National
ന്യൂഡൽഹി: ലോക്സഭാ അംഗസംഖ്യ നിലവിലുള്ള 543ൽ നിന്ന് 850 ആയി ഉയർത്തുന്നതിനുള്ള 131-ാം ഭരണഘടനാ ഭേദഗതി ബില്ലിന്റെയും മണ്ഡല പുനർനിർണയത്തിനുള്ള ഭേദഗതി ബില്ലിന്റെയും പകർപ്പ് എംപിമാർക്ക് കൈമാറി. 16 മുതൽ മൂന്ന് ദിവസത്തെ പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തിൽ ബില്ലുകൾ അവതരിപ്പിക്കും.
പുതിയ ഭേദഗതി പ്രകാരം സംസ്ഥാനങ്ങളിൽ നിന്ന് 815 പേരെയും കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്ന് 35 പേരെയും ലോക്സഭയിലേക്ക് തെരഞ്ഞെടുക്കാം. നിലവിലെ നിയമമനുസരിച്ച് 2026ന് ശേഷമുള്ള ആദ്യ സെൻസസിന് ശേഷം മാത്രമേ മണ്ഡല പുനർനിർണയം നടത്താൻ സാധിക്കുമായിരുന്നുള്ളൂ.
എന്നാൽ, ആർട്ടിക്കിൾ 82ൽ ഭേദഗതി വരുത്തുന്നതോടെ പുതിയ സെൻസസിനായി കാത്തുനിൽക്കാതെ തന്നെ 2011ലെ സെൻസസിന്റെ അടിസ്ഥാനത്തിൽ മണ്ഡല പുനർനിർണയം നടത്താൻ കേന്ദ്ര സർക്കാരിനു സാധിക്കും.
മണ്ഡല പുനർനിർണയത്തിനായുള്ള "ഡീലിമിറ്റേഷൻ ബിൽ 2026’ പ്രകാരം സുപ്രീംകോടതി മുൻ ജഡ്ജിയോ നിലവിലെ ജഡ്ജിയോ അധ്യക്ഷനായ മണ്ഡല പുനർനിർണയ കമ്മീഷനെ കേന്ദ്രത്തിന് ഔദ്യോഗിക വിജ്ഞാപനത്തിലൂടെ രൂപീകരിക്കാം.
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ, ബന്ധപ്പെട്ട സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് ഓഫീസർ എന്നിവർ ഇതിൽ അംഗങ്ങളായിരിക്കും. കൂടാതെ, ഓരോ സംസ്ഥാനത്തുനിന്നും അഞ്ച് എംപിമാരും അഞ്ച് എംഎൽഎമാരും ഉൾപ്പെടുന്ന സംഘത്തെ സഹായികളായി ഉൾപ്പെടുത്താൻ സാധിക്കും.
എന്നാൽ, ഇവർക്ക് ഡീലിമിറ്റേഷൻ കമ്മീഷന്റെ ഏതൊരു തീരുമാനത്തിലും വോട്ട് രേഖപ്പെടുത്തുന്നതിനുള്ള അധികാരം ഉണ്ടായിരിക്കില്ല. മണ്ഡല പുനർനിർണയ കമ്മീഷൻ എടുക്കുന്ന തീരുമാനങ്ങൾ ഗസറ്റിൽ പ്രസിദ്ധീകരിച്ചുകഴിഞ്ഞാൽ അവയ്ക്ക് നിയമസാധുത ഉണ്ടായിരിക്കും.
പിന്നീട് ഒരു കോടതിയിലും അതിനെ ചോദ്യംചെയ്യാൻ കഴിയില്ല. എങ്കിലും, നിലവിലുള്ള സർക്കാരുകൾ പിരിച്ചുവിടുന്നതുവരെ പ്രതിനിധികളുടെ കാര്യത്തിൽ മാറ്റമുണ്ടാകില്ലെന്നും ഉപതെരഞ്ഞെടുപ്പുകൾ പഴയ രീതിയിൽത്തന്നെ തുടരുമെന്നും ബില്ലിൽ വ്യക്തമാക്കുന്നു.
ലോക്സഭയിലും സംസ്ഥാന നിയമസഭകളിലും ആകെ സീറ്റുകളുടെ മൂന്നിലൊന്ന് വനിതകൾക്കായി സംവരണം ചെയ്യുന്ന വ്യവസ്ഥയും ബില്ലിലുണ്ട്.
പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങൾക്കായി സംവരണം ചെയ്ത സീറ്റുകളിലും ഇതേ അനുപാതത്തിൽ വനിതാ സംവരണം ബാധകമാകും. ഓരോ തെരഞ്ഞെടുപ്പിലും സംവരണ സീറ്റുകൾ മാറിവരുന്ന രീതിയിലായിരിക്കും ക്രമീകരിക്കുക.
National
ന്യൂഡൽഹി: ലോക്സഭയുടെ അംഗസംഖ്യ 50 ശതമാനമായി വർധിപ്പിക്കുന്ന ബിൽ ബുൾഡോസ് ചെയ്യാൻ മോദി സർക്കാർ നിർദേശിക്കുന്നുണ്ടെന്നും ഇത്തരമൊരു ബിൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്കു ദോഷകരമാണെന്നും എഐസിസി ജനറൽ സെക്രട്ടറി ജയ്റാം രമേശ്.
ഓരോ സംസ്ഥാനത്തിനും അനുവദിക്കപ്പെട്ട സീറ്റുകളുടെ എണ്ണത്തിലും 50 ശതമാനം വർധനവ് വരുത്താൻ നിർദേശമുണ്ടെന്നും ഇതു യഥാർഥത്തിൽ വഞ്ചനാപരമാണെന്നും ജയ്റാം കുറ്റപ്പെടുത്തി.
നിലവിലെ അനുപാതങ്ങൾ മാറില്ലെങ്കിലും ആഴത്തിലുള്ള പ്രത്യാഘാതങ്ങളുണ്ടാകും. ഉദാഹരണത്തിന്, ഉത്തർ പ്രദേശിൽ നിലവിൽ 80 സീറ്റുകളും തമിഴ്നാട്ടിൽ 39 സീറ്റുകളുമാണുള്ളത്. നിർദിഷ്ട ബില്ലിലൂടെ ഉത്തർപ്രദേശിന്റെ അംഗസംഖ്യ 120ലേക്ക് കുതിക്കും.
തമിഴ്നാട്ടിലാകട്ടെ പരമാവധി 59 വരെ മാത്രമേ എത്തൂ. ഇതുപോലെതന്നെ കേരളത്തിലെ ലോക്സഭാ സീറ്റുകൾ 20ൽനിന്ന് 30ലേക്ക് എത്തുമെങ്കിലും ബിഹാറിൽ 40ൽനിന്ന് 60ലേക്ക് ഉയരും. മൊത്തത്തിൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ 66 സീറ്റുകൾ നേടുന്പോൾ ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ 200 സീറ്റുകൾ നേടും.-ജയ്റാം രമേശ് ചൂണ്ടിക്കാട്ടി.
തെക്ക്, വടക്കുകിഴക്കൻ, പശ്ചിമ മേഖലകളിലെ ചെറിയ സംസ്ഥാനങ്ങൾക്കു ദോഷകരമാകുന്ന നിയമം തയാറാക്കാൻ മോദി ഏകപക്ഷീയമായി തയാറെടുക്കുകയാണെന്ന് എഐസിസി ജനറൽ സെക്രട്ടറി കുറ്റപ്പെടുത്തി.
തെലുങ്കാന മുഖ്യമന്ത്രി ഇതിനോടകം അപകടത്തിന്റെ മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്നും നിർദേശം ഔദ്യോഗികമാകുന്പോൾ മറ്റുള്ളവരും ഒപ്പം ചേരുമെന്നും ജയ്റാം രമേശ് കൂട്ടിച്ചേർത്തു.
National
ന്യൂഡൽഹി: സെലക്ട് കമ്മിറ്റി നിർദേശിച്ച 12 ഭേദഗതികൾ ഉൾപ്പെടുത്തി ഇൻസോൾവൻസി ആൻഡ് ബാങ്ക്റപ്റ്റ്സി കോഡ് ഭേദഗതി ബിൽ ലോക്സഭ പാസാക്കി.
പാപ്പരത്ത നിയമത്തിലെ വ്യവസ്ഥകൾ നടപ്പാക്കാൻ കർശന സമയപരിധി, കോടതിക്കു പുറത്തുള്ള ഒത്തുതീർപ്പിന് അവസരം തുടങ്ങിയ വ്യവസ്ഥകൾ ബില്ലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
കഴിഞ്ഞ വർഷം ഓഗസ്റ്റിൽ ബിൽ പാർലമെന്റിൽ അവതരിപ്പിച്ചെങ്കിലും കൂടുതൽ പരിശോധനകൾക്കായി സെലക്ട് കമ്മിറ്റിക്കു വിടുകയായിരുന്നു. പിന്നീട് ശിപാർശകൾ ഉൾപ്പെടുത്തിയ റിപ്പോർട്ട് ഡിസംബറിൽ സമർപ്പിച്ചു.
കമ്മിറ്റിയുടെ ശിപാർശകൾ എല്ലാം അംഗീകരിച്ചതായി ബിൽ ചർച്ചയ്ക്കു മറുപടി പറഞ്ഞ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ വ്യക്തമാക്കി.
പാപ്പരത്തവുമായി ബന്ധപ്പെട്ട അപേക്ഷയിലെ നടപടിക്രമങ്ങൾ, വീഴ്ച സ്ഥിരീകരിച്ചു 14 ദിവസത്തിനുള്ളിൽ ആരംഭിക്കണമെന്നാണ് പുതിയ വ്യവസ്ഥകളിൽ ഒന്ന്.
ഐബിസി നടപടികളുമായി ബന്ധപ്പെട്ട അപ്പീലീലിൽ ദേശീയ കന്പനി നിയമ ട്രൈബ്യൂണൽ (എൻസിഎൽടി) മൂന്ന് മാസത്തിനുള്ളിൽ തീരുമാനമെടുക്കണമെന്നും വ്യവസ്ഥയുണ്ട്.
National
ന്യൂഡൽഹി: നക്സൽ തീവ്രവാദം രാജ്യത്തുനിന്ന് പൂർണമായും നീക്കം ചെയ്യുന്നതിനുള്ള ശ്രമങ്ങൾ സംബന്ധിച്ച വിഷയം ലോക്സഭ ഇന്നു ചർച്ച ചെയ്യും. ‘രാജ്യത്തെ ഇടതുപക്ഷ തീവ്രവാദത്തിൽനിന്ന് മോചിപ്പിക്കാനുള്ള ശ്രമങ്ങൾ’എന്ന തലക്കെട്ടിൽ ചട്ടം 193 പ്രകാരം ലിസ്റ്റ് ചെയ്തിരിക്കുന്ന ഹ്രസ്വചർച്ചയ്ക്ക് ടിഡിപി എംപി ബൈറെഡ്ഢി ശബാരിയും ശിവസേന അംഗം ശ്രീകാന്ത് ഷിൻഡെയും ചേർന്ന് തുടക്കം കുറിക്കും.
2026 മാർച്ച് 31ന് മുന്‍പായി രാജ്യത്തുനിന്ന് നക്സൽ ഭീഷണി പൂർണമായും തുടച്ചുനീക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ നേരത്തേ പ്രഖ്യാപിച്ചിരുന്നു. മന്ത്രി പ്രഖ്യാപിച്ച സമയപരിധി അവസാനിക്കാൻ ഒരു ദിവസം ബാക്കിനിൽക്കെയാണു വിഷയം സംബന്ധിച്ച ചർച്ച പാർലമെന്റിൽ നടത്താൻ കേന്ദ്രസർക്കാർ തീരുമാനിച്ചിരിക്കുന്നത്. ചർച്ചയ്ക്ക് സർക്കാർ മറുപടി നൽകും.
നിലവിൽ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ കണക്കനുസരിച്ച് രാജ്യത്ത് ഇടതുപക്ഷ തീവ്രവാദം ബാധിച്ചിരിക്കുന്ന ജില്ലകളുടെ എണ്ണം ഏഴായി കുറഞ്ഞിട്ടുണ്ട്. ഇടതുപക്ഷ തീവ്രവാദത്തെ നേരിടുന്നതിന് രൂപീകരിച്ച ദേശീയനയവും പ്രവർത്തനപദ്ധതികളുടെയും സമഗ്രമായ അവലോകനം കേന്ദ്രസർക്കാർ അടുത്തിടെ നടത്തിയിരുന്നു. ഒന്‍പത് സംസ്ഥാനങ്ങളിലെ 38 ജില്ലകളിലാണ് ആഭ്യന്തര മന്ത്രാലയം ഇതുസംബന്ധിച്ച അവലോകനം നടത്തിയത്.
ഇതോടൊപ്പം ശേഷിക്കുന്ന സായുധ നക്സൽ കേഡറുകളെ നിർവീര്യമാക്കുന്നതിനായി സുരക്ഷാസേന മെഗാ ഓപ്പറേഷനും ആരംഭിച്ചിരുന്നു.
National
ന്യൂഡൽഹി: ജനജീവിതം സുഗമമാക്കാനും ചെറിയ നിയമലംഘനങ്ങൾ ക്രിമിനൽ കുറ്റകൃത്യങ്ങളിൽനിന്ന് ഒഴിവാക്കുന്നതിനും ശിക്ഷ ലഘൂകരിക്കുന്നതിനും 79 വിവിധ കേന്ദ്ര നിയമങ്ങൾ ഭേദഗതി ചെയ്യുന്ന ജനവിശ്വാസ് ബിൽ ലോക്സഭയിൽ ഇന്നലെ അവതരിപ്പിച്ചു.
79 കേന്ദ്ര നിയമങ്ങളിൽ ആകെ 784 ഭേദഗതികളാണു നിർദേശിക്കുന്നത്. കുറ്റത്തിന്റെ ഗൗരവത്തിനനുസരിച്ച് പിഴകൾ പരിഷ്കരിക്കുകയും അപ്പീൽ അഥോറിറ്റികൾ സ്ഥാപിക്കുകയും ചെയ്യുമെന്ന് ബില്ല് സഭയിൽ അവതരിപ്പിച്ചുകൊണ്ട് വാണിജ്യവ്യവസായ സഹമന്ത്രി ജിതിൻ പ്രസാദ് പറഞ്ഞു.
ബിൽ രണ്ടാമതും സെലക്ട് കമ്മിറ്റിക്കു വിടണമെന്ന പ്രതിപക്ഷ ആവശ്യം കേന്ദ്രസർക്കാർ അംഗീകരിച്ചില്ല. വിശദമായ ചർച്ചകൾ നടന്നിട്ടുണ്ടെന്നും നിസാരമായ കുറ്റങ്ങൾ മാത്രമാണു കുറ്റവിമുക്തമാക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി. കഴിഞ്ഞ വർഷം സഭയിൽ അവതരിപ്പിച്ച ബിൽ സെലക്ട് കമ്മിറ്റിക്ക് വിട്ടിരുന്നു.
കമ്മിറ്റിയുടെ ശിപാർശകൾക്കൂടി പരിഗണിച്ചാണ് ഇപ്പോൾ പുതിയ രൂപത്തിൽ ബിൽ അവതരിപ്പിച്ചിരിക്കുന്നതെന്ന് മന്ത്രി അറിയിച്ചു.
ജനവിശ്വാസ് ബിൽ പ്രകാരം ലൈസൻസ് കാലാവധി കഴിഞ്ഞാലും 30 ദിവസം വരെ ഉപയോഗിക്കാൻ സൗകര്യമുണ്ടാകും. ലൈസൻസ് കാലാവധി തീരുന്നതിന് ഒരു വർഷം മുന്‍പുതന്നെ പുതുക്കിയാൽ കാലാവധി തീർന്ന തീയതി മുതൽത്തന്നെ പുതുക്കൽ ഫലപ്രദമാകും.
വാഹനം ഇടിച്ചുണ്ടാകുന്ന അപകടം അറിയിക്കാതിരുന്നാൽ ജയിൽ ശിക്ഷയും 25,000 രൂപ മുതൽ അഞ്ചു ലക്ഷം രൂപ വരെ പിഴയുമാണ് ഉണ്ടായിരുന്നത്. ഇതിൽ ജയിൽശിക്ഷ ഒഴിവാക്കി ഒരു ലക്ഷം മുതൽ അഞ്ചു ലക്ഷം രൂപ വരെ പിഴശിക്ഷ മാത്രമാക്കി. ഇൻഷ്വറൻസ് ഇല്ലാതെ വാഹനം ഓടിക്കുന്നവർക്ക് 5000 മുതൽ 10,000 രൂപ വരെ പിഴ ഈടാക്കും.
National
ന്യൂഡൽഹി: ന്യൂനപക്ഷ സ്ഥാപനങ്ങളെ ലക്ഷ്യമിട്ടു കേന്ദ്രസർക്കാർ കൊണ്ടുവരുന്ന വിദേശ സംഭാവന നിയന്ത്രണ (എഫ്സിആർഎ) ഭേദഗതി ബില്ല് ലോക്സഭയിൽ അവതരിപ്പിച്ചു.
വിദേശ ഫണ്ട് ഉപയോഗിച്ചു വികസിപ്പിച്ച ആസ്തികൾ സർക്കാരിനു സ്ഥിരമായി ഏറ്റെടുക്കാൻ അനുവാദം നൽകുന്നതാണു ബില്ല്. നിശ്ചിത സമയപരിധിക്കുള്ളിൽ എഫ്സിആർഎ ലൈസൻസ് പുതുക്കി കിട്ടാതിരിക്കുക, റദ്ദാക്കിയ ലൈസൻസ് പുനഃസ്ഥാപിക്കാതിരിക്കുക, നിലവിലെ ലൈസൻസ് സറണ്ടർ ചെയ്യുക തുടങ്ങിയ സാഹചര്യത്തിലായിരിക്കും ഇത്തരത്തിൽ ആസ്തികൾ ഏറ്റെടുക്കുക.
ഏറ്റെടുക്കുന്ന ആസ്തികൾ സർക്കാരിനു വിൽക്കാനോ സർക്കാർ സ്ഥാപനങ്ങൾക്കു കൈമാറ്റം ചെയ്യാനോ സാധിക്കും. എന്നാൽ ലൈസൻസ് ശരിയാക്കുന്നതിനുള്ള സമയപരിധി ബില്ലിൽ വ്യക്തമാക്കിയിട്ടില്ല. കേന്ദ്രസർക്കാരിന് പിന്നീട് ഇതു കൂട്ടിച്ചേർക്കാനുള്ള അനുവാദം ബില്ലിൽ നൽകിയിട്ടുണ്ട്. സർക്കാർ നിശ്ചയിക്കുന്ന ഒരു അഥോറിറ്റിക്കാണ് ഇതുസംബന്ധിച്ച അധികാരം കൈമാറുന്നത്.
ഈ അഥോറിറ്റിക്ക് സിവിൽ കോടതിയുടെ അധികാരമുണ്ടാകും. കേന്ദ്രസർക്കാരിന്റെ പൊതുവായ നിർദേശങ്ങൾക്കനുസരിച്ചായിരിക്കും അഥോറിറ്റി പ്രവർത്തിക്കുക. അഥോറിറ്റിയുടെ ഉത്തരവിനെതിരേ പരാതിക്കാർക്ക് 90 ദിവസത്തിനുള്ളിൽ അതത് സ്ഥാപനം സ്ഥിതിചെയ്യുന്ന പരിധിയിലെ ജില്ലാ ജഡ്ജിക്ക് അപ്പീൽ നൽകാം.
ആരാധനാലയങ്ങൾ ഏറ്റെടുക്കാനും അനുമതി
ഏറ്റെടുക്കുന്ന ആസ്തികളിൽ ആരാധനാലയങ്ങൾ ഉണ്ടെങ്കിൽ അതിന്റെ മതപരമായ സ്വഭാവത്തിൽ മാറ്റം വരുത്താതെ സർക്കാർ നിശ്ചയിക്കുന്ന സ്ഥാപനത്തിനോ വ്യക്തിക്കോ കൈകാര്യം ചെയ്യാൻ നൽകാം. പിന്നീട് നിശ്ചിത സമയത്തിൽ ലൈസൻസ് ലഭിച്ചാൽ തിരികെ കിട്ടും.
വിദേശത്തുനിന്ന് ലഭിക്കുന്ന ഫണ്ടിന്റെ സുതാര്യത ഉറപ്പാക്കാനും ശരിയായ വിനിയോഗം നടപ്പാക്കാനുമാണ് ഭേദഗതി വരുത്തുന്നതെന്നു വ്യക്തമാക്കിക്കൊണ്ടാണ് കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് ലോക്സഭയിൽ ബില്ല് അവതരിപ്പിച്ചത്. കഴിഞ്ഞയാഴ്ച ചേർന്ന കേന്ദ്ര മന്ത്രിസഭായോഗം ബില്ലിന് അനുമതി നൽകിയിരുന്നു.
ഇതിനുപുറമെ എഫ്സിആർഎ ലൈസൻസുള്ള സ്ഥാപനങ്ങൾക്ക് വിദേശത്തുനിന്നു ലഭിക്കുന്ന ഫണ്ട് ഉപയോഗിക്കുന്നതിനുള്ള സമയപരിധി നിശ്ചയിക്കും. എന്നാൽ നിലവിൽ കേന്ദ്രസർക്കാർ അവതരിപ്പിച്ച ബില്ലിൽ ഈ സമയപരിധി വ്യക്തമാക്കിയിട്ടില്ല. പിന്നീട് കൂട്ടിച്ചേർക്കുന്ന തരത്തിലാണിത് അവതരിപ്പിച്ചിരിക്കുന്നത്.
റദ്ദാക്കിയ എഫ്സിആർഎ ലൈസൻസ് പുനഃസ്ഥാപിക്കാതിരിക്കുകയോ സറണ്ടർ ചെയ്യുകയോ ചെയ്താൽ മാത്രം വിദേശ ഫണ്ട് ഉപയോഗിച്ച് ആർജിച്ച സ്വത്തുക്കൾ താത്കാലികമായി സർക്കാരിന് ഏറ്റെടുക്കാമെന്ന നിയമത്തിനാണ് ഭേദഗതിയിലൂടെ കേന്ദ്രസർക്കാർ മാറ്റം കൊണ്ടുവരുന്നത്.
ലൈസൻസ് പുതുക്കാത്തതിന്റെയോ റദ്ദാക്കിയതിന്റെയോ പേരിൽ നേരത്തേ താത്കാലികമായി ഏറ്റെടുത്ത സ്ഥാപനങ്ങൾക്കും പുതിയ ഭേദഗതി ബാധകമാണ്. ഇത്തരം സ്ഥാപനങ്ങളുടെയും ആസ്തികൾ സർക്കാരിനു സ്ഥിരമായി ഏറ്റെടുക്കാൻ സാധിക്കും.
ഏറ്റെടുത്ത ആസ്തികൾ വിറ്റുകിട്ടുന്ന പണം സർക്കാരിന്റെ സഞ്ചിത നിധിയിലേക്കു മാറ്റും. നിലവിലെ ലൈസൻസ് പുതുക്കി ലഭിക്കാത്ത സാഹചര്യത്തിൽ സർക്കാരിന്റെ അനുമതിയില്ലാതെ ആ ആസ്തി കൈകാര്യം ചെയ്യാൻ സാധിക്കില്ല. കൂടാതെ എഫ്സിആർഎ നിയമപ്രകാരമുള്ള ഒരു കുറ്റകൃത്യത്തിന് കേന്ദ്രസർക്കാരിന്റെ അനുമതിയോടെ മാത്രമേ നടപടി സ്വീകരിക്കാൻ കഴിയൂവെന്നും പുതിയ ഭേദഗതിയിൽ പറയുന്നു.
National
ന്യൂഡൽഹി: നിലവിലെ സാന്പത്തിക വർഷത്തിൽ കേരളത്തിലെ വിവിധ മേഖലകൾക്കായി വകയിരുത്തിയ 3032 കോടി രൂപയിൽ 1064 കോടി രൂപ മാത്രമാണ് കേന്ദ്ര സർക്കാർ കൈമാറിയതെന്ന് ധനമന്ത്രാലയത്തിന്റെ കണക്കുകൾ.
പലതിനും തുക വകയിരുത്തിയെങ്കിലും ഇത് ലഭ്യമാക്കുന്നതിന് കേരളം അപേക്ഷ നൽകാതിരുന്നതാണ് പണം ലഭിക്കാതിരുന്നതിന് കാരണമെന്ന് ധനമന്ത്രി നിർമല സീതാരാമൻ ലോക്സഭയിൽ വിശദീകരിച്ചു.
പ്രകൃതി ദുരന്തങ്ങൾ നേരിടുന്നതിനും ആരോഗ്യമേഖലയ്ക്കുമാണ് തുക അനുവദിച്ചത്.ധനസഹായത്തിന് കേന്ദ്രസർക്കാർ അനുമതി നൽകുന്നതും അത് ലഭിക്കുന്നതിന് സംസ്ഥാനം അപേക്ഷ നൽകുന്നതും രണ്ട് നടപടികളാണെന്ന് കേന്ദ്രമന്ത്രി വ്യക്തമാക്കി.
വയനാട്ടിലെ ഉരുൾപൊട്ടൽ മേഖലകൾക്കു വേണ്ടിയുള്ള 72 കോടി രൂപ ഉൾപ്പെടെ പ്രകൃതി ദുരന്തം നേരിടുന്നതിനുള്ള ഫണ്ടിൽ 311.95 കോടി രൂപയാണ് കേരളത്തിന് അനുവദിച്ചത്.
അതിൽ കാട്ടുതീ തടയുന്നതിന് 17.73 കോടി രൂപയും നഗരമേഖലയിലെ വെള്ളപ്പൊക്ക പ്രതിരോധ പദ്ധതികൾക്കായി 222.22 കോടി രൂപയുമാണ് അനുവദിച്ചത്.എന്നാൽ സംസ്ഥാനം അപേക്ഷ നല്കാതിരുന്നതിന്റെ പേരിൽ ഈ പണം കൈമാറിയില്ലെന്ന് മന്ത്രി വ്യക്തമാക്കി.
സംസ്ഥാനം അപേക്ഷ നൽകുകയോ ആവശ്യപ്പെട്ടുകയോ ചെയ്യുന്പോൾമാത്രമേ തുക അനുവദിക്കാൻ സാധിക്കൂ. ധനസഹായം അംഗീകരിക്കുന്നത് ഒരു കാര്യമാണ്. അതിന് അപേക്ഷ നൽകുന്നതും പണം കൈമാറുന്നതും മറ്റൊരു നടപടിക്രമമാണെന്നും മന്ത്രി വിശദീകരിച്ചു. കോണ്‍ഗ്രസ് അംഗം മാണിക്കം ടാഗോർ ചോദ്യോത്തര വേളയിൽ അനുബന്ധ ചോദ്യമായാണ് വിഷയം ഉന്നയിച്ചത്.
National
ന്യൂഡൽഹി: പാർലമെന്റ് ഒരു പാർട്ടിക്കുവേണ്ടി മാത്രമല്ലെന്നും മുഴുവൻ രാജ്യത്തെയും പ്രതിനിധീകരിക്കുന്നുവെന്നും ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി.
സ്പീക്കർ ഓം ബിർളയെ സ്ഥാനത്തുനിന്ന് നീക്കം ചെയ്യണമെന്നാവശ്യപ്പെട്ടു പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെക്കുറിച്ചുള്ള ചർച്ചയിൽ ഇടപെട്ടുകൊണ്ടാണ് രാഹുലിന്റെ പരാമർശം. പ്രധാനമന്ത്രി നരേന്ദ്ര മോദി വിട്ടുവീഴ്ചയ്ക്കു തയാറായെന്നും അതിന്റെ ഫലം എല്ലാവർക്കും അറിയാമെന്നും രാഹുൽ ആരോപിച്ചു.
പ്രതിപക്ഷനേതാവ് തന്റെ വാക്കുകൾ ശ്രദ്ധാപൂർവം വിലയിരുത്തണമെന്ന് ബിജെപി എംപി രവിശങ്കർ പ്രസാദ് പറഞ്ഞതോടെ പ്രതിപക്ഷമൊന്നാകെ ബഹളം വയ്ക്കുകയും രാഹുലിനെ സംസാരിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
എന്നാൽ സഭ നയിച്ച സ്പീക്കർ പാനലിലെ അംഗം ദിലീപ് സൈകിയ അനുമതി നിഷേധിച്ചു. എന്നാൽ പ്രതിപക്ഷാംഗങ്ങൾ ബഹളം കടുപ്പിച്ചതോടെ പാർലമെന്ററി കാര്യ മന്ത്രി കിരണ്‍ റിജിജു ഇടപെട്ട് രാഹുലിനെ സംസാരിക്കാൻ അനുവദിക്കുകയായിരുന്നു.
തുടർന്നു സംസാരിച്ച രാഹുൽ പാർലമെന്റിൽ തന്നെ പലതവണ നിശബ്ദനാക്കിയതായി ആരോപിച്ചു. ജനാധിപത്യ പ്രക്രിയയെയും സ്പീക്കറുടെ പങ്കിനെയും കുറിച്ച് ചർച്ച നടക്കുന്പോൾ തന്നെ മോശമായി ചിത്രീകരിക്കാനാണു ബിജെപി ശ്രമിക്കുന്നത്. പ്രതിപക്ഷം സംസാരിക്കാൻ എഴുന്നേൽക്കുന്പോൾ നിശബ്ദമാക്കുന്നു. പ്രധാനമന്ത്രിയുടെ വിട്ടുവീഴ്ചയെപ്പറ്റി പലപ്പോഴും സഭയിൽ ചോദ്യമുന്നയിച്ചു.
മുൻ കരസേനാ മേധാവി എം.എം. നരവനെയുടെ വെളിപ്പെടുത്തൽ, എപ്സ്റ്റീൻ ഫയൽ, അമേരിക്കയുമായുള്ള വ്യാപാരം തുടങ്ങിയ വിഷയങ്ങൾ സഭയിൽ ഉന്നയിക്കാൻ ശ്രമിച്ചെങ്കിലും നിശബ്ദനാക്കിയതായി രാഹുൽ ആരോപിച്ചു.
National
ന്യൂഡൽഹി: പാർലമെന്റിന്റെ രണ്ടാംഘട്ട ബജറ്റ് സമ്മേളനം ഇന്ന് ആരംഭിക്കും. സ്പീക്കര്‍ ഓം ബിര്‍ലയെ മാറ്റണമെന്ന പ്രതിപക്ഷ പ്രമേയം ലോക്സഭ ആദ്യ ദിവസം തന്നെ ചര്‍ച്ചയ്ക്കെടുക്കും. പ്രമേയം ചർച്ചയ്ക്ക് ശേഷം വോട്ടിനിടും.
118 പ്രതിപക്ഷ എംപിമാര്‍ ഒപ്പിട്ടതാണ് പ്രമേയം. സ്പീക്കര്‍ ചെയറിലിരിക്കാതെ ഓം ബിര്‍ല നടപടികളില്‍ പങ്കെടുക്കും. 10 മണിക്കൂര്‍ ചര്‍ച്ചയാണ് നിശ്ചയിച്ചിരിക്കുന്നത്. എംപിമാരുടെ സസ്പെന്ഷന് പിന്‍വലിക്കാത്തതിലും പ്രതിപക്ഷം പ്രതിഷേധിക്കും.
പ്രമേയം വിജയിക്കാൻ സാധ്യതയില്ലെങ്കിലും ലോക്സഭയിൽ നടക്കുന്ന ചർച്ചയിൽ പങ്കെടുക്കാൻ എല്ലാ എംപിമാർക്കും കോൺഗ്രസ് വിപ്പ് നൽകിയിട്ടുണ്ട്. പ്രമേയം പാസായില്ലെങ്കിലും വിഷയം ചർച്ചയാക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം.
സ്പീക്കർ ഓം ബിർല ഏകപക്ഷീയമായി പെരുമാറുന്നുവെന്നും പ്രതിപക്ഷ നേതാവിനെ പോലും സംസാരിക്കാൻ അനുവദിക്കുന്നില്ലെന്നുമാണ് പ്രതിപക്ഷത്തിന്റെ ആരോപണം. അതേസമയം പശ്ചിമേഷ്യന്‍ സംഘര്‍ഷം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് ആം ആദ്മി പാര്‍ട്ടി രാജ്യസഭയില്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്.
National
ന്യൂഡൽഹി: കഴിഞ്ഞ പത്ത് വർഷത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദേശയാത്രകൾക്കായി സർക്കാർ 762 കോടി രൂപ ചെലവഴിച്ചതായി വിദേശകാര്യ മന്ത്രാലയം ലോക്സഭയെ അറിയിച്ചു. ലോക്സഭയിൽ ഉന്നയിച്ച ചോദ്യത്തിന് രേഖാമൂലം നൽകിയ മറുപടിയിലാണ് മന്ത്രാലയം ഈ കണക്കുകൾ വ്യക്തമാക്കിയത്.
2024-ൽ വാർഷിക ചെലവ് 100 കോടി രൂപ കടന്നു. 2025-ൽ അമേരിക്ക, യൂറോപ്പ്, ആഫ്രിക്ക, കിഴക്കൻ ഏഷ്യൻ രാജ്യങ്ങൾ എന്നിവിടങ്ങളിൽ നടത്തിയ സന്ദർശനങ്ങൾക്കായി മാത്രം 175 കോടിയിലധികം രൂപ ചെലവായി.
മിക്ക വിദേശയാത്രകളിലും ആതിഥേയ രാജ്യങ്ങളാണ് താമസം ഉൾപ്പെടെയുള്ള ചെലവുകൾ വഹിക്കുന്നത്. എന്നാൽ സുരക്ഷാ ക്രമീകരണങ്ങൾ, ഉദ്യോഗസ്ഥ സംഘം, മാധ്യമ സംഘം, മറ്റു യാത്രാ സൗകര്യങ്ങൾ എന്നിവയ്ക്കായി ഇന്ത്യയാണ് പണം ചെലവഴിക്കുന്നത്.
യാത്രകളുടെ സ്വഭാവമനുസരിച്ച് 27 മുതൽ 72 വരെ അംഗങ്ങളാണ് പ്രധാനമന്ത്രിയെ സാധാരണയായി അനുഗമിക്കുന്നത്. എന്നാൽ 2025-ൽ അഞ്ച് രാജ്യങ്ങൾ സന്ദർശിച്ചപ്പോൾ പ്രതിനിധി സംഘത്തിൽ 95 പേർ ഉണ്ടായിരുന്നു.
കോവിഡ് നിയന്ത്രണങ്ങൾ ഉണ്ടായിരുന്ന സമയത്താണ് വിദേശയാത്രകൾക്കായി ഏറ്റവും കുറഞ്ഞ തുക ചെലവാക്കിയത്. മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിന്റെ കാലത്ത് ചെലവ് ഇതിലും കുറവായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. ഉദാഹരണത്തിന്, 2011-ലെ അദ്ദേഹത്തിന്റെ അമേരിക്കൻ സന്ദർശനത്തിന് 10.74 കോടി രൂപയും 2013-ലെ റഷ്യൻ സന്ദർശനത്തിന് 9.95 കോടി രൂപയുമാണ് ചെലവായത്.
പണപ്പെരുപ്പം, കറൻസി മൂല്യത്തിലെ മാറ്റങ്ങൾ, സന്ദർശിച്ച രാജ്യങ്ങളുടെ എണ്ണം, യാത്രയുടെ ദൂരം, സുരക്ഷാ ക്രമീകരണങ്ങൾ, സംഘത്തിന്റെ വലിപ്പം എന്നിവയാണ് ചെലവ് കൂടാൻ കാരണമായി മന്ത്രാലയം ചൂണ്ടിക്കാണിക്കുന്നത്.
National
ന്യൂഡൽഹി: ഇന്ത്യ-അമേരിക്ക വ്യാപാര കരാറും മുൻ സൈനിക മേധാവി എം.എം. നരവനെയുടെ പുസ്തകവും തീർത്ത ചൂടേറിയ ഭരണ-പ്രതിപക്ഷ വാദപ്രതിവാദങ്ങൾക്കു സാക്ഷിയായ ബജറ്റ് സമ്മേളനത്തിന്റെ ആദ്യഘട്ടം അവസാനിച്ചു. രണ്ടാം ഘട്ടം മാർച്ച് ഒന്‍പതിന് ആരംഭിച്ച് ഏപ്രിൽ രണ്ടിന് അവസാനിക്കും. കേന്ദ്രബജറ്റിൽ വിവിധ മന്ത്രാലയങ്ങൾക്ക് അനുവദിച്ച വിഹിതം ഈ കാലയളവിൽ സ്റ്റാൻഡിംഗ് കമ്മിറ്റി പരിശോധിക്കും.
ബജറ്റ് അവതരണത്തിനു പിറ്റേന്നുമുതൽ ഭരണ-പ്രതിപക്ഷ ബഹളത്തിൽ നടപടികൾ പൂർത്തിയാക്കാതെ ലോക്സഭ പൂർണമായും സ്തംഭിക്കുകയായിരുന്നു. ഇന്നലെയും സമാന സ്ഥിതി തുടർന്നു. കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരിയുടെ പേര് എപ്സ്റ്റീൻ ഫയലിൽ ഉണ്ടെന്നാരോപിച്ച് അദ്ദേഹത്തിന്റെ രാജി ആവശ്യപ്പെട്ടായിരുന്നു പ്രതിപക്ഷം ഇന്നലെ സഭ സ്തംഭിപ്പിച്ചത്.
2020ൽ ഇന്ത്യ-ചൈന സംഘർഷവുമായി ബന്ധപ്പെട്ട് കരസേന മുൻ മേധാവി എം.എം. നരവനെയുടെ പുസ്തകത്തിലെ ചില ഭാഗങ്ങൾ ഉദ്ധരിക്കാൻ ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി ശ്രമിച്ചതു സ്പീക്കർ തടഞ്ഞതാണ് ഭരണ- പ്രതിപക്ഷ പോരിന്റെ തുടക്കം.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും കേന്ദ്രമന്ത്രിമാരായ അമിത് ഷാ, രാജ്നാഥ് സിംഗ് തുടങ്ങിയവരുടെയും സാന്നിധ്യത്തിലായിരുന്നു രാഹുൽ വിഷയം ഉന്നയിക്കാൻ ശ്രമിച്ചത്. എന്നാൽ പുസ്തകം പ്രസിദ്ധീകരിച്ചിട്ടില്ലെന്നു ചൂണ്ടിക്കാട്ടി സഭാ ചട്ടപ്രകാരം രാഹുലിനെ സ്പീക്കർ സംസാരിക്കാൻ സമ്മതിച്ചില്ല. തുടർന്നുള്ള ദിവസങ്ങളിൽ ലോക്സഭ പൂർണമായും സ്തംഭിച്ചു. പ്രതിപക്ഷബഹളമുണ്ടായെങ്കിലും രാജ്യസഭയിലെ നടപടികൾ തടസപ്പെട്ടില്ല.
പ്രതിപക്ഷ എംപിമാർ ലോക്സഭാ സെക്രട്ടറിയുടെ ഇരിപ്പിടത്തിൽ വരെയെത്തി മുദ്യാവാക്യങ്ങൾ മുഴക്കുകയും പേപ്പർ കീറിയെറിയുകയും ചെയ്തതോടെ എട്ട് എംപിമാരെ സസ്പെൻഡ് ചെയ്തതു വിഷയം കൂടുതൽ വഷളാക്കി. പ്രതിപക്ഷ നേതാവിനു സംസാരിക്കാൻ അനുമതി നിഷേധിച്ചെങ്കിൽ പ്രധാനമന്ത്രിയും ലോക്സഭയിൽ പ്രസംഗിക്കേണ്ടെന്ന നിലപാട് പ്രതിപക്ഷപാർട്ടികൾ എടുത്തതോടെ രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിനു നന്ദിപ്രസംഗം നടത്താൻ മോദിക്കു ലോക്സഭയിൽ എത്താൻ സാധിച്ചില്ല. തുടർന്ന് രാജ്യസഭയിലാണ് അദ്ദേഹം മറുപടി നൽകിയത്.
ലോക്സഭാ സ്പീക്കറുടെ പക്ഷപാതപരമായ പെരുമാറ്റത്തിനെതിരേ പ്രതിഷേധം ശക്തമാക്കിയ പ്രതിപക്ഷപാർട്ടികൾ അദ്ദേഹത്തെ പുറത്താക്കണമെന്നാവശ്യപ്പെട്ട് 118 എംപിമാർ ഒപ്പിട്ട നോട്ടീസ് ലോക്സഭാ സെക്രട്ടേറിയറ്റിനു കൈമാറി. മോദിസർക്കാർ അധികാരത്തിലെത്തിയതിനുശേഷം ഇതാദ്യമായാണു പ്രതിപക്ഷത്തിന്റെ ഭാഗത്തുനിന്ന് ലോക്സഭാ സ്പീക്കർക്കെതിരേ ഇത്തരമൊരു നീക്കമുണ്ടാകുന്നത്.
പ്രതിപക്ഷനീക്കത്തിനു നേരിടാനെന്നോണം സർക്കാരിനെതിരേ രാഹുൽ ഗാന്ധി തെറ്റായ ആരോപങ്ങൾ ഉന്നയിച്ചെന്നു ചൂണ്ടിക്കാട്ടി അദ്ദേഹത്തെ പുറത്താക്കുന്നതിനുള്ള നോട്ടീസ് ബിജെപി അംഗം സ്പീക്കർക്കു കൈമാറുന്നതാണ് പിന്നീട് കണ്ടത്.
സ്പീക്കർക്കെതിരായ പ്രമേയവും പ്രതിപക്ഷനേതാവിനെതിരായ നോട്ടീസും മാർച്ച് ഒന്‍പതിന് ആരംഭിക്കുന്ന സമ്മേളനത്തിന്റെ രണ്ടാംഘട്ടത്തിൽ സഭയുടെ പരിഗണനയ്ക്കു വന്നേക്കും.
National
ന്യൂഡൽഹി: ലോക്സഭയിൽ പ്രതിപക്ഷ നേതാവിന്റെ പ്രസംഗത്തിനു മുന്‍പും ഇടയിലും രാഹുൽ ഗാന്ധിയും പാർലമെന്ററികാര്യ മന്ത്രി കിരണ്‍ റിജിജുവും തമ്മിൽ വാഗ്വാദം.
നേരത്തെ, രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചർച്ചയിൽ രാഹുലിന്റെ പ്രസംഗം കേന്ദ്രമന്ത്രിമാരായ രാജ്നാഥ് സിംഗിന്റെയും അമിത് ഷായുടെയും റിജുജുവിന്റെയും നേതൃത്വത്തിൽ പൂർണമായി തടസപ്പെടുത്തിയതിനു പിന്നാലെയാണു ബജറ്റ് ചർച്ചയിലെ രാഹുലിന്റെ പ്രസംഗവും പലപ്പോഴായി തടസപ്പെടുത്തിയത്.
എപ്സ്റ്റീൻ ഫയലുകളെയും അമേരിക്കയിലെ കോടതിയിൽ അദാനിക്കെതിരേയുള്ള കേസിന്റെ പേരിൽ അമേരിക്ക കഴുത്ത ഞെരിച്ചപ്പോൾ, പ്രധാനമന്ത്രി നരേന്ദ്ര മോദി വിറ്റുവെന്ന രാഹുലിന്റെ പരാമർശത്തിനെതിരേയായിരുന്നു റിജുജുവിന്റെ ആദ്യ തടസവാദം. എന്നാൽ എപ്സ്റ്റീൻ ഫയലിൽ കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരിയുടെ പേരുണ്ടെന്നു കൂടി രാഹുൽ പറഞ്ഞതോടെ, മന്ത്രി വീണ്ടും തടസവുമായി എഴുന്നേറ്റു. പ്രതിപക്ഷ നേതാവിന്റെ പരാമർശങ്ങൾക്ക് ഗുരുതര അർഥതലങ്ങളുണ്ടെന്നു മന്ത്രി പറഞ്ഞു. ആരോപണങ്ങൾ ആധികാരികമാക്കാൻ റിജുജു ആവശ്യപ്പെട്ടു.
പറഞ്ഞതെല്ലാം ഇപ്പോൾ തന്നെ ആധികാരികമാക്കാൻ തയാറാണെന്നു രാഹുൽ തിരിച്ചടിച്ചു. രേഖകൾ സഭയിൽ സമർപ്പിക്കാൻ തയാറാണെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ, മുൻകൂർ എഴുതി നൽകാതെ ആരോപണം ഉന്നയിക്കരുതെന്നായിരുന്നു ലോക്സഭയുടെ അധ്യക്ഷ വേദിയിലിരുന്ന ബിജെപി എംപി ജഗദാംബിക പാൽ നിർദേശിച്ചത്.
മന്ത്രിയുടെയും അധ്യക്ഷന്റെയും തടസവാദങ്ങൾ നോക്കാതെ എപ്സ്റ്റീൻ ഫയലുകളിൽ മന്ത്രി പുരിയുടെ പേരുണ്ടെന്ന് രാഹുൽ വീണ്ടും പറഞ്ഞു.
National
ന്യൂഡൽഹി: പ്രതിപക്ഷം അവിശ്വാസ നോട്ടീസ് നൽകിയ സാഹചര്യത്തിൽ ലോക്സഭ സ്പീക്കർ ഓം ബിർള ഇന്ന് സഭയിൽ നിന്ന് വിട്ടു നിൽക്കും. അവിശ്വാസ പ്രമേയത്തിൻമേലുള്ള തീരുമാനം വരുന്നത് വരെ ഓം ബിർള സഭയിലെത്തില്ലെന്നാണ് ലഭിക്കുന്ന വിവരം.
ബജറ്റ് സമ്മേളനത്തിന്റെ ആദ്യ ഘട്ടം വെള്ളിയാഴ്ചയാണ് അവസാനിക്കുന്നത്. ലോക്സഭയിൽ ഇന്നും ബജറ്റ് ചർച്ച തുടരും. ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഇന്ന് സംസാരിക്കുമെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കിയിട്ടുണ്ട്.
ധനമന്ത്രി നിർമല സീതാരാമൻ ഇന്ന് ലോക്സഭയിൽ ചർച്ചയ്ക്ക് മറുപടി നൽകും. അതേസമയം ലോക്സഭ സ്പീക്കറെ നീക്കാനുള്ള അവിശ്വാസ നോട്ടീസിൽ സെക്രട്ടറി ജനറൽ നിയമോപദേശം തേടും.നോട്ടീസ് ചട്ടപ്രകാരമാണോ എന്ന് പരിശോധിക്കും.
ഇതുസംബന്ധിച്ച് സെക്രട്ടറി ജനറൽ ഉചിതമായ തീരുമാനം കൈക്കൊള്ളണമെന്ന് സ്പീക്കർ ഓം ബിർള നിർദേശിച്ചു. നോട്ടീസ് മാർച്ച് ഒൻപതിന് സഭയിൽ ചർച്ചയ്ക്കെടുക്കാനാണ് സാധ്യത.
National
ന്യൂഡൽഹി: ലോക്സഭയിലെ ബജറ്റ് ചര്‍ച്ചയില്‍ കേന്ദ്രത്തിനെതിരെ രൂക്ഷവിമർശനമുയർത്തി ശശി തരൂര്‍ എംപി. ബജറ്റില്‍ പ്രഖ്യാപനങ്ങള്‍ മാത്രമാണെന്നും ഒന്നും നടപ്പാക്കുന്നില്ലെന്നും അദ്ദേഹം ആഞ്ഞടിച്ചു.
സാധാരണക്കാരന്റെ അഭിലാഷങ്ങൾ പൂർത്തിയാക്കുന്നതല്ല ബജറ്റ്. തലക്കെട്ടുകൾ സൃഷ്ടിക്കാനുള്ള ശ്രമമാണ് കേന്ദ്രം നടത്തുന്നത്. നികുതിഭാരം വ്യക്തികൾക്ക് മുകളില്‍ കെട്ടി വയ്ക്കുന്നു. പ്രധാന പദ്ധതികള്‍ക്ക് പോലും കുറവ് വകയിരുത്തലാണ് ബജറ്റില്‍ ഉണ്ടായത്. കാര്‍ഷിക മേഖലയെ ബജറ്റില്‍ അവഗണിച്ചു. തൊഴിലില്ലായ്മയെ പരിഗണിക്കുന്നില്ല. കേരളത്തിന് ഇത്തവണയും എയിംസ് അനുവദിച്ചില്ല. കേരളത്തോട് കടുത്ത അവഗണനയാണ് കാണിച്ചതെന്നും തരൂർ കുറ്റപ്പെടുത്തി.
പുതിയ തൊഴിലുറപ്പ് പദ്ധതിയെയും തരൂർ വിമർശിച്ചു. തീരദേശ മേഖലയില്‍ വലിയ പ്രശ്നങ്ങളുണ്ട്. കടലേറ്റം തുടരുന്നു, ഇതും ബജറ്റില്‍ പരിഗണിച്ചില്ലെന്നും തരൂര്‍ ലോക്സഭയില്‍ കുറ്റപ്പെടുത്തി. കാലിന് പൊട്ടലുള്ള ശശി തരൂർ ഇരുന്നാണ് പ്രസംഗിച്ചത്.
National
ന്യൂഡൽഹി: ലോക്സഭയിൽ സ്പീക്കർ ഓം ബിർളയ്ക്കെതിരെ അവിശ്വാസ നോട്ടീസ് നൽകി ഇന്ത്യാ സഖ്യം. ഡെപ്യൂട്ടി സ്പീക്കർ ഇല്ലാത്ത സാഹചര്യത്തിൽ സെക്രട്ടറി ജനറലിനാണ് പ്രതിപക്ഷ നേതാക്കൾ സ്പീക്കർക്കെതിരായ നോട്ടീസ് കൈമാറിയത്. എംപിമാരുടെ സസ്പെൻഷൻ പിൻവലിക്കണം എന്ന കത്തും സ്പീക്കർക്ക് നല്കി. 14 ദിവസത്തിന് ശേഷമായിരിക്കും നോട്ടീസ് പരിഗണിക്കുക.
118 എംപിമാരാണ് നോട്ടീസിൽ ഒപ്പുവച്ചത്. അതേസമയം, തൃണമൂല്‍ കോണ്‍ഗ്രസും എൻസിപിയും നോട്ടീസിൽ ഒപ്പിട്ടില്ല. ഇന്ത്യാ സഖ്യം യോഗം ചേർന്നാണ് സ്പീക്കറെ നീക്കാനുള്ള നോട്ടീസ് നൽകാൻ തീരുമാനിച്ചത്. എന്നാൽ, മമത ബാനർജി കോൺഗ്രസിനോട് ഇടഞ്ഞു നിൽക്കുന്ന സാഹചര്യത്തിലാണ് തൃണമൂൽ ഒപ്പുവയ്ക്കില്ലെന്ന് അറിയിച്ചത്.
ലോക്സഭാ ചരിത്രത്തില്‍ നാലാം തവണയും എന്‍ഡിഎ ഭരണത്തില്‍ ആദ്യവുമായാണ് സ്പീക്കർക്കെതിരെ അവിശ്വാസ നോട്ടീസ് നല്‍കുന്നത്.
ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ സംസാരിക്കാൻ അനുവദിക്കുന്നില്ല, പ്രതിഷേധിച്ച എട്ട് എംപിമാർക്ക് സമ്മേളന കാലം മുഴുവൻ സസ്പെൻഷൻ നൽകി, പ്രധാനമന്ത്രിക്കെതിരെ പ്രതിഷേധിച്ച വനിതാ എംപിമാർക്കെതിരെ തെറ്റായ പ്രചാരണം നടത്തി തുടങ്ങിയ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് സ്പീക്കറെ നീക്കുന്നതിനുള്ള പ്രമേയം സഭയിൽ കൊണ്ടുവരാൻ പ്രതിപക്ഷം നീക്കം നടത്തുന്നത്.
National
ന്യൂഡൽഹി: ലോക്സഭയിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്ക് സംസാരിക്കാൻ അനുമതി നിഷേധിക്കുന്നതിനെച്ചൊല്ലി സഭ ഇന്നും പ്രക്ഷുബ്ധം. രാവിലെ സഭാനടപടികൾ ആരംഭിച്ചപ്പോൾ തന്നെ പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്ത് എത്തിയിരുന്നു. കോൺഗ്രസ് അംഗങ്ങൾ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചതിനെത്തുടർന്ന് സഭാ നടപടികൾ ഉച്ചയ്ക്ക് രണ്ടുവരെ നിർത്തിവച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് എന്നിവർക്കെതിരായ മുൻ കരസേന മേധാവി ജനറൽ എം.എം. നരവനെയുടെ പുസ്തകത്തിലെ പരാമർശങ്ങൾ ഉദ്ധരിക്കാൻ ശ്രമിച്ചതോടെയാണ് രാഹുൽ ഗാന്ധിക്ക് സ്പീക്കർ വിലക്കേർപ്പെടുത്തിയത്. ബജറ്റിന്മേലുള്ള ചർച്ചകൾ നടക്കുന്നതിനാൽ മറ്റ് വിഷയങ്ങൾ അനുവദിക്കില്ലെന്നാണ് സ്പീക്കറുടെ നിലപാടെങ്കിലും, രാഹുൽ ഗാന്ധിയെ മനഃപൂർവം തടയുകയാണെന്ന് പ്രതിപക്ഷം ആരോപിക്കുന്നു.
അതേസമയം, സ്പീക്കറുടെ നിലപാടിൽ പ്രതിഷേധിച്ച് അദ്ദേഹത്തിനെതിരെ അവിശ്വാസ പ്രമേയ നോട്ടീസ് നൽകാനാണ് പ്രതിപക്ഷത്തിന്റെ നീക്കം.
ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ സംസാരിക്കാൻ അനുവദിക്കുന്നില്ല, പ്രതിഷേധിച്ച എട്ട് എംപിമാർക്ക് സമ്മേളന കാലം മുഴുവൻ സസ്പെൻഷൻ നൽകി, പ്രധാനമന്ത്രിക്കെതിരെ പ്രതിഷേധിച്ച വനിതാ എംപിമാർക്കെതിരെ തെറ്റായ പ്രചാരണം നടത്തി തുടങ്ങിയ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് സ്പീക്കറെ നീക്കുന്നതിനുള്ള പ്രമേയം സഭയിൽ കൊണ്ടുവരാൻ പ്രതിപക്ഷം നീക്കം നടത്തുന്നത്.
ലോക്സഭാ സെക്രട്ടറി ജനറലിന് നൽകുന്ന ഈ നോട്ടീസിൽ തൃണമൂൽ കോൺഗ്രസ് ഒപ്പുവയ്ക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്. സ്പീക്കറെ നീക്കാനുള്ള നോട്ടീസ് സാധാരണ ഡെപ്യൂട്ടി സ്പീക്കർക്കാണ് നൽകേണ്ടത്. നിലവിൽ സഭയിൽ ഡെപ്യൂട്ടി സ്പീക്കർ ഇല്ലാത്തതിനാലാണ് ഇത് ലോക്സഭാ സെക്രട്ടറി ജനറലിനു നല്‍കുന്നത്.
ഇന്ത്യാ സഖ്യം യോഗം ചേർന്നാണ് സ്പീക്കറെ നീക്കാനുള്ള നോട്ടീസ് നൽകാൻ തീരുമാനിച്ചത്. എന്നാൽ, മമത ബാനർജി കോൺഗ്രസിനോട് ഇടഞ്ഞു നിൽക്കുന്ന സാഹചര്യത്തിലാണ് തൃണമൂൽ ഒപ്പുവയ്ക്കില്ലെന്ന് അറിയിച്ചത്.
National
ന്യൂഡല്‍ഹി: പിഎം കെയേഴ്സ് ഫണ്ട്, പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ ഫണ്ട്, ദേശീയ പ്രതിരോധ ഫണ്ട് എന്നിവയെക്കുറിച്ചുള്ള ചോദ്യങ്ങള്‍ ലോക്സഭയില്‍ അനുവദിക്കേണ്ടെന്നു പ്രധാനമന്ത്രിയുടെ ഓഫീസിന്റെ നിർദേശം. ലോക്സഭാ സെക്രട്ടേറിയറ്റിനാണ് ഇതുസംബന്ധിച്ച നിർദേശം നൽകിയത്. ലോക്സഭാ ചട്ടങ്ങളുടെയും നടപടിക്രമങ്ങളുടെയും ഗുരുതര ലംഘനമാണു പ്രധാനമന്ത്രിയുടെ നിര്‍ദേശമെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എംപി ആരോപിച്ചു.
പാര്‍ലമെന്റിന്റെ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി ചെയര്‍മാന്‍കൂടിയായ വേണുഗോപാല്‍ ഇക്കാര്യം ചൂണ്ടിക്കാട്ടി ലോക്സഭ സ്പീക്കര്‍ ഓം ബിര്‍ളയ്ക്കു രേഖാമൂലം പരാതി നല്കി. സ്വതന്ത്രമായി പ്രവര്‍ത്തിക്കേണ്ട ലോക്സഭയുടെ കാര്യങ്ങള്‍ പ്രധാനമന്ത്രിയുടെ ഓഫീസ് നിയന്ത്രിക്കുന്നത് വളരെ ആശങ്കാജനകമാണെന്ന് വേണുഗോപാല്‍ ചൂണ്ടിക്കാട്ടി. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളും ഫണ്ടും സുതാര്യമാണെന്ന് ഉറപ്പാക്കേണ്ട ചുമതല പാര്ലമെന്റിന്റേതും ജനപ്രതിനിധികളായ എംപിമാരുടേതുമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
നിഗൂഢമായ പിഎം കെയേഴ്സ് ഫണ്ടിലൂടെ ശേഖരിക്കുന്ന വന്‍തോതിലുള്ള ഫണ്ടുകള്‍ പാര്‍ലമെന്റിന്റെ പരിശോധനയ്ക്കു വിധേയമാക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. പ്രധാനമന്ത്രിയുടെ പേരിലുളള ഫണ്ടുകളെക്കുറിച്ചുള്ള ഗൗരവമേറിയ ചോദ്യങ്ങള്‍ക്ക് പ്രധാനമന്ത്രി സഭയില്‍ ഉത്തരം നല്‍കണമെന്നും വേണുഗോപാല്‍ ആവശ്യപ്പെട്ടു.
പ്രധാനമന്ത്രിയുടെ കീഴിലുള്ള പിഎം കെയേഴ്സ്, ദുരിതാശ്വാസ, പ്രതിരോധ ഫണ്ടുകളുമായി ബന്ധപ്പെട്ട പാര്‍ലമെന്റിന്റെ ചോദ്യങ്ങളും ചര്‍ച്ചകളും അനുവദനീയമല്ലെന്നും ലോക്സഭയിലെ ബിസിനസ് നടത്തിപ്പിന്റെ ഭാഗമല്ലെന്നുമാണ് ലോക്സഭാ സെക്രട്ടേറിയറ്റിനെ കഴിഞ്ഞ ജനുവരി 30ന് പ്രധാനമന്ത്രിയുടെ ഓഫീസ് രേഖാമൂലം അറിയിച്ചതെന്ന് ഒരു ദേശീയമാധ്യമം ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്.
പൊതുജനങ്ങളില്‍നിന്നു നേരിട്ടാണ് ഈ ഫണ്ടുകളിലേക്ക് തുക സമാഹരിക്കുന്നതെന്നും അതിനാല്‍ സര്‍ക്കാരിന്റെ നേരിട്ടുള്ള ഉത്തരവാദിത്വത്തിലല്ലെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് പറയുന്നു. അതിനാല്‍ ലോക്സഭയിലെ ചട്ടങ്ങളിലെ ചട്ടം 41(2) (viii), 41(2)(xvii) എന്നിവ പ്രകാരം മൂന്നു ഫണ്ടുകളുമായി ബന്ധപ്പെട്ട ചോദ്യങ്ങളും കാര്യങ്ങളും അനുവദനീയമല്ലെന്ന് ലോക്സഭാ സെക്രട്ടേറിയറ്റിനെ പ്രധാനമന്ത്രിയുടെ ഓഫീസ് രേഖാമൂലം അറിയിച്ചതായാണു പത്രറിപ്പോര്‍ട്ട്.
National
ന്യൂഡൽഹി: സ്പീക്കറെ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ലോക്സഭയിൽ പ്രമേയം കൊണ്ടുവരാൻ പ്രതിപക്ഷ നീക്കം. പ്രമേയത്തിനുള്ള ഒപ്പു ശേഖരണം കോൺഗ്രസ് ആരംഭിച്ചു.
ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ സംസാരിക്കാൻ അനുവദിക്കുന്നില്ല, പ്രതിഷേധിച്ച എട്ട് എംപിമാർക്ക് സമ്മേളന കാലം മുഴുവൻ സസ്പെൻഷൻ നൽകി, പ്രധാനമന്ത്രിക്കെതിരെ പ്രതിഷേധിച്ച വനിതാ എംപിമാർക്കെതിരെ തെറ്റായ പ്രചാരണം നടത്തി തുടങ്ങിയ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് സ്പീക്കറെ നീക്കുന്നതിനുള്ള പ്രമേയം സഭയിൽ കൊണ്ടുവരാൻ പ്രതിപക്ഷം നീക്കം നടത്തുന്നത്.
രാവിലെ സഭാനടപടികൾ ആരംഭിച്ചപ്പോൾ തന്നെ പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്ത് എത്തിയിരുന്നു. ഭരണഘടനാ അനുച്ഛേദം 94, 96 പ്രകാരം സ്പീക്കറെ നീക്കം ചെയ്യുന്നതിനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്.
മോദി സർക്കാരിന്റെ സമയത്ത് പ്രതിപക്ഷം ആദ്യമായാണ് ഇത്തരമൊരു നീക്കം നടത്തുന്നത്. നേരത്തെ രാജ്യസഭയിൽ മുൻ അധ്യക്ഷൻ ജഗ്ദീപ് ധൻകർക്കെതിരേ പ്രതിപക്ഷം ഇത്തരമൊരു നീക്കം നടത്തിയെങ്കിലും പരാജയപ്പെട്ടിരുന്നു.
അതേസമയം, ലോക്സഭയിൽ പ്രതിപക്ഷ ബഹളം ശക്തമായതിനു പിന്നാലെ, ചോദ്യോത്തര വേള ആരംഭിച്ച് മിനിറ്റുകൾക്കകം സ്പീക്കർ ഓം ബിർള ലോക്സഭ ഉച്ചവരെ നിർത്തിവച്ചു. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ സംസാരിക്കാൻ അനുവദിക്കണമെന്ന കോൺഗ്രസ് അംഗങ്ങളുടെ ആവശ്യം സ്പീക്കർ അനുവദിക്കാത്തതിനെ തുടർന്നായിരുന്നു ബഹളം ആരംഭിച്ചത്.
ചോദ്യോത്തര വേളയ്ക്ക് ശേഷം ചട്ടപ്രകാരം അംഗങ്ങൾക്ക് സംസാരിക്കാമെന്നു സ്പീക്കർ പറഞ്ഞെങ്കിലും ബഹളം തുടരുകയായിരുന്നു. തുടർന്ന് സഭ നിർത്തിവച്ചു. ബജറ്റ് സെഷനിൽ വിവിധ വിഷയങ്ങളിൽ പ്രതിപക്ഷ അംഗങ്ങളുടെ പ്രതിഷേധം തുടരുകയാണ്.
പ്രധാനമന്ത്രി പാർലമെന്റിൽ പ്രസംഗിക്കുന്നതിന് മുൻപ് പ്രതിപക്ഷം സഭാനടപടികൾ തടസപ്പെടുത്തിയതായി കേന്ദ്രമന്ത്രി കിരൺ റിജിജു ആരോപിച്ചു. പ്രതിപക്ഷ നടപടിയെ സ്പീക്കറും വിമർശിച്ചു. തുടർന്നാണ് സഭ ഉച്ചയ്ക്ക് 12 മണി വരെ പിരിഞ്ഞത്.
National
ന്യൂഡൽഹി: ലോക്സഭയിൽ ഇന്ത്യ-അമേരിക്ക വ്യാപാര കരാർ വിശദീകരിച്ച് കേന്ദ്ര വാണിജ്യ, വ്യവസായ വകുപ്പ് മന്ത്രി പീയുഷ് ഗോയൽ. പ്രതിപക്ഷ ബഹളത്തിനിടെയാണ് അദ്ദേഹം കരാർ വിശദീകരിച്ചത്.
140 കോടി ജനങ്ങൾക്ക് വേണ്ടി ഊർജ സുരക്ഷ ഉറപ്പാക്കാൻ കരാറിലൂടെ സാധിക്കും. കാർഷിക മേഖലയുടെയും ക്ഷീരമേഖലയുടെയും താൽപര്യങ്ങൾ ഹനിക്കില്ല. രാജ്യത്തിന്റെ ഊർജ സുരക്ഷ ഉറപ്പാക്കലാണ് കരാറിന്റെ പ്രധാന ലക്ഷ്യമെന്നും പീയുഷ് ഗോയൽ പറഞ്ഞു.
കരാർ, രാജ്യത്തിന്റെ കയറ്റുമതി രംഗത്തിന് ഗുണം ചെയ്യും. മെയ്ക്ക് ഇൻ ഇന്ത്യ, ഡിസൈൻ ഇൻ ഇന്ത്യ പോലുള്ള പദ്ധതികളെ ആഗോള തലത്തിൽ പ്രോത്സാഹിപ്പിക്കും. കർഷകർക്കും ചെറുകിട വ്യാപാരികൾക്കും ഗുണകരമാകുന്നതാണ് കരാർ. രണ്ട് സാമ്പത്തിക ശക്തികൾ തമ്മിലുള്ള കരാറാണിതെന്നും പീയുഷ് ഗോയൽ പറഞ്ഞി.
കൂടാതെ, ഇന്ത്യയ്ക്ക് മേലുള്ള യുഎസ് തീരുവ മറ്റ് രാജ്യങ്ങളെക്കാൾ കുറവാണെന്ന് പീയുഷ് ഗോയൽ വ്യക്തമാക്കി.
അതേസമയം, പ്രധാനമന്ത്രിക്കെതിരെ പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്തെത്തി. പിഎം കോംപ്രമൈസ്ഡ് എന്നെഴുതിയ പോസ്റ്ററുകളുമായെത്തിയ പ്രതിപക്ഷ അംഗങ്ങൾ സറണ്ടർ മോദിയെന്ന് മുദ്രാവാക്യം വിളിച്ചു.
National
ന്യൂഡൽഹി: കുപ്രസിദ്ധ ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട് യുഎസ് നീതിന്യായ വകുപ്പ് പുറത്തുവിട്ട ഫയലിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെക്കുറിച്ച് പരാമർശമുള്ളതായി റിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെ വിഷയം ലോക്സഭയിൽ ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ടു കോണ്‍ഗ്രസ്.
വിഷയം ഇന്ത്യയുടെ അന്താരാഷ്ട്ര പ്രതിച്ഛായയെ ബാധിക്കുന്നതാണെന്നു ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് എംപി മാണിക്കം ടാഗോർ ലോക്സഭയിൽ അടിയന്തരപ്രമേയ നോട്ടീസ് നൽകി. പ്രധാനമന്ത്രി മോദിയുടെ നയതന്ത്ര ഇടപെടലുകളെപ്പറ്റി എപ്സ്റ്റീന്റെ മെയിലിൽ പരാമർശമുള്ളത് ആശങ്കപ്പെടുത്തുന്നതാണെന്നും മാണിക്കം അടിയന്തരപ്രമേയത്തിൽ പറഞ്ഞു.
2017 ജൂലൈ ഒന്‍പതിന് എപ്സ്റ്റീൻ എഴുതിയതെന്ന് ആരോപിക്കപ്പെടുന്ന മെയിലിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും ഉൾപ്പെട്ടിട്ടുള്ള കൂടിക്കാഴ്ചകളെക്കുറിച്ചും ഇതിനുപിന്നാലെ ഇസ്രയേലിലേക്കു നടത്തിയ ഔദ്യോഗിക യാത്രയെക്കുറിച്ചും പരാമർശിക്കുന്നുണ്ടെന്ന് മാണിക്കം ചൂണ്ടിക്കാട്ടി. ഇത്തരം വിഷയങ്ങൾ അന്താരാഷ്ട്രതലത്തിൽ ചർച്ച ചെയ്യുന്പോൾ സഭയ്ക്കു നിശബ്ദമായിരിക്കാൻ കഴിയില്ലെന്നും സർക്കാർ ഇതിനു വ്യക്തമായ വിശദീകരണം നൽകണമെന്നും മാണിക്കം ആവശ്യപ്പെട്ടു.
ഇന്ത്യയിലും അന്താരാഷ്ട്ര മാധ്യമങ്ങളിലും പ്രചരിക്കുന്ന എപ്സ്റ്റീന്റെ ഇ-മെയിലിന്റെ ഒരു ഭാഗമാണ് പ്രധാനമന്ത്രിയുടെ പേര് ഉൾപ്പെട്ടിട്ടുള്ള വിവാദങ്ങൾക്കാധാരം. മോദിയുടെ 2017ലെ ഇസ്രയേൽ സന്ദർശനം പരാമർശിക്കുന്ന മെയിലിൽ ഇന്ത്യൻ പ്രധാനമന്ത്രി ഉപദേശം സ്വീകരിച്ചുവെന്നും യുഎസ് പ്രസിഡന്റിനുവേണ്ടിയെന്നും പരാമർശമുണ്ട്.
"അത് നടന്നു'വെന്നാണ് എപ്സ്റ്റീന്റെ മെയിലിലെ അവസാനഭാഗത്തുള്ള ഒരു വരി. ഈ പ്രയോഗം എന്തിനെ സംബന്ധിക്കുന്നതാണെന്നും വ്യാപകമായ അന്താരാഷ്ട്ര ചർച്ചകൾ നടന്നിട്ടും എന്തുകൊണ്ടാണ് ഈ വിഷയത്തിൽ സർക്കാർ വ്യക്തത വരുത്താത്തതെന്നും മാണിക്കം അടിയന്തരപ്രമേയത്തിൽ ചോദിച്ചു. എന്നാൽ വിഷയം അടിയന്തരമായി ചർച്ച ചെയ്യണമെന്ന മാണിക്കത്തിന്റെ ആവശ്യം സഭ തള്ളി.
എപ്സ്റ്റീൻ ഫയലിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പേര് ഉൾപ്പെട്ടിട്ടുണ്ടെന്ന റിപ്പോർട്ട് കഴിഞ്ഞദിവസം പുറത്തുവന്നതിനു പിന്നാലെ മോദിയെക്കുറിച്ചുള്ള പരാമർശം ശിക്ഷിക്കപ്പെട്ട ഒരു കുറ്റവാളിയുടെ അടിസ്ഥാനരഹിതമായ ജല്പനങ്ങൾ മാത്രമാണെന്നു ചൂണ്ടിക്കാട്ടി വിദേശകാര്യമന്ത്രാലയം തള്ളിയിരുന്നു.
അതേസമയം, എപ്സ്റ്റീൻ ഫയലിന്റെ പുതുതായി പുറത്തിറങ്ങിയ ഭാഗങ്ങളിൽ ജെഫ്രി എപ്സ്റ്റീൻ റിലയൻസ് ഗ്രൂപ്പ് തലവൻ അനിൽ അംബാനിയുമായി 2017-19 കാലയളവിൽ നിരന്തരസന്പർക്കം പുലർത്തിയിരുന്നുവെന്നും മോദി സർക്കാരിനുവേണ്ടിയുള്ള പിൻവാതിൽ ചർച്ചകൾക്കായി അനിൽ അംബാനി സ്വയംതന്നെ ഇടനിലക്കാരനായി ഉയർത്തിക്കാട്ടിയെന്നും വിവരമുണ്ടെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
National
ന്യൂഡൽഹി: ലോക്സഭയിൽ ഭരണ-പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ രൂക്ഷമായ വാക്പോരും നാടകീയ രംഗങ്ങളും. നന്ദി പ്രമേയ ചർച്ചയ്ക്കിടെയാണ് ഇരുപക്ഷവും തമ്മിൽ വാക്പോരുണ്ടായത്.
ബിജെപി എംപി തേജസ്വി സൂര്യ കോൺഗ്രസിന്റെ രാജ്യസ്നേഹത്തെയും സംസ്കാരത്തെയും ചോദ്യം ചെയ്തതോടെയാണ് തർക്കങ്ങൾക്ക് തുടക്കമായത്. ഇതിന് മറുപടിയുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി സംസാരിക്കാൻ എഴുന്നേറ്റതോടെ സഭയിലെ അന്തരീക്ഷം കൂടുതൽ കലുഷിതമായി.
മുൻ കരസേന മേധാവി ജനറൽ നരവനെയുടെ പുറത്തിറങ്ങാത്ത പുസ്തകത്തിലെ പരാമർശങ്ങൾ ഉദ്ധരിച്ച് ചൈനയുടെ കടന്നുകയറ്റത്തെക്കുറിച്ച് സംസാരിക്കാൻ രാഹുൽ ശ്രമിച്ചതാണ് ഭരണപക്ഷത്തെ ചൊടിപ്പിച്ചത്. പ്രകാശിതമാകാത്ത പുസ്തകത്തിലെ കാര്യങ്ങൾ സഭയിൽ ഉന്നയിക്കുന്നത് ചട്ടവിരുദ്ധമാണെന്ന് പറഞ്ഞുകൊണ്ട് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് ഇടപെട്ടു.
എന്നാൽ താൻ ഒരു മാഗസിനിൽ വന്ന റിപ്പോർട്ടാണ് വായിക്കുന്നതെന്ന് രാഹുൽ ആവർത്തിച്ചെങ്കിലും സ്പീക്കർ ഇതിന് അനുമതി നൽകിയില്ല. എങ്കിലും രാഹുൽ ഗാന്ധി പ്രസംഗം തുടരാൻ ശ്രമിച്ചു. രാഹുൽ ഗാന്ധിയുടെ മൈക്ക് പലതവണ ഓഫാക്കിയത് സഭയിൽ വൻ പ്രതിഷേധത്തിന് കാരണമായി.
ഇതിനിടെ രാഹുൽ ഗാന്ധിക്കെതിരെ വിമർശനവുമായി ആഭ്യന്തര മന്ത്രി അമിത് ഷായും രംഗത്തെത്തി. ഇതോടെ രാഹുൽ ഗാന്ധിയും രാജ്നാഥ് സിംഗും അമിത് ഷായും തമ്മിലുള്ള നേർക്കുനേർ പോരിന് കൂടിയാണ് ലോക്സഭ സാക്ഷ്യം വഹിച്ചത്.
National
ന്യൂഡൽഹി: സർക്കാർ കുത്തകയായിരുന്ന ആണവോർജ രംഗം സ്വകാര്യമേഖലയ്ക്ക് തുറന്നുകൊടുക്കാൻ കേന്ദ്രസർക്കാർ അവതരിപ്പിച്ച ആണവോർജ ബില്ല് 2025 (ശാന്തി ബില്ല്) പ്രതിപക്ഷ വാക്കൗട്ടിനിടെ ലോക്സഭയിൽ പാസായി. മറുപടി ഉൾപ്പെടെ ആറു മണിക്കൂറോളം ചർച്ച നടത്തിയശേഷമാണു ബില്ല് ശബ്ദവോട്ടിലൂടെ പാസാക്കിയത്.
ചർച്ചയിലുടനീളം പ്രതിപക്ഷ അംഗങ്ങൾ ബില്ലിനെ എതിർത്തു. കേന്ദ്രസർക്കാർ അവതരിപ്പിച്ച ബില്ല് രാജ്യത്തിന്റെ വികസനയാത്രയിൽ പുതിയ ദിശാബോധം നൽകുമെന്ന് ചർച്ചയ്ക്ക് മറുപടി നൽകവേ കേന്ദ്ര സഹമന്ത്രി ജിതേന്ദ്ര സിംഗ് വ്യക്തമാക്കി.
ബില്ലിൽ ദീർഘനേരം ചർച്ച വേണമെന്നും സെലക്ട് കമ്മിറ്റിക്കു വിടണമെന്നുമുള്ള പ്രതിപക്ഷത്തിന്റെ ആവശ്യം കേന്ദ്രസർക്കാർ തള്ളുകയായിരുന്നു. ഇതോടെയാണു ബില്ല് പാസാക്കുന്ന നടപടിയോടു സഹകരിക്കേണ്ടെന്ന് ഇന്ത്യാ സഖ്യം എംപിമാർ തീരുമാനിച്ചത്.
ആണവ അപകടങ്ങളുടെ ബാധ്യത വിതരണക്കാർക്കല്ല, ഓപ്പറേറ്റർമാർക്കാണെന്നാണ് ബില്ലിലെ വ്യവസ്ഥ. അപകടം നടന്നാൽ 3000 കോടി രൂപയുടെ ബാധ്യത മാത്രമാണ് ഓപ്പറേറ്റർമാർക്കുള്ളത്. ഈ നഷ്ടപരിഹാരത്തുക ഉയർത്തണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. എന്നാൽ പ്രതിപക്ഷ ഭേദഗതികളൊന്നും ഉൾപ്പെടുത്താൻ കേന്ദ്രസർക്കാർ തയാറായില്ല.
വിബിജി റാംജി ബില്ല് ഇന്നു പാസാക്കും
നിലവിലെ തൊഴിലുറപ്പ് പദ്ധതിക്കു പകരമായി കൊണ്ടുവന്ന വിബിജി റാംജി ബില്ല് ഇന്നലെ പാസാക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചെങ്കിലും പ്രതിപക്ഷം ചർച്ച ആവശ്യപ്പെട്ടതോടെ രാത്രി പത്തു വരെ ചർച്ച അനുവദിച്ചു. ചർച്ചയുടെ മറുപടിപ്രസംഗം കേന്ദ്രമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ ഇന്നു ലോക്സഭയിൽ നടത്തും. തുടർന്ന് ബില്ല് പാസാക്കും.
National
ന്യൂഡൽഹി: നിലവിലുള്ള മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്കു പകരം കേന്ദ്ര സർക്കാർ കൊണ്ടുവരുന്ന വിക്സിത് ഭാരത് - റോസ്ഗാർ ആൻഡ് അജീവിക മിഷൻ (ഗ്രാമീൺ) ബിൽ - 2025 (വിബി–ജി റാം ജി) ഇന്ന് ലോക്സഭയിൽ അവതരിപ്പിക്കും.
സഭാ നടപടികൾക്കുള്ള അജണ്ടയിൽ ബിൽ അവതരണം പട്ടികപ്പെടുത്തിയിട്ടുണ്ട്. ശൂന്യവേളയ്ക്ക് ശേഷം കേന്ദ്ര മന്ത്രി ശിവരാജ് സിംഗ് ചൗഹാൻ ബിൽ സഭയിൽ അവതരിപ്പിക്കും. തിങ്കളാഴ്ച ബിൽ ലോക്സഭയിൽ അജണ്ടയിൽ ഉൾപ്പെടുത്തിയെങ്കിലും അവതരിപ്പിച്ചിരുന്നില്ല.
അതേസമയം, പുതിയ ബില്ലിനെതിരെ പ്രതിപക്ഷം രംഗത്തുവന്നിട്ടുണ്ട്. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയെ സംരക്ഷിക്കണം എന്നാവശ്യപ്പെട്ട് ഇടത് എംപിമാർ പാർലമെന്റിന്റെ പ്രധാന കവാടത്തിന് മുന്നിൽ കേന്ദ്ര സർക്കാരിനെതിരെ മുദ്രാവാക്യം മുഴക്കി പ്രതിഷേധിച്ചു. തൊഴിലുറപ്പ് പദ്ധതിയെ ക്രമേണ ഇല്ലാതാക്കാനുള്ള ശ്രമമാണ് കേന്ദ്ര സർക്കാരിന്റേതെന്ന് ഇടത് എംപിമാർ ആരോപിച്ചു.
പുതിയ ബിൽ പ്രകാരം തൊഴിലുറപ്പ് വേതനത്തിന്റെ 40 ശതമാനം സംസ്ഥാന സർക്കാരുകൾ വഹിക്കണം. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രകാരം കേന്ദ്ര സർക്കാരായിരുന്നു വേതനത്തിന്റെ നൂറു ശതമാനവും നൽകിയിരുന്നത്.
National
ന്യൂഡൽഹി: സംസ്ഥാനത്തെ രാസവളക്ഷാമം ലോക്സഭയിലുയർത്തി കോണ്‍ഗ്രസ് ചീഫ് വിപ്പ് കൊടിക്കുന്നിൽ സുരേഷ് എംപി.
രാജ്യത്തുടനീളം പ്രത്യേകിച്ചു കേരളത്തിലെ കർഷകർ യൂറിയ, പൊട്ടാഷ് ക്ഷാമം നേരിടുകയാണെന്നും നെല്ലറ എന്നറിയപ്പെടുന്ന തന്റെ മണ്ഡലത്തിലെ കുട്ടനാടും ക്ഷാമം നേരിടുകയാണെന്നും കൊടിക്കുന്നിൽ സുരേഷ് ലോക്സഭയിലെ ശൂന്യവേളയിൽ പറഞ്ഞു.
വിഷയം സഭ അടിയന്തരമായി പരിഗണിക്കണമെന്നും രാസവസ്തു-രാസവളം മന്ത്രിയായ ജെപി. നഡ്ഡ സഭയിൽ പ്രസ്താവന നടത്തണമെന്നും കൊടിക്കുന്നിൽ സുരേഷ് ആവശ്യപ്പെട്ടു.
സംസ്ഥാനത്ത് 25 ലക്ഷം ഹെക്ടർ കൃഷിഭൂമിയാണെന്നും നെല്ല്, ഗോതന്പ്, കമുക്, തെങ്ങ്, റബർ, ഏലം, കൈതച്ചക്ക എന്നീ കൃഷി നടത്തുന്നവർക്ക് വളം ലഭ്യമല്ലാത്തതുമൂലം സമയബന്ധിതമായി കാർഷിക ഉത്പന്നങ്ങൾക്ക് പോഷകം ഉറപ്പാക്കാൻ കഴിയുന്നില്ലെന്നും എംപി സഭയിൽ പറഞ്ഞു.
പൊട്ടാഷ്, യൂറിയ ലഭ്യതക്കുറവുമൂലം കർഷകർ വിലകൂടിയ വളങ്ങൾ വാങ്ങാൻ നിർബന്ധിതരാകുകയാണെന്നും ഇത്തരം വളങ്ങൾ പാരിസ്ഥിതിക ആഘാതത്തിനും പോഷക അസന്തുലിതാവസ്ഥയ്ക്കും കാരണമാകുന്നുണ്ടെന്നും എംപി ചൂണ്ടിക്കാട്ടി.
ആവശ്യമായ വളം നൽകണമെന്ന കേരള സർക്കാരിന്റെ ആവശ്യം നിരന്തരമായി അവഗണിക്കപ്പെടുകയാണ്. ഇതു കർഷകരുടെ വരുമാനത്തെ ഗുരുതരമായി ബാധിക്കുന്നുണ്ട്. യൂറിയയിൽനിന്നാണ് പോഷകങ്ങൾ പ്രധാനമായും വിളകളിലേക്കെത്തുന്നത്.
ഏതെങ്കിലും തരത്തിലുള്ള തടസം വിളയുടെ വളർച്ചയ്ക്കും സാന്പത്തികസ്ഥിരതയ്ക്കും നേരിട്ടുള്ളതും പെട്ടെന്നുള്ളതുമായ പ്രത്യാഘാതം സൃഷ്ടിക്കുമെന്ന് കാർഷിക വിദഗ്ധർ ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്നും കൊടിക്കുന്നിൽ സുരേഷ് സഭയെ അറിയിച്ചു.
National
ന്യൂഡൽഹി: ലോക്സഭയിൽ തെരഞ്ഞെടുപ്പ് പരിഷ്കാരങ്ങളെക്കുറിച്ചുള്ള ചർച്ചയ്ക്കിടെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുമായി തമ്മിൽ വാക്പോര്. വോട്ടർ പട്ടികയിലെ ക്രമക്കേടുകളെക്കുറിച്ചുള്ള തന്റെ പത്രസമ്മേളനത്തിൽ ചർച്ച നടത്താൻ കോൺഗ്രസ് എംപി മന്ത്രിയെ വെല്ലുവിളിച്ചപ്പോൾ താൻ കാര്യങ്ങൾ പറയേണ്ട ക്രമം ആരും നിർദേശിക്കില്ലെന്ന് ഷാ തിരിച്ചടിച്ചു.
ജനാധിപത്യത്തെ കോൺഗ്രസ് അട്ടിമറിച്ചെന്നും വോട്ട് ചോരി ആദ്യം നടത്തിയത് കോൺഗ്രസാണെന്നും അമിത് ഷാ പ്രതികരിച്ചു. തന്റെ പ്രസംഗത്തിനിടെ പ്രതിപക്ഷത്തെ ആക്രമിച്ച ഷാ, നിലവിലുള്ള വോട്ടർ പട്ടികകളിലെ ക്രമക്കേടുകൾ ചൂണ്ടിക്കാണിക്കുകയും പട്ടിക പുതുക്കുന്നതിനും യോഗ്യരായ വോട്ടർമാർ മാത്രം ഉൾപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള പ്രത്യേക തീവ്ര പരിഷ്കരണത്തെ (SIR) പ്രതിപക്ഷം എതിർത്തതും ചൂണ്ടിക്കാട്ടി.
നിങ്ങൾ ജയിക്കുമ്പോൾ വോട്ടർ പട്ടികകൾ ശരിയാണ്, എന്നാൽ നിങ്ങൾ പരാജയപ്പെടുമ്പോൾ ബീഹാറിലെ പോലെ വോട്ടർ പട്ടികയിൽ പ്രശ്നമുണ്ടെന്ന് പറയുന്നത് ഇരട്ടത്താപ്പാണെന്ന് ഷാ പരിഹസിച്ചു. വോട്ടർ പട്ടികയെക്കുറിച്ചുള്ള രാഹുൽ ഗാന്ധിയുടെ പത്രസമ്മേളനങ്ങളെ പരിഹസിച്ചുകൊണ്ട് അതിൽ ഒന്നിനെ ‘ഹൈഡ്രജൻ ബോംബ്" എന്ന് വിളിച്ചിരുന്നു.
National
ന്യൂഡൽഹി: ഓഫീസ് സമയത്തിനുശേഷം ജോലിയുമായി ബന്ധപ്പെട്ട കോളുകളും ഇ-മെയിലുകളും ശ്രദ്ധിക്കുന്നതിൽ നിന്ന് ജീവനക്കാർക്ക് വിട്ടുനിൽക്കാൻ അനുമതി നൽകുന്ന ഒരു പ്രൈവറ്റ് മെമ്പർ ബിൽ വെള്ളിയാഴ്ച ലോക്സഭയിൽ അവതരിപ്പിച്ചു.
എംപിമാർക്ക് സർക്കാർ നിയമനിർമാണം ആവശ്യമുള്ള വിഷയങ്ങളിൽ ബില്ലുകൾ അവതരിപ്പിക്കാൻ സാധിക്കും. എങ്കിലും മിക്ക കേസുകളിലും സർക്കാരിന്റെ പ്രതികരണത്തിന് ശേഷം ഇത്തരം ബില്ലുകൾ പിൻവലിക്കുകയാണ് പതിവ്.
'റൈറ്റ് ടു ഡിസ്കണക്ട് ബിൽ' എൻസിപി എംപി സുപ്രിയ സുലെയാണ് അവതരിപ്പിച്ചത്. ഔദ്യോഗിക സമയത്തിന് ശേഷവും അവധി ദിവസങ്ങളിലും ജോലിയുമായി ബന്ധപ്പെട്ട കോളുകളിൽ നിന്നും ഇ-മെയിലുകളിൽ നിന്നും ഒഴിഞ്ഞ് നിൽക്കാനുള്ള അവകാശം ഓരോ ജീവനക്കാരനും നൽകണമെന്ന് ബിൽ നിർദ്ദേശിക്കുന്നു.
കൂടാതെ അത്തരം ആശയവിനിമയങ്ങളോട് പ്രതികരിക്കുന്നത് നിരസിക്കാനുള്ള വ്യവസ്ഥകളും അനുബന്ധ വിഷയങ്ങളും ബില്ലിൽ ഉൾപ്പെടുന്നു.
National
ജോർജ് കള്ളിവയലിൽ
ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണവും തുടർന്നു നടത്തിയ ഓപ്പറേഷൻ സിന്ദൂറും സംബന്ധിച്ച് പാർലമെന്റിൽ നാളെ തുടങ്ങുന്ന ചർച്ച തീപാറുന്ന ഭരണ- പ്രതിപക്ഷ പോരാട്ടത്തിനു വേദിയാകും.
ഓപ്പറേഷൻ സിന്ദൂറിനെ നേട്ടമാക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുതിർന്ന കേന്ദ്രമന്ത്രിമാരും ശ്രമിക്കുന്പോൾ, ഇന്ത്യ- പാക് വെടിനിർത്തലിന് മധ്യസ്ഥത വഹിച്ചെന്ന അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ആവർത്തിച്ചുള്ള അവകാശവാദങ്ങളും പാക്കിസ്ഥാനു തുടർന്നും ലഭിക്കുന്ന വിദേശ പിന്തുണയും ആയുധമാക്കാൻ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഇന്ത്യ സഖ്യം ശ്രമിക്കും.
കഴിഞ്ഞ തിങ്കളാഴ്ച വർഷകാല സമ്മേളനത്തിന്റെ തുടക്കം മുതൽ ഒരാഴ്ച നീണ്ട പാർലമെന്റ് സ്തംഭനങ്ങൾക്കു വിരാമം കുറിക്കുന്നതാകും ചർച്ച. ലോക്സഭയിൽ നാളെയും രാജ്യസഭയിൽ ചൊവ്വാഴ്ചയും തുടങ്ങുന്ന പഹൽഗാം, സിന്ദൂർ ചർച്ച 16 മണിക്കൂർ വീതം നീളും. ഇക്കാര്യം ദീപിക നേരത്തേ റിപ്പോർട്ട് ചെയ്തിരുന്നു.
ഇരുസഭകളിലുമായി 32 മണിക്കൂർ നീളുന്ന ചർച്ചയ്ക്കു പ്രധാനമന്ത്രി നരേന്ദ്ര മോദി ചൊവ്വാഴ്ച വിശദമായ മറുപടി പറയുമെന്നാണു സൂചന. പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് ആകും കേന്ദ്രസർക്കാരിനുവേണ്ടി ചർച്ച ആരംഭിക്കുക. ആഭ്യന്തരമന്ത്രി അമിത് ഷാ, വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ തുടങ്ങിയ പ്രമുഖരും സംസാരിക്കുമെന്നാണു പ്രതീക്ഷ.
പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി, ഉപനേതാവ് ഗൗരവ് ഗൊഗോയ്, മനീഷ് തിവാരി, അഖിലേഷ് യാദവ്, സുപ്രിയ സുലെ, അഭിഷേക് ബാനർജി തുടങ്ങിയ പ്രമുഖ നേതാക്കൾ പ്രതിപക്ഷത്തുനിന്നു സംസാരിക്കും.
ഓപ്പറേഷൻ സിന്ദൂറിനു ശേഷം കേന്ദ്രസർക്കാർ വിദേശരാജ്യങ്ങളിലേക്ക് അയച്ച സർവകക്ഷി സംഘത്തെ നയിച്ചയാളും പാർലമെന്റിന്റെ വിദേശകാര്യ സമിതി അധ്യക്ഷനുമായ ഡോ. ശശി തരൂരിനെ ഈ ചർച്ചയ്ക്കു കോണ്‍ഗ്രസ് നിയോഗിക്കുമോയെന്നതു രാഷ്ട്രീയ നേതാക്കൾ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. തരൂരിനെ ഒഴിവാക്കിയാൽ കോണ്‍ഗ്രസിനെതിരേ ബിജെപി ഇത് ആയുധമാക്കും. പ്രസംഗകരെ ഇന്നേ തീരുമാനിക്കുകയുള്ളൂവെന്ന് കോണ്‍ഗ്രസ് നേതാക്കൾ പറഞ്ഞു.
ഇതിനിടെ ബിഹാറിലെ വോട്ടർപട്ടികയിൽനിന്ന് അർഹരായ ലക്ഷക്കണക്കിനാളുകളെ ഒഴിവാക്കുന്ന സ്പെഷൽ ഇന്റൻസീവ് റിവിഷൻ (എസ്ഐആർ) നടപടി ചർച്ച ചെയ്യണമെന്ന പ്രതിപക്ഷ ആവശ്യം കേന്ദ്രസർക്കാർ അംഗീകരിച്ചില്ല. കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷന്റെ നടപടികളെക്കുറിച്ചു ചർച്ച ചെയ്യാനാകില്ലെന്നാണു സർക്കാരിന്റെ വാദം.
പഹൽഗാം, സിന്ദൂർ ചർച്ചയ്ക്കു ശേഷം ബിഹാറിലെ എസ്ഐആർ പ്രശ്നത്തിൽ ചർച്ച കൂടിയേ തീരൂവെന്നു പ്രതിപക്ഷം സംയുക്തമായി ആവശ്യപ്പെട്ടു. ഈ വിഷയം ഉയർത്തിയാണു പാർലമെന്റിലും പുറത്തും കഴിഞ്ഞ ദിവസങ്ങളിൽ ഇന്ത്യ സഖ്യം പ്രതിഷേധിച്ചത്.
National
ജോർജ് കള്ളിവയലിൽ
ന്യൂഡൽഹി: ലോക്സഭയിൽ ഇനി എംപിമാർ സ്വന്തം സീറ്റിലെത്തി ഹാജർ വയ്ക്കണം. ലോക്സഭാ ഹാളിനു പുറത്തു വച്ചിരിക്കുന്ന രജിസ്റ്ററിൽ ഒപ്പിടുന്നതായിരുന്നു കഴിഞ്ഞ 75 വർഷമായുള്ള രീതി. തിങ്കളാഴ്ച തുടങ്ങി ഒരു മാസം നീളുന്ന പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിൽ പുതിയ ഹാജർ രീതി നടപ്പാക്കുമെന്ന് സ്പീക്കർ ഓം ബിർള ദീപികയോടു പറഞ്ഞു.
ഓരോ എംപിയുടെയും ലോക്സഭയിലെ സീറ്റിനു മുന്നിലെ മേശയിലുള്ള ബട്ടണ്‍ അമർത്തിയാണു ഹാജർ രേഖപ്പെടുത്തേണ്ടത്. ലോക്സഭാംഗങ്ങൾ പുതിയ രീതി പരിചയിക്കുന്നതുവരെ പഴയ രജിസ്റ്ററിൽ ഒപ്പുവയ്ക്കാനും സൗകര്യമുണ്ടാകും. ഭാവിയിൽ ബയോമെട്രിക് രീതി അടക്കമുള്ള സാങ്കേതികവിദ്യകൾ പാർലമെന്റിന്റെ പ്രവർത്തനം മെച്ചപ്പെടുത്താൻ സഹായിക്കുമെന്ന് സ്പീക്കർ പറഞ്ഞു. വർഷകാല സമ്മേളനത്തിൽ പുതിയ ഹാജർ രീതി വിജയകരമായി നടപ്പാക്കാനാകുമെന്നാണു പ്രതീക്ഷ.
ഇതിനിടെ, ബിഹാറിലെ വോട്ടർപട്ടിക പുതുക്കൽ (സ്പെഷൽ ഇന്റൻസീവ് റിവിഷൻ- എസ്ഐആർ), പഹൽഗാം ഭീകരാക്രമണത്തിലെ സുരക്ഷാവീഴ്ച സമ്മതിച്ച ജമ്മുകാഷ്മീർ ഗവർണറുടെ വെളിപ്പെടുത്തൽ, ഓപ്പറേഷൻ സിന്ദൂർ, ഇന്ത്യക്കെതിരേയുള്ള അമേരിക്കൻ തീരുവ, രൂക്ഷമായ വിലക്കയറ്റം, തൊഴിലില്ലായ്മ, കാർഷിക പ്രതിസന്ധി, സാന്പത്തിക തളർച്ച, ആദിവാസി-ദളിത്-ന്യൂനപക്ഷ പീഡനങ്ങൾ തുടങ്ങിയ പ്രശ്നങ്ങളിൽ ആശങ്ക വ്യക്തമാക്കി ശക്തമായ പ്രതിഷേധവും പ്രതിരോധവും തീർക്കാനുള്ള ശ്രമത്തിലാണു പ്രതിപക്ഷ പാർട്ടികൾ. രാജ്യത്തെ ബാധിക്കുന്ന പ്രശ്നങ്ങളുയർത്തി പാർലമെന്റിനകത്തും പുറത്തും പ്രതിഷേധം സംഘടിപ്പിക്കുമെന്ന് ഇന്ത്യ സഖ്യം നേതാക്കൾ അറിയിച്ചു.
സഭാകീഴ്വഴക്കമനുസരിച്ച് പ്രതിപക്ഷത്തിനു ലഭിക്കേണ്ട ഡെപ്യൂട്ടി സ്പീക്കർ പദവി ഒഴിച്ചിട്ടിരിക്കുന്ന മോദി സർക്കാരിന്റെ നടപടിക്കെതിരേ പ്രതിപക്ഷം ശബ്ദമുയർത്തും. എട്ടാംതവണ എംപിയും ദളിത് നേതാവുമായ കൊടിക്കുന്നിൽ സുരേഷിനെ ഡെപ്യൂട്ടി സ്പീക്കർ സ്ഥാനാർഥിയാക്കാൻ നിർദേശമുണ്ട്. മുഖ്യ പ്രതിപക്ഷമായ കോണ്‍ഗ്രസ് നിർദേശിക്കുന്ന സ്ഥാനാർഥിയെ ഇതര പ്രതിപക്ഷകക്ഷികൾ പിന്തുണച്ചേക്കും. എന്നാൽ, പ്രതിപക്ഷത്തു നിന്ന് ബിജെപിക്കു സ്വീകാര്യനായ ഒരാളെ മാത്രമേ ഡെപ്യൂട്ടി സ്പീക്കർ പദവിയിലേക്കു പരിഗണിക്കൂവെന്നാണ് കേന്ദ്രസർക്കാർ വൃത്തങ്ങൾ നൽകുന്ന സൂചന. സർക്കാരിനെ പ്രതിസന്ധിയിലാക്കുന്ന ഉപാധ്യക്ഷനെ അനുവദിക്കേണ്ടെന്ന നിലപാടിൽ സർക്കാർ ഉറച്ചുനിൽക്കുമോയെന്നതും ചോദ്യമാണ്. കഴിഞ്ഞ മോദിസർക്കാരിന്റെ അഞ്ചു വർഷക്കാലവും ഡെപ്യൂട്ടി സ്പീക്കറുടെ പദവി ഒഴിച്ചിട്ടിരുന്നു. സ്പീക്കറുടെ അഭാവത്തിൽ പ്രവർത്തിക്കേണ്ട ഡെപ്യൂട്ടി സ്പീക്കർക്കു കാബിനറ്റ് മന്ത്രിയുടെ പദവിയുണ്ട്.
21ന് തുടങ്ങുന്ന പാർലമെന്റ് സമ്മേളനത്തിൽ സ്വീകരിക്കേണ്ട തന്ത്രങ്ങൾ ചർച്ച ചെയ്യാനായി കോണ്‍ഗ്രസിന്റെ ഉന്നതതല യോഗം ഇന്നു ഡൽഹിയിൽ നടക്കും. പാർലമെന്ററി പാർട്ടി അധ്യക്ഷ സോണിയ ഗാന്ധിയുടെ അധ്യക്ഷതയിൽ നടക്കുന്ന യോഗത്തിൽ രാജ്യസഭാ പ്രതിപക്ഷനേതാവും കോണ്‍ഗ്രസ് പ്രസിഡന്റുമായ മല്ലികാർജുൻ ഖാർഗെ, ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി, പാർലമെന്ററി പാർട്ടി ഭാരവാഹികൾ, മുതിർന്ന എഐസിസി നേതാക്കൾ തുടങ്ങിയവർ പങ്കെടുക്കും.
യൂറോപ്പ് പര്യടനത്തിലുള്ള ശശി തരൂരിന്റെ അഭാവത്തിൽ അദ്ദേഹവുമായി ബന്ധപ്പെട്ട വിവാദങ്ങൾ യോഗത്തിൽ ചർച്ചയാകില്ല. എങ്കിലും സോണിയ ഗാന്ധി, ഖാർഗെ, രാഹുൽ ഗാന്ധി, സംഘടനാച്ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ തുടങ്ങിയവർ തരൂർ വിഷയത്തിൽ പാർട്ടിയെടുക്കേണ്ട നിലപാടിനെക്കുറിച്ച് അനൗപചാരിക ചർച്ച നടത്തിയേക്കും.