അഞ്ചല്‍ : അലയമണ്‍ പഞ്ചായത്തില്‍ മഴക്കാലപൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. പഞ്ചായത്ത് പ്രസിഡന്റ് എസ്. ആനന്ദ് പഞ്ചായത്തുതല ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഉദ്ഘാടനം ചെയ്തു. മഴക്കാലം എത്തും മുമ്പ് തന്നെ പ്രദേശങ്ങള്‍ വൃത്തിയാക്കി കൊണ്ടു സാംക്രമിക രോഗങ്ങളെ തടയുകയാണ് ലക്ഷ്യമെന്ന് ആനന്ദ് പറഞ്ഞു.
ശുചീകരണ പ്രവൃത്തികളുടെ ഭാഗമായി വെള്ളക്കെട്ടുകള്‍ ഒഴിവാക്കും. ഓടകള്‍, ചാലുകള്‍ എന്നിവ വൃത്തിയാക്കും. കൊതുകുകളുടെ ഉറവിട നശീകരണം നടത്തും. ആദ്യഘട്ടം പാതയോരങ്ങളിലും പിന്നീട് വീടുകള്‍ കേന്ദ്രീകരിച്ചും പ്രവര്‍ത്തികള്‍ നടത്തും. ഡ്രൈ ഡേ ഉള്‍പ്പെടെ ആചരിക്കാനും തീരുമാനിച്ചിട്ടുണ്ട്. തുടര്‍ന്ന് എല്ലാ വാര്‍ഡുകളിലും ശുചീകരണ പ്രവൃത്തികള്‍ ആരംഭിച്ചു.
കണ്ണംകോട് വാര്‍ഡില്‍ നടന്ന പ്രവൃത്തികള്‍ക്ക് വാര്‍ഡ് അംഗം ശ്രീലത നേതൃത്വം നല്കി. വൈസ് പ്രസിഡന്റ് ലില്ലിക്കുട്ടി നെത്സന്‍, സ്ഥിരം സമിതി അധ്യക്ഷന്മാരായ സുനില്‍ ദത്ത്, മാഹീന് കാട്ടുമ്പുറം എന്നിവര്‍ വിവിധ ഇടങ്ങളിലെ ശുചീകരണ പ്രവൃത്തികള്‍ക്ക് നേതൃത്വം നല്കി. തൊഴിലുറപ്പ് തൊഴിലാളികള്‍, ഹരിതകര്‍മ സേനാ പ്രവര്‍ത്തകര്‍ സന്നദ്ധ സംഘടനാ പ്രവര്‍ത്തകര്‍ തുടങ്ങി സമൂഹത്തിന്റെ വിവിധ തലങ്ങളിലുള്ളവരെ കോര്‍ത്തിണക്കിയാകും ശുചീകരണ പ്രവര്‍ത്തികള്‍ നടപ്പിലാക്കുന്നത്.