National
ന്യൂഡൽഹി: യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ചതുർദിന സന്ദർശനത്തിനായി നാളെ ഇന്ത്യയിലെത്തും. ആദ്യമായി ഇന്ത്യ സന്ദർശിക്കുന്ന റൂബിയോ കോൽക്കത്ത, ആഗ്ര, ജയ്പുർ, ന്യൂഡൽഹി നഗരങ്ങൾ സന്ദർശിക്കുമെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് അറിയിച്ചു. സന്ദർശനത്തിൽ ഊർജസുരക്ഷ, വ്യാപാരം, പ്രതിരോധ സഹകരണം എന്നീ വിഷയങ്ങളിൽ ചർച്ച നടത്തും.
പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ യുഎസ് സ്റ്റേറ്റ് സെക്രട്ടറിയുടെ ഇന്ത്യൻ സന്ദർശനത്തിന് പ്രാധാന്യമേറെയാണ്. സംഘർഷം ആഗോളതലത്തിൽ സൃഷ്ടിച്ച ഊർജ പ്രതിസന്ധിക്കിടെ ഇന്ത്യയുമായി ഊർജ കൈമാറ്റത്തിലടക്കം അദ്ദേഹം നിർണായക ചർച്ചകൾ നടത്തിയേക്കും.
അമേരിക്കയ്ക്ക് ഇന്ത്യയിലേക്ക് കൂടുതൽ ഊർജം കയറ്റുമതി ചെയ്യണമെന്ന് ഇന്ത്യയിലെ അമേരിക്കൻ അംബാസഡറായ സെർജിയോ ഗോർ ബ്ലൂംബർഗിന് അനുവദിച്ച ടെലിഫോണ്‍ ഇന്റർവ്യൂവിൽ വ്യക്തമാക്കിയിരുന്നു.
National
ന്യൂഡൽഹി: ഉഭയകക്ഷി ചർച്ചകൾക്കായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ഈ മാസം 24ന് ഇന്ത്യയിലെത്തും.
മൂന്നു ദിവസത്തെ സന്ദർശനത്തിൽ അദ്ദേഹം കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കറുമായി കൂടിക്കാഴ്ച നടത്തുകയും ക്വാഡ് വിദേശകാര്യമന്ത്രിമാരുടെ യോഗത്തിൽ പങ്കെടുക്കുകയും ചെയ്യും.
കഴിഞ്ഞ വർഷം ജനുവരിയിൽ യുഎസ് സ്റ്റേറ്റ് സെക്രട്ടറിയായി ചുമതലയേറ്റ ശേഷം ആദ്യമായാണ് മാർക്കോ റൂബിയോ ഇന്ത്യയിലെത്തുന്നത്.
മാർക്കോ റൂബിയോയുടെ ഇന്ത്യാ സന്ദർശനം അമേരിക്കയുടെ ഇന്ത്യയിലെ സ്ഥാനപതി സെർജിയോ ഗോർ എക്സിലൂടെ സ്ഥിരീകരിച്ചിട്ടുണ്ട്. നാളുകളായി സ്തംഭനാവസ്ഥയിലായ ഇന്ത്യ-യുഎസ് വ്യാപാരക്കരാറിന് മാർക്കോ റൂബിയോയുടെ സന്ദർശനത്തിലൂടെ ജീവൻ വയ്ക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
International
വത്തിക്കാൻ സിറ്റി: യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ വത്തിക്കാനിലെത്തി ലെയോ പതിനാലാമൻ മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തി. ഇന്നലെ രാവിലെ പ്രാദേശികസമയം 11.30ന് അപ്പസ്തോലിക് കൊട്ടാരത്തിലായിരുന്നു 45 മിനിറ്റ് നീണ്ടുനിന്ന കൂടിക്കാഴ്ച.
കൂടിക്കാഴ്ചയിൽ വത്തിക്കാനും യുഎസും തമ്മിൽ ഊഷ്മളമായ ഉഭയകക്ഷി ബന്ധം വളർത്തിയെടുക്കുന്നതിനുള്ള പ്രതിബദ്ധത പുതുക്കിയതായും യുദ്ധം, രാഷ്ട്രീയ സംഘർഷങ്ങൾ, ദുഷ്കരമായ മാനുഷിക സാഹചര്യങ്ങൾ എന്നിവ അനുഭവിക്കുന്ന രാജ്യങ്ങൾക്കു പ്രത്യേക ശ്രദ്ധ നൽകിക്കൊണ്ട് സമാധാനത്തിനായി അക്ഷീണം പ്രവർത്തിക്കേണ്ടതിന്റെ ആവശ്യകത ചർച്ച ചെയ്തതായും വത്തിക്കാൻ പ്രസ് ഓഫീസ് അറിയിച്ചു.
ഇരുവരും പശ്ചിമേഷ്യയിലെ സ്ഥിതിഗതികളും ലോകത്തിന്റെ ഇതരഭാഗങ്ങളിലെ പരസ്പരതാത്പര്യമുള്ള വിഷയങ്ങളും ചർച്ച ചെയ്തതായി യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് പത്രക്കുറിപ്പിൽ അറിയിച്ചു.
മാർപാപ്പയുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയെത്രോ പരോളിനുമായും വത്തിക്കാനിലെ മറ്റ് പ്രമുഖരുമായും റൂബിയോ കൂടിക്കാഴ്ച നടത്തി.
അതേസമയം, ഇറാന് ആണവായുധങ്ങൾ ഉണ്ടാകാൻ പാടില്ല എന്ന സന്ദേശവും മാർക്കോ റൂബിയോ മാർപാപ്പയെ അറിയിക്കുമെന്ന് വാഷിംഗ്ടണിൽ കത്തോലിക്കാമാധ്യമമായ ഇഡബ്ലുടിഎന്നിനു നൽകിയ അഭിമുഖത്തിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വ്യക്തമാക്കിയിരുന്നു.
International
വാഷിംഗ്ടൺ: ഇറാനെതിരെയുള്ള യുഎസ് സേനയുടെ നേരിട്ടുള്ള സൈനിക നീക്കങ്ങൾ താത്കാലികമായി പൂർത്തിയായതായി സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ അറിയിച്ചു. എന്നാൽ ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതത്തിന് നേരെ ഇനിയും ആക്രമണമുണ്ടായാൽ അതിശക്തമായ തിരിച്ചടി നൽകാൻ അമേരിക്ക സജ്ജമാണെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
ഇറാനെതിരെയുള്ള ആക്രമണങ്ങൾ നിർത്തിയെങ്കിലും, അത് അമേരിക്കയുടെ ദൗർബല്യമായി കാണരുതെന്ന് യുഎസ് സെൻട്രൽ കമാൻഡ് ജനറൽ ഡാൻ കെയ്ൻ വ്യക്തമാക്കി. ഏത് നിമിഷവും പോരാട്ടം പുനരാരംഭിക്കാൻ സൈന്യം സജ്ജമാണ്. ലോക സമ്പദ്വ്യവസ്ഥയെ ഇറാൻ ബന്ദിയാക്കുകയാണെന്ന് റൂബിയോ കുറ്റപ്പെടുത്തി. കടലിൽ കുഴിബോംബുകൾ സ്ഥാപിച്ചും കപ്പലുകളിൽ നിന്ന് ടോൾ പിരിച്ചും ഇറാൻ അന്താരാഷ്ട്ര നിയമങ്ങൾ ലംഘിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു.
ഇറാൻ ആക്രമണങ്ങൾ നിർത്തണമെന്നും കുഴിബോംബുകളുടെ സ്ഥാനം വെളിപ്പെടുത്തണമെന്നും ആവശ്യപ്പെട്ടുള്ള പ്രമേയം അമേരിക്കയും ഗൾഫ് സഖ്യകക്ഷികളും ചേർന്ന് ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗൺസിലിൽ അവതരിപ്പിക്കും. ഇറാൻ ബുദ്ധിപരമായി ചിന്തിച്ച് ഒരു ഒത്തുതീർപ്പിന് തയ്യാറാകണമെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആവശ്യപ്പെട്ടു. കൂടുതൽ ആളുകൾ കൊല്ലപ്പെടാൻ തനിക്ക് താത്പര്യമില്ലെന്ന് പറഞ്ഞ ട്രംപ്, ഇറാന് അമേരിക്കയ്ക്ക് മുന്നിൽ പിടിച്ചുനിൽക്കാൻ കഴിയില്ലെന്നും ആവർത്തിച്ചു.
International
വത്തിക്കാൻ സിറ്റി: ഇറാൻ വിഷയത്തിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും മാർപാപ്പ ലെയോ പതിനാലാമനും തമ്മിലുള്ള തർക്കം രൂക്ഷമായതിനിടെ, വത്തിക്കാനുമായുള്ള ബന്ധം മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ട് അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ വ്യാഴാഴ്ച മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തും. ഇറാൻ യുദ്ധത്തിനെതിരെ മാർപ്പാപ്പ നടത്തിയ കടുത്ത വിമർശനങ്ങളാണ് ട്രംപിനെ ചൊടിപ്പിച്ചത്.
ഇറാൻ യുദ്ധത്തെ എതിർക്കുന്ന മാർപാപ്പയുടെ നിലപാട് കത്തോലിക്കാ വിശ്വാസികളെ അപകടത്തിലാക്കുമെന്നു ട്രംപ് ആരോപിച്ചിരുന്നു. ഇറാൻ ആണവായുധം നിർമിക്കുന്നതിനെ മാർപാപ്പ അനുകൂലിക്കുകയാണെന്ന വിവാദ പരാമർശവും ട്രംപ് നടത്തി. എന്നാൽ, ആണവായുധങ്ങൾക്കു താൻ എതിരാണെന്ന് മാർപാപ്പ നേരത്തെതന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്.
"യുദ്ധം ചെയ്യുന്നവരുടെ പ്രാർഥന ദൈവം കേൾക്കില്ല" എന്നു പാം സൺഡേ പ്രസംഗത്തിൽ മാർപാപ്പ പറഞ്ഞത് ട്രംപിനെ ലക്ഷ്യം വച്ചാണെന്നു മാധ്യമങ്ങൾ വിലയിരുത്തിയിരുന്നു. സത്യസന്ധമായ സമാധാന പ്രസംഗങ്ങളുടെ പേരിൽ ആര് തന്നെ വിമർശിച്ചാലും താൻ ദൗത്യം തുടരുമെന്നു ലെയോ പതിനാലാമൻ പാപ്പ കഴിഞ്ഞ ദിവസവും പ്രതികരിച്ചു.
ഷിക്കാഗോയിൽ ജനിച്ച ലെയോ മാർപാപ്പയാകുന്ന ആദ്യ അമേരിക്കക്കാരനാണ്. സ്വന്തം രാജ്യത്തിന്റെ തെറ്റായ നയങ്ങളോടും അദ്ദേഹം പരസ്യമായി വിയോജിക്കുന്നത് അമേരിക്കൻ രാഷ്ട്രീത്തിലും ചലനം സൃഷ്ടിച്ചിട്ടുണ്ട്.
International
വാഷിംഗ്ടൺ ഡിസി: അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ അടുത്ത മാസം ഇന്ത്യ സന്ദർശിക്കും. വാഷിംഗ്ടണിൽ വെച്ച് ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് ഈ സന്ദർശന പ്രഖ്യാപനം. മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി അമേരിക്കയിലെത്തിയതായിരുന്നു വിക്രം മിസ്രി.
വൈറ്റ് ഹൗസിൽ വെച്ച് നടന്ന കൂടിക്കാഴ്ചയിൽ വ്യാപാരം, പ്രതിരോധം, നിർണായക ധാതുക്കൾ, ക്വാഡ് സഖ്യം തുടങ്ങിയ സുപ്രധാന മേഖലകളിലെ സഹകരണം ഇരു നേതാക്കളും വിലയിരുത്തി. വൈറ്റ് ഹൗസിൽ നടന്ന ചർച്ചയിൽ ഇന്ത്യയിലെ യു.എസ് അംബാസഡർ സെർജിയോ ഗോറും പങ്കെടുത്തു. ചർച്ചകൾ ഏറെ ഗുണപരമായിരുന്നുവെന്നും അടുത്ത മാസം മാർക്കോ റൂബിയോയുടെ ഇന്ത്യ സന്ദർശനത്തിനായി കാത്തിരിക്കുകയാണെന്നും അദ്ദേഹം എക്സിലൂടെ അറിയിച്ചു.
NRI
ബെര്‍ലിന്‍: യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ സ്ലൊവാക്യയും ഹംഗറിയും സന്ദര്‍ശിച്ചു. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി സഖ്യത്തിലായ ഹംഗറിയിലെയും സ്ലൊവാക്യയിലെയും യാഥാസ്ഥിതിക നേതാക്കളുമായി ചര്‍ച്ചകള്‍ക്കായിട്ടാണ് റൂബിയോ ഞായറാഴ്ച കിഴക്കന്‍ യൂറോപ്പില്‍ എത്തിയത്.
റഷ്യയെ ഊർജത്തിനായി ആശ്രയിക്കുന്നത് കുറയ്ക്കാന്‍ ഇരുരാജ്യങ്ങളെയും പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യം. ട്രംപിന്റെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് കൂടിയായ റൂബിയോ, മ്യൂണിക്ക് സുരക്ഷാ സമ്മേളനത്തില്‍ നടത്തിയ പ്രസംഗത്തില്‍ "പാശ്ചാത്യ നാഗരികത' സംരക്ഷിക്കാന്‍ യൂറോപ്യന്മാരോട് ആവശ്യപ്പെട്ടതിന് ഒരു ദിവസത്തിന് ശേഷമാണ് ഈ സന്ദര്‍ശനം.
ഹംഗറിയുടെ വിക്ടര്‍ ഓര്‍ബാനും സ്ലൊവാക്യയുടെ റോബര്‍ട്ട് ഫിക്കോയും യൂറോപ്യന്‍ യൂണിയനുള്ളില്‍ വിഘടിപ്പിക്കുന്ന ശബ്ദങ്ങളായി കണക്കാക്കപ്പെടുന്നു.
ടെബ്രാറ്റിസ്ലാവയില്, കഴിഞ്ഞ മാസം വൈറ്റ് ഹൗസ് സന്ദര്‍ശിച്ച പ്രധാനമന്ത്രി റോബര്‍ട്ട് ഫിക്കോയുമായുള്ള ചര്‍ച്ചകള്‍ക്ക് മുമ്പ് റൂബിയോ സ്ലൊവാക് പ്രസിഡന്റ് പീറ്റര്‍ പെല്ലെഗ്രിനിയെ ആദ്യമായി കണ്ടു.
"പ്രതിരോധ സഹകരണവും നാറ്റോ ഉച്ചകോടികളില്‍ നിന്ന് ഉണ്ടാകുന്ന പ്രതിബദ്ധതകളുടെ പൂര്‍ത്തീകരണവും' ഇരുവരും ചര്‍ച്ച ചെയ്തതായി പെല്ലെഗ്രിനിയുടെ ഓഫീസ് പ്രസ്താവനയില്‍ പറഞ്ഞു.
ഫിക്കോയുമായുള്ള ചര്‍ച്ചകള്‍ക്ക് ശേഷം, മ്യൂണിക്കില്‍ അദ്ദേഹം പ്രദര്‍ശിപ്പിച്ച ട്രാന്‍സ് - അറ്റ്ലാന്റിക് ബന്ധങ്ങളിലെ ഊഷ്മളമായ സ്വരത്തെക്കുറിച്ച് റൂബിയോ വിശദീകരിച്ചു.
യൂറോപ്പുമായി പ്രവര്‍ത്തിക്കാനും പങ്കാളിയാകാനുമാണ് യുഎസ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിചേർത്തു.
International
മ്യൂണിക്: അമേരിക്ക യൂറോപ്പിനെ ഉപേക്ഷിക്കില്ലെന്ന് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ. ജർമനിയിലെ മ്യൂണിക് നഗരത്തിൽ എല്ലാ വർഷവും നടക്കുന്ന അന്താരാഷ്ട്ര സുരക്ഷാ ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അര മണിക്കൂർ നീണ്ട പ്രസംഗത്തിൽ അമേരിക്കയും യൂറോപ്പും ഐക്യത്തിൽ പോകേണ്ടതിന്റെ ആവശ്യകതയാണ് റൂബിയോ ചൂണ്ടിക്കാട്ടിയത്. അമേരിക്കയും യൂറോപ്പും തമ്മിലുള്ള ബന്ധം അവസാനിക്കുന്നുവെന്ന വാർത്തകൾ പുറത്തുവരുന്നുണ്ട്. അങ്ങനെയൊരു ലക്ഷ്യം അമേരിക്കയ്ക്കില്ല. കാരണം അമേരിക്ക യൂറോപ്പിന്റെ കുഞ്ഞാണ്.
അതേസമയം, യൂറോപ്യൻ നേതാക്കൾ നയപരമായി വരുത്തിയ പിശകുകൾ തിരുത്തേണ്ടതുണ്ടെന്ന് റൂബിയോ നിർദേശിച്ചു. അദ്ദേഹത്തിന്റെ പ്രസംഗത്തെ യൂറോപ്യൻ നയതന്ത്ര പ്രതിനിധികളും സുരക്ഷാ ഉദ്യോഗസ്ഥരും സന്തോഷത്തോടെയാണ് സ്വീകരിച്ചത്. യൂറോപ്പിന്റെ മുഖ്യശത്രുവായ റഷ്യയെക്കുറിച്ചോ അമേരിക്ക നേതൃത്വം നല്കുന്ന നാറ്റോ സൈനിക കൂട്ടായ്മയെക്കുറിച്ചോ റൂബിയോ സംസാരിച്ചില്ല.
ഡെന്മാർക്കിന്റെ ഭാഗമായ ഗ്രീൻലാൻഡിനെ സ്വന്തമാക്കാനുള്ള ട്രംപ് ഭരണകൂടത്തിന്റെ നീക്കങ്ങൾ നാറ്റോയുടെ തകർച്ചയ്ക്കു വഴിവയ്ക്കുമെന്നു യൂറോപ്യൻ നേതാക്കൾ മുന്നറിയിപ്പു നല്‍കിയിരുന്നതാണ്.
International
വാഷിംഗ്ടൺ ഡിസി: ഗ്രീൻലാൻഡ് വിഷയത്തിൽ അടുത്തയാഴ്ച ഡാനിഷ് നേതൃത്വവുമായി കൂടിക്കാഴ്ച നടത്തുമെന്ന് അമേരിക്കൻ വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ.
അതേസമയം, ഗ്രീൻലാൻഡിനെ അമേരിക്കയോടു കൂട്ടിച്ചേർക്കാനുള്ള പ്രസിഡന്റ് ട്രംപിന്റെ നീക്കത്തിൽ വിട്ടുവീഴ്ച ഉണ്ടാവില്ലെന്നും റൂബിയോ സൂചിപ്പിച്ചു.
വെനസ്വേലൻ പ്രസിഡന്റ് മഡുയോറെ തട്ടിക്കൊണ്ടുവന്നതിനു പിന്നാലെ ട്രംപ് ഗ്രീൻലാൻഡ് മോഹം ആവർത്തിച്ചത് യൂറോപ്യൻ നേതൃത്വത്തെ കടുത്ത ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. ഗ്രീൻലാൻഡിൽ ട്രംപ് സൈനിക നടപടിക്കു മടിക്കില്ലെന്ന് റൂബിയോ വ്യക്തമാക്കി. ട്രംപിന്റെ നീക്കം നാറ്റോ സൈനിക സഖ്യത്തിന്റെ തകർച്ചയ്ക്ക് ഇടയാക്കില്ലേ എന്നു മാധ്യമപ്രവർത്തർ റൂബിയോയോടു ചോദിച്ചു. നയതന്ത്രമാർഗത്തിനായിരിക്കും മുൻഗണനയെന്ന് അദ്ദേഹം മറുപടി നല്കി.
ഡെന്മാർക്കിലെ സ്വയംഭരണ പ്രദേശമായ ഗ്രീൻലാൻഡിനെ അമേരിക്കയോടു കൂട്ടിച്ചേർക്കാനുള്ള മോഹം ട്രംപ് ആദ്യം ഉന്നയിച്ചത് 2019ലാണ്. 2025ൽ വീണ്ടും അമേരിക്കൻ പ്രസിഡന്റായി അധികാരമേറ്റതിനു ശേഷവും ട്രംപ് ആവശ്യം ആവർത്തിച്ചു. അമേരിക്കൻ സുരക്ഷ ഉറപ്പാക്കാനായി ഉത്തരധ്രുവത്തിൽ തന്ത്രപ്രധാന സ്ഥാനമുള്ള ഗ്രീൻലാൻഡിനെ കൂട്ടിച്ചേർക്കേണ്ടതുണ്ടെന്നാണ് അദ്ദേഹം പറയുന്നത്.
ട്രംപിന്റെ ആവശ്യത്തെ ഒരുകാലത്ത് യൂറോപ്യൻ നേതാക്കൾ തമാശയായിട്ടാണ് എടുത്തിരുന്നതെന്നു റിപ്പോർട്ടുകളിൽ പറയുന്നു. എന്നാൽ, വെനസ്വേലയിലെ യുഎസ് സൈനിക നടപടിക്കുശേഷം യൂറോപ്യൻ നേതൃത്വം വിഷയത്തെ ഗൗരവത്തിലെടുത്തിരിക്കുകയാണ്.
International
ഒട്ടാവ: ആഭ്യന്തരയുദ്ധം നടക്കുന്ന സുഡാനിലെ വിമതസേനയായ റാപ്പിഡ് ആക്ഷൻ ഫോഴ്സസ് (ആർഎസ്എഫ്) എൽ ഫാഷർ നഗരത്തിൽ ജനങ്ങളെ കൂട്ടക്കൊല ചെയ്യുന്നതായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ആരോപിച്ചു.
മാനഭംഗം, ഇതര ലൈംഗിക കുറ്റകൃത്യങ്ങൾ മുതലായവ ആർഎസ്എഫ് നടത്തുന്നു. ആർഎസ്എഫിന് ആയുധം ലഭിക്കുന്നതു തടയാൻ അന്താരാഷ്ട്രതലത്തിൽ നടപടികളുണ്ടാകണം. കാനഡയിൽ ജി- രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു റൂബിയോ.
സുഡാനിൽ സൈന്യവും ആർഎസ്എഫും തമ്മിൽ രണ്ടു വർഷമായി തുടരുന്ന യുദ്ധത്തിൽ ഒന്നര ലക്ഷം പേർ മരിച്ചതായാണു കണക്ക്. ഒന്നര വർഷം നീണ്ട ഉപരോധത്തിനൊടുവിൽ കഴിഞ്ഞ മാസമാണ് ആർഎസ്ഫ് പോരാളികൾ സുഡാൻ സേനയിൽനിന്ന് എൽ ഫാഷർ നഗരം പിടിച്ചെടുത്തത്. എൽ ഫാഷർ ഉൾപ്പെടുന്ന ദാർഫുർ മേഖലയിൽ ആർഎസ്എഫ് പോരാളികൾ അറബ് ഇതര വിഭാഗങ്ങൾക്കു നേർക്കു നടത്തുന്ന ആക്രമണങ്ങൾ വംശീയ ഉന്മൂലനത്തിനു തുല്യമാണെന്ന് ആരോപിക്കപ്പെടുന്നു.
യുഎഇ ആണ് ആർഎസ്എഫിന് ആയുധം നല്‍കുന്നതെന്ന് സുഡാൻ സേന ആരോപിക്കുന്നത്. എന്നാൽ യുഎഇയും ആർഎസ്എഫും ആരോപണം നിഷേധിക്കുന്നു.
യുഎഇ, റഷ്യ, സെർബിയ, ചൈന, തുർക്കി, യെമൻ തുടങ്ങിയ രാജ്യങ്ങളിൽ ഉത്പാദിപ്പിച്ച ആയുധങ്ങൾ സുഡാൻ ആഭ്യന്തരയുദ്ധത്തിൽ ഉപയോഗിക്കുന്നതായി ആംനസ്റ്റി ഇന്റർനാഷണൽ സംഘടന ചൂണ്ടിക്കാട്ടിയിരുന്നു. യുഎഇയിൽനിന്ന് ആഫ്രിക്കൻ രാജ്യമായ ചാഡ് വഴിയാണ് ഇവ സുഡാനിൽ എത്തിച്ചേരുന്നത്.