District News
തേക്കടി: ആഗോളതാപനവും കാലാവസ്ഥാ വ്യതിയാനവും ഭൂമിയുടെ നിലനില്‍പ്പിന് ഭീഷണിയാകുന്ന സാഹചര്യത്തില്‍ പ്രകൃതിസംരക്ഷണത്തിന്റെ സന്ദേശവുമായി തേക്കടിയില്‍ ഗ്രീന്‍ പനോരമ-2026 പരിസ്ഥിതി ചലച്ചിത്രമേളയ്ക്ക് തുടക്കമായി.
പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് പെരിയാര്‍ ടൈഗര്‍ റിസര്‍വും ചൈതന്യ ഫിലിം സൊസൈറ്റിയും സംയുക്തമായാണ് മൂന്നു ദിവസം നീണ്ടുനില്‍ക്കുന്ന ചലച്ചിത്രമേള സംഘടിപ്പിക്കുന്നത്.
തേക്കടി ബാംബൂ ഗ്രോവിലെ കളരി ഹാളില്‍ നടന്ന ചടങ്ങില്‍ ചലച്ചിത്ര സംവിധായകന് ഡോ. ബിജു മേള ഉദ്ഘാടനം ചെയ്തു.
പ്രകൃതിയോടുള്ള മനുഷ്യന്റെ അനിയന്ത്രിതമായ ഇടപെടലിന്റെ ഫലമായുണ്ടാകുന്ന ആഘാതങ്ങള്‍ ദൃശ്യമാധ്യമങ്ങളിലൂടെ സമൂഹത്തിന് മുന്നിലെത്തിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. പെരിയാര്‍ ടൈഗര്‍ റിസര്‍വ് ഡെപ്യൂട്ടി ഡയറക്ടര്‍ പി.യു. സാജു അധ്യക്ഷത വഹിച്ചു.
ഇക്കോ ഡെവലപ്മെന്റ് റേഞ്ച് ഫോറസ്റ്റ് ഓഫീസറായ സൂരജ് ഭാസ്കര്‍ പ്രസംഗിച്ചു. പരിസ്ഥിതിയും സിനിമയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് സിനിമാ നിരൂപകന് എം.സി. രാജ് നാരായണന് മുഖ്യപ്രഭാഷണം നടത്തി.
Kerala
ഇടുക്കി: കുമളി മംഗളാദേവി ക്ഷേത്രത്തിലെ ഉത്സവത്തിനിടെ ഇടിമിന്നലേറ്റ് പോലീസുകാരനുൾപ്പടെ ആറുപേർക്ക് പരിക്കേറ്റു. ഇടുക്കി ഡിഎച്ച്ക്യുവിലെ സിപിഒ അൻസാർ, തിരുവനന്തപുരം സ്വദേശി വിഷ്ണു, തമിഴ്നാട് ചിന്നമന്നൂർ സ്വദേശികളായ ധനലക്ഷ്മി,
ലോകമണി, കാളി അമ്മാൾ, തൃശൂർ സ്വദേശിനി രമ്യ എന്നിവർക്കാണ് പരിക്കേറ്റത്.
അൻസാറിനെ പാലായിലെ സ്വകാര്യ ആശുപത്രിയിലും മറ്റുള്ളവരെ കുമളി എഫ്എച്ച്സിയിലും പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. പെരിയാർ കടുവാ സങ്കേതത്തിലെ ഉൾവനത്തിലുള്ള ക്ഷേത്രമാണ് മംഗളാദേവി.
ഇവിടെ ചിത്രപൗർണമിയുമായി ബന്ധപ്പെട്ട് ഉത്സവം നടക്കുകയായിരുന്നു. ഇതിനിടെയാണ് ആറ് പേർക്ക് ഇടിമിന്നലേറ്റത്.
Kerala
കുമളി: മധുരയില്‍ നിന്നും തേക്കടിയിലെത്തിയ വിനോദ സഞ്ചാരികളുടെ വാഹനം കുമളിയ്ക്കു സമീപം ലോവര്‍ പെരിയാറില്‍ കത്തി നശിച്ചു.
വിനോദയാത്രയ്ക്കായി എത്തിയ സംഘം സഞ്ചരിച്ച ടെമ്പോ ട്രാവലറാണ് പൂര്‍ണമായും കത്തിനശിച്ചത്. വാഹനത്തില്‍ ഉണ്ടായിരുന്ന മുഴുവന്‍പേരും പരിക്കേല്‍ക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു.
കുമളി ലോവര്‍ ക്യാമ്പിന് സമീപം ഇന്ന് ഉച്ചയ്ക്ക് ഒന്നോടെയായിരുന്നു സംഭവം. എട്ട് പുരുഷന്മാരും നാല് സ്ത്രീകളും ഡ്രൈവറും അടക്കം 13 പേരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്.
ലോവര്‍ ക്യാമ്പില്‍ നിന്നുള്ള കയറ്റം കയറുന്നതിനിടെ വാഹനത്തിന്റെ മുന്‍ഭാഗത്ത് നിന്നും പുക ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ട ഡ്രൈവര്‍ ഉടന്‍ തന്നെ പാതയോരത്തേക്ക് മാറ്റി നിര്‍ത്തുകയായിരുന്നു.
പുക കണ്ട ഉടന്‍ തന്നെ യാത്രക്കാര്‍ എല്ലാവരും വാഹനത്തില്‍ നിന്നും പുറത്തേക്ക് ഇറങ്ങി ഓടിയതിനാല്‍ വലിയ ദുരന്തം ഒഴിവായി. യാത്രക്കാര്‍ പുറത്തിറങ്ങിയതിന് പിന്നാലെ വാഹനം പൂര്‍ണമായും അഗ്നിക്കിരയാകുകയായിരുന്നു.
വിവരം അറിഞ്ഞ് കമ്പത്തു നിന്നെത്തിയ അഗ്നിരക്ഷാസേന ഏറെ നേരത്തെ പരിശ്രമത്തിനു ശേഷമാണ് തീ പൂര്‍ണമായും നിയന്ത്രണവിധേയമാക്കിയത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.
അപകടത്തെ തുടര്‍ന്ന് കുമളി -കമ്പം പാതയില്‍ ഒരു മണിക്കൂറിലധികം ഗതാഗത തടസപ്പെട്ടു. ഗൂഡല്ലൂര്‍ പോലീസും സ്ഥലത്തെത്തിയിരുന്നു.
District News
കുമളി: തമിഴ്നാട് സർക്കാർ അത്യാധുനിക സൗകര്യങ്ങളോടെ കുമളി അതിർത്തിയിൽ നിർമിച്ച പുതിയ ബസ് സ്റ്റാൻഡ് പ്രവർത്തനം ആരംഭിച്ചു. ബസ് സ്റ്റാൻഡ് തമിഴ്നാട് ഗ്രാമവികസന വകുപ്പ് മന്ത്രി ഐ. പെരിയസാമി ഉദ്ഘാടനം ചെയ്തു. തമിഴ്നാട് ഗതാഗത-വൈദ്യുതി വകുപ്പ് മന്ത്രി എസ്.എസ്. ശിവശങ്കർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
തമിഴ്നാട് ബസുകൾ റോഡരികിലായിരുന്നു പാർക്ക് ചെയ്തിരുന്നത്. ഇത് വൻ ഗതാഗതക്കുരക്കിനും അപകടങ്ങൾക്കും ഇടയാക്കിയിരുന്നു. ശബരിമല സീസണിൽ സ്ഥിതി ഏറെ സങ്കീർണമാക്കിയിരുന്നു. ഇതിനു പരിഹാരമായാണ് പുതിയ ബസ് സ്റ്റാൻഡ് നിർമിച്ചത്.
2023ൽ തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ 7.50 കോടി രൂപ ബസ് സ്റ്റാൻഡിനായി അനുവദിച്ചിരുന്നു. 5.5 കോടി രൂപ ചെലവഴിച്ച് ഗതാഗത വകുപ്പാണ് ബസ് സ്റ്റാൻഡ് നിർമിച്ചത്. ആധുനിക സൗകര്യങ്ങളോടെ വർക്ക്ഷോപ്പും നിർമിച്ചിട്ടുണ്ട്. 2023 സെപ്റ്റംബർ 11നാണ് നിർമാണം ആരംഭിച്ചത്. ഉദ്ഘാടന സമ്മേളനത്തിൽ ഗതാഗതവകുപ്പ് മധുര റീജിയണൽ മാനേജിംഗ് ഡയറക്ടർ ശരവണൻ, കന്പം എംഎൽഎ എൻ. രാമകൃഷ്ണൻ, ആണ്ടിപ്പെട്ടി എംഎൽഎ മഹാരാജൻ, തേനി ജില്ലാ കളക്ടർ രഞ്ജിത് സിംഗ് എന്നിവർ പ്രസംഗിച്ചു.