Kerala
തിരുവനന്തപുരം: മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയുടെ രാഷ്ട്രീയ ജീവിതം ആസ്പദമാക്കി പത്രത്തിൽ മുഴുവൻ പേജ് പരസ്യം നൽകിയ സംഭവത്തിൽ തിരുവനന്തപുരം ഡിസിസി ജനറൽ സെക്രട്ടറി എ. പ്രിജിൻ ബാബുവിനെതിരെ കെപിസിസി നടപടി. പാർട്ടിയുടെ കർശന നിർദേശങ്ങൾ ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടി പ്രിജിൻ ബാബുവിന് കാരണം കാണിക്കൽ നോട്ടീസ് നൽകി.
'ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ്' ദിനപത്രത്തിൽ രമേശ് ചെന്നിത്തലയെ ഫോക്കസ് ചെയ്തുകൊണ്ട് വന്ന മുഴുവൻ പേജ് ഫീച്ചറാണ് വിവാദമായത്. തെരഞ്ഞെടുപ്പിന് ശേഷം മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി പരസ്യ പ്രസ്താവനകളോ പ്രകടനങ്ങളോ പാടില്ലെന്ന് എഐസിസിയും കെപിസിസിയും കർശന നിർദ്ദേശം നൽകിയിരുന്നു. ഇത് ലംഘിച്ച് വ്യക്തിപൂജ നടത്തുന്ന രീതിയിൽ പരസ്യം നൽകിയത് ഗുരുതരമായ അച്ചടക്ക ലംഘനമാണെന്ന് പാർട്ടി വിലയിരുത്തി.
കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന്റെ നിർദേശപ്രകാരം സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി നെയ്യാറ്റിൻകര സനലാണ് നോട്ടീസ് നൽകിയത്. ഇത്തരം നടപടികൾ പൊതുസമൂഹത്തിന് മുന്നിൽ പാർട്ടിക്ക് അവമതിപ്പുണ്ടാക്കുമെന്ന് നോട്ടീസിൽ പറയുന്നു. മൂന്ന് ദിവസത്തിനകം വിശദീകരണം നൽകണമെന്നാണ് നിർദേശം. കൃത്യമായ മറുപടി ലഭിക്കാത്ത പക്ഷം പ്രിജിൻ ബാബുവിനെതിരെ കൂടുതൽ കർശനമായ അച്ചടക്ക നടപടികളിലേക്ക് കടക്കുമെന്നും കെപിസിസി നേതൃത്വം അറിയിച്ചു.
National
കോൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പിന് മുന്നോടിയായി സൗത്ത് 24 പർഗാനയിലെ ഫാൽറ്റയിൽ നാടകീയമായ പ്രതിഷേധ പ്രകടനങ്ങൾ. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ നിയോഗിച്ച ഉത്തർപ്രദേശ് കേഡർ ഐപിഎസ് ഉദ്യോഗസ്ഥൻ അജയ് പാൽ ശർമ തങ്ങളെ ഭീഷണിപ്പെടുത്തുന്നു എന്നാരോപിച്ച് തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ രംഗത്തെത്തി.
ഉത്തർപ്രദേശിൽ 'സിങ്കം' എന്ന പേരിൽ അറിയപ്പെടുന്ന ഐപിഎസ് ഉദ്യോഗസ്ഥനാണ് അജയ് പാൽ ശർമ. ഇതിനെതിരെയാണ് ടിഎംസി സ്ഥാനാർത്ഥി ജഹാംഗീർ ഖാൻ സിനിമാ സ്റ്റൈലിൽ മറുപടി നൽകിയത്. "ഇത് ബംഗാളാണ്; അദ്ദേഹം സിങ്കമാണെങ്കിൽ ഞാൻ പുഷ്പയാണ്. ബിജെപി നിയോഗിച്ച ഉദ്യോഗസ്ഥരുടെ ഭീഷണിക്ക് മുൻപിൽ ഞങ്ങൾ വഴങ്ങില്ല," എന്ന് അദ്ദേഹം പറഞ്ഞു.
വോട്ടർമാരുടെ ഐഡന്റിറ്റി കാർഡുകൾ ജഹാംഗീർ ഖാന്റെ ആളുകൾ പിടിച്ചെടുക്കുന്നു എന്ന പരാതിയെത്തുടർന്നാണ് അജയ് പാൽ ശർമ അദ്ദേഹത്തിന്റെ വീട്ടിലും ഓഫീസിലും എത്തിയത്. ഇതോടെ ടിഎംസി പ്രവർത്തകർ 'ജയ് ബംഗ്ലാ' വിളികളുമായി ഉദ്യോഗസ്ഥനെ തടയുകയും പ്രതിഷേധിക്കുകയും ചെയ്തു.
International
മോസ്കോ: മധ്യേഷ്യയിലെ സംഘർഷങ്ങൾ ലഘൂകരിക്കുന്നതിനും സമാധാനം പുനഃസ്ഥാപിക്കുന്നതിനുമായി ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ റഷ്യൻ പ്രസിഡന്റ് വ്ളാദ്മിർ പുടിൻ പിന്തുണ അറിയിച്ചു. മേഖലയിലെ സമാധാനശ്രമങ്ങളിൽ മധ്യസ്ഥത വഹിക്കാൻ റഷ്യ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഇറാന്റെ പരമാധികാരത്തിനും നിലപാടുകൾക്കും റഷ്യൻ പിന്തുണ പുടിൻ ആവർത്തിച്ചു. മധ്യേഷ്യയിൽ നിലനിൽക്കുന്ന യുദ്ധാവസ്ഥ എത്രയും വേഗം അവസാനിക്കണമെന്നും സമാധാനം പുനഃസ്ഥാപിക്കണമെന്നുമാണ് റഷ്യ ആഗ്രഹിക്കുന്നതെന്ന് അദ്ദേഹം അരാഗ്ചിയെ അറിയിച്ചു. മേഖലയിലെ സമാധാന നീക്കങ്ങളിൽ സഹായിക്കാൻ റഷ്യ സന്നദ്ധത അറിയിച്ചിട്ടുണ്ട്. ഇസ്രയേൽ-ഇറാൻ സംഘർഷങ്ങൾ ലഘൂകരിക്കാൻ ആവശ്യമായ നയതന്ത്ര ഇടപെടലുകൾ നടത്താൻ മോസ്കോ തയ്യാറാണെന്ന് പുടിൻ വ്യക്തമാക്കി.
മേഖലയിൽ സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ റഷ്യയുമായുള്ള നയതന്ത്ര ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഇറാൻ വിദേശകാര്യമന്ത്രി മോസ്കോയിൽ എത്തിയത്. പശ്ചിമേഷ്യയിൽ ഇസ്രയേലും ഇറാനും തമ്മിലുള്ള നേരിട്ടുള്ള ഏറ്റുമുട്ടലുകൾ വർധിച്ചു വരുന്ന സാഹചര്യത്തിൽ റഷ്യയുടെ ഈ നീക്കം അന്താരാഷ്ട്ര തലത്തിൽ വലിയ പ്രാധാന്യത്തോടെയാണ് നോക്കിക്കാണുന്നത്.
Movies
മുംബൈ: നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം 'രാമായണ'ത്തിൽ സീതയായി അഭിനയിക്കുന്ന നടി സായ് പല്ലവിക്ക് നേരെ സോഷ്യൽ മീഡിയയിൽ സൈബർ ആക്രമണം. നടിയുടെ ഹിന്ദി ഭാഷാ പരിജ്ഞാനത്തെ കളിയാക്കിയാണ് ഒരു വിഭാഗം രംഗത്തെത്തിയിരിക്കുന്നത്.
മേയ് ഒന്നിന് പുറത്തിറങ്ങുന്ന തന്റെ പുതിയ ചിത്രമായ 'ഏക് ദിൻ' എന്ന സിനിമയുടെ പ്രൊമോഷൻ പരിപാടികൾക്കായി മുംബൈയിൽ എത്തിയതായിരുന്നു സായ് പല്ലവി. മുംബൈയിൽ നടന്ന 'ഏക് ദിൻ കി മെഹഫിൽ' എന്ന സംഗീത നിശയിൽ ആരാധകരെയും മാധ്യമങ്ങളെയും അഭിസംബോധന ചെയ്ത് സംസാരിക്കാൻ നടി ശ്രമിച്ചിരുന്നു. ഈ സമയത്ത് ഹിന്ദി സംസാരിക്കാൻ തനിക്ക് അല്പം ബുദ്ധിമുട്ടുണ്ടെന്നും തന്റെ ഹിന്ദി അത്ര മികച്ചതല്ലെന്നും നടി തുറന്നു സമ്മതിച്ചിരുന്നു.
സായ് പല്ലവി ഹിന്ദിയിൽ സംസാരിക്കാൻ പ്രയാസപ്പെടുന്ന വീഡിയോകൾ പുറത്തുവന്നതോടെയാണ് ട്രോളുകൾ ആരംഭിച്ചത്. "അടിസ്ഥാനപരമായ ഹിന്ദി വാക്കുകൾ പോലും പറയാൻ അറിയാത്ത സായ് പല്ലവിയാണ് രാമായണത്തിൽ സീതാമാതാവായി അഭിനയിക്കുന്നത്" എന്ന് പരിഹസിച്ചുകൊണ്ട് ഒരാൾ വീഡിയോ എക്സിൽ പങ്കുവെച്ചു. ഹിന്ദി നന്നായി കൈകാര്യം ചെയ്യാൻ അറിയാത്ത ഒരാൾ എങ്ങനെ ഒരു ഇതിഹാസ കഥാപാത്രത്തെ അവതരിപ്പിക്കും എന്നതാണ് ഇവരുടെ പ്രധാന ചോദ്യം.
എന്നാൽ നടിക്കെതിരെയുള്ള ഈ കടന്നാക്രമണത്തെ എതിർത്തുകൊണ്ട് നിരവധി പേർ രംഗത്തെത്തി. ഒരു അഭിനേതാവ് എന്ന നിലയിൽ സായ് പല്ലവിയുടെ കഴിവിനെ ഭാഷയുമായി ബന്ധിപ്പിക്കേണ്ടതില്ലെന്ന് ആരാധകർ പറയുന്നു.
സായ് പല്ലവിയുടെ സ്വാഭാവികമായ അഭിനയ ശൈലിയും ലാളിത്യവും സീത എന്ന കഥാപാത്രത്തിന് ഏറ്റവും അനുയോജ്യമാണെന്ന് ഇവർ വാദിക്കുന്നു. ഭാഷാപരമായ പരിമിതികൾ ഡബ്ബിംഗിലൂടെയോ പരിശീലനത്തിലൂടെയോ പരിഹരിക്കാവുന്നതേയുള്ളൂവെന്നും പിന്തുണയ്ക്കുന്നവർ ചൂണ്ടിക്കാട്ടി.
രണ്ബീർ കപൂർ രാമനായി എത്തുന്ന 'രാമായണ'ത്തെക്കുറിച്ച് വലിയ പ്രതീക്ഷകളാണ് സിനിമാ ലോകത്തുള്ളത്. സായ് പല്ലവിയുടെ ബോളിവുഡ് അരങ്ങേറ്റം കൂടിയാകും ഈ ചിത്രം.
International
ബെയ്റൂട്ട്: ലെബനനെ യുദ്ധത്തിലേക്ക് വലിച്ചിഴയ്ക്കുന്നവർ രാജ്യദ്രോഹമാണ് ചെയ്യുന്നതെന്ന് ലെബനൻ പ്രസിഡന്റ് ജോസഫ് ഔൺ. ഹിസ്ബുള്ളയെ ലക്ഷ്യം വെച്ചായിരുന്നു പ്രസിഡന്റിന്റെ ഈ കടുത്ത പരാമർശം. ഇസ്രയേലുമായി നേരിട്ടുള്ള ചർച്ചകൾ നടത്തുന്നത് ഹിസ്ബുള്ളയുമായുള്ള സംഘർഷം അവസാനിപ്പിക്കാനാണെന്നും അദ്ദേഹം വ്യക്തമാക്കി.
1949-ലെ ഉടമ്പടിക്ക് സമാനമായി ഇസ്രയേലുമായുള്ള യുദ്ധാവസ്ഥ അവസാനിപ്പിക്കാനാണ് താൻ ലക്ഷ്യമിടുന്നതെന്ന് ഔൺ പ്രസ്താവനയിൽ പറഞ്ഞു. എന്നാൽ രാജ്യത്തിന് അപമാനകരമായ ഒരു കരാറിനും താൻ വഴങ്ങില്ലെന്നും അദ്ദേഹം ഉറപ്പുനൽകി. സമാധാന ചർച്ചകളെ എതിർക്കുന്ന ഹിസ്ബുള്ളയുടെ നിലപാടിനെ അദ്ദേഹം രൂക്ഷമായി വിമർശിച്ചു.
National
ന്യൂഡൽഹി: രാജ്യത്തെ ഇന്ധന ഉപഭോഗത്തിലും വിതരണത്തിലും ഉണ്ടായ മാറ്റങ്ങൾ വിശദീകരിച്ച് പെട്രോളിയം പ്രകൃതി വാതക മന്ത്രാലയ ജോയിന്റ് സെക്രട്ടറി സുജാത ശർമ. ഏപ്രിൽ മാസത്തിൽ വാണിജ്യ ആവശ്യത്തിനുള്ള എൽപിജി വിൽപനയിൽ വലിയ വർധനവുണ്ടായതായി അവർ അറിയിച്ചു. മാർച്ചിൽ 1.29 ലക്ഷം ടൺ വാണിജ്യ എൽപിജി വിറ്റഴിച്ച സ്ഥാനത്ത് ഏപ്രിൽ മാസത്തിൽ ഇതുവരെ 1.65 ലക്ഷം ടണ്ണിലധികം വിൽപന നടന്നു.
വാഹനങ്ങളിൽ ഉപയോഗിക്കുന്ന ഓട്ടോ എൽപിജി വിൽപന പ്രതിദിനം 177 ടണ്ണിൽ നിന്ന് 386 ടണ്ണായി ഉയർന്നു. രാജ്യത്ത് പെട്രോൾ, ഡീസൽ എന്നിവയ്ക്ക് ക്ഷാമമില്ലെന്നും ഇവ ഇറക്കുമതി ചെയ്യേണ്ട സാഹചര്യം നിലവിലില്ലെന്നും മന്ത്രാലയം വ്യക്തമാക്കി.
ചില പ്രദേശങ്ങളിൽ ഡീസൽ വിൽപനയിൽ 30-33 ശതമാനം വരെ അപ്രതീക്ഷിത വർധനവുണ്ടായി. ഇതുമൂലം ചില പെട്രോൾ പമ്പുകളിൽ സ്റ്റോക്ക് തീരുന്ന സാഹചര്യം ഉണ്ടായെങ്കിലും ഇന്ന് വൈകുന്നേരത്തോടെ എല്ലാ ഔട്ട്ലെറ്റുകളിലും ഇന്ധനം ലഭ്യമാക്കുമെന്ന് സുജാത ശർമ അറിയിച്ചു.
National
ന്യൂഡൽഹി: 2026ലെ സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. രാജ്യത്തുടനീളമുള്ള ഏകദേശം 25 ലക്ഷത്തോളം വിദ്യാർത്ഥികളാണ് ഫലത്തിനായി കാത്തിരുന്നത്. ഇത്തവണയും മികച്ച വിജയശതമാനം കൈവരിക്കാൻ വിദ്യാർത്ഥികൾക്ക് സാധിച്ചിട്ടുണ്ട്. വിദ്യാർത്ഥികൾക്ക് സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്സൈറ്റുകൾ വഴിയും മറ്റ് പ്ലാറ്റ്ഫോമുകൾ വഴിയും ഫലം പരിശോധിക്കാവുന്നതാണ്:
വെബ്സൈറ്റുകൾ
[results.cbse.nic.in](https://results.cbse.nic.in), [cbseresults.nic.in](https://cbseresults.nic.in), [cbse.gov.in](https://cbse.gov.in) മറ്റ് മാർഗ്ഗങ്ങൾ: ഡിജിലോക്കർ (DigiLocker), ഉമംഗ് (UMANG) ആപ്പ് എന്നിവ വഴിയും ഫലം ലഭ്യമാണ്.
കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വിജയശതമാനത്തിൽ പുരോഗതിയുണ്ടായതായാണ് പ്രാഥമിക കണക്കുകൾ സൂചിപ്പിക്കുന്നത്. തിരുവനന്തപുരം റീജിയൺ ഇത്തവണയും മികച്ച പ്രകടനം കാഴ്ചവെച്ചു. കേരളം, തമിഴ്നാട് സംസ്ഥാനങ്ങൾ ഉൾപ്പെടുന്ന മേഖലകളിൽ വിജയശതമാനം ഉയർന്ന നിലയിലാണ്. ഫെബ്രുവരി 17 മുതൽ മാർച്ച് 11 വരെയായിരുന്നു പത്താം ക്ലാസ് പരീക്ഷകൾ നടന്നത്.
വിദ്യാർത്ഥികൾക്ക് വെബ്സൈറ്റിൽ തങ്ങളുടെ റോൾ നമ്പർ, സ്കൂൾ നമ്പർ, അഡ്മിറ്റ് കാർഡ് ഐഡി എന്നിവ നൽകി മാർക്ക് ലിസ്റ്റുകൾ ഡൗൺലോഡ് ചെയ്യാം. പരീക്ഷാ ഫലം വന്നതോടെ പ്ലസ് വൺ പ്രവേശനത്തിനായുള്ള നടപടികൾ ഉടൻ ആരംഭിക്കും.
International
വാഷിംഗ്ടൺ: ഇറാനിലെ സാംസ്കാരിക കേന്ദ്രങ്ങൾ ആക്രമിക്കുമെന്ന അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രസ്താവനയ്ക്കെതിരെ രൂക്ഷവിമർശനവുമായി കമല ഹാരിസ്. ട്രംപിന്റെ ഇത്തരം ഭീഷണികൾ 'അങ്ങേയറ്റം അപകടകരവും അശ്രദ്ധവുമാണെന്ന്' അവർ വിശേഷിപ്പിച്ചു. അന്താരാഷ്ട്ര നിയമങ്ങൾ അനുസരിച്ച് സാംസ്കാരിക കേന്ദ്രങ്ങളെ ലക്ഷ്യം വെക്കുന്നത് യുദ്ധക്കുറ്റമാണെന്ന് കമല ഹാരിസ് ഓർമിപ്പിച്ചു.
ഇറാനിലെ സാംസ്കാരിക പ്രാധാന്യമുള്ള 52 കേന്ദ്രങ്ങൾ ആക്രമിക്കുമെന്നായിരുന്നു ട്രംപിന്റെ ഭീഷണി. ഇത് ജനീവ കൺവെൻഷൻ അടക്കമുള്ള അന്താരാഷ്ട്ര കരാറുകളുടെ ലംഘനമാണെന്ന് കമല ഹാരിസ് ചൂണ്ടിക്കാട്ടി. ട്രംപിന്റെ ഇത്തരം പ്രകോപനപരമായ പ്രസ്താവനകൾ വിദേശ രാജ്യങ്ങളിൽ സേവനമനുഷ്ഠിക്കുന്ന അമേരിക്കൻ സൈനികരുടെ ജീവൻ അപകടത്തിലാക്കുമെന്ന് അവർ പറഞ്ഞു. ഉത്തരവാദിത്തപ്പെട്ട ഒരു ലോകനേതാവ് ഒരിക്കലും യുദ്ധക്കുറ്റങ്ങൾ ചെയ്യാൻ ആഹ്വാനം ചെയ്യരുത്. ട്രംപിന്റെ നിലപാടുകൾ പശ്ചിമേഷ്യയിൽ അനാവശ്യമായ സംഘർഷങ്ങൾക്കും യുദ്ധത്തിനും വഴിതെളിക്കുമെന്നും കമല ഹാരിസ് തന്റെ പ്രസ്താവനയിൽ വ്യക്തമാക്കി.
അമേരിക്കൻ പ്രസിഡന്റ് പദവിയിൽ ഇരിക്കുന്ന ഒരാൾ അന്താരാഷ്ട്ര നിയമങ്ങളെ മാനിക്കാൻ ബാധ്യസ്ഥനാണെന്നും, സാംസ്കാരിക പൈതൃകങ്ങളെ നശിപ്പിക്കുന്നത് ലോകത്തിന് തന്നെ ഭീഷണിയാണെന്നും അവർ കൂട്ടിച്ചേർത്തു. ഇറാനും അമേരിക്കയും തമ്മിലുള്ള ബന്ധം വഷളായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് കമല ഹാരിസിന്റെ ഈ പ്രതികരണം.
Kerala
അങ്കമാലി: എറണാകുളം അങ്കമാലിയിൽ എംസി റോഡിൽ കെഎസ്ആർടിസി ബസും ചരക്ക് ലോറിയും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ കെഎസ്ആർടിസി ബസ് ഡ്രൈവർക്കും ലോറി ഡ്രൈവർക്കും ഒരു ബസ് യാത്രക്കാരനും പരിക്കേറ്റു. പരിക്കേറ്റവരെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
രാത്രി പതിനൊന്ന് മണിയോടെയാണ് അപകടമുണ്ടായത്. കോഴിക്കോട്ടേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസാണ് അപകടത്തിൽപ്പെട്ടത്. ഇടിച്ചതിനെത്തുടർന്ന് വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. അപകടത്തെത്തുടർന്ന് എംസി റോഡിൽ അല്പസമയം ഗതാഗതം തടസപ്പെട്ടു. പോലീസും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.