National
ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടും വോട്ട് ചോരി ആരോപണത്തിൽ പ്രതിഷേധിച്ചും ഇന്ത്യാസഖ്യം നടത്തിയ ഡൽഹി ചലോ മാർച്ചിനിടെ രാഹുൽ ഗാന്ധിക്കുവേണ്ടി സുപ്രീംകോടതിയിൽ ഹർജി സമർപ്പിച്ചു. ഗ്യാനേഷ് കുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചുള്ള ഹർജി അഭിഭാഷകരാണ് കോടതിയിൽ നൽകിയത്.
വൈകുന്നേരം 4.45ഓടെയാണ് ഹർജി സമർപ്പിച്ചത്. എസ്ഐആർ ഉൾപ്പെടെ തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിവിധ തീരുമാനങ്ങളെ ചോദ്യം ചെയ്താണ് ഹർജി. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഏകപക്ഷീയമായ തീരുമാനങ്ങൾ നടപ്പാക്കിയെന്ന ആരോപണവും ഹർജിയിലുണ്ട്. അതേസമയം ഇന്ത്യാ സഖ്യത്തിന്റെ നേതൃത്വത്തിൽ സുപ്രീംകോടതിയിലേക്ക് നടത്തിയ ഡൽഹി ചലോ മാർച്ച് തലസ്ഥാനത്ത് പ്രതിഷേധത്തിന് വഴിവച്ചു.
ഉച്ചയ്ക്ക് രണ്ടോടെ കോൺസ്റ്റിറ്റ്യൂഷൻ ക്ലബിൽനിന്ന് ബസിൽ യാത്ര തിരിച്ച പ്രതിപക്ഷ നേതാക്കൾ ബാരഖംബ ജംഗ്ഷന് സമീപം ഇറങ്ങി മാർച്ച് തുടർന്നു. തുടക്കത്തിൽ കാൽനടയായി നീങ്ങിയ നേതാക്കൾ പിന്നീട് മണ്ടി ഹൗസിന് സമീപത്തുനിന്ന് തുറന്ന വാഹനത്തിലേക്ക് മാറി സുപ്രീംകോടതിയിലേക്ക് യാത്ര തുടർന്നു. കോടതിക്ക് ഏകദേശം 200 മീറ്റർ അകലെ ബാരിക്കേഡുകൾ സ്ഥാപിച്ച് പൊലിസ് കനത്ത സുരക്ഷ ഏർപ്പെടുത്തിയിരുന്നു.
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ടും തെരഞ്ഞെടുപ്പ് നടപടികളുമായി ബന്ധപ്പെട്ട ആരോപണങ്ങൾ ഉന്നയിച്ചുമാണ് പ്രതിപക്ഷ സഖ്യത്തിന്റെ പ്രതിഷേധം. അതേസമയം പ്രതിഷേധം കണക്കിലെടുത്ത് രാജ്യതലസ്ഥാനത്ത് കനത്ത സുരക്ഷായാണ് ഒരുക്കിയിരിക്കുന്നത്. ഡൽഹി പൊലിസിനെയും കേന്ദ്രസേനയെയും റാപ്പിഡ് ആക്ഷൻ ഫോഴ്സിനെയും പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്.
National
ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം തുടരുന്നതിനിടെ ഇന്ത്യാ സഖ്യത്തിലെ പത്ത് എംപിമാർക്ക് രാഷ്ട്രപതി ദ്രൗപദി മുർമുവുമായി കൂടിക്കാഴ്ച നടത്താൻ അനുമതി. ഇന്ന് രാത്രി എട്ടിനാണ് കൂടിക്കാഴ്ച നിശ്ചയിച്ചിരിക്കുന്നത്. രാഷ്ട്രപതിയെ നേരിൽ കണ്ട് വിഷയങ്ങൾ ഉന്നയിക്കുന്നതിനായി ഇന്ത്യാ സഖ്യം സമയം തേടിയിരുന്നു.
ഇതിന് പിന്നാലെയാണ് രാഷ്ട്രപതി ഭവൻ കൂടിക്കാഴ്ചയ്ക്ക് അനുമതി നൽകിയത്. വോട്ടർപട്ടികയുമായി ബന്ധപ്പെട്ട ആരോപണങ്ങളും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യവും ഉൾപ്പെടെയുള്ള വിഷയങ്ങൾ പ്രതിപക്ഷം ശക്തമായി ഉന്നയിക്കുന്നതിനിടെയാണ് കൂടിക്കാഴ്ച നടക്കുന്നത്. രാഷ്ട്രപതിയുമായുള്ള കൂടിക്കാഴ്ചയിൽ പ്രതിപക്ഷ എംപിമാർ എന്തെല്ലാം വിഷയങ്ങൾ ഉന്നയിക്കുമെന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല.
രാഷ്ട്രപതി അനുമതി നൽകിയതോടെ വൈകുന്നേരം അഞ്ചിന് സെൻട്രൽ ഹാളിൽ ഇന്ത്യാസഖ്യ നേതാക്കൾ യോഗം ചേരും. അതേസമയം ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ശനിയാഴ്ച സിജെപി പ്രക്ഷോഭം നടത്തും. ജന്തർ മന്തറിൽ നടക്കുന്ന പ്രതിഷേധം കണക്കിലെടുത്ത് കനത്ത സുരക്ഷയാണ് ഡൽഹിയിൽ ഏർപ്പെടുത്തിയിരിക്കുന്നത്.
National
ന്യൂഡൽഹി: ദേശീയതലത്തിൽ ഇന്ത്യാ സഖ്യത്തിലെ കക്ഷികൾ പരസ്പരം പോരടിക്കുന്ന സാഹചര്യം ഒഴിവാക്കണമെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. സംസ്ഥാനതലത്തിൽ സഖ്യകക്ഷികൾക്കിടയിൽ അഭിപ്രായവ്യത്യാസങ്ങൾ സ്വാഭാവികമാണ്. എന്നാൽ അവ ദേശീയതലത്തിൽ പ്രതിഫലിക്കരുതെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധപരിപാടികൾ ചർച്ച ചെയ്യാൻ ചേർന്ന ഇന്ത്യാ സഖ്യ യോഗത്തിലാണ് രാഹുൽ ഗാന്ധിയുടെ പരാമർശം. സഖ്യകക്ഷികളുടെ പരസ്യമായ ഏറ്റുമുട്ടലുകൾ ബിജെപി രാഷ്ട്രീയമായി ഉപയോഗിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ രാഷ്ട്രീയ പാർട്ടികൾക്കൊപ്പം പൊതുസമൂഹത്തെയും അണിനിരത്തണമെന്ന എം.എ. ബേബിയുടെ നിർദേശത്തെ മമത ബാനർജി പിന്തുണ അറിയിച്ചു.
ജനാധിപത്യ സംരക്ഷണത്തിനായി എല്ലാവരും ഒരുമിച്ച് നിൽക്കണമെന്നും തനിക്ക് ഈഗോ ഇല്ലെന്നും മമത യോഗത്തിൽ വ്യക്തമാക്കി. ഇടതുപാർട്ടികളുമായി സഹകരിച്ച് പൊതുസമൂഹത്തെയും ആക്ടിവിസ്റ്റുകളെയും പ്രതിഷേധത്തിന്റെ ഭാഗമാക്കണമെന്ന ആവശ്യവും യോഗത്തിൽ ഉയർന്നു. സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി തനിക്ക് കത്തയച്ചതായും അതിന് മറുപടി നൽകിയതായും മമത ബാനർജി യോഗത്തെ അറിയിച്ചു.
സിപിഎം ഉൾപ്പെടെയുള്ള ഇടതുപാർട്ടികളുമായി സഹകരിച്ച് പ്രവർത്തിക്കാൻ തയാറാണെന്ന നിലപാട് ഇന്ത്യാ സഖ്യ യോഗത്തിൽ മമത ആദ്യമായി വ്യക്തമാക്കിയതായും നേതാക്കൾ അറിയിച്ചു. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനും തെരഞ്ഞെടുപ്പ് കമ്മീഷനുമെതിരേ സ്വീകരിക്കേണ്ട നിയമനടപടികളെക്കുറിച്ച് കപിൽ സിബൽ യോഗത്തിൽ വിശദീകരിച്ചു. സിബൽ മുന്നോട്ടുവച്ച ചില നിർദേശങ്ങൾ യോഗം അംഗീകരിച്ചു.
Kerala
മലപ്പുറം: കോണ്ഗ്രസിന്റെ പിടിവാശിയും കടുംപിടിത്തവും ഇന്ത്യാ സഖ്യത്തിന്റെ തകർച്ചക്ക് വഴിയൊരുക്കുമെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ.
അരീക്കോട് /”ഇഎംഎസിന്റെ ലോകം’ ദേശീയ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബിജെപി വിരുദ്ധ നിലപാട് സ്വീകരിക്കുന്ന മതനിരപേക്ഷ കക്ഷികളെ ഒന്നിച്ചു നിർത്താനാണ് ഇന്ത്യാ വേദി രൂപീകരിച്ചത്. എന്നാൽ അധികാരത്തിന് വേണ്ടിയുള്ള കോണ്ഗ്രസിന്റെ ശ്രമങ്ങൾ ചില കക്ഷികളെ സഖ്യത്തിൽ നിന്നകറ്റി.
ഒന്നാം യുപിഎ സർക്കാരിന് ഇടതുപക്ഷം പിന്തുണ നൽകിയത് കൃത്യമായ കാഴ്ചപ്പാടോടെയാണ്. കോണ്ഗ്രസിനെക്കുറിച്ച് എന്തെങ്കിലും വ്യാമോഹമുണ്ടായിട്ടല്ല, ബിജെപി അധികാരത്തിൽ വന്നാലുള്ള അപകടം ഒഴിവാക്കാനായിരുന്നു അത്. ഇപ്പോൾ സ്വീകരിക്കുന്ന നിലപാടും ഇതേ കാഴ്ചപ്പാടിൽ തന്നെയാണ്.
മറ്റുള്ളവരെ അംഗീകരിക്കാനുള്ള കോണ്ഗ്രസിന്റെ പ്രയാസവും സങ്കുചിത താൽപ്പര്യങ്ങളുമാണ് ബിജെപിയെ അധികാരത്തിലെത്തിച്ചത്. ബിജെപി രാജ്യസഭാംഗങ്ങളുടെ എണ്ണം കുറയ്ക്കുന്നതിനുള്ള ഒരു കാഴ്ചപ്പാടും തെരഞ്ഞെടുപ്പുകളിൽ കോണ്ഗ്രസിന് ഉണ്ടായില്ല.
അതേസമയം പ്രതിപക്ഷ പാർട്ടികളിലെ നേതാക്കളെ അന്വേഷണ ഏജൻസികളെ വിട്ട് ആക്രമിക്കുന്നതിനും കോണ്ഗ്രസ് ബിജെപി സർക്കാരിന് കൂട്ടുനിന്നുവെന്നും പിണറായി ആരോപിച്ചു.
National
ന്യൂഡൽഹി: ബിജെപിക്കും ആർഎസ്എസിനും എതിരേയുള്ള രാഷ്ട്രീയപോരാട്ടത്തിൽ ഇന്ത്യാ മുന്നണിക്കൊപ്പം സിപിഎം ഉറച്ചുനിൽക്കുമെന്ന് പാർട്ടി ജനറൽ സെക്രട്ടറി എം.എ. ബേബി.
ആർഎസ്എസിന്റെ ഫാസിസ്റ്റ് ശക്തിയായ ബിജെപിയെ പരാജയപ്പെടുത്തുക പ്രഥമ കർത്തവ്യമാണെന്ന് പാർട്ടി കോണ്ഗ്രസ് അംഗീകരിച്ച പ്രമേയം വ്യക്തമാക്കുന്നു.
രാഹുൽ ഗാന്ധി പിണറായി വിജയനെ കെട്ടിപ്പിടിക്കണമെന്ന് ആരും ആവശ്യപ്പെടുന്നില്ലെന്നും എന്നാൽ പിണറായി വിജയനെയും മറ്റു പ്രതിപക്ഷനേതാക്കളെയും അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഇഡിക്കും മോദിസർക്കാരിനും വഴിയൊരുക്കുന്ന ആളാകുന്നത് അദ്ദേഹം അവസാനിപ്പിക്കണമെന്നാണ് ആവശ്യപ്പെടുന്നതെന്നും ബേബി പറഞ്ഞു.
കേരളത്തിൽ ബിജെപി-സിപിഎം ഡീൽ എന്ന ആരോപണത്തിൽ അതൃപ്തി രേഖപ്പെടുത്തി തിങ്കളാഴ്ച നടന്ന ഇന്ത്യാ മുന്നണി യോഗത്തിനു മുന്നോടിയായി കോണ്ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്ക് ബേബി കത്തെഴുതിയിരുന്നു.
യോഗത്തിൽ അദ്ദേഹം പങ്കെടുത്തിരുന്നുമില്ല. പകരം സിപിഎമ്മിന്റെ രാജ്യസഭാ എംപി ജോണ് ബ്രിട്ടാസാണു പങ്കെടുത്തത്.
National
ന്യൂഡൽഹി: ഡൽഹിയിൽ നടന്ന ‘ഇന്ത്യ’ മുന്നണിയുടെ യോഗത്തിൽ കോൺഗ്രസ് നേതൃത്വത്തിനും രാഹുൽ ഗാന്ധിക്കും എതിരെ സഖ്യകക്ഷികളുടെ രൂക്ഷവിമർശനം. ഇതോടെ പ്രതിപക്ഷ നിരയിലെ ആഭ്യന്തര ഭിന്നതകൾ വീണ്ടും പരസ്യമായി. തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിലെ ഏകോപനമില്ലായ്മയും കോൺഗ്രസ് നേതാക്കളുടെ പെരുമാറ്റവുമാണ് പ്രധാനമായും യോഗത്തിൽ ചർച്ചയായത്.
സമാജ്വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവാണ് കോൺഗ്രസിനെതിരെയുള്ള വിമർശനങ്ങൾക്ക് യോഗത്തിൽ തുടക്കമിട്ടത്. തുടർന്ന് ഇടതുപാർട്ടികളും മറ്റ് രാഷ്ട്രീയ നേതാക്കളും ഈ നിലപാടിനെ പിന്തുണച്ച് രംഗത്തെത്തി. ലോകസഭാ തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ സഖ്യകക്ഷികൾക്കിടയിൽ കൃത്യമായ ഏകോപനം ഉണ്ടായിരുന്നില്ലെന്ന് പാർട്ടികൾ കുറ്റപ്പെടുത്തി. കോൺഗ്രസ് നേതാക്കൾ തങ്ങൾക്കെതിരെ മോശം പരാമർശങ്ങൾ നടത്തിയതായും സഖ്യകക്ഷികൾ ആരോപിച്ചു. വർഷത്തിലൊരിക്കൽ മാത്രം യോഗം ചേരുന്ന രീതി ഫലപ്രദമല്ലെന്നും കൃത്യമായ ഇടവേളകളിൽ കാര്യങ്ങൾ ചർച്ച ചെയ്യണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.
ദേശീയ തലത്തിൽ സഖ്യം ശക്തമാണെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി യോഗത്തിൽ പറഞ്ഞു. എന്നാൽ തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ പ്രാദേശിക രാഷ്ട്രീയ സാഹചര്യങ്ങളും അതത് സംസ്ഥാനങ്ങളിലെ കോൺഗ്രസ് നേതാക്കളുടെ അഭിപ്രായങ്ങളും തനിക്ക് കണക്കിലെടുക്കേണ്ടി വരുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.
കോൺഗ്രസുമായുള്ള ഭിന്നതകളെ തുടർന്ന് ഡിഎംകെ, ആം ആദ്മി പാർട്ടി എന്നിവർ ഈ യോഗത്തിൽ നിന്ന് വിട്ടുനിന്നു. തമിഴ്നാട്ടിൽ നടൻ വിജയിയുടെ തമിഴക വെട്രി കഴകവുമായി സഖ്യമുണ്ടാക്കാൻ കോൺഗ്രസ് ശ്രമിക്കുന്നത് ചൂണ്ടിക്കാട്ടിയാണ് ഡിഎംകെ വിട്ടുനിന്നത്. പഞ്ചാബിൽ കോൺഗ്രസുമായുള്ള നേരിട്ടുള്ള രാഷ്ട്രീയ മത്സരം കാരണമാണ് എഎപി യോഗത്തിനെത്താതിരുന്നത്. ശരദ് പവാർ, മമത ബാനർജി തുടങ്ങിയ പ്രമുഖർ യോഗത്തിൽ നേരിട്ട് പങ്കെടുത്തപ്പോൾ ഉദ്ദവ് താക്കറെ, ഹേമന്ത് സോറൻ എന്നിവർ ഓൺലൈനായി പങ്കെടുത്തു.
സഖ്യകക്ഷികളുടെ സമ്മർദത്തെ തുടർന്ന് ഇനി മുതൽ രണ്ട് മാസത്തിലൊരിക്കൽ ‘ഇന്ത്യ’ സഖ്യം യോഗം ചേരാൻ തീരുമാനിച്ചു. അടുത്ത യോഗം ഓഗസ്റ്റിൽ ഹൈദരാബാദിൽ വെച്ച് നടക്കും. നീറ്റ് ചോദ്യപേപ്പർ ചോർച്ച, സിബിഎസ്ഇ പരീക്ഷാ വിവാദങ്ങൾ എന്നിവ മുൻനിർത്തി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെടാനും വിലക്കയറ്റം, കർഷകരുടെ പ്രശ്നങ്ങൾ എന്നിവ ചർച്ച ചെയ്യാൻ സർവകക്ഷി യോഗം ആവശ്യപ്പെടാനും സഖ്യം തീരുമാനിച്ചിട്ടുണ്ട്.
National
ന്യൂഡൽഹി: ഡൽഹിയിൽ ചേർന്ന ഇന്ത്യ സഖ്യ യോഗത്തെ പരിഹസിച്ച് ബിജെപി എംപി സംബിത് പത്ര. ഡിഎംകെ, എഎപി പാർട്ടികൾ സഖ്യത്തിൽനിന്ന് വിട്ടുനിന്നത് ചൂണ്ടിക്കാട്ടിയായിരുന്നു പരിഹാസം. യോഗം ഇപ്പോൾ ശുഷ്കിച്ച് ഒറ്റമുറിയിലേക്ക് മാറിയെന്ന് സംബിത് പത്ര പരിഹസിച്ചു.
മുൻപ് ഈ യോഗങ്ങൾ സ്റ്റേഡിയങ്ങളിലായിരുന്നു നടന്നിരുന്നത്. ബംഗളൂരുവിൽ എല്ലാവരും കൈകോർത്തുനിന്നു. ക്രമേണ ഈ യോഗങ്ങൾ കോൺസ്റ്റിറ്റ്യൂഷൻ ക്ലബിലെ ഒരു ചെറിയ മുറിയിലേക്ക് ഒതുങ്ങിയെന്നും അദ്ദേഹം പറഞ്ഞു.
തമിഴ്നാട്ടിൽ കോൺഗ്രസ് പെട്ടെന്നുതന്നെ മറ്റൊരു പാർട്ടിയുമായി സഖ്യം ചേർന്ന് സർക്കാർ രൂപീകരിച്ചു. എന്നാൽ ബംഗാളിൽ തോറ്റപ്പോൾ അവർ മുറവിളി കൂട്ടുകയാണ്. രാജ്യം മുഴുവൻ ഈ കാപട്യം കാണുന്നുണ്ടെന്നും സംബിത് പത്ര ആരോപിച്ചു.
പ്രതിപക്ഷ പാർട്ടികൾക്ക് താഴെത്തട്ടിൽ യഥാർഥ സാന്നിധ്യമില്ല. അവരുടെ വിശ്വാസ്യത നഷ്ടപ്പെട്ടു. അതുകൊണ്ടാണ് ജനങ്ങൾ അവർക്ക് വോട്ട് ചെയ്യാത്തത്. രാഹുൽ ഗാന്ധി എവിടെയുണ്ടോ, അവിടെ ആരുടെയും രാഷ്ട്രീയ ഭാഗ്യം തെളിയാറില്ലെന്നും സംബിത് പത്ര പരിഹസിച്ചു.
രണ്ടു മാസത്തിലൊരിക്കൽ യോഗം ചേരാൻ അവർ തീരുമാനിച്ചിട്ടുണ്ട്. ഈ പോക്കാണെങ്കിൽ, മൂന്നാമത്തെയോ നാലാമത്തെയോ യോഗം ഒരു കാറിനുള്ളിലായിരിക്കും നടക്കുകയെന്നും സംബിത് പത്ര കൂട്ടിച്ചേർത്തു.
National
ന്യൂഡൽഹി: സംസ്ഥാനങ്ങളിൽ ഭിന്നത നിലനിൽക്കെ പറയാനുള്ളതെല്ലാം പറഞ്ഞുതീർത്ത പ്രതിപക്ഷ ഇന്ത്യാ സഖ്യ യോഗം എൻഡിഎയ്ക്കെതിരേ ഒറ്റക്കെട്ടായി നീങ്ങാൻ തീരുമാനിച്ചു.
സഖ്യം കൂടുതൽ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി രണ്ടു മാസത്തിൽ ഒരിക്കൽ യോഗം ചേർന്നു ഭാവിതന്ത്രങ്ങൾ മെനയുമെന്ന് യോഗത്തിനുശേഷം നേതാക്കൾക്കൊപ്പം ഡൽഹി കോണ്സ്റ്റിറ്റ്യൂഷൻ ക്ലബ്ബിൽ നടത്തിയ വാർത്താസമ്മേളനത്തിൽ കോണ്ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ വ്യക്തമാക്കി.
കോണ്ഗ്രസിനെതിരേയാണു സഖ്യത്തിൽ കക്ഷികൾ ആരോപണങ്ങൾ കൂടുതലും ഉന്നയിച്ചത്. എന്നാൽ ഓരോ സംസ്ഥാനത്തെയും രാഷ്ട്രീയ സാഹചര്യം പരിഗണിക്കാതിരിക്കാനാകില്ലെന്നും അതേസമയം വിമർശങ്ങൾ ഉൾക്കൊള്ളുന്നതായും കോണ്ഗ്രസ് വ്യക്തമാക്കി. സഖ്യകക്ഷികൾക്കുണ്ടായിരുന്ന പരാതികളും യോഗത്തിൽ ചർച്ച ചെയ്തു.
ആം ആദ്മി പാർട്ടിയും തമിഴ്നാട്ടിലെ രാഷ്ട്രീയ സാഹചര്യത്തെത്തുടർന്ന് ഡിഎംകെയും യോഗത്തിൽനിന്ന് വിട്ടു നിന്നപ്പോൾ സോണിയ ഗാന്ധി, മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി, മമത ബാനർജി, അഖിലേഷ് യാദവ്, ഒമർ അബ്ദുള്ള, തേജസ്വി യാദവ്, ഡി. രാജ, മെഹബൂബ മുഫ്തി, എൻ.കെ. പ്രേമചന്ദ്രൻ, ജോസ് കെ. മാണി, പി. സന്തോഷ് കുമാർ, ഫ്രാൻസിസ് ജോർജ്, ജോണ് ബ്രിട്ടാസ്, പി.കെ. കുഞ്ഞാലിക്കുട്ടി, സാദിഖലി ശിഹാബ് തങ്ങൾ തുടങ്ങി 23 കക്ഷികളുടെ നേതാക്കൾ പങ്കെടുത്തു. ശിവസേനാ നേതാവ് ഉദ്ധവ് താക്കറെ, ജെഎംഎം അധ്യക്ഷൻ ഹേമന്ത് സോറൻ തുടങ്ങിയവർ ഓണ്ലൈനായി യോഗത്തിൽ പങ്കെടുത്തു.
കേരളത്തിൽ സിപിഎം- ബിജെപി ഡീൽ എന്ന ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയുടെ പ്രസ്താവന സഖ്യത്തിൽ വിള്ളൽ വീഴ്ത്തുന്നതാണെന്ന് യോഗത്തിൽ പങ്കെടുത്ത സിപിഎം പ്രതിനിധി ജോണ് ബ്രിട്ടാസ് എംപി ആരോപിച്ചു.
എന്നാൽ സിപിഎം അതിന്റെ യഥാർഥ പ്രത്യയശാസ്ത്രത്തിൽനിന്നു വ്യതിചലിക്കുന്നതായും അതു ശരിവയ്ക്കുന്ന നിരവധി കാര്യങ്ങൾ തന്റെ പക്കലുണ്ടെന്നും രാഹുൽ പ്രതികരിച്ചു. സംസ്ഥാനതലത്തിൽ ആരോപണ- പ്രത്യാരോപണങ്ങൾ നിലനിൽക്കുന്നെങ്കിലും ദേശീയ രാഷ്ട്രീയത്തിൽ ഒറ്റക്കെട്ടായി മുന്നോട്ടുപോകാനാണു സഖ്യത്തിന്റെ തീരുമാനം.
തമിഴ്നാട്ടിൽ സർക്കാർ രൂപീകരണത്തിൽ കോണ്ഗ്രസ് ടിവികെയ്ക്ക് പിന്തുണ നൽകിയതിൽ പ്രതിഷേധിച്ച് സഖ്യത്തിലെ മുഖ്യ അംഗമായ ഡിഎംകെ യോഗത്തിൽനിന്ന് വിട്ടുനിന്നു. ഡിഎംകെയെ സഖ്യത്തിലേക്കു തിരികെ ക്ഷണിക്കണമെന്ന് പശ്ചിമബംഗാൾ മുൻ മുഖ്യമന്ത്രി മമത ബാനർജി ഉൾപ്പെടെ മറ്റു കക്ഷികൾ ആവശ്യപ്പെട്ടെങ്കിലും കോണ്ഗ്രസ് മൗനം പാലിച്ചു.
പശ്ചിമബംഗാളിൽ സഖ്യം ഒറ്റക്കെട്ടായി നീങ്ങണമെന്ന് മമത ആവശ്യപ്പെട്ടു. എന്നാൽ, കഴിഞ്ഞ തെരഞ്ഞെടുപ്പിൽ അത്തരമൊരു നീക്കം നടത്തിയിരുന്നെങ്കിൽ ബിജെപിയെ അധികാരത്തിൽനിന്നു നീക്കി നിർത്തമായിരുന്നില്ലേയെന്ന് രാഹുൽ ചൂണ്ടിക്കാട്ടി.
National
ന്യൂഡൽഹി: സഖ്യകക്ഷികൾക്കിടയിൽ അസ്വാരസ്യം നിലനിൽക്കേ പ്രതിപക്ഷ ഇന്ത്യാസഖ്യത്തിന്റെ യോഗം ഇന്നു നടക്കും. ഡൽഹി കോണ്സ്റ്റിറ്റ്യൂഷൻ ക്ലബ്ബിൽ ഉച്ചയ്ക്ക് 12ന് നടക്കുന്ന യോഗത്തിൽ 23 പ്രതിപക്ഷ പാർട്ടികളുടെ നേതാക്കൾ പങ്കെടുക്കും. എന്നാൽ പങ്കെടുക്കുന്ന പാർട്ടികളുടെ പട്ടിക പുറത്തുവിട്ടിട്ടില്ല.
തമിഴ്നാട്ടിൽ തങ്ങളുമായുള്ള സഖ്യം ഉപേക്ഷിച്ചു ടിവികെയ്ക്കൊപ്പം ചേർന്ന കോണ്ഗ്രസ് നടപടിയിൽ പ്രതിഷേധിച്ച് യോഗം ബഹിഷ്കരിക്കുമെന്ന് ഡിഎംകെ നേരത്തേ പ്രഖ്യാപിച്ചിരുന്നു. എന്നാൽ തൃണമൂൽ കോണ്ഗ്രസും സമാജ്വാദി പാർട്ടിയും ഉൾപ്പെടെ സഖ്യത്തിലെ മറ്റു പ്രധാന കക്ഷിനേതാക്കളെല്ലാം പങ്കെടുക്കും.
തമിഴ്നാട്ടിൽ കോണ്ഗ്രസ് പിന്തുണയോടെ അധികാരത്തിലെത്തിയ ടിവികെ യോഗത്തിൽ പങ്കെടുക്കുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. യോഗത്തിലേക്കു ടിവികെയെ ക്ഷണിച്ചതായാണു സൂചന. 2023 ഡിസംബറിനുശേഷം ഇതാദ്യമായാണ് ഇന്ത്യാ സഖ്യത്തിന്റെ യോഗം ചേരുന്നത്.
തമിഴ്നാട്ടിൽ സഖ്യം ഉപേക്ഷിച്ച നടപടിയിൽ പ്രതിഷേധിച്ച് യോഗം ബഹിഷ്കരിക്കുമെന്ന് ഡിഎംകെ പ്രഖ്യാപിച്ചതിനു പിന്നാലെ സഖ്യത്തിലെ പ്രധാനികളായ സിപിഎമ്മും ജാർഖണ്ഡ് മുക്തി മോർച്ചയും (ജെഎംഎം) കോണ്ഗ്രസിനെതിരേ പരസ്യമായി രംഗത്തുവന്നിരുന്നു.
കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പു പ്രചാരണത്തിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയനെ കേന്ദ്ര ഏജൻസികൾ അറസ്റ്റ് ചെയ്യാത്തത് ബിജെപിയുമായുള്ള രഹസ്യ ധാരണയുടെ ഭാഗമാണെന്ന രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള നേതാക്കളുടെ ആരോപണമാണു സിപിഎമ്മിനെ ചൊടിപ്പിച്ചത്.
ആരോപണത്തിൽ വ്യക്തത വരുത്തണമെന്നാവശ്യപ്പെട്ട് പാർട്ടി ദേശീയ ജനറൽ സെക്രട്ടറി എം.എ. ബേബി കോണ്ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്ക് കത്തയച്ചിരുന്നു. ആരോപണത്തിൽ കോണ്ഗ്രസ് വ്യക്തത വരുത്താത്ത സാഹചര്യത്തിൽ ബേബി യോഗത്തിൽ പങ്കെടുക്കില്ല. പകരം രാജ്യസഭാനേതാവ് ജോണ് ബ്രിട്ടാസായിരിക്കും പാർട്ടിയെ പ്രതിനിധീകരിക്കുക.
ജാർഖണ്ഡിലെ രാജ്യസഭാ തെരഞ്ഞെടുപ്പിൽ കോണ്ഗ്രസ് സ്ഥാനാർഥികളെ നിർത്തിയതുമായി ബന്ധപ്പെട്ടാണ് ജെഎംഎമ്മിന്റെ തർക്കം. സംസ്ഥാനത്ത് ഒഴിവു വരുന്ന രണ്ട് രാജ്യസഭാ സീറ്റുകളിലും തങ്ങളുടെ സ്ഥാനാർഥികളെ നിർത്താനാണ് ജെഎംഎം തീരുമാനിച്ചിരിക്കുന്നത്. എന്നാൽ കോണ്ഗ്രസ് തങ്ങളുടെ സ്ഥാനാർഥിയായി പ്രണവ് ഝായെ പ്രഖ്യാപിച്ചതോടെ ഇരുകക്ഷികളും തമ്മിലുള്ള ബന്ധം വഷളായി.
നിയമസഭാ തെരഞ്ഞെടുപ്പിൽ നേരിട്ട കനത്ത തോൽവിക്കു പിന്നാലെ തൃണമൂൽ കോണ്ഗ്രസിൽ എംഎൽഎമാർക്കിടയിലുണ്ടായ പിളർപ്പ് പാർലമെന്റ് അംഗങ്ങളിലേക്കും പടർന്നിട്ടുണ്ട്. ബിജെപി അതു മുതലാക്കാൻ ശ്രമിക്കുന്നത് ഇന്ത്യാസഖ്യത്തെ ആശങ്കപ്പെടുത്തുന്നുണ്ട്.
എന്നാൽ ഇന്നത്തെ യോഗത്തിൽ പങ്കെടുക്കാൻ തൃണമൂൽ കോണ്ഗ്രസ് നേതാവ് മമത ബാനർജി ഡൽഹിയിലെത്തിയിട്ടുണ്ട്. കൂടുതൽ നേതാക്കളെ തനിക്കൊപ്പം നിർത്താൻ മമത ശ്രമിക്കുന്നതിനിടയിലാണ് യോഗം. പാർട്ടിയുടെ രാജ്യസഭാംഗം ഡെറിക് ഒബ്രിയാൻ ഇന്നത്തെ യോഗത്തിന് പിന്തുണ അറിയിച്ചിട്ടുണ്ട്.
തെരഞ്ഞെടുപ്പുകളിലെ ക്രമക്കേടുകൾ, പരീക്ഷാ ക്രമക്കേടുകൾ, തൃണമൂൽ കോണ്ഗ്രസിലെ വിള്ളൽ മുതലെടുക്കാൻ ശ്രമിക്കുന്ന ബിജെപിയെ എങ്ങനെ നേരിടാം തുടങ്ങിയ വിഷയങ്ങളാകും യോഗത്തിൽ ചർച്ചയാകുക.
സ്വന്തം കാരണങ്ങളാൽ മുന്നണിയിലെ ചില പാർട്ടികൾ ഇന്നത്തെ യോഗത്തിൽ പങ്കെടുക്കില്ലെന്നാണ് കോണ്ഗ്രസ് ജനറൽ സെക്രട്ടറി ജയ്റാം രമേശ് അറിയിച്ചത്. എന്നാൽ മോദിസർക്കാരിന്റെ നയങ്ങൾക്കെതിരേ ശക്തമായ എതിർപ്പ് പാർട്ടികൾ പ്രകടിപ്പിച്ചിട്ടുണ്ടെന്നും ജയ്റാം രമേശ് വ്യക്തമാക്കി.
National
ന്യൂഡൽഹി: തിങ്കളാഴ്ച ചേരുന്ന ഇന്ത്യ മുന്നണി യോഗത്തിൽ ഡിഎംകെ പങ്കെടുക്കില്ല. തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ രൂപപ്പെട്ട രാഷ്ട്രീയ സാഹചര്യങ്ങളെച്ചൊല്ലി കോൺഗ്രസുമായുണ്ടായ ഭിന്നതയെത്തുടർന്നാണ് ഡിഎംകെ യോഗത്തിൽനിന്ന് വിട്ടുനിൽക്കാൻ തീരുമാനിച്ചത്.
കോൺഗ്രസ് പങ്കെടുക്കുന്ന ഒരു യോഗത്തിലും ഡിഎംകെ പങ്കെടുക്കില്ലെന്ന് പാർട്ടി വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. അതേസമയം യോഗത്തിൽ 23 പാർട്ടികൾ പങ്കെടുക്കുമെന്ന് എഐസിസി വക്താവ് ജയറാം രമേശ് പറഞ്ഞു. ചില പാർട്ടികൾ അസൗകര്യം അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
മോദി സർക്കാരിന്റെ തെറ്റായ നയങ്ങൾക്കെതിരെ സഖ്യം ശക്തമായി പ്രതിഷേധിക്കുമെന്നും ജയറാം രമേശ് പറഞ്ഞു. നാളെ ഉച്ചയ്ക്ക് 12ന് ഡൽഹി കോണ്സ്റ്റിറ്റ്യൂഷന് ക്ലബിലാണ് യോഗം. കോണ്ഗ്രസ് നിലപാടിനെതിരെ ഘടകകക്ഷികള് രൂക്ഷമായ വിമര്ശനം ഉന്നയിക്കുമെന്ന് സൂചനയുണ്ട്.
ജാര്ഖണ്ഡിൽ രാജ്യസഭാ സ്ഥാനാര്ത്ഥിയെ കോണ്ഗ്രസ് ഏകപക്ഷീയമായി പ്രഖ്യാപിച്ചതില് ജെഎംഎം പ്രതിഷേധം അറിയിക്കും.
National
ചെന്നൈ: തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ കോൺഗ്രസ് സ്വീകരിച്ച രാഷ്ട്രീയ നിലപാടുകളിൽ പ്രതിഷേധിച്ച് പ്രതിപക്ഷ സഖ്യമായ 'ഇന്ത്യ' മുന്നണിയുടെ നിർണായക യോഗം ബഹിഷ്കരിക്കാൻ ഡിഎംകെ തീരുമാനിച്ചു. കോൺഗ്രസ് തങ്ങളെ പിന്നിൽ നിന്ന് കുത്തുകയും വഞ്ചിക്കുകയുമാണ് ചെയ്തതെന്ന് ഡിഎംകെ നേതൃത്വം കടുത്ത ഭാഷയിൽ കുറ്റപ്പെടുത്തി.
തമിഴ്നാട്ടിൽ സർക്കാർ രൂപീകരണത്തിനായി നടൻ വിജയ്യുടെ പാർട്ടിയായ തമിഴക വെട്രി കഴകത്തെ കോൺഗ്രസ് പിന്തുണച്ചതാണ് വർഷങ്ങൾ പഴക്കമുള്ള ഡിഎംകെ-കോൺഗ്രസ് സഖ്യത്തിൽ വലിയ വിള്ളലുണ്ടാക്കിയത്. കോൺഗ്രസിന്റെ ഈ അപ്രതീക്ഷിത നീക്കം രാഷ്ട്രീയ വഞ്ചനയാണെന്നാണ് ഡിഎംകെ ആരോപിക്കുന്നത്. 20 വർഷത്തോളം തങ്ങളുടെ തോളിലേറി നടന്ന ശേഷം കോൺഗ്രസ് ചതിക്കുകയായിരുന്നുവെന്ന് ഡിഎംകെ വക്താക്കൾ പ്രതികരിച്ചു.
സഖ്യത്തിലെ ഈ കടുത്ത ഭിന്നതയെ തുടർന്നാണ് വരാനിരിക്കുന്ന 'ഇന്ത്യ' മുന്നണി യോഗത്തിൽ നിന്ന് വിട്ടുനിൽക്കാൻ ഡിഎംകെ തീരുമാനിച്ചത്. തമിഴ്നാട്ടിലെ ഈ രാഷ്ട്രീയ നാടകങ്ങൾ ദേശീയതലത്തിൽ തന്നെ പ്രതിപക്ഷ സഖ്യത്തിന് വലിയ തിരിച്ചടിയായി മാറിയിരിക്കുകയാണ്.
National
ന്യൂഡൽഹി: പ്രതിപക്ഷ ഇന്ത്യാ സഖ്യത്തിന്റെ യോഗം എട്ടിന് ഡൽഹിയിൽ നടന്നേക്കുമെന്ന് റിപ്പോർട്ട്. ഇതുസംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നുമുണ്ടായിട്ടില്ലെങ്കിലും യോഗത്തെക്കുറിച്ച് അനൗദ്യോഗിക ചർച്ചകൾ സഖ്യകക്ഷി നേതാക്കൾക്കിടയിൽ നടന്നിട്ടുണ്ടെന്നാണു സൂചന.
തമിഴ്നാട്ടിൽ നേരിട്ട പരാജയത്തിനുശേഷം മുന്നണിയിൽനിന്ന് അകന്ന ഡിഎംകെ യോഗത്തിൽ പങ്കെടുത്തേക്കില്ലെങ്കിലും കോണ്ഗ്രസിന്റെ സഹായത്തോടെ തമിഴ്നാട്ടിൽ ഭരണം പിടിച്ച വിജയ്യുടെ തമിഴക വെട്രി കഴകം (ടിവികെ) യോഗത്തിൽ പങ്കെടുക്കുമോയെന്നതാണ് ഏവരും ഉറ്റുനോക്കുന്നത്.
ബംഗാളിൽ ബിജെപി ആദ്യമായി ഭരണം പിടിച്ച സാഹചര്യത്തിൽ ബിജെപിയുടെ പ്രത്യയശാസ്ത്രത്തെ എതിർക്കുന്ന രാഷ്ട്രീയകക്ഷികളുടെ ഐക്യം ഉറപ്പാക്കേണ്ടത് മുന്നണിയുടെ അനൗദ്യോഗിക ക്യാപ്റ്റൻ സ്ഥാനം വഹിക്കുന്ന കോണ്ഗ്രസിനും അനിവാര്യമാണ്.
നേരത്തേ മുന്നണിയിൽനിന്ന് പുറത്തുപോയ ആം ആദ്മി പാർട്ടിയുടെയും ഇപ്പോൾ മുന്നണിയിൽനിന്ന് അകന്ന ഡിഎംകെയുടെയും നേതൃത്വത്തിൽ മൂന്നാമതൊരു മുന്നണികൂടി ദേശീയ രാഷ്ട്രീയത്തിൽ രംഗപ്രവേശം ചെയ്യുമെന്ന റിപ്പോർട്ടുകൾ വരുന്നതിന്റെകൂടി പശ്ചാത്തിലാണ് നിർണായക യോഗം ചേരാനുള്ള സഖ്യത്തിന്റെ തീരുമാനം.
നീറ്റ് ചോദ്യപേപ്പർ ചോർച്ച, രൂപയുടെ മൂല്യശോഷണം, വിലക്കയറ്റം, സിബിഎസ്ഇ മൂല്യനിർണയത്തിലെ ക്രമക്കേട് തുടങ്ങി രാജ്യത്തെ ബാധിക്കുന്ന വിവിധ വിഷയങ്ങൾ ചർച്ച ചെയ്തു ബിജെപി വിരുദ്ധ പോരാട്ടം ശക്തിപ്പെടുത്തുന്നതിലായിരിക്കും യോഗം ശ്രദ്ധ ചെലുത്തുക.
National
ന്യൂഡൽഹി: വനിതാ സംവരണം, മണ്ഡലപുനർനിർണയം തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്യാൻ പ്രതിപക്ഷ ഇന്ത്യാ സഖ്യം നേതാക്കൾ ഉടൻ യോഗം ചേർന്നേക്കുമെന്ന് റിപ്പോർട്ട്.
മണ്ഡല പുനർനിർണയത്തെയും അതുമായി കൂട്ടിക്കെട്ടിയ വനിതാസംവരണത്തെയും സംബന്ധിച്ച ഭരണഘടനയുടെ 131-ാം ഭേദഗതി ബിൽ സഖ്യം ഒറ്റക്കെട്ടായി പരാജയപ്പെടുത്തിയെങ്കിലും മറ്റൊരു രീതിയിൽ ബിൽ ബിജെപി സർക്കാർ വീണ്ടും അവതരിപ്പിക്കുമെന്ന സാധ്യത നിലനിൽക്കെയാണ് പ്രതിപക്ഷനേതാക്കൾ വീണ്ടും യോഗം ചേരാനൊരുങ്ങുന്നത്. ഈ മാസം പകുതിയോടെ യോഗം ഡൽഹിയിൽ ചേരുമെന്നാണു സൂചന.
പാർലമെന്റിൽ ഒറ്റക്കെട്ടായിരുന്നെങ്കിലും സഖ്യത്തിലെ വിവിധ കക്ഷികൾ ബംഗാൾ, കേരളം എന്നിവിടങ്ങളിൽ പരസ്പരം മത്സരിച്ചതിന്റെ പശ്ചാത്തലത്തിൽ തെരഞ്ഞെടുപ്പുഫലങ്ങൾ യോഗത്തിൽ ചർച്ചയായേക്കില്ലെന്നാണു റിപ്പോർട്ട്.
National
ന്യൂഡൽഹി: പാർലമെന്റിന്റെ ഉപരിസഭയിൽ സ്വാധീനമുറപ്പിക്കാനൊരുങ്ങി എൻഡിഎ. ഈ വർഷം 22 സംസ്ഥാനങ്ങളിലെ 72 രാജ്യസഭ എംപിമാരാണ് കാലാവധി പൂർത്തിയാക്കി സീറ്റുകൾ ഒഴിയാനൊരുങ്ങുന്നത്.
എംഎൽഎമാരുടെ ഭൂരിപക്ഷത്തിനനുസരിച്ചാണ് അതത് സംസ്ഥാനങ്ങളിലെ രാജ്യസഭാ എംപിയെ തെരഞ്ഞെടുക്കുന്നത് എന്നതിനാൽ മിക്ക സംസ്ഥാനങ്ങളിലെയും നിയമസഭാ തെരഞ്ഞെടുപ്പുകളിൽ നേട്ടമുണ്ടാക്കിയ ഭരണമുന്നണിയായ എൻഡിഎ ഈ സീറ്റുകളിൽ നേട്ടം കൊയ്യും.
ഈ വർഷം ഒഴിവ് വരുന്ന 72 സീറ്റുകളിൽ 40 എണ്ണം എൻഡിഎയുടേതാണ്. 25 എണ്ണം ഇന്ത്യാ സഖ്യത്തിന്റേതും. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പുകളിൽ എംഎൽഎമാരുടെ എണ്ണം വർധിച്ചതിനാൽ ഇതിൽ 50 സീറ്റെങ്കിലും എൻഡിഎയ്ക്കു ലഭിക്കും. ഇന്ത്യാ സഖ്യത്തിനാകട്ടെ ഇതിൽ അഞ്ചു സീറ്റെങ്കിലും നഷ്ടപ്പെടുമെന്നും കരുതപ്പെടുന്നു.
നിയമസഭയിലെ അംഗബലം കണക്കിലെടുക്കുന്പോൾ ബിജെപി 37 അല്ലെങ്കിൽ 38 സീറ്റുകൾ വിജയിക്കാനാണു സാധ്യത. കോണ്ഗ്രസാകട്ടെ ഈ സീറ്റുകളിൽ നിലവിലുള്ള എംപിമാരുടെ എണ്ണം എട്ടിൽനിന്ന് ഒന്പതായി വർധിപ്പിച്ചേക്കും.
പശ്ചിമ ബംഗാളിൽനിന്നുള്ള പാർട്ടിയുടെ ഒരേയൊരു എംപിയായ ബികാഷ് രഞ്ജൻ ഭട്ടാചാര്യ ഈ വർഷം വിരമിക്കുന്നതിനാൽ സിപിഎമ്മിന്റെ രാജ്യസഭാ പ്രാതിനിധ്യം നാലിൽനിന്ന് മൂന്നായി കുറഞ്ഞ് കേരളത്തിലേക്കു മാത്രമായി ഒതുങ്ങും. 17 സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലും കോണ്ഗ്രസിന് പ്രാതിനിധ്യമില്ലാതാകുന്പോൾ എൻസിപിയുടെ ശരദ് പവാർ വിഭാഗം സ്വന്തമാക്കിയിരിക്കുന്ന രണ്ട് രാജ്യസഭാ സീറ്റുകളും അവർക്കു നഷ്ടമായേക്കാം.
രാജ്യസഭാ പ്രതിപക്ഷനേതാവ് മല്ലികാർജുൻ ഖാർഗെ, രാജ്യസഭാ ഉപാധ്യക്ഷൻ ഹരിവംശ് നാരായണ് സിംഗ്, മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡ, കേന്ദ്രമന്ത്രിമാരായ ഹർദീപ് സിംഗ് പുരി, ബി.എൽ. വർമ, ജോർജ് കുര്യൻ, രവ്നീത് സിംഗ് ബിട്ടു, എൻസിപി (എസ്പി) അധ്യക്ഷൻ ശരദ് പവാർ, കോണ്ഗ്രസ് നേതാവ് ദിഗ്വിജയ് സിംഗ് തുടങ്ങിയവർ ഈ വർഷം സ്ഥാനമൊഴിയുന്ന 72 എംപിമാരിൽ ഉൾപ്പെടുന്നു. ഇവർക്കു പുറമെ രാജ്യസഭയിലേക്കു നാമനിർദേശം ചെയ്യപ്പെട്ട സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റീസ് രഞ്ജൻ ഗൊഗോയിയും ഈ വർഷം കാലാവധി പൂർത്തിയാക്കും.
എൻഡിഎ-135, ഇന്ത്യാ സഖ്യം-80, മറ്റുള്ളവർ-29, ഒഴിഞ്ഞുകിടക്കുന്നത്- 29 എന്നിങ്ങനെയാണ് രാജ്യസഭയിലെ ഇപ്പോഴത്തെ കക്ഷിനില. പുതിയ തെരഞ്ഞെടുപ്പുകൾക്കുശേഷം എൻഡിഎയുടെ അംഗബലം 145 ആയി ഉയർന്നേക്കും. ഇന്ത്യാ സഖ്യത്തിന്റേത് 75 ആയും മറ്റുള്ളവരുടേത് 25 ആയും മാറുമെന്നും പ്രതീക്ഷിക്കപ്പെടുന്നു.
National
ന്യൂഡൽഹി: ഇന്ത്യ സഖ്യത്തിന്റെ നിലവിലെ അവസ്ഥയെപ്പറ്റി ചോദ്യങ്ങളുയർത്തി ജമ്മു കാഷ്മീർ മുഖ്യമന്ത്രിയും നാഷണൽ കോൺഫറൻസ് നേതാവുമായ ഒമർ അബ്ദുള്ള.
സഖ്യം ഒരു പരിധി വരെ ജീവൻ രക്ഷാ യന്ത്രത്തിന്റെ സഹായത്താലാണ് നിലനിൽക്കുന്നതെന്നു വ്യക്തമാക്കിയ ഒമർ തന്റെ പാർട്ടിയായ നാഷണൽ കോൺഫറൻസ് ഇപ്പോഴും സഖ്യത്തിലുണ്ടോയെന്നും സംശയമുന്നയിച്ചു.
ഒരു ദേശീയ ദിനപത്രം ഡൽഹിയിൽ സംഘടിപ്പിച്ച ഉച്ചകോടിയിൽ സംസാരിക്കവെയായിരുന്നു സഖ്യത്തെപ്പറ്റിയുള്ള ജമ്മു കാഷ്മീർ മുഖ്യമന്ത്രിയുടെ പ്രസ്താവനക
ചില പ്രതിപക്ഷ കക്ഷികൾ സഖ്യം ഇതിനോടകം മരണപ്പെട്ടുവെന്നു ചൂണ്ടിക്കാട്ടുന്നതിനോടായിരുന്നു ഇന്ത്യ സഖ്യത്തെ ജീവൻ രക്ഷാ യന്ത്രത്തോട് ഒമർ ഉപമിച്ചത്.
ജീവൻ രക്ഷാ യന്ത്രത്തിന്റെ സഹായത്താലാണ് നിലനിൽക്കുന്നതെങ്കിലും ഇടയ്ക്കൊക്കെ ആരെങ്കിലും ഞെട്ടൽ നൽകുമ്പോൾ ഞങ്ങൾ എഴുന്നേൽക്കുന്നുവെന്നും പിന്നീട് നിർഭാഗ്യവശാൽ ബിഹാർ പോലെയുള്ള ഫലങ്ങൾ സംഭവിക്കുകയും നമ്മൾ നിലം പതിക്കുകയും ചെയ്യുന്നുവെന്ന് ഒമർ പറഞ്ഞു.
ജാർഖണ്ഡ് മുക്തി മോർച്ച (ജെഎംഎം) ഇന്ത്യ സഖ്യത്തിലെയോ ബിഹാറിലെ മഹാസഖ്യത്തിലെയോ ഭാഗമായിരുന്നില്ലെന്നു ഒമർ ചൂണ്ടിക്കാട്ടി. നമ്മൾ ഒരു സഖ്യമാണോയെന്നതിൽ കൂടുതൽ വ്യക്തത വേണമെന്നും സഖ്യമാണെങ്കിൽ അതു പോലെ പ്രവർത്തിക്കണമെന്നും അതല്ലെങ്കിൽ നാം സംസ്ഥാനത്തു മാത്രം നിർദിഷ്ടമായ സഖ്യമാണെന്നും ഒമർ പറഞ്ഞു.
ബിഹാറിലെ സഖ്യത്തിന്റെ വൻ പരാജയത്തെക്കുറിച്ചുള്ള പ്രതികരണത്തിൽ, ബിജെപി അവരുടെ ജീവൻ അതിനെ ആശ്രയിച്ചിരിക്കുന്നുവെന്ന രീതിയിലാണ് തെരഞ്ഞെടുപ്പിനെ നേരിട്ടതെന്നും അതേസമയം നമ്മളെ ഇതൊന്നും ബാധിക്കുന്നതല്ല എന്ന രീതിയിലാണ് ഇന്ത്യ സഖ്യം മത്സരിച്ചതെന്നും ഒമർ വിമർശിച്ചു.
എൻഡിഎയുടേതുപോലെ ആഴ്ചയിലെ 24 മണിക്കൂറും പ്രചാരണം നടത്തുന്നതിനായി നമ്മൾ പ്രതിബദ്ധരായിരുന്നില്ലെന്നു ഒമർ ചൂണ്ടിക്കാണിച്ചു. രാഹുൽ ഗാന്ധിയുടെ വോട്ട് കൊള്ള ആരോപണത്തെക്കുറിച്ചുള്ള ചോദ്യത്തിനു താൻ ഇലക്ട്രോണിക് വോട്ടർ മെഷീനുകളിൽ കൃത്രിമത്വം നടത്താൻ കഴിയുമെന്നു വിശ്വസിക്കുന്ന ആളല്ലെന്നും എന്നാൽ തെരഞ്ഞെടുപ്പുകളിൽ മറ്റു പല രീതിയിലും കൃത്രിമത്വം നടത്താൻ കഴിയുമെന്നും ഇതിനേറ്റവും എളുപ്പം വോട്ടർപട്ടികയിൽ കൃത്രിമത്വം നടത്തുന്നതും മണ്ഡലങ്ങൾ പുനർനിർണയിക്കുന്നതുമാണെന്നും ഒമർ പറഞ്ഞു.
National
പാറ്റ്ന: ബിഹാറിൽ വോട്ടെണ്ണൽ പുഗോഗമിക്കുമ്പോൾ എൻഡിഎ മുന്നേറുന്നു. 70 സീറ്റുകളിലാണ് എൻഡിഎ മുന്നേറുന്നത്.
35 സീറ്റുകളിലാണ് മഹാസഖ്യം ലീഡ് ചെയ്യുന്നത്. രണ്ട് സീറ്റുകളിലാണ് പ്രശാന്ത് കിഷോറിന്റെ ജൻ സുരാജ് പാർട്ടി മുന്നിലുള്ളത്.
National
പാറ്റ്ന: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പ് ആദ്യഘട്ടത്തിലെ ഉയർന്ന പോളിംഗ് തങ്ങൾക്കനുകൂലമാണെന്ന് അവകാശപ്പെട്ട് ഭരണ-പ്രതിപക്ഷ പാർട്ടികൾ. ഭരണവിരുദ്ധ തംരഗത്തിൽ ഉപമുഖ്യമന്ത്രിമാർ ഉൾപ്പെടെ പരാജയപ്പെടുമെന്ന് കോൺഗ്രസ് ആത്മവിശ്വാസം പ്രകടിപ്പിച്ചപ്പോൾ എൻഡിഎ മികച്ച വിജയം നേടുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അവകാശപ്പെട്ടു.
റിക്കാർഡ് പോളിംഗ് ശതമാനം ജനങ്ങൾ മോദിയിലും നിതീഷിലും വിശ്വാസം അർപ്പിച്ചതിന്റെ തെളിവാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഔറംഗബാദിലും കെയ്മൂർ ജില്ലാ സ്ഥാനമായ ഭാഭുവയിലും തെരഞ്ഞെടുപ്പ് റാലികളിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ നേതൃത്വത്തിൽ തെരഞ്ഞെടുപ്പിനെ നേരിട്ട എൻഡിഎ വൻവിജയം നേടുമെന്നും മോദി പറഞ്ഞു. ഇതുവരെയുള്ള കണക്കുകൾ പ്രകാരം 64.69 ശതമാനം ആണ് പോളിംഗ്.
സംസ്ഥാനത്തിന്റെ ചരിത്രത്തിൽ മുമ്പൊരിക്കലും ഇത്രയും ഉയർന്ന പോളിംഗ് ശതമാനം ഉണ്ടായിട്ടില്ല. അമ്മമാർക്കും സഹോദരിമാർക്കുമാണ് ഇതിന്റെ ബഹുമതി. മോദി-നിതീഷ് ട്രാക്ക് റിക്കാർഡിൽ അവർക്കെല്ലാം വിശ്വാസമുണ്ടെന്ന് വ്യക്തമാണ്-മോദി പറഞ്ഞു.
നക്സൽ കലാപകാരികൾ ഭരിക്കുകയും തെരഞ്ഞെടുപ്പ് സമയത്ത് അക്രമങ്ങളിലും ബോംബ് സ്ഫോടനങ്ങളിലും നിരവധി പേർ കൊല്ലപ്പെടുകയും ചെയ്തിരുന്ന ജംഗിൾ രാജിന്റെ തിരിച്ചുവരവ് ജനങ്ങൾ ആഗ്രഹിക്കുന്നില്ല.
ജംഗിൾ രാജിന് അന്ത്യം കുറിച്ച നിതീഷ് കുമാറിന്, കോൺഗ്രസ് നേതൃത്വത്തിലുള്ള യുപിഎ അധികാരത്തിലിരുന്നപ്പോൾ, ഭരണത്തിന്റെ ആദ്യ ഒമ്പത് വർഷങ്ങളിൽ കേന്ദ്രത്തിൽനിന്ന് നിസഹകരണം നേരിടേണ്ടി വന്നു. ബിഹാറിലെ ജനങ്ങളോട് പ്രതികാരം ചെയ്യാൻ അവർ ശ്രമിച്ചെന്നും മോദി ആരോപിച്ചു.
ഭരണകക്ഷിയായ എൻഡിഎയുടെ പരാജയത്തിന്റെ വ്യക്തമായ സൂചനയാണ് ഉയർന്ന പോളിംഗ് എന്ന് മുതിർന്ന കോൺഗ്രസ് നേതാവ് രാജീവ് ശുക്ല പറഞ്ഞു. രണ്ട് ഉപമുഖ്യമന്ത്രിമാരുൾപ്പെടെ ഒരു ഡസനിലധികം മന്ത്രിമാർക്ക് സീറ്റുകൾ നഷ്ടപ്പെടും. ഉയർന്ന പോളിംഗ് ശതമാനം സൂചിപ്പിക്കുന്നത് ജനങ്ങൾ മാറ്റത്തിനായി വോട്ട് ചെയ്തിട്ടുണ്ടെന്നാണ്- രാജീവ് ശുക്ല ചൂണ്ടിക്കാട്ടി.
ബിഹാറിൽ വലിയ രാഷ്ട്രീയമാറ്റം സംഭവിക്കുമെന്ന് ജൻസുരാജ് പാർട്ടി സ്ഥാപകൻ പ്രശാന്ത് കിഷോർ അവകാശപ്പെട്ടു. കനത്ത പോളിംഗ് ബിഹാർ രാഷ്ട്രീയം മാറുമെന്നതിന്റെ കൃത്യമായ തെളിവാണ്. ഛഠ് ഉത്സവത്തിനായി നാട്ടിൽ മടങ്ങിയെത്തിയ കുടിയേറ്റ തൊഴിലാളികൾ ഇതുവരെ ജോലിസ്ഥലങ്ങളിലേക്ക് മടങ്ങിയിട്ടില്ലെന്നതാണു തെരഞ്ഞെടുപ്പിലെ എക്സ് ഫാക്ടറാകുകയെന്നും പ്രശാന്ത് കിഷോർ പറഞ്ഞു.
സ്വാതന്ത്ര്യത്തിനു ശേഷമുള്ള ഏറ്റവും ഉയർന്ന പോളിംഗ് ശതമാനം ബിഹാർ മാറ്റത്തിന് ആഗ്രഹിക്കുന്നതായാണു കാണിക്കുന്നത്. 30 വർഷമായി രാഷ്ട്രീയ കുഴപ്പങ്ങളിൽ കുടുങ്ങിക്കിടക്കുന്ന ബിഹാറിൽ മാറ്റത്തിനായുള്ള ശക്തമായ ആഗ്രഹമുണ്ട്- പ്രശാന്ത് കിഷോർ പറഞ്ഞു.
National
മുസാഫർപുർ: ബിഹാറിലെ പ്രതിപക്ഷമായ കോൺഗ്രസ്-ആർജെഡി സഖ്യം ഛഠ് പൂജയെ അപമാനിച്ചെന്നും പ്രീണന, വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്റെ ഭാഗമായി നുഴഞ്ഞുകയറ്റക്കാരെ പ്രോത്സാഹിപ്പിക്കുകയാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ബിഹാറിലെ മുസാഫർപുരിലും ചപ്രയിലും തെരഞ്ഞെടുപ്പ് റാലിയിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കോണ്ഗ്രസിനും ആര്ജെഡിക്കും ഛഠ് പൂജ വെറും നാടകമാണ്. വോട്ടിനുവേണ്ടി ഛഠ്പൂജയെ തള്ളിപ്പറയുന്നു. ഇതിന് ജനം മാപ്പുനല്കില്ലെന്നും മോദി പറഞ്ഞു. ഛഠ് പൂജയുടെ പേരില് പേരില് മോദി നാടകം കളിച്ചെന്നും വോട്ടിനായി ആവശ്യമെങ്കില് നൃത്തം ചെയ്യാന് വരെ പ്രധാനമന്ത്രി തയാറാവുമെന്നും രാഹുൽ ഗാന്ധി വിമർശിച്ചിരുന്നു. വോട്ടിനായി ഈ ആളുകൾക്ക് എത്രത്തോളം താഴാൻ കഴിയുമെന്ന് നോക്കൂ.
നൂറ്റാണ്ടുകളായി ബിഹാർ മറക്കാത്ത ഛഠ് ഉത്സവത്തോടുള്ള അപമാനമാണിത്. ബിഹാറിലെ ജനങ്ങളോട് ഈ ആളുകൾക്കുള്ള അവജ്ഞ നോക്കൂ-മോദി പറഞ്ഞു. ആർജെഡി-കോൺഗ്രസിന് സംഖ്യം പ്രീണന, വോട്ട് ബാങ്ക് രാഷ്ട്രീയമാണ് താൽപര്യം. അതിനായി അവർ നുഴഞ്ഞുകയറ്റക്കാരെ സംരക്ഷിക്കുന്നു- പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
National
ന്യൂഡൽഹി: തീവ്ര വോട്ടർപട്ടിക പരിഷ്കരണം (എസ്ഐആർ) വോട്ടുകൊള്ള തന്നെയെന്നു പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി. വോട്ടുതട്ടിപ്പിനും തെരഞ്ഞെടുപ്പുഫലങ്ങൾ അട്ടിമറിക്കാനും തെരഞ്ഞെടുപ്പു കമ്മീഷനുമായി ബിജെപി ഒത്തുകളിക്കുകയാണ്. വോട്ട് നേടാനായി വേദിയിൽ വന്നു ഡാൻസ് കളിക്കാൻ പോലും മടിക്കാത്തയാളാണു പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്നും ബിഹാറിലെ തെരഞ്ഞെടുപ്പ് പ്രചാരണറാലിയിൽ രാഹുൽ ആക്ഷേപിച്ചു.
മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ സർക്കാർ ബിജെപിയുടെ റിമോട്ട് കണ്ട്രോളിലാണെന്ന് രാഹുൽ ആരോപിച്ചു. ഇതൊഴിച്ചാൽ ബിഹാറിലെ മുസാഫർപുരിൽ ഇന്നലെ ആദ്യ തെരഞ്ഞെടുപ്പുറാലിയിൽ, നിതീഷിനെ ഒഴിവാക്കി പ്രധാനമന്ത്രി മോദിക്കെതിരേയായിരുന്നു രാഹുലിന്റെ പ്രധാന ആക്രമണം. ഹെലികോപ്റ്ററിൽ വൈകി റാലിക്കെത്തിയ രാഹുലിനെ ഇടയ്ക്കു പെയ്ത മഴയിലും ആവേശത്തോടെയാണു വൻ ജനാവലി വരവേറ്റത്. ബിഹാറിൽ മഹാസഖ്യം സർക്കാർ രൂപീകരിക്കുമെന്ന് രാഹുലിന്റെ ചോദ്യങ്ങൾക്കു പ്രതികരണമായി ജനക്കൂട്ടം വിളിച്ചുപറഞ്ഞു.
മഹാസഖ്യത്തിന്റെ സീറ്റുവിഭജന തർക്കം മാറ്റിവച്ച് ആർജെഡി നേതാവും പ്രതിപക്ഷ മുഖ്യമന്ത്രിസ്ഥാനാർഥിയുമായ തേജസ്വി യാദവ് രാഹുലിനോടൊപ്പം വേദിയിലുണ്ടായിരുന്നു. എന്നാൽ തേജസ്വിയെക്കുറിച്ച് രാഹുൽ കാര്യമായി പരാമർശിച്ചില്ല. മുസാഫർപുർ ജില്ലയിലെ പട്ടികജാതി സംവരണ സീറ്റായ സക്ര നിയമസഭാ മണ്ഡലത്തിലായിരുന്നു രാഹുലിന്റെ ആദ്യ റാലി.
“മോദിജിയോടു വേദിയിൽ വന്നു നൃത്തം ചെയ്യാൻ പറയൂ. തെരഞ്ഞെടുപ്പിനു മുന്പായതിനാൽ അദ്ദേഹം നൃത്തം ചെയ്യും. അദ്ദേഹത്തിന് നിങ്ങളുടെ വോട്ട് വേണം. പക്ഷേ തെരഞ്ഞെടുപ്പിനുശേഷം അദ്ദേഹം അപ്രത്യക്ഷനാകും. അംബാനിയുടെ വിവാഹത്തിൽ മാത്രമേ പിന്നെ നിങ്ങൾക്ക് അദ്ദേഹത്തെ കാണാൻ കഴിയൂ’’- രാഹുൽ പരിഹസിച്ചു.
മോദിജി തെരഞ്ഞെടുപ്പുകൾ മോഷ്ടിക്കുകയാണ്. വോട്ടുമോഷണം നടത്തുകയാണ്. തെരഞ്ഞെടുപ്പുകൾതന്നെ അവസാനിപ്പിക്കാനാണ് അവരുടെ ആഗ്രഹം. മഹാരാഷ്ട്രയിലും ഹരിയാനയിലും അവർ തെരഞ്ഞെടുപ്പു മോഷ്ടിച്ചു. ബിഹാറിലും അതിനായി അവർ പരമാവധി ശ്രമിക്കും. ജാഗ്രത പാലിക്കുക. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ പ്രധാനമന്ത്രി മോദിക്കു പേടിയാണെന്ന് പ്രതിപക്ഷനേതാവ് ആക്ഷേപിച്ചു. ഇന്ത്യ- പാക് സംഘർഷം അവസാനിപ്പിച്ചതു തന്റെ മധ്യസ്ഥതയിലാണെന്ന് ട്രംപ് ആവർത്തിച്ചു പറയുന്നത് കള്ളമാണെന്നു പറയാൻ മോദിക്ക് ധൈര്യമുണ്ടോയെന്ന് രാഹുൽ വെല്ലുവിളിച്ചു.
ബിഹാറുകാരുടെ ഛഠ് പൂജയ്ക്ക് മോദിജി ഡൽഹിയിൽ നാടകം കളിക്കുകയായിരുന്നുവെന്ന് രാഹുൽ ആരോപിച്ചു. യമുനാ നദിയിലല്ല, അതിനടുത്തു നിർമിച്ച പ്രത്യേക നീന്തൽക്കുളത്തിൽ കുളിക്കാനായിരുന്നു പരിപാടി. അവിടെ യമുനയില്ല. ആചാരപരമായ സ്നാനം നടത്താനല്ല അദ്ദേഹം ശ്രമിച്ചത്.
നീന്തൽക്കുളത്തിൽ കുളിക്കാൻ പോകുന്നതിന് യമുനയുമായോ ഛഠ് പൂജയുമായോ ബിഹാറിലെ ജനങ്ങളുമായോ മോദിക്ക് ഒരു ബന്ധവുമില്ല. അദ്ദേഹത്തിന്റേതു വെറും നാടകമാണ്. രാഹുൽ പറഞ്ഞു. മുംബൈയിലെ ധാരാവിയിൽ ധാരാളം ബിഹാറികൾ ചെറുകിട ബിസിനസുകൾ നടത്തുന്ന ഭൂമി ഒരു കോടീശ്വരനു കൈമാറിയെന്ന് പ്രതിപക്ഷനേതാവ് ആരോപിച്ചു. ജിഎസ്ടിയും നോട്ട് നിരോധനവും ചെറുകിട ബിസിനസുകൾ നശിപ്പിച്ചു. ചൈനയിലല്ല ബിഹാറിൽ നിർമിച്ചതാകും പ്രതിപക്ഷ മഹാസഖ്യത്തിന്റെ സർക്കാരെന്ന് രാഹുൽ പറഞ്ഞു.
National
പാറ്റ്ന: കുടുംബത്തിലെ ഒരാൾക്ക് സർക്കാർ ജോലി, 200 യൂണിറ്റ് സൗജന്യ വൈദ്യുതി എന്നിവ ഉൾപ്പെടെ വാഗ്ദാനം ചെയ്യുന്ന പ്രകടനപത്രിക ഇന്ത്യ മുന്നണി പുറത്തിറക്കി. പഴയ പെൻഷൻ പദ്ധതി പുനഃസ്ഥാപിക്കുമെന്നും പ്രകടന പത്രികയിൽ പറയുന്നു.
ആർജെഡി നേതാവ് തേജസ്വി യാദവും സഖ്യകക്ഷി നേതാക്കളും സംയുക്തമായി വിളിച്ചുചേർത്ത വാർത്താ സമ്മേളനത്തിലാണ് പ്രകടനപത്രിക പുറത്തിറക്കിയത്. സർക്കാർ രൂപവത്കരിച്ച് 20 ദിവസത്തിനകം ജോലി ഉറപ്പുനല്കുന്നതിനുള്ള നിയമം പാസാക്കുമെന്ന് തേജസ്വി പറഞ്ഞു.
സർക്കാർ ഡിപ്പാർട്ട്മെന്റുകളിലെ എല്ലാ കരാർ ജീവനക്കാരെയും സ്ഥിരപ്പെടുത്തും, ഐടി പാർക്കുകൾ, സ്പെഷൽ ഇക്കണോമിക് സോണുകൾ, എഡ്യൂക്കേഷൻ സിറ്റി തുടങ്ങിയ വാഗ്ദാനങ്ങളും പ്രകടനപത്രികയിലുണ്ട്.