ന്യൂഡൽഹി: ചതുർദിന സന്ദർശനത്തിനായി അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ഇന്ത്യയിലെത്തി. ഇന്നലെ രാവിലെ കോൽക്കത്തയിലെത്തിയ അദ്ദേഹം മിഷണറീസ് ഓഫ് ചാരിറ്റി ആസ്ഥാനം സന്ദർശിച്ച് വിശുദ്ധ മദർ തെരേസയുടെ കബറിടത്തിൽ പ്രാർഥിച്ചശേഷം വൈകുന്നേരം ഡൽഹിയിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു.
പ്രധാനമന്ത്രിയുമായുള്ള യുഎസ് സെക്രട്ടറിയുടെ കൂടിക്കാഴ്ചയിൽ സുരക്ഷ, വ്യാപാരം, നിർണായക സാങ്കേതികവിദ്യകൾ എന്നീ വിഷയങ്ങളിൽ ചർച്ച നടന്നതായി കൂടിക്കാഴ്ചയിൽ പങ്കാളിയായ ഇന്ത്യയിലെ അമേരിക്കൻ അംബാസഡർ സെർജിയോ ഗോർ അറിയിച്ചു. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനുവേണ്ടി മാർക്കോ റൂബിയോ അടുത്ത ഭാവിയിൽത്തന്നെ വൈറ്റ് ഹൗസ് സന്ദർശിക്കാൻ നരേന്ദ്ര മോദിയെ ക്ഷണിക്കുകയും ചെയ്തു.
സന്ദർശനത്തിന്റെ ആദ്യ ദിനംതന്നെ കോൽക്കത്തയിലെത്തിയ റൂബിയോ മിഷണറീസ് ഓഫ് ചാരിറ്റി ആസ്ഥാനത്തോടൊപ്പം തന്നെ നിർമല ശിശുഭവനും സന്ദർശിച്ചു. ഭാര്യ ജീനറ്റ് ഡി. റൂബിയോയും ഒപ്പമുണ്ടായിരുന്നു. കോൽക്കത്ത സന്ദർശനത്തിനുശേഷം ഡൽഹിയിലെത്തിയ റൂബിയോ വൈകുന്നേരത്തോടെപ്രധാനമന്ത്രിയെ സന്ദർശിച്ചു.
മോദിയുമായുള്ള കൂടിക്കാഴ്ചയിൽ ഇന്ത്യ അമേരിക്കയുടെ സുപ്രധാന പങ്കാളിയാണെന്നും ഇന്തോ-പസഫിക് മേഖലയെപ്പറ്റി ചർച്ച നടന്നിട്ടുണ്ടെന്നും സെർജിയോ ഗോർ അറിയിച്ചു. ഇന്ത്യൻ മഹാസമുദ്രത്തെയും പസഫിക് മഹാസമുദ്രത്തെയും ബന്ധിപ്പിക്കുന്ന തന്ത്രപ്രധാന വ്യാപാരമേഖലയിൽ ചൈന ആധിപത്യം നേടാൻ ശ്രമിക്കുന്നതിനിടെയാണ് മേഖലയിലെ മറ്റൊരു ശക്തിയുമായി അമേരിക്ക വിഷയത്തിൽ ചർച്ചകൾ നടത്തുന്നത്.
അമേരിക്കയിൽനിന്ന് ഇന്ത്യ കൂടുതൽ എണ്ണ വാങ്ങുന്നതിനെ സംബന്ധിച്ചും ഇന്ത്യ-യുഎസ് വ്യാപാരക്കരാറിനെ സംബന്ധിച്ചും ചർച്ചകളുണ്ടാകും. ഇന്ന് കേന്ദ്ര വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കറുമായി റൂബിയോ ചർച്ച നടത്തും. നാളെ ജയ്പുരും ആഗ്രയും സന്ദർശിക്കുന്ന യുഎസ് സ്റ്റേറ്റ് സെക്രട്ടറി അവസാനദിനം ഡൽഹിയിൽ നടക്കുന്ന ക്വാഡ് വിദേശകാര്യമന്ത്രിമാരുടെ യോഗത്തിലും പങ്കെടുക്കും.
Tags : Marco Rubio India Visit Kolkata