National
ന്യൂഡൽഹി: ലോക്സഭാ സീറ്റുകളുടെ എണ്ണം എല്ലാ സംസ്ഥാനങ്ങളിലും 50 ശതമാനം വീതം വർധിപ്പിക്കാനുള്ള കേന്ദ്ര സർക്കാർ നീക്കം ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളെ രാഷ്ട്രീയമായി തളർത്തുമെന്ന് കോൺഗ്രസ്. ഈ നീക്കം നടപ്പിലായാൽ ലോക്സഭയിലെ ആകെ സീറ്റുകൾ 543-ൽ നിന്ന് 815 ആയി ഉയരും. എന്നാൽ ഇത് ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾക്ക് കൂടുതൽ രാഷ്ട്രീയ സ്വാധീനം നൽകുമെന്നും ദക്ഷിണേന്ത്യയെ പാർശ്വവൽക്കരിക്കുമെന്നും കോൺഗ്രസ് നേതാവ് ജയറാം രമേശ് ആരോപിച്ചു.
നിർദിഷ്ട ബിൽ അനുസരിച്ച് ഉത്തർപ്രദേശിലെ സീറ്റുകൾ 80ൽ നിന്ന് 120 ആയി ഉയരും. അതേസമയം തമിഴ്നാട്ടിൽ ഇത് 39ൽ നിന്ന് 59 ആയും, കേരളത്തിൽ 20ൽ നിന്ന് 30 ആയും മാത്രമേ വർധിക്കൂ. എല്ലാ സംസ്ഥാനങ്ങളിലും 50 ശതമാനം വർധനവ് ഉണ്ടാകുമെങ്കിലും, ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾക്ക് മൊത്തത്തിലുള്ള സീറ്റുകളുടെ എണ്ണത്തിൽ ലഭിക്കുന്ന വലിയ വർധനവ് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ വിലപേശൽ ശേഷി കുറയ്ക്കുമെന്ന് ജയറാം രമേശ് ചൂണ്ടിക്കാട്ടി.
ജനസംഖ്യാ നിയന്ത്രണത്തിൽ മികച്ച നേട്ടം കൈവരിച്ച ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക്, ജനസംഖ്യ അടിസ്ഥാനമാക്കിയുള്ള സീറ്റ് നിർണയം ശിക്ഷയായി മാറുമെന്ന ആശങ്ക നേരത്തെ തന്നെയുണ്ട്. പുതിയ നീക്കം ഈ വിടവ് വർധിപ്പിക്കുമെന്നാണ് വിമർശനം.
തെലങ്കാന മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഡിയും ഈ നീക്കത്തിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. ഇത് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളെ രാഷ്ട്രീയമായി ദുർബലപ്പെടുത്താനുള്ള ശ്രമമാണെന്ന് അദ്ദേഹം ആരോപിച്ചു. 2026ന് ശേഷമുള്ള ആദ്യ സെൻസസിന് ശേഷം മാത്രമേ മണ്ഡല പുനർനിർണയം പാടുള്ളൂ എന്നാണ് നിലവിലെ നിയമം. എന്നാൽ മണ്ഡല പുനർനിർണ്ണയത്തിന് കാത്തുനിൽക്കാതെ സീറ്റുകൾ വർധപ്പിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് കോൺഗ്രസ് ആരോപിക്കുന്നു.
National
ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷം പരിഹരിക്കുന്നതിനായി പാക്കിസ്ഥാൻ മധ്യസ്ഥത വഹിക്കുമെന്ന മാധ്യമ റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടി കേന്ദ്ര സർക്കാരിനെതിരേ രൂക്ഷവിമർശനവുമായി കോണ്ഗ്രസ്.
യുഎസ്-ഇസ്രയേലിനും ഇറാനും ഇടയിൽ പാക്കിസ്ഥാനും ഒരു മധ്യസ്ഥനാണെന്ന റിപ്പോർട്ടുകൾ ശരിയാണെങ്കിൽ ഇന്ത്യക്കുള്ള ‘കനത്ത തിരിച്ചടിയായി’ അതു കണക്കാക്കപ്പെടുമെന്നും ഇതിനെല്ലാം കാരണഭൂതൻ സ്വയം പ്രഖ്യാപിത വിശ്വഗുരുവാണെന്നും എഐസിസി ജനറൽ സെക്രട്ടറി ജയ്റാം രമേശ് കുറ്റപ്പെടുത്തി.
ഓപ്പറേഷൻ സിന്ദൂറിൽ ഇന്ത്യ പാക്കിസ്ഥാനുമേൽ സൈനികവിജയം നേടിയിട്ടും, അതിനുശേഷമുള്ള പാക്കിസ്ഥാന്റെ നയതന്ത്ര ഇടപെടലുകളും വ്യാഖ്യാനങ്ങളും മോദി സർക്കാരിനു മുകളിൽ സ്വീകരിക്കപ്പെട്ടിരിക്കുന്നുവെന്നതാണ് ദുഃഖകരമായ യാഥാർഥ്യം.
പഹൽഗാം ഭീകരാക്രമണത്തിനു പശ്ചാത്തലം സൃഷ്ടിക്കുന്നതിനു കാരണമായ വിദ്വേഷകരമായ പരാമർശം നടത്തിയ ആളെ ട്രംപ് തുടർച്ചയായി ആലിംഗനം ചെയ്തതും പാക്കിസ്ഥാൻ ഫീൽഡ് മാർഷൽ അസം മുനീറിനു വൈറ്റ് ഹൗസ് രണ്ട് തവണ ആതിഥേയത്വം വഹിച്ചതും ചൂണ്ടിക്കാട്ടി ട്രംപിന്റെ അടുത്ത വൃത്തത്തിൽ പാക്കിസ്ഥാൻ സുഖകരമായ ബന്ധം വളർത്തിയെടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മോദി ഇസ്രയേൽ സന്ദർശനം നടത്തിയത്, നമ്മുടെ രാഷ്ട്രീയ ചരിത്രത്തിലെ വിനാശകരമായ തീരുമാനമായി രേഖപ്പെടുത്തും. മധ്യസ്ഥം വഹിക്കേണ്ട സ്ഥാനത്തുനിന്ന് നമ്മെ താഴേക്കിറക്കിയത് ഈ തീരുമാനമാണ്. പ്രധാനമന്ത്രിയുടെ ആലിംഗനതന്ത്രം തുറന്നുകാട്ടപ്പെട്ടുവെന്നും രാജ്യമാണ് ഇതിന് വില കൊടുക്കേണ്ടി വരുന്നതെന്നും ജയ്റാം രമേശ് പറഞ്ഞു.
National
ന്യൂഡൽഹി: ഇന്ത്യയുടെ സ്വതന്ത്രമായ വിദേശനയം ഇപ്പോൾ “പഴങ്കഥ’’യായെന്ന വിമർശനവുമായി കോണ്ഗ്രസ്. ഇപ്പോഴുള്ളത് വിദേശനയമോ നയതന്ത്രമോ അല്ലെന്നും മറിച്ച് ആലിംഗനതന്ത്രമാണെന്നും (ഹഗ്ഗോമസി) കോണ്ഗ്രസ് നേതാവ് ജയ്റാം രമേശ് പരിഹസിച്ചു.
എല്ലാവരെയും ആലിംഗനം ചെയ്യുകയും അവർ നിങ്ങളുടെ വ്യക്തിഗത സുഹൃത്തുക്കളാണെന്ന് കാണിക്കുകയും ചെയ്യുന്നതാണ് ആലിംഗനതന്ത്രമെന്നും എഐസിസി ജനറൽ സെക്രട്ടറി കൂടിയായ ജയ്റാം വാർത്താ ഏജൻസിയായ പിടിഐക്ക് നൽകിയ അഭിമുഖത്തിൽ ചൂണ്ടിക്കാട്ടി.
ഇന്ത്യ-യുഎസ് വ്യാപാരക്കരാറിന്റെയും ഓപ്പറേഷൻ സിന്ദൂർ അവസാനിപ്പിച്ചതിന്റെയും, റഷ്യൻ എണ്ണ വാങ്ങുന്നത് ഇന്ത്യ നിർത്തുന്നതിന്റെയും പ്രഖ്യാപനങ്ങൾ ആദ്യം അമേരിക്കയിൽനിന്ന് വന്നത് വിദേശനയത്തിന്റെ പരാജയമായി ജയ്റാം ചൂണ്ടിക്കാണിച്ചു. എന്തുകൊണ്ടാണ് അവർ നമ്മുടെ ജനങ്ങളെ വിശ്വാസത്തിലെടുക്കാത്തതെന്നും ജയ്റാം ചോദിച്ചു.
അതേസമയം വിദേശനയം മുതൽ ധനകാര്യം വരെ രാജ്യത്തെ സംബന്ധിക്കുന്ന സർവതും പ്രധാനമന്ത്രി എന്ന ഒരൊറ്റയാളാണ് നിയന്ത്രിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി നരേന്ദ്ര മോദിയെയും ജയ്റാം രമേശ് വിമർശിച്ചു.
National
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ തന്നെ വെറുപ്പുകളുടെ തടവുകാരനാണെന്ന് കോൺഗ്രസ്. രാഷ്ട്രപതിയുടെ നന്ദിപ്രമേയ ചർച്ചയ്ക്കുള്ള മോദിയുടെ മറുപടി പരമദയനീയമായിരുന്നെന്നും കോൺഗ്രസ് ആക്ഷേപിച്ചു.
പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെ ഉന്നയിച്ച ചോദ്യങ്ങൾക്കൊന്നും മോദി മറുപടി നൽകിയില്ല. സ്ഥിരം നുണകളുടെ കച്ചവടക്കാരനാണെന്നും, മുൻവിധികളുടെ കലവറയാണെന്നും, കടുത്ത വിദ്വേഷത്തിന്റെയും വിഷത്തിന്റെയും ഉറവിടമാണെന്നും പ്രധാനമന്ത്രി വീണ്ടും വെളിപ്പെടുത്തി. രാജ്യസഭയിലെ അദ്ദേഹത്തിന്റെ 97 മിനിറ്റ് പ്രസംഗം ദയനീയമായിരുന്നുവെന്നും കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് പറഞ്ഞു.
ഇന്ത്യ-പാക് യുദ്ധം അവസാനിപ്പിച്ചത് താനാണെന്ന വാഷിംഗ്ടണിലെ തന്റെ പ്രിയസുഹൃത്തിന്റെ അവകാശവാദം സെഞ്ചുറിയടിക്കാൻ പോകുകയാണ്. എന്നിട്ടും പ്രധാനമന്ത്രി ഈ വിഷയത്തിൽ പൂർണ നിശബ്ദത പാലിക്കുകയാണെന്നും ജയറാം രമേശ് പറഞ്ഞു.
National
ന്യൂഡൽഹി: ബജറ്റ് അവതരണത്തിനു ദിവസങ്ങൾക്കുശേഷം മാത്രം ജിഡിപിയും ഉപഭോക്തൃ വില സൂചിക (സിപിഐ) ശ്രേണിയും പുതുതായി പുറത്തിറക്കുമെന്ന് ചൂണ്ടിക്കാട്ടി കേന്ദ്രത്തിനെതിരേ വിമർശനവുമായി കോണ്ഗ്രസ്. ബജറ്റ് അവതരിപ്പിച്ച ഉടൻതന്നെ ഈ മാറ്റങ്ങൾക്കനുസൃതമായി ബജറ്റ് സംഖ്യകൾ പുനരവലോകനം ചെയ്യപ്പെടുമോയെന്നു ചോദിച്ച എഐസിസി ജനറൽ സെക്രട്ടറി ജയ്റാം രമേശ് ഇത് നയരൂപീകരണത്തിലെ മോശം ഏകോപനമാണ് ചൂണ്ടിക്കാട്ടുന്നതെന്നും വിമർശിച്ചു.
2026-27 മുതൽ 2030-31 സാന്പത്തികവർഷം വരെയുള്ള കാലാവധി പരിഗണനയ്ക്കെടുക്കുന്ന 16-ാമത് സാന്പത്തിക കമ്മീഷന്റെ ശിപാർശകൾ നടപ്പിലാക്കുന്നത് സംബന്ധിച്ച പ്രഖ്യാപനം ധനമന്ത്രി ഇന്നു ബജറ്റിൽ പ്രഖ്യാപിക്കുമെന്നും കേന്ദ്രം ശേഖരിക്കുന്ന നികുതിവരുമാനത്തിൽ സംസ്ഥാനങ്ങൾക്കുള്ള പങ്ക് നിശ്ചയിക്കുന്നതിനാൽ ബജറ്റ് പ്രഖ്യാപനം സംസ്ഥാന സർക്കാരുകൾ ഉത്കണ്ഠയോടെ കാത്തിരിക്കുകയാണെന്നും ജയ്റാം എക്സിലെ പോസ്റ്റിൽ പറഞ്ഞു. എന്നാൽ ബജറ്റിൽ മറ്റു രണ്ട് ആശങ്കകൾ നിലനിൽക്കുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ആദ്യമായി, ബജറ്റിന്റെ ഒരുപാട് സംഖ്യകൾ ജിഡിപിയുടെ നിശ്ചിത ശതമാനമായായിരിക്കും അവതരിപ്പിക്കുക. ബജറ്റ് അവതരിപ്പിച്ചതിന് 26 ദിവസങ്ങൾക്കുശേഷം മാത്രം, ഫെബ്രുവരി 27ന് 2022-23 അടിസ്ഥാനവർഷമാക്കി പുതിയതും പരിഷ്കരിച്ചതുമായ ജിഡിപി ശ്രേണി പുറത്തുവിടും. ഇതിനാൽത്തന്നെ ഇന്ന് അവതരിപ്പിക്കുന്ന ബജറ്റ് സംഖ്യകൾ ഉടൻ തന്നെ പുനരവലോകനത്തിനു വിധേയമാകുമോയെന്ന് ജയ്റാം ചോദിച്ചു.
രണ്ടാമതായി, 2024നെ അടിസ്ഥാനമാക്കിയുള്ള പുതിയ സിപിഐ ശ്രേണി ഫെബ്രുവരി 12ന് പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഭക്ഷ്യവസ്തുക്കളുടെ വിലയിലെ വിഹിതത്തിൽ പുതിയ ശ്രേണി പ്രകാരം വലിയ കുറവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇങ്ങനെയാണ് കാര്യങ്ങളെങ്കിൽ ബജറ്റ് സംഖ്യകളിലും അതിന്റെ ആഘാതമുണ്ടാകും.
മൊത്ത വ്യാപാര വില സൂചികയും (ഡബ്ല്യുപിഐ) പുനരവലോകനത്തിന് വിധേയമായിക്കൊണ്ടിരിക്കുകയാണ്. കുറച്ചു മാസങ്ങൾക്കുള്ളിൽ അതും പരസ്യമാക്കപ്പെടുമെന്ന് കരുതുന്നപ്പെടുന്നു. എങ്ങനെയാണെങ്കിലും ഇത് നയരൂപീകരണത്തിലെ മോശം ഏകോപനമാണെന്നും ജയ്റാം കുറ്റപ്പെടുത്തി.
National
ന്യൂഡൽഹി: പാക് പഞ്ചാബ് പ്രവിശ്യയിൽ അമേരിക്കയും പാക്കിസ്ഥാനും തീവ്രവാദത്തിനെതിരേ സംയുക്ത സൈനിക പരിശീലനം നടത്തിയെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതിനു പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിച്ച് കോണ്ഗ്രസ്.
"ഇൻസ്പയേർഡ് ഗാംബിൾ’ എന്ന കോഡ് പേരിലുള്ള സംയുക്ത സൈനികപരിശീലനം പൂർത്തിയായെന്ന് യുഎസ് സെൻട്രൽ കമാൻഡ് പ്രസ്താവന പുറപ്പെടുവിച്ചത് സ്വയംപ്രഖ്യാപിത വിശ്വഗുരുവിന്റെ ആത്മപ്രശംസാ നയതന്ത്രത്തിനേറ്റ മറ്റൊരു തിരിച്ചടിയാണെന്ന് എഐസിസി ജനറൽ സെക്രട്ടറി ജയ്റാം രമേശ് ചൂണ്ടിക്കാട്ടി.
2025 ജൂണിൽ അന്നത്തെ യുഎസ് സെൻട്രൽ കമാൻഡിന്റെ മേധാവിയായിരുന്ന മൈക്കിൾ കുനില്ല തീവ്രവാദ വിരുദ്ധ പോരാട്ടത്തിൽ പാക്കിസ്ഥാനെ അസാമാന്യമായ പങ്കാളി എന്നു പ്രശംസിച്ചിരുന്നുവെന്ന് ജയ്റാം രമേശ് ചൂണ്ടിക്കാട്ടി.
പാക്കിസ്ഥാൻ ആസൂത്രണം ചെയ്ത പഹൽഗാം ഭീകരാക്രമണത്തിന് തീവ്രവികാരമുണർത്തുകയും വർഗീയ പ്രകോപനം സൃഷ്ടിക്കുകയും ചെയ്യുന്ന പ്രസ്താവനകളിലൂടെ പശ്ചാത്തലം നൽകുകയും ചെയ്ത പാക് ഫീൽഡ് മാർഷൽ അസിം മുനീറിനോടുള്ള ആഴത്തിലുള്ള ആരാധന യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് നിരന്തരമായി പ്രകടിപ്പിച്ചിട്ടുണ്ടെന്നും ജയ്റാം ചൂണ്ടിക്കാട്ടി. ഓപ്പറേഷൻ സിന്ദൂർ നിർത്തുന്നതിനായി താൻ ഇടപെട്ടിട്ടുണ്ടെന്ന് കഴിഞ്ഞ ദിവസവും ട്രംപ് ആവർത്തിച്ചെന്നും ജയ്റാം രമേശ് കുറ്റപ്പെടുത്തി.
National
ന്യൂഡൽഹി: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമത്തെ (എംജിഎൻആർജിഎ) സംരക്ഷിക്കാൻ പ്രക്ഷോഭത്തിനൊരുങ്ങി കോണ്ഗ്രസ് നേതൃത്വം. വാർഡുകളിലെ ധർണകൾ മുതൽ നാലു പ്രധാന സോണൽ റാലികൾ വരെ രാജ്യത്തുടനീളം സംഘടിപ്പിച്ചു പ്രക്ഷോഭ പരിപാടികൾ നടത്തുമെന്ന് കോണ്ഗ്രസ് നേതൃത്വം പ്രഖ്യാപിച്ചു.
ജനുവരി 10 മുതൽ 45 ദിവസം നീളുന്ന സമരപരിപാടികൾ മൂന്നു ഘട്ടമായി നടത്താനാണ് കോണ്ഗ്രസ് തീരുമാനിച്ചിരിക്കുന്നത്. എഐസിസി സംഘടനാകാര്യ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലും എഐസിസി വാർത്താവിനിമയ ജനറൽ സെക്രട്ടറി ജയ്റാം രമേശും കോണ്ഗ്രസ് കാര്യാലയത്തിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് പുതിയ പ്രക്ഷോഭ പരിപാടികളുടെ വിവരങ്ങൾ പങ്കുവച്ചത്.
കഴിഞ്ഞയാഴ്ച കോണ്ഗ്രസ് പ്രവർത്തകസമിതി യോഗത്തിനുശേഷം ജനുവരി അഞ്ച് മുതൽ ‘എംജിഎൻആർഇജിഎ ബച്ചാവോ അഭിയാൻ’ എന്ന പേരിൽ പ്രതിഷേധപരിപാടികൾ സംഘടിപ്പിക്കുമെന്നായിരുന്നു കോണ്ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ അറിയിച്ചിരുന്നതെങ്കിലും, അഭിയാനല്ല സംഘടിപ്പിക്കുയെന്നും എംജിഎൻആർഇജിഎ ബച്ചാവോ സംഗ്രാമാണ് (പ്രക്ഷോഭം) നടക്കുകയെന്നും നേതൃത്വം വാർത്താസമ്മേളനത്തിൽ അറിയിക്കുകയായിരുന്നു. എംജിഎൻആർജിഎയ്ക്കു പകരമുള്ള വിബി-ജി റാം ജി ബിൽ പിൻവലിക്കണമെന്നും എംജിഎൻആർജിഎ അതിന്റെ ശരിയായ രൂപത്തിൽ പുനഃസ്ഥാപിക്കണമെന്നും എഐസിസിയുടെ ഇരു ജനറൽ സെക്രട്ടറിമാരും ആവശ്യപ്പെട്ടു.
പുതിയ നിയമത്തിലൂടെ തൊഴിലിനുള്ള അവകാശം നൽകുന്നൊരു പദ്ധതിയെ വിവേചനാധികാരമുള്ള, കേന്ദ്ര നിയന്ത്രിത പദ്ധതിയാക്കി മാറ്റുകയാണെന്നും ഇന്ത്യ സഖ്യം ഭരിക്കുന്ന സംസ്ഥാനങ്ങളിൽ നിയമത്തിനെതിരേയുള്ള നടപടികൾക്കായി കൂടിയാലോചനകൾ നടത്തുമെന്നും കെ.സി. വേണുഗോപാൽ അറിയിച്ചു. പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി സമവായത്തിലെത്തുമെന്നും സമരപരിപാടികൾ എങ്ങനെ മുന്നോട്ടു കൊണ്ടുപോകണമെന്നതിലുള്ള സാധ്യതകൾ ആരായുമെന്നും വേണുഗോപാൽ പറഞ്ഞു.
വിവാദമായ മൂന്നു കാർഷിക നിയമങ്ങളുടെ വിധിതന്നെയാണ് പുതിയ നിയമത്തിനുമുണ്ടാകുകയെന്നും, കാർഷിക നിയമവിരുദ്ധ പ്രക്ഷോഭം ഡൽഹി കേന്ദ്രീകൃതമായിരുന്നെങ്കിലും എംജിഎൻആർഇജിഎ ബച്ചാവോ സംഗ്രാം പഞ്ചായത്ത്, ബ്ലോക്ക്, ജില്ലാ, സംസ്ഥാന തലങ്ങളിലായിരിക്കുമെന്നും ജയ്റാം രമേശ് പറഞ്ഞു. 45 ദിവസം നീളുന്ന പ്രക്ഷോഭ പരിപാടികൾ ഫെബ്രുവരി 16നും 25നുമിടയിൽ രാജ്യത്തുടനീളം നടത്തുന്ന നാലു പ്രധാന റാലികളോടെയായിരിക്കും അവസാനിക്കുക.
National
ന്യൂഡൽഹി: വന്ദേമാതരം, തെരഞ്ഞെടുപ്പ് പരിഷ്കരണ ചർച്ചകളുടെ ആവേശം മൂന്നാംദിവസവും വിടാതെ രാജ്യസഭയിൽ ബിജെപി, കോണ്ഗ്രസ് ദേശീയ അധ്യക്ഷന്മാരായ ജെ.പി. നഡ്ഡയും മല്ലികാർജുൻ ഖാർഗെയും തമ്മിൽ രൂക്ഷമായ വാഗ്വാദം. ലോക്സഭയിൽ ബുധനാഴ്ച കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയും തമ്മിൽ നടന്ന ഏറ്റുമുട്ടലിന്റെ മറ്റൊരു മുഖമായിരുന്നു ഇന്നലെ രാജ്യസഭയിൽ കണ്ടത്.
പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിനെച്ചൊല്ലിയായിരുന്നു രാജ്യസഭാനേതാവും കേന്ദ്രമന്ത്രിയുമായ നഡ്ഡയും പ്രതിപക്ഷനേതാവായ ഖാർഗെയും തമ്മിൽ ഉശിരൻ വാക്പോര് നടന്നത്. ഭരണഘടനാ നിർമാണവേളയിൽ ദേശീയഗാനമായി വന്ദേമാതരം ഒഴിവാക്കിയത് നെഹ്റുവാണെന്ന് നഡ്ഡ ആരോപിച്ചു.
തെറ്റും വികലവുമായ വീക്ഷണമാണ് നഡ്ഡ അവതരിപ്പിക്കുന്നതെന്നും വന്ദേമാതരത്തിൽനിന്ന് പണ്ഡിറ്റ് നെഹ്റുവിലേക്കു ചർച്ച മാറ്റിയോയെന്നു വ്യക്തമാക്കണമെന്നും ഖാർഗെ എഴുന്നേറ്റ് ചോദിച്ചു. ഇവിടെ പറയുന്നതൊന്നും സത്യമല്ല. വളച്ചൊടിച്ചതാണ്. വന്ദേമാതരം ചർച്ചയുടെ മറവിൽ നെഹ്റുവിനെ ആക്ഷേപിക്കാൻ ചരിത്രം വളച്ചൊടിക്കുകയാണെന്നും ഖാർഗെ ആരോപിച്ചു.
ഔദ്യോഗികമായി ചർച്ച ചെയ്യുന്നതിന് മുന്പുതന്നെ ജനഗണമനയെ താത്കാലിക ദേശീയഗാനമായി കേന്ദ്രമന്ത്രിസഭ തെരഞ്ഞെടുത്തിരുന്നുവെന്ന് 1948ൽ ആഭ്യന്തരമന്ത്രി സർദാർ പട്ടേലിന് എഴുതിയ കത്തിൽ നെഹ്റു വെളിപ്പെടുത്തിയിട്ടുണ്ടെന്ന് നഡ്ഡ പറഞ്ഞു. ഭരണഘടനാ അസംബ്ലിക്കു പുറത്ത് ദേശീയഗാനത്തെക്കുറിച്ച് ആദ്യ പ്രധാനമന്ത്രി സ്വയം തീരുമാനങ്ങൾ എടുത്തിട്ടുണ്ടെന്ന് ഇതു കാണിക്കുന്നുവെന്ന് നഡ്ഡ കുറ്റപ്പെടുത്തി.
എന്നാൽ, വന്ദേമാതരം ദേശീയ ഗീതമാക്കിക്കൊണ്ട് ജിന്നയ്ക്ക് നെഹ്റു ഉചിതമായ മറുപടി നൽകിയെന്ന് കോണ്ഗ്രസ് എംപി ദീപേന്ദർ സിംഗ് ഹൂഡ ചൂണ്ടിക്കാട്ടി. ബിജെപി പ്രസിഡന്റ് പറഞ്ഞതിനു ചരിത്രസാക്ഷ്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യയുടെ സംസ്കാരത്തോടും പാരന്പര്യങ്ങളോടും ധാർമികതയോടും കോണ്ഗ്രസ് എപ്പോഴും വിട്ടുവീഴ്ച ചെയ്തിട്ടുണ്ടെന്ന് നഡ്ഡ പറഞ്ഞതോടെ ഖാർഗെയും കോണ്ഗ്രസ് എംപിമാരും തടസവുമായി എഴുന്നേറ്റു. സഭാധ്യക്ഷൻ സി.പി. രാധാകൃഷ്ണൻ ഇടപെട്ടാണ് ഇരുനേതാക്കളും തമ്മിലുള്ള തർക്കം അവസാനിപ്പിച്ചത്. ദുർഗ, സരസ്വതി, ഭാരത്മാത, ശക്തി എന്നിവ ഈ രാജ്യത്തെ എല്ലാ ആളുകൾക്കും വേണ്ടിയുള്ളതാണെന്നും എല്ലാവർക്കും അവയിൽ വിശ്വാസമുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.
രണ്ടു ചിന്താധാരകൾ ഏറ്റുമുട്ടി
കഴിഞ്ഞ ഒന്നിന് ആരംഭിച്ച പാർലമെന്റിന്റെ ശൈത്യകാല സമ്മേളനത്തിലെ ആദ്യ രണ്ടു ദിവസത്തെ സ്തംഭനത്തിനു ശേഷം ഏഴു ദിവസം സജീവ ചർച്ചകളും നിയമനിർമാണങ്ങളും നടന്നു. 19ന് സമ്മേളനം സമാപിക്കും. വന്ദേമാതരം, എസ്ഐആർ അടക്കമുള്ള തെരഞ്ഞെടുപ്പു പരിഷ്കാരങ്ങൾ എന്നിവയിൽ നടന്ന ചർച്ചകൾ സന്പന്നവും രണ്ടു ചിന്താധാരകൾ തമ്മിലുള്ള ഏറ്റുമുട്ടലുമായി മാറി.
ചരിത്രത്തെ കൂട്ടുപിടിച്ചായിരുന്നു പരസ്പരം നേതാക്കൾ കൊന്പുകോർത്തത്. ചർച്ചയിലുടനീളം പ്രഥമ പ്രധാനമന്ത്രി നെഹ്റുവിനെ ആക്രമിക്കാൻ ബിജെപി ശ്രമിച്ചപ്പോൾ, നെഹ്റുവിനെയോർത്ത് അഭിമാനിക്കുന്നുവെന്നാണ് കോണ്ഗ്രസ് പറഞ്ഞത്.
മോദി പുസ്തകങ്ങൾ വായിക്കണമെന്ന് ജയ്റാം രമേശ്
ദേശീയ ഗാനമായ ജനഗണമനയുടെയും ദേശീയ ഗീതമായ വന്ദേമാതരത്തിന്റെയും യഥാർഥ ആത്മാവിനെക്കുറിച്ച് എഴുതിയ പ്രശസ്തമായ രണ്ടു പുസ്തകങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അദ്ദേഹത്തിന്റെ സംഘവും വായിച്ചിട്ടില്ലെന്ന് കോണ്ഗ്രസ് നേതാവ് ജയ്റാം രമേശ്. മികച്ച ചരിത്രകാരന്മാരായ രുദ്രാംഗ്ഷു മുഖർജിയുടെ ’സോംഗ് ഓഫ് ഇന്ത്യ: എ സ്റ്റഡി ഓഫ് നാഷണൽ ആന്തം’, സബ്യസാചി ഭട്ടാചാര്യയുടെ ’വന്ദേമാതരം: ദി ബയോഗ്രഫി ഓഫ് എ സോംഗ്’ എന്നീ പുസ്തകങ്ങൾ മോദി വായിച്ചിരുന്നെങ്കിലെന്ന് ആശിക്കുന്നുവെന്ന് രാജ്യസഭയിലെ വന്ദേമാതരം ചർച്ചയിൽ പങ്കെടുത്ത് ജയ്റാം പരിഹസിച്ചു. ബിജെപി നേതാക്കളുടെ നുണകൾ പൊതുജനങ്ങളുടെ മുന്നിൽ തുറന്നുകാട്ടപ്പെട്ടുവെന്നും ജയ്റാം പറഞ്ഞു.
രണ്ടു മണിക്കൂർ മുന്പേ പാർലമെന്റ് പിരിഞ്ഞു
ഔദ്യോഗികമായി പ്രത്യേക കാരണങ്ങളില്ലാതെ ലോക്സഭയും രാജ്യസഭയും ഇന്നലെ രണ്ടു മണിക്കൂർ നേരത്തേ പിരിഞ്ഞതിൽ വിവാദം. രാജ്യസഭയിൽ അണ്ണാഡിഎംകെ നേതാവ് തന്പി ദുരൈയുടെ പ്രസംഗം പകുതിക്കു വച്ച് നിർത്തി ബാക്കി ഭാഗം തിങ്കളാഴ്ച പ്രസംഗിക്കാമെന്നു പറഞ്ഞാണ് വൈകുന്നേരം നാലിന് സഭ അവസാനിപ്പിച്ചത്.
ലോക്സഭയിൽ ബിജെപി എംപി നിഷികാന്ത് ദുബെ ഇടപെട്ടാണു വൈകുന്നേരം 4.05ന് സഭ പിരിയുന്നതായി പ്രഖ്യാപിപ്പിച്ചത്.
National
ന്യൂഡൽഹി: ദക്ഷിണാഫ്രിക്കയിലെ ജോഹന്നസ്ബർഗിൽ നടക്കുന്ന ജി20 ഉച്ചകോടിയിൽ പങ്കെടുക്കാനായി യാത്ര തിരിച്ചതിനു പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ പരിഹാസവുമായി കോണ്ഗ്രസ്.
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ബഹിഷ്കരണം പ്രഖ്യാപിച്ചതിനാൽ പ്രധാനമന്ത്രി സുരക്ഷിതമായി ജി20യിൽ പങ്കെടുക്കുമെന്ന് എഐസിസി ജനറൽ സെക്രട്ടറി ജയ്റാം രമേശ് പറഞ്ഞു.
മലേഷ്യയിലെ കുലാലംപുരിൽ കുറച്ചുനാളുകൾക്കുമുന്പ് നടന്ന ആസിയാൻ ഉച്ചകോടിയിൽ മോദി പങ്കെടുക്കാതിരുന്നത് ഉച്ചകോടിയിൽ സന്നിഹിതനായിരുന്ന ട്രംപുമായി മുഖാമുഖം വരുന്നത് ഒഴിവാക്കാനായിരുന്നെന്നും എക്സിൽ പങ്കുവച്ച കുറിപ്പിൽ ജയ്റാം രമേശ് ചൂണ്ടിക്കാട്ടി.
അമേരിക്കൻ വിരുദ്ധമാണെന്ന കാരണത്താൽ ദക്ഷിണാഫ്രിക്കയുടെ ജി20 പ്രമേയങ്ങളെ അമേരിക്ക എതിർക്കുന്നുവെന്ന് പറഞ്ഞ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ തന്നെയാണ് ഓപ്പറേഷൻ സിന്ദൂർ നിർത്തലാക്കുന്നുവെന്ന് ലോകത്തോട് ആദ്യമായി പ്രഖ്യാപിച്ചത്.
അടുത്ത വർഷത്തെ ജി20 ഉച്ചകോടി അമേരിക്കയിൽ നടക്കുന്പോഴേക്ക് അമേരിക്കയുമായുള്ള വ്യാപാര കരാർ യാഥാർഥ്യമാകുമെന്നാണ് അനുമാനം. എന്നാൽ കഴിഞ്ഞ ഏഴു മാസത്തിനിടെ ഓപ്പറേഷൻ സിന്ദൂർ നിർത്തലാക്കിയെന്ന് 61 തവണ അവകാശപ്പെട്ട ട്രംപ് അടുത്ത ഉച്ചകോടി നടക്കുന്ന 12 മാസത്തിനുള്ളിൽ എത്ര തവണ കൂടി ആ അവകാശവാദങ്ങൾ ആവർത്തിക്കുമെന്നും ജയ്റാം ചോദിച്ചു.
അപ്പോഴേക്ക് ‘നല്ല സുഹൃത്തു’മായുള്ള ആലിംഗന നയതന്ത്രം പുനരുജ്ജീവിപ്പിക്കുമോ അതോ ഹസ്തദാനങ്ങൾ മാത്രമായിരിക്കുമോ അതോ അമേരിക്കയിൽ നടക്കുന്ന ഉച്ചകോടിയിൽ മോദി പങ്കെടുക്കാതിരിക്കുമോയെന്നും ജയ്റാം ചോദിച്ചു. ഇക്കാര്യം കാലത്തിനു മാത്രമേ അറിയുകയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.