ ഇന്ന് ദുഃഖവെള്ളി ആചരിക്കുന്നു.
ദേവാലയങ്ങളില്‍ ദുഃഖവെള്ളിയുടെ തിരുക്കര്‍മങ്ങള്‍ നടക്കും. തിരുവനന്തപുരം പാളയത്ത് രാവിലെ 6.30ന് സംയുക്ത കുരിശിന്‍റെ വഴിയിൽ കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവയും തോമസ് ജെ. നെറ്റോയും മാർ തോമസ് തറയിലും പങ്കെടുത്തു.
സെന്‍റ് മേരീസ് കത്തീഡ്രലിലെ ശുശ്രൂഷകൾക്ക് സീറോ മലബാർ സഭ മേജർ ആര്‍ച്ച് ബിഷപ്പ് റാഫേല്‍ തട്ടില്‍ നേതൃത്വം നൽകും. ഓർത്തഡോക്സ് സഭാധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ പാമ്പാടി മാർ കുറിയാക്കോസ് ദയറായിൽ ദുഃഖവെള്ളി ചടങ്ങുകൾക്ക് മുഖ്യ കാർമ്മികത്വം വഹിക്കും.
നോമ്പിന്റെയും ഉപവാസത്തിന്റെയും ദിനങ്ങളിലൂടെ ആത്മവിശുദ്ധീകരണത്തിലേക്ക് കടന്നുവന്ന വിശ്വാസസമൂഹം ക്രൂശിതനു പിന്നാലെ പ്രാര്‍ഥനാമന്ത്രങ്ങളുമായി കുരിശിന്‍റെ വഴിയിലെ 14 സ്ഥലങ്ങള്‍ ധ്യാനിച്ച് പരിഹാര പ്രദക്ഷിണം നടത്തും.
പ്രമുഖ തീർഥാടക കേന്ദ്രങ്ങളായ മലയാറ്റൂർ, എഴുകുംവയല്‍, തുമ്പച്ചി, വല്യച്ചൻ മല തുടങ്ങിയവയടക്കം വിവിധ ജില്ലകളിലെ കുരിശുമലകളിലേക്ക് ആയിരങ്ങള്‍ കുരിശിന്‍റെ വഴിയുമായി നടന്നുനീങ്ങും.
Tags : Good Friday Passion church Way of the Cross