ന്യൂഡൽഹി: ഇന്ത്യയെ ആഗോള ചിപ്പ് നിർമ്മാണ ഹബ്ബാക്കി മാറ്റാനുള്ള 'ഇന്ത്യ സെമികണ്ടക്ടർ മിഷന്റെ' ഭാഗമായി 3,936 കോടി രൂപയുടെ രണ്ട് പുതിയ പദ്ധതികൾക്ക് കൂടി കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി. ഇതിൽ രാജ്യത്തെ ആദ്യത്തെ വാണിജ്യാടിസ്ഥാനത്തിലുള്ള ഡിസ്പ്ലേ നിർമാണ യൂണിറ്റും ഉൾപ്പെടുന്നു എന്നത് ശ്രദ്ധേയമാണ്.
ഗുജറാത്തിലെ ധോലേരയിൽ 3,068 കോടി രൂപ ചെലവിൽ ഗാലിയം നൈട്രൈഡ് അധിഷ്ഠിത പ്ലാന്റ് സ്ഥാപിക്കും. ടിവികൾ, ടാബ്ലെറ്റുകൾ, സ്മാർട്ട് വാച്ചുകൾ, സ്മാർട്ട് ഗ്ലാസുകൾ എന്നിവയ്ക്കായി മിനി/മൈക്രോ എൽഇഡി ഡിസ്പ്ലേ മോഡ്യൂളുകളാണ് ഇവിടെ നിർമ്മിക്കുക. പദ്ധതി ചെലവിന്റെ 50 ശതമാനം കേന്ദ്ര സർക്കാർ സബ്സിഡിയായി നൽകും.
ഗുജറാത്തിലെ സൂറത്തിൽ 868 കോടി രൂപയുടെ വായ്പാ സഹായത്തോടെ സെമികണ്ടക്ടർ അസംബ്ലി ആൻഡ് ടെസ്റ്റ് യൂണിറ്റ് സ്ഥാപിക്കും. വർഷത്തിൽ 100 കോടി ചിപ്പുകൾ നിർമിക്കാൻ ശേഷിയുള്ള ഈ പ്ലാന്റ് ഓട്ടോമൊബൈൽ, കൺസ്യൂമർ ഇലക്ട്രോണിക്സ് മേഖലകളെയാണ് ലക്ഷ്യമിടുന്നത്.
ഈ രണ്ട് പ്ലാന്റുകൾക്ക് കൂടി അനുമതി ലഭിച്ചതോടെ മിഷന് കീഴിൽ ആകെ അംഗീകാരം ലഭിച്ച പദ്ധതികളുടെ എണ്ണം 12 ആയി. ഇതുവരെ ഏകദേശം 1.64 ലക്ഷം കോടി രൂപയുടെ നിക്ഷേപമാണ് ഈ മേഖലയിൽ ഉറപ്പാക്കിയിരിക്കുന്നത്.
രണ്ടാം ഘട്ടം ഉടൻ
76,000 കോടി രൂപയുടെ ആദ്യഘട്ട പദ്ധതികൾ അവസാനിക്കുന്നതോടെ, ഏകദേശം 11 ബില്യൺ ഡോളർ (ഏകദേശം 92,000 കോടി രൂപ) വകയിരുത്തിക്കൊണ്ടുള്ള രണ്ടാമത്തെ ഘട്ടം (ഐഎസ്എം 2.0) സർക്കാർ ഉടൻ പ്രഖ്യാപിക്കും. രണ്ടാം ഘട്ടത്തിൽ ചിപ്പ് നിർമാണത്തിന് ആവശ്യമായ വാതകങ്ങൾ, രാസവസ്തുക്കൾ, മറ്റ് അസംസ്കൃത വസ്തുക്കൾ എന്നിവ നൽകുന്ന അനുബന്ധ വ്യവസായങ്ങൾക്കും ചിപ്പ് ഡിസൈനിംഗിനും കൂടുതൽ പ്രാധാന്യം നൽകാനാണ് കേന്ദ്ര നീക്കം.
ഈ പുതിയ നീക്കത്തോടെ ആഗോള സെമികണ്ടക്ടർ വിപണിയിൽ ചൈനയ്ക്കും തായ്വാനും ശക്തമായ വെല്ലുവിളി ഉയർത്താൻ ഇന്ത്യക്ക് സാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.