District News
അഞ്ചല്‍ : അലയമണ്‍ പഞ്ചായത്തില്‍ മഴക്കാലപൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. പഞ്ചായത്ത് പ്രസിഡന്റ് എസ്. ആനന്ദ് പഞ്ചായത്തുതല ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഉദ്ഘാടനം ചെയ്തു. മഴക്കാലം എത്തും മുമ്പ് തന്നെ പ്രദേശങ്ങള്‍ വൃത്തിയാക്കി കൊണ്ടു സാംക്രമിക രോഗങ്ങളെ തടയുകയാണ് ലക്ഷ്യമെന്ന് ആനന്ദ് പറഞ്ഞു.
ശുചീകരണ പ്രവൃത്തികളുടെ ഭാഗമായി വെള്ളക്കെട്ടുകള്‍ ഒഴിവാക്കും. ഓടകള്‍, ചാലുകള്‍ എന്നിവ വൃത്തിയാക്കും. കൊതുകുകളുടെ ഉറവിട നശീകരണം നടത്തും. ആദ്യഘട്ടം പാതയോരങ്ങളിലും പിന്നീട് വീടുകള്‍ കേന്ദ്രീകരിച്ചും പ്രവര്‍ത്തികള്‍ നടത്തും. ഡ്രൈ ഡേ ഉള്‍പ്പെടെ ആചരിക്കാനും തീരുമാനിച്ചിട്ടുണ്ട്. തുടര്‍ന്ന് എല്ലാ വാര്‍ഡുകളിലും ശുചീകരണ പ്രവൃത്തികള്‍ ആരംഭിച്ചു.
കണ്ണംകോട് വാര്‍ഡില്‍ നടന്ന പ്രവൃത്തികള്‍ക്ക് വാര്‍ഡ് അംഗം ശ്രീലത നേതൃത്വം നല്കി. വൈസ് പ്രസിഡന്റ് ലില്ലിക്കുട്ടി നെത്സന്‍, സ്ഥിരം സമിതി അധ്യക്ഷന്മാരായ സുനില്‍ ദത്ത്, മാഹീന് കാട്ടുമ്പുറം എന്നിവര്‍ വിവിധ ഇടങ്ങളിലെ ശുചീകരണ പ്രവൃത്തികള്‍ക്ക് നേതൃത്വം നല്കി. തൊഴിലുറപ്പ് തൊഴിലാളികള്‍, ഹരിതകര്‍മ സേനാ പ്രവര്‍ത്തകര്‍ സന്നദ്ധ സംഘടനാ പ്രവര്‍ത്തകര്‍ തുടങ്ങി സമൂഹത്തിന്റെ വിവിധ തലങ്ങളിലുള്ളവരെ കോര്‍ത്തിണക്കിയാകും ശുചീകരണ പ്രവര്‍ത്തികള്‍ നടപ്പിലാക്കുന്നത്.
District News
ഉള്ളൂര്‍: മെഡിക്കല്‍ കോളജിലെ ക്ലീന്‍ കാമ്പസ് കാന്പയിന്റെ ഭാഗമായി മഴക്കാലപൂര്‍വ ശുചീകരണത്തിനു തുടക്കമായി. പ്രിന്‍സിപ്പല്‍ പി.കെ. ജബ്ബാര്‍ ശുചീകരണ പരിപാടി ഉദ്ഘാടനം ചെയ്തു.
അക്കാഡമിക് പരിസരം, പ്രിയദര്‍ശിനി ഇന്‍സ്റ്റിറ്റ്യൂട്ട്, ആര്‍സിസി, ശ്രീചിത്ര, എസ്എടി, മെഡിക്കല്‍ കോളജ് ആശുപത്രി, സൂപ്പര്‍ സ്പെഷാലിറ്റി ബ്ലോക്ക്, ഡെന്റല്‍ കോളജ്, ഹോസ്റ്റലുകള്‍, ഡിഎംഇ ഓഫീസ് പരിസരം എന്നിവിടങ്ങളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങളും കൊതുകിന്റെ ഉറവിട നശീകരണ പ്രവര്‍ത്തനങ്ങളും ഇന്നും തുടരും. മഴക്കാലരോഗ പ്രതിരോധ പ്രവര്‍ത്തനത്തിന് ഭാഗമായാണ് പ്രത്യേക ശുചീകരണ പ്രവര്‍ത്തനം നടത്തുന്നത്.
എസ്റ്റേറ്റ് മാനേജര്‍ രതീഷ് രതീഷ്, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍മാരായ രമേശ് ചന്ദ്രന് നായര്‍, വികാസ് ബഷീര്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ ബിജു പി. കരിയം, അലക്സ് ജോസ്, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ ഹരിത, ഐശ്വര്യ, അജയ്, വര്‍ഷ എന്നിവരുടെ നേതൃത്വത്തിലാണ് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.
District News
നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കര നഗരസഭയില്‍ മഴക്കാല പൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. നഗരസഭയിലെ 46 വാര്‍ഡുകളിലും മഴക്കാല പൂര്‍വ ശുചീകരണം നടക്കും. ശുചീകരണ പ്രവൃത്തികളുടെ ഉദ്ഘാടനം ചെയര്‍പേഴ്സണ്‍ നിര്‍വഹിച്ചു. അമരവിളയ്ക്കു സമീപം താന്നിമൂടില്‍ നടന്ന ചടങ്ങിൽ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ മഞ്ജു രാജേഷ്, കൗണ്‍സിലര്‍മാരായ മേരി ഫാത്തിമ, ബിജു എന്നിവരും പങ്കെടുത്തു.
വാര്‍ഡുകളിലെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് അതാത് വാര്‍ഡ് കൗണ്‍സിലര്‍മാരാണ് നേതൃത്വം നല്‍കുന്നത്. ചില ആളൊഴിഞ്ഞ പുരയിടങ്ങളില്‍ കാടും പടര്‍പ്പും വളര്‍ന്ന അവസ്ഥയുണ്ടെങ്കില്‍ അക്കാര്യം കണ്ടെത്തുകയും ഉടമസ്ഥരുടെ പേരും ഫോണ്‍നന്പരും ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ നഗരസഭ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരെ അറിയിക്കുകയും ചെയ്യണമെന്ന് കൗണ്‍സിലര്‍മാരോട് പറഞ്ഞിട്ടുണ്ടെന്ന് ചെയര്‍പേഴ്സണ്‍ ഡബ്ല്യൂ.ആര്. ഹീബ പറഞ്ഞു.
സാധാരണ മഴക്കാല പൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി ശുചിത്വ മിഷനില്‍ നിന്ന് പതിനായിരം രൂപ ലഭിക്കാറുണ്ട്. എന്നാല്‍ ഇപ്രാവശ്യം ഈ തുക അനുവദിക്കപ്പെട്ടിട്ടില്ല. അതേ സമയം, ശുചീകരണ പ്രവര്‍ത്തനങ്ങള്‍ അനിവാര്യമാണെന്നതിനാല്‍ നഗരസഭയുടെ തനത് ഫണ്ടില്‍ നിന്നും ഈ തുക വാര്‍ഡുകള്‍ക്ക് നല്കാന് തീരുമാനിച്ചു.
നഗരസഭ പരിധിയില്‍ പല റോഡുകളിലും വെള്ളക്കെട്ടുകളുണ്ട്. ചെറിയ മഴയത്ത് പോലും രൂപപ്പെടുന്ന വെള്ളക്കെട്ടുകളില്‍ രോഗാണുക്കളുടെ സാന്നിധ്യത്തിനുള്ള സാധ്യത കുറവല്ല. മഴ പെയ്താല്‍ അല്‍പ്പമെങ്കിലും വെള്ളം കെട്ടാനിടയുള്ള സാഹചര്യം ഒഴിവാക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ചില ഓടകളില്‍ ചപ്പുചവറുകളും മറ്റും വലിച്ചെറിയുന്ന പ്രവണതയും പൊതുവേ കണ്ടുവരുന്നു. ഇവയില്‍ മഴവെള്ളവും മറ്റും കലരുന്നതോടെ പകര്‍ച്ചവ്യാധികളെ ക്ഷണിച്ചുവരുത്തുന്നതിനു തുല്യമാണെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ ഓര്‍മിപ്പിക്കുന്നു. ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് കൈയുറകളും ബൂട്ട്സുകളും ബ്ലീച്ചിംഗ് പൗഡറും വിതരണം ചെയ്തിട്ടുള്ളതായും ചെയര്‍പേഴ്സണ്‍ അറിയിച്ചു. ചന്തകളില്‍ മാലിന്യനിക്ഷേപം കൂടുതലുണ്ടെങ്കില്‍ ജെസിബിയുടെ സഹായത്തോടെ നീക്കം ചെയ്യും.
District News
കോട്ടയം: നാടും നഗരവും ചീഞ്ഞു നാറുകയാണ്. മഴക്കാല പൂര്‍വശുചീകരണ പ്രവര്‍ത്തനങ്ങള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ആരംഭിക്കാതെ വന്നതാണ് സാഹചര്യം വഷളാക്കിയത്. വേനല്‍മഴ ശക്തമായതോടെ മാലിന്യം നിറഞ്ഞുകിടന്ന ഓടകളില്‍നിന്ന് മലിനജലം പുറത്തേക്ക് ഒഴുകുകയാണ്. പലയിടത്തും ഓട നിറഞ്ഞാണ് വെള്ളം പുറത്തേക്ക് ഒഴുകുന്നത്. നാഗമ്പടത്തും മറ്റു പരിസരപ്രദേശങ്ങളിലും സ്ഥിതി വ്യത്യസ്തമല്ല.
മലിന ജനം കുടിവെള്ള സ്രോതസുകളിലേക്ക് ഒഴുകിയിറങ്ങാന്‍ തുടങ്ങിയിട്ടും അധികൃതര്‍ക്ക് അനക്കമില്ലെന്നതാണ് യാഥാര്‍ഥ്യം. മാലിന്യത്തിന്റെ വാതില്‍പ്പടി ശേഖരണം, പൊതുഇടങ്ങള്‍ മാലിന്യമുക്തമാക്കൽ, വെള്ളക്കെട്ടുകള്‍ ഒഴിവാക്കൽ, ജലാശയങ്ങളിലെ നീരൊഴുക്ക് തടസങ്ങള്‍ നീക്കൽ എന്നിവയെല്ലാം നിയമസഭാ തെരഞ്ഞെടുപ്പ് ആവേശത്തില്‍ തദ്ദേശ സ്ഥാപനാധികാരികള്‍ മറന്നു.
മഴക്കാല പൂര്‍വശുചീകരണത്തിന് ജനപ്രതിനിധികളുടെയും മറ്റും യോഗം വിളിക്കണം. കുടുംബശ്രീ ഭാരവാഹികള്‍, ആശാ പ്രവര്‍ത്തകര്‍, ഹരിത കര്‍മസേന, റെസിഡന്റ്സ് അസോസിയേഷനുകള്‍, എന്‍ജിഒകള്‍, എന്‍എസ്എസ്, എന്‍സിസി, ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്, എസ്പിസി, യുവജനസംഘടനകള്‍, യൂത്ത് ക്ലബുകള്‍, വ്യാപാരികള്‍ എന്നിവരുടെ യോഗം അടിയന്തരമായി വിളിച്ചു ചേര്‍ക്കണം.
പകര്‍ച്ചവ്യാധികള്‍ പടര്‍ന്നു പിടിക്കുന്നതായി ഡിഎംഒയുടെ ജാഗ്രതാ നിര്‍ദേശം കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. പടിഞ്ഞാറന്‍ മേഖലയില്‍ സാംക്രമിക രോഗങ്ങള്‍ പടര്‍ന്നുപിടിക്കുകയാണ്. ജലാശയങ്ങളെല്ലാം മലിന്യവാഹിനികളാണ്. ഇത് ഈഡിസ് കൊതുകുകള്‍ പെരുകുന്നതിനു കാരണമാകുന്നു. പരിസരങ്ങള്‍ കാടുപിടിച്ചു കിടക്കുന്നതിനാല്‍ എലികളും വിഷപ്പാമ്പുകളും വര്‍ധിച്ചു കൊണ്ടിരിക്കയാണ്. പുതിയ സാമ്പത്തിക വര്‍ഷത്തില്‍ തൊഴിലുറപ്പു പദ്ധതി തുടങ്ങാത്തതും പരിസര മലിനീകരണത്തിന് ആക്കംകൂട്ടി.
തണ്ണീര്‍മുക്കം ബണ്ടിന്റെ ഷട്ടറുകള്‍ തുറക്കാന്‍ വൈകിയത് ജല മലിനീകരണത്തിനു പ്രധാന കാരണമാണ്. വേലിയേറ്റവും വേലിയിറക്കവും ദുര്‍ബലമായതിനാല്‍ ജലാശയങ്ങളില്‍ നീരൊഴുക്കില്ല. വേനൽമഴ സജീവമായിട്ടും മഴക്കാല ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാന്‍ നടപടികളായിട്ടില്ലെന്നാണ് ആക്ഷേപം.
District News
കാഞ്ഞിരപ്പള്ളി: മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി പകർച്ചവ്യാധികൾ തടയുന്നതിനും പരിസരം മാലിന്യമുക്തമാക്കുന്നതിനും കാഞ്ഞിരപ്പള്ളി പഞ്ചായത്തിന്റെ നേതൃത്വത്തിൽ കാഞ്ഞിരപ്പള്ളി ടൗണും പരിസര പ്രദേശങ്ങളും ശുചീകരിച്ചു.
കുരിശുങ്കൽ ജംഗ്ഷനിൽ നടന്ന ശുചീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് സുനി ജോസഫ് പത്യാല നിർവഹിച്ചു. വൈസ് പ്രസിഡന്റ് സുനിൽ തേനംമാക്കൽ അധ്യക്ഷത വഹിച്ചു.
കുരിശുങ്കൽ ജംഗ്ഷൻ, പുത്തനങ്ങാടി, ബസ് സ്റ്റാൻഡ് എന്നിവിടങ്ങളിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി. പഞ്ചായത്തംഗങ്ങൾ, പഞ്ചായത്ത് ജീവനക്കാർ, പൊതുജനങ്ങൾ, സന്നദ്ധ പ്രവർത്തകർ, ക്ലബ് അംഗങ്ങൾ, കുടുംബശ്രീ പ്രവർത്തകർ, ആശാ വർക്കർമാർ, ഹരിതകർമസേന, എൻഎസ്എസ് വോളന്റിയേഴ്സ്, വ്യാപാരികൾ എന്നിവർ പങ്കെടുത്തു.
കൂട്ടിക്കൽ: മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങൾക്ക് മുന്നോടിയായി കൂട്ടിക്കൽ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ആലോചനായോഗം ചേർന്നു.
പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്ന സമ്മേളനം പഞ്ചായത്ത് പ്രസിഡന്റ് ആൻസി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ.ആർ. രാജി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗങ്ങൾ, ജീവനക്കാർ, ഹെൽത്ത് ഇൻസ്പെക്ടർ, ഉദ്യോഗസ്ഥ പ്രതിനിധികൾ, വിവിധ രാഷ്ട്രീയകക്ഷി നേതാക്കന്മാർ, എഡിഎസ് അംഗങ്ങൾ, ടീച്ചർമാർ, ലൈബ്രറി ഭാരവാഹികൾ, അങ്കണവാടി പ്രവർത്തകർ, ആശാ പ്രവർത്തകർ, ഹരിതകർമ സേനാംഗങ്ങൾ, പഞ്ചായത്ത് ഉദ്യോഗസ്ഥർ, വ്യാപാരികൾ തുടങ്ങിയവർ പങ്കെടുത്തു.പഞ്ചായത്തിലെ എല്ലാ വാർഡുകളിലും ഒന്‍പതിന് മെഗാ ക്ലീനിംഗ് നടത്താനും തീരുമാനിച്ചു.
District News
കൂടരഞ്ഞി: പഞ്ചായത്തിൽ മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. കൂടരഞ്ഞി ടൗണിൽ നടന്ന പഞ്ചായത്ത് തല ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ബോബി ഷിബു നിർവഹിച്ചു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോർജുകുട്ടി കക്കാടംപൊയിൽ അധ്യക്ഷത വഹിച്ചു. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ആയിഷാബി ഷിയാസ്, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ നിസാറാബീഗം, വാർഡ് മെമ്പർമാരായ എം.കെ. സജയ്, വിനോദ് മഞ്ഞപ്പാറ, മെഡിക്കൽ ഓഫീസർ ഡോ. പി.കെ. ദിവ്യ, ഹെൽത്ത് ഇൻസ്പെക്ടർ കെ.ബി. ശ്രീജിത്ത്, സിഡിഎസ് ചെയർപേഴ്സൺ റീന, വ്യാപാരി വ്യവസായി സെക്രട്ടറി മുഹമ്മദ് പാതിപറമ്പിൽ എന്നിവർ പ്രസംഗിച്ചു.
സ്വതന്ത്ര ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ സെക്രട്ടറി വിജയൻ, ഹരിത കർമ്മ സേന അംഗങ്ങൾ, ആരോഗ്യപ്രവർത്തകർ, ആശാ വർക്കർമാർ തുടങ്ങിയവർ ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കെടുത്തു.
District News
വെഞ്ഞാറമൂട്: കാലവർഷത്തിന് മുന്നോടിയായി പകർച്ചവ്യാധി പ്രതിരോധം ലക്ഷ്യമിട്ട് വാമനപുരം പഞ്ചായത്തിന്റെ നേതൃത്വത്തിൽ വിപുലമായ മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. പഞ്ചായത്ത് പരിധിയിലെ പൊതുസ്ഥലങ്ങളും പ്രധാന കവലകളും കേന്ദ്രീകരിച്ചു നടന്ന ശുചീകരണ യജ്ഞത്തിൽ ജനപ്രതിനിധികളും സന്നദ്ധ പ്രവർത്തകരും വിവിധ വകുപ്പ് ഉദ്യോഗസ്ഥരും പങ്കാളികളായി.
വാമനപുരം ജംഗ്ഷനിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് രാജീവ് പി. നായർ ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വിനോദ് രാജ് അധ്യക്ഷത വഹിച്ചു. വാമനപുരം ടൗൺ പ്രദേശം, എംസി റോഡിന്റെ ഇരുവശങ്ങൾ എന്നിവിടങ്ങളിലെ മാലിന്യങ്ങൾ നീക്കം ചെയ്താണ് ആദ്യഘട്ട പ്രവർത്തനങ്ങൾ പൂർത്തിയാക്കിയത്.
ഹരിതകർമസേനാംഗങ്ങൾ, തൊഴിലുറപ്പ് തൊഴിലാളികൾ, കുടുംബശ്രീ പ്രവർത്തകർ, ആരോഗ്യവകുപ്പ് ജീവനക്കാർ എന്നിവർക്കൊപ്പം ഒട്ടേറെ സന്നദ്ധ പ്രവർത്തകരും ശുചീകരണ യജ്ഞത്തിൽ സജീവമായി പങ്കെടുത്തു.
റോഡരികിലെ കാടുകൾ വെട്ടിത്തെളിക്കുന്നതിനും ഓടകളിലെ തടസങ്ങൾ നീക്കി വെള്ളമൊഴുക്ക് സുഗമമാക്കുന്നതിനും പ്രത്യേക ശ്രദ്ധ നൽകി. വരും ദിവസങ്ങളിൽ പഞ്ചായത്തിലെ മുഴുവൻ വാർഡുകളിലും വാർഡ് മെമ്പർമാരുടെ നേതൃത്വത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ ഊർജിതമായി തുടരുമെന്ന് അധികൃതർ അറിയിച്ചു. പഞ്ചായത്ത് സെക്രട്ടറി ഫൈസൽ, വിവിധ സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷന്മാർ, ജനപ്രതിനിധികൾ തുടങ്ങിയവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. വരും ദിവസങ്ങളിൽ വീടുകൾ കേന്ദ്രീകരിച്ചുള്ള ഉറവിട നശീകരണ പ്രവർത്തനങ്ങളും ബോധവത്കരണ പരിപാടികളും സംഘടിപ്പിക്കാനും പഞ്ചായത്ത് ഭരണസമിതി തീരുമാനിച്ചിട്ടുണ്ട്.
District News
നെയ്യാറ്റിന്‍കര : അതിയന്നൂര്‍ പഞ്ചായത്തില്‍ മഴക്കാല പൂര്‍വ ശുചീകരണ പരിപാടികൾ ഇന്നാരംഭിക്കും. പഞ്ചായത്ത് ഭരണസമിതി ഇന്നലെ യോഗം ചേര്‍ന്ന് ഇക്കാര്യം സംബന്ധിച്ച പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്കി.
പഞ്ചായത്തിലെ എല്ലാ വാര്‍ഡുകളിലും ഇന്നും നാളെയും ഊര്‍ജ്ജിതമായി ഈ പ്രവര്‍ത്തനങ്ങള്‍ നടത്താനാണ് തീരുമാനിച്ചിട്ടുള്ളത്. ഓരോ വാര്‍ഡുകളിലും അതാത് വാര്‍ഡ് മെന്പര് പ്രവൃത്തികള്‍ക്ക് നേതൃത്വം നല്‍കും. ജനകീയ പങ്കാളിത്തത്തോടെ നടത്താന്‍ നിശ്ചയിക്കുന്ന പ്രവൃത്തികളില്‍ യുവാക്കള്‍ മുതല്‍ തൊഴിലുറപ്പ് തൊഴിലാളികള്‍ വരെ വിവിധ തലങ്ങളിലുള്ളവര്‍ പങ്കു ചേരുമെന്നു പ്രതീക്ഷിക്കുന്നതായി വൈസ് പ്രസിഡന്റ് ഷിബു അറിയിച്ചു.
പാതയോരത്ത് വളര്‍ന്നിട്ടുള്ള കാടും പടര്‍പ്പും കുറ്റിച്ചെടികളുമെല്ലാം പരമാവധി വെട്ടിവൃത്തിയാക്കും. ഇഴജന്തുക്കളുടെ സാന്നിധ്യമുണ്ടോയെന്ന ആശങ്ക ഒഴിവാക്കും വിധത്തില്‍ പാതയോരം ശുചീകരണ പ്രവൃത്തികള്‍ നടത്തും. വിദ്യാലയങ്ങളില്‍ പുതിയ അധ്യയന വര്‍ഷം ആരംഭിക്കുന്നതിനു മുന്‍പുതന്നെ പിടിഎയുടെയും മറ്റും സഹകരണത്തോടെ വിദ്യാലയ പരിസരങ്ങളിലെ കാടും പടലവുമൊക്കെ വൃത്തിയാക്കാനും ഇന്നലെ കൂടിയ യോഗം തീരുമാനിച്ചിട്ടുണ്ട്.