Sports
ബംഗളൂരു: ആർസിബി അനായാസം... ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) ട്വന്റി20 ക്രിക്കറ്റ് 19-ാം സീസണ് ഉദ്ഘാടന മത്സരത്തിൽ നിലവിലെ ചാന്പ്യൻമാരായ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന് ആറ് വിക്കറ്റിന്റെ തകർപ്പൻ ജയം.
ആരാധക മനം കവർന്ന തുടക്കമായിരുന്നു എം ചിന്നസ്വാമി സ്റ്റേഡിയത്തിലെ ആദ്യ മത്സരം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത സണ്‍റൈസേഴ്സ് ഹൈദരാബാദ് ക്യാപ്റ്റനായി അരങ്ങേറ്റം കുറിച്ച ഇഷാൻ കിഷന്റെ വെടിക്കെട്ട് ബാറ്റിംഗിൽ 201 റണ്‍സ് സ്വന്തമാക്കി.
കൂറ്റനടിക്കിടയിലും ആർസിബിയുടെ അരങ്ങേറ്റ താരം ജേക്കബ് ഡഫി 22 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് നേടി തിളങ്ങി. മറുപടി ബാറ്റിംഗിൽ ദേവദത്ത് പടിക്കലിന്റെയും വിരാട് കോഹ്ലിയുടെയും തകർപ്പൻ അർധസെഞ്ചുറി മികവിൽ ആർസിബി 15.4 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ അനായാസ ജയം സ്വന്തമാക്കി.
► കിംഗ് പൂരം
202 എന്ന കൂറ്റൻ വിജയ ലക്ഷ്യത്തിലേക്ക് ബാറ്റു വീശിയ ബംഗളൂരുവിന്റെ ആദ്യ വിക്കറ്റ് സ്കോർ ഒന്‍പതിൽ വീണു. ഫിൽ സോൾട്ട് (1) മടങ്ങി. പിന്നാലെയെത്തിയ ദേവദത്ത് പടിക്കൽ (26 പന്തിൽ 61 റണ്‍സ്), വിരാട് കോഹ്ലിക്കൊപ്പം (38 പന്തിൽ 69 റണ്‍സ്) തകർത്തടിച്ചതോടെ സണ്‍റൈസേഴ്സ് കളി കൈവിട്ടു. ഇരുവരും ചേർന്ന് സ്കോർ 8.4 ഓവറിൽ 110 റണ്‍സിലെത്തിച്ചശേഷമാണ് പിരിഞ്ഞത്. പിന്നാലെയെത്തിയ ക്യാപ്റ്റൻ രജത് പാട്ടീദാറും (12 പന്തിൽ 31 റണ്‍സ്) ആഞ്ഞടിക്കുന്നതിനിടയിൽ വിക്കറ്റ് നഷ്ടമാക്കിയെങ്കിലും ബംഗളൂരു ജയം അടുത്തെത്തിയിരുന്നു.
ജിതേഷ് ശർമ (0) നിരാശപ്പെടുത്തിയെങ്കിലും ടിം ഡേവിഡ് (10) കോഹ്ലിക്കൊപ്പം വിജയ റണ്‍ കുറിച്ചു. സണ്‍റൈസേഴ്സിനായി ആർക്കും ഭേദപ്പെട്ട ബൗളിംഗ് പ്രകടനം പുറത്തെടുക്കാനായില്ല. ഡേവിഡ് പെയ്ൻ രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോൾ ജയദേവ് ഉനത്കത്തും ഹർഷ് ദുബെയും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
► ഇഷാൻ കൊടുങ്കാറ്റ്
എം. ചിന്നസ്വാമി സ്റ്റേഡിയത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഹൈദരാബാദ് നിശ്ചിത 20 ഓവറിൽ ഒന്‍പത് വിക്കറ്റ് നഷ്ടത്തിൽ 201 റണ്‍സെടുത്തു. നായകൻ ഇഷാൻ കിഷന്റെ തകർപ്പൻ അർധസെഞ്ചുറിയും (38 പന്തിൽ നിന്ന് 80 റണ്‍സ്) അവസാന ഓവറുകളിൽ അനികേത് വർമ (18 പന്തിൽ 43 റണ്‍സ്) നടത്തിയ വെടിക്കെട്ടുമാണ് സണ്‍റൈസേഴ്സിനെ ഇരുനൂറ് കടത്തിയത്.
ഓപ്പണർമാരായ അഭിഷേക് ശർമയും (7) ട്രാവിസ് ഹെഡും (11) നിരാശപ്പെടുത്തി. രണ്ടാം ഓവറിലെ ആദ്യ പന്തിലും അവസാന പന്തിലുമായി ഓപ്പണർമാരെ ജേക്കബ് ഡഫി പുറത്താക്കി. നാലാം ഓവറിൽ നിതീഷ് കുമാർ റെഡ്ഢിയെ (1) പുറത്താക്കി കിവീസ് പേസർ ഐപിഎല്ലിലേക്കുള്ള അരങ്ങേറ്റം ആഘോഷിച്ചു.
29-3ലേക്ക് തകർന്നടിഞ്ഞ ഹൈദരാബാദിനെ ഇഷാൻ കിഷനും ഹെൻറിച്ച് ക്ലാസനും (31) 97 റണ്‍സ് കൂട്ടുകെട്ടിലൂടെ കരകയറ്റി.
ആർസിബിക്കായി അരങ്ങേറ്റ മത്സരം കളിച്ച ജേക്കബ് ഡഫി നാല് ഓവറിൽ 22 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റുകൾ വീഴ്ത്തി. റൊമാരിയോ ഷെപ്പേർഡും മൂന്ന് വിക്കറ്റെടുത്തപ്പോൾ ഭുവനേശ്വർ കുമാർ, അഭിനന്ദൻ സിംഗ്, സുയാഷ് ശർമ എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി.
ഇന്ന് നടക്കുന്ന രണ്ടാം മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സ് കോല്‍ക്കത്ത നൈറ്റ റൈഡേഴ്സിനെ നേരിടും.
Viral
ഇന്ത്യക്കാരുടെ സിരകളിൽ ക്രിക്കറ്റ് ആവേശം അലയടിക്കുന്ന ഐപിഎൽ കാലത്ത്, ബംഗളുരു നഗരത്തിലെ ഒരു ഓട്ടോറിക്ഷാ ഡ്രൈവർ തന്റെ ടീമിനോടുള്ള സ്നേഹം പ്രകടിപ്പിച്ച വേറിട്ട രീതി ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയായിരിക്കുകയാണ്.
റോയൽ ചലഞ്ചേഴ്സ് ബംഗളുരു (ആർസിബി) എന്ന ടീമിനോട് ആരാധകർ വെച്ചുപുലർത്തുന്ന വൈകാരികമായ ബന്ധം കേവലം ഒരു മത്സരത്തിനപ്പുറം നഗരത്തിന്റെ സംസ്കാരത്തിന്റെ ഭാഗമാണെന്ന് തെളിയിക്കുന്നതായിരുന്നു ഈ സംഭവം.
പതിവ് യാത്രാ അറിയിപ്പുകൾക്ക് പകരം തന്റെ ഓട്ടോയിൽ അദ്ദേഹം പതിപ്പിച്ച ഒരു കുറിപ്പാണ് ഇന്റർനെറ്റ് ലോകം ഏറ്റെടുത്തത്. ആർസിബി ജേഴ്സി ധരിച്ചെത്തുന്ന യാത്രക്കാർക്ക് തന്റെ ഓട്ടോയിൽ സൗജന്യ യാത്ര വാഗ്ദാനം ചെയ്തുകൊണ്ട് ഈ ഡ്രൈവർ പ്രകടിപ്പിച്ച വലിയ മനസ് കായികപ്രേമികൾക്കിടയിൽ വലിയ പ്രശംസ പിടിച്ചുപറ്റി.
മഹിക ജാദവ് എന്ന യാത്രക്കാരി പങ്കുവെച്ച ഈ കുറിപ്പ് നിമിഷനേരം കൊണ്ടാണ് വൈറലായത്. 'ഈ സാല കപ്പ് നമ്മടെ' എന്ന ഉറച്ച വിശ്വാസത്തോടെ ടീമിനെ നെഞ്ചിലേറ്റുന്ന ബംഗളുരു നിവാസികളുടെ ആവേശത്തെ ഈ ചെറിയ പ്രവൃത്തി മനോഹരമായി പ്രതിഫലിപ്പിക്കുന്നു. ഇന്ത്യയിലെ സാധാരണക്കാരുടെ നിത്യജീവിതത്തിൽ ക്രിക്കറ്റ് എത്രത്തോളം സ്വാധീനം ചെലുത്തുന്നു എന്നതിന്റെ ഉത്തമ ഉദാഹരണമാണിത്.
സ്റ്റേഡിയത്തിലെ ഗാലറികളിൽ മാത്രം ഒതുങ്ങിനിൽക്കാതെ നഗരത്തിലെ തെരുവുകളിലേക്കും സാധാരണക്കാരുടെ തൊഴിലിടങ്ങളിലേക്കും കളി ആവേശം പടരുന്ന കാഴ്ചയാണിത്. വെറുമൊരു വാണിജ്യ തന്ത്രമെന്നതിലുപരി, ഒരേ ടീമിനെ സ്നേഹിക്കുന്നവർക്കിടയിലുള്ള കൂട്ടായ്മയും പരസ്പര ബഹുമാനവുമാണ് ഇവിടെ ദൃശ്യമാകുന്നത്.
ഐപിഎൽ സീസണിൽ നഗരത്തിലെ വിവിധ വ്യാപാര സ്ഥാപനങ്ങളും സേവനദാതാക്കളും ഇത്തരത്തിൽ ആരാധകർക്കായി പ്രത്യേക ആനുകൂല്യങ്ങൾ നൽകാറുണ്ടെങ്കിലും, ഒരു ഓട്ടോ ഡ്രൈവർ തന്റെ വരുമാനത്തെപ്പോലും വകവെക്കാതെ ഇത്തരമൊരു തീരുമാനമെടുത്തത് ആർസിബി ആരാധകർക്കിടയിൽ വലിയ ആവേശം സൃഷ്ടിച്ചു. കായിക വിനോദം എങ്ങനെയാണ് മനുഷ്യരെ തമ്മിൽ ബന്ധിപ്പിക്കുന്നതെന്നും ഒരു നഗരത്തിന്റെ ഐക്യത്തെ ഊട്ടിയുറപ്പിക്കുന്നതെന്നും ഈ സംഭവം ഓർമ്മിപ്പിക്കുന്നു.
Sports
ബംഗളൂരു: ഐപിഎല്‍ ട്വന്റി-20 ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ ഫ്രാഞ്ചൈസി കൈമാറ്റത്തിലൂടെ റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവിന്റെ വില്‍പ്പന നടന്നു. 2025 ഐപിഎല്‍ ചാമ്പ്യന്മാരായ ആര്‍സിബിയെ 1.78 ബില്യണ്‍ ഡോളറിനാണ് (ഏകദേശം 16,711 കോടി രൂപ) വില്‍പ്പന നടത്തിയത്.
ഇതോടെ ആര്‍സിബിയില്‍ യുണൈറ്റഡ് സ്പിരിറ്റ്സ് ലിമിറ്റഡിന്റെ (യുഎസ്എല്‍) കാലം കഴിഞ്ഞു. ഓള് കാഷ് ഡീലിലൂടെയാണ് ആര്‍സിബിയുടെ പുരുഷ-വനിതാ ടീമിനെ ആദിത്യ ബിര്‍ല, ബിഎക്സ്പിഇ എന്നിവയുടെ നേതൃത്വത്തിലുള്ള കണ്‍സോര്‍ഷ്യം സ്വന്തമാക്കിയത്.
2021ല്‍ ഐപിഎല്ലില്‍ ലക്നോ, അഹമ്മദാബാദ് ഫ്രാഞ്ചൈസികള്‍ക്കായി ബിസിസിഐ നേടിയത് 12,715 കോടി രൂപയായിരുന്നു. അതിലും ഉയര്‍ന്ന തുകയ്ക്കാണ് ആര്‍സിബിയുടെ ഡീല്‍.
പണം മുടക്കിയത് ഇവര്‍
ആദിത്യ ബിര്‍ല, ടൈംസ് ഓഫ് ഇന്ത്യ, ബോള്‍ട്ട് വെഞ്ചേഴ്സ്, ബ്ലാക്സ്റ്റോണ്സ് പ്രൈവറ്റ് ഇക്വിറ്റി സ്ട്രാറ്റജീസ് (ബിഎക്സ്പിഇ) എന്നിവരുടെ കണ്‍സോര്‍ഷ്യമാണ് റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവിനെ സ്വന്തമാക്കിയത്.
രാജസ്ഥാന് റോയല്‍സിനെ ടെക് വ്യവസായിയായ കല് സോമാനിയുടെ നേതൃത്വത്തിലുള്ള അമേരിക്കന്‍ കണ്‍സോര്‍ഷ്യം സ്വന്തമാക്കിയതിന്റെ പിന്നാലെ ബുധനാഴ്ച അര്‍ധരാത്രിയോടെയായിരുന്നു റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവിന്റെ കൈമാറ്റം പുറത്തുവന്നത്.
ഏകദേശം 15,300 കോടി രൂപയ്ക്കാണ് (1.63 ബില്യണ്‍ ഡോളര്‍) രാജസ്ഥാന് റോയല്‍സിന്റെ കൈമാറ്റം. റോയല്‍സിന്റെ റിക്കാര്‍ഡ് പിന്തള്ളിയായിരുന്നു ആര്‍സിബിയുടെ വ്യാപാരം നടന്നത്.
റോബ് വാള്‍ട്ടണ്‍ (വാള്‍മാര്‍ട്ട് കുടുംബം), ഷീല ഫോര്‍ഡ് ഹാംപ് (ഫോര്‍ഡ് കുടുംബം) എന്നിവരാണ് കല് സോമാനിയുടെ കര്സോര്ഷ്യത്തിലെ പ്രമുഖര്‍.
Sports
ബംഗളൂരു: 2025ൽ കന്നി ഐപിഎൽ കിരീടമുയർത്തിയതിന്റെ ആഘോഷരാവിൽ ജീവൻ പൊലിഞ്ഞ 11 ആരാധകരെ അനുസ്മരിക്കാനൊരുങ്ങി റോയൽ ചലഞ്ചേഴ്സ് ബംഗളൂരു.
ക്ലബ്ബിന്റെ ഹോം ഗ്രൗണ്ടായ എം . ചിന്നസ്വാമി സ്റ്റേഡിയത്തിന് പുറത്തുണ്ടായ തിക്കിലും തിരക്കിലും മരിച്ച ആരാധകരുടെ സ്മരണയ്ക്കായി 11 സീറ്റുകൾ ഒഴിച്ചിടാൻ ഫ്രാഞ്ചൈസി തീരുമാനിച്ചു. 2026 സീസണിലെ മത്സര ദിവസങ്ങളിൽ ആർസിബി താരങ്ങൾ 11-ാം നന്പർ ജഴ്സി ധരിച്ച് പരിശീലനവും നടത്തും.
2025 ജൂണ്‍ നാലിന് ആർസിബിയുടെ ആദ്യ ഐപിഎൽ കിരീട നേട്ടത്തിന് ശേഷമുള്ള ആഘോഷ പരിപാടികൾക്കിടെയുണ്ടായ തിക്കിലും തിരക്കിലുമാണ് ആരാധകർക്ക് ജീവൻ നഷ്ടമായത്. ആവശ്യമായ സുരക്ഷാ അനുമതികളില്ലാതെ ലക്ഷക്കണക്കിന് ആരാധകരെ പങ്കെടുപ്പിച്ച് നടത്തിയ ആഘോഷത്തിന് ഫ്രാഞ്ചൈസി വൻ വിമർശനം നേരിട്ടിരുന്നു.
മത്സരത്തിന് മുന്‍പുള്ള പരിശീലന സമയം 11-ാം നന്പർ ജഴ്സി ധരിക്കുന്നത് കൂടാതെ കളിക്കാർ കറുത്ത ബാഡ്ജും ധരിക്കും. ചിന്നസ്വാമി സ്റ്റേഡിയത്തിൽ എക്കാലത്തും 11 സീറ്റ് ഒഴിച്ചിടുമെന്ന് ആർസിബി വൃത്തങ്ങൾ അറിയിച്ചു.
നിലവിലെ ചാന്പ്യന്മാരായ ആർസിബി 28ന് സണ്‍റൈസേഴ്സ് ഹൈദരാബാദിനെ നേരിടുന്നതോടെയാണ് 2026 ഐപിഎൽ തുടങ്ങുക.
ചിന്നസ്വാമി സ്റ്റേഡിയത്തിലെ അഞ്ച് ഹോം മത്സരങ്ങളിൽ ആദ്യത്തേതാണിത്. ഫൈനലും ചിന്നസ്വാമിയിലാണ് അരങ്ങേറുക.
Sports
ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) ട്വന്റി-20 ക്രിക്കറ്റിൽ നിലവിലെ കിരീടധാരികളായ രജത് പാട്ടിദാർ നയിക്കുന്ന റോയൽ ചലഞ്ചേഴ്സ് ബംഗളൂരു (ആർസിബി) കിരീടം നിലനിർത്താനുള്ള മുന്നൊരുക്കത്തിലാണ്.
ഇന്ത്യയുടെ റണ്‍മെഷീൻ വിരാട് കോഹ്ലി, ദേവ്ദത്ത് പടിക്കൽ, ഫിൽ സാൾട്ട് അടങ്ങുന്ന വെടിക്കെട്ട് ബാറ്റിംഗ് നിരയ്ക്കൊപ്പം മികച്ച ഓൾ റൗണ്ടർമാർ ടീമിന്റെ മുതൽക്കൂട്ടാണ്. ബൗളിംഗ് നയിക്കുന്നത് ഭുവനേശ്വർ കുമാർ.
ഐപിഎൽ തുടങ്ങിയ സീസണ് മുതൽ ബംഗളൂരുവിനൊപ്പംനിന്ന കോഹ്ലിക്ക് കഴിഞ്ഞ വർഷമാണ് കിരീടം സ്വന്തമാക്കാനായത്. അതും യുവതാരം രജത് പാട്ടീദാറിന്റെ നായകത്വത്തിന് കീഴിൽ. എന്നാൽ, കപ്പുയർത്താൻ മുന്നിൽനിന്ന് നയിച്ചത് കോഹ്ലിയുടെ റണ്‍സ് ഒഴുക്കുന്ന ബാറ്റാണ്. ആ ബാറ്റിലാണ് ബഗളൂരുവിന്റെ ആത്മവിശ്വാസം തുളുന്പുന്നത്. ഫിൽ സാൾട്ട് വെടിക്കെട്ടിന് കേമനാണ്. ദേവദത്ത് പടിക്കലും സ്കോർ ഉയർത്തും.
ഓൾറൗണ്ടർമാരായ ടിം ഡേവിഡ്, റൊമാരിയോ ഷെഫേർഡ്, വെങ്കിടേഷ് അയ്യർ, ക്രുണാൽ പാണ്ഡ്യ എന്നിവരും വെടിക്കെട്ട് ബാറ്റിംഗിൽ കഴിവു തെളിയിച്ചവരാണ്. വിക്കറ്റ് കീപ്പറായി ഇന്ത്യൻ താരം ജിതേഷ് ശർമയ്ക്കൊപ്പം ജോർദാൻ കോക്സാണുള്ളത്.
ബെഥേൽ പവർ
ജേക്കബ് ബെഥേൽ, ലിയാം ലിവിംഗ്സ്റ്റണ് എന്നിവരും സാഹചര്യത്തിനനുസരിച്ച് കളിക്കുന്ന താരങ്ങളാണ്. തന്റെ ബാറ്റിംഗിന്റെ ചൂട് ഇന്ത്യക്കെതിരായ ട്വന്റി-20 ലോകകപ്പ് സെമിയിലെ സെഞ്ചുറിയിലൂടെ ബെഥേൽ തെളിയിച്ചു.
ഭുവനേശ്വർ കുമാർ നയിക്കുന്ന ബൗളിംഗ് നിരയും ശക്തം. ജോഷ് ഹെയ്സൽവുഡ്, ജേക്കബ് ഡഫി, യഷ് ദയാൽ, അഭിനന്ദൻ സിംഗ്, സ്വപ്നിൽ സിംഗ്, നുവാൻ തുഷാര തുടങ്ങിയവരും ബൗളിംഗിൽ കരുത്താകും. രാജസ്ഥാനിൽനിന്നുള്ള 19കാരൻ കനിഷ്ക് ചൗഹാൻ ഓഫ് ബ്രേക്ക് ബൗളിംഗുമായി ഓൾറൗണ്ട് പ്രതിഭ തെളിയിക്കാൻ അവസരം കാത്തിരിക്കുന്നു.
അതേസമയം, ടൂർണമെന്റിലെ ആദ്യ മത്സരങ്ങളിൽ ഓസീസ് പേസർ ജോഷ് ഹെയ്സൽവുഡ് കളിക്കില്ലെന്നത് തിരിച്ചടിയാണ്. പരിക്കിന്റെ പിടിയിലായ താരം വിശ്രമത്തിലാണ്. 2025 സീസണിൽ ആർസിബിയുടെ കിരീടനേട്ടത്തിൽ ഹെയ്സൽവുഡിന്റെ പേസ് ആക്രമണം നിർണായക പങ്കുവഹിച്ചിരുന്നു.
28ന് സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരേ ഉദ്ഘാടന മത്സരത്തിൽ ബംഗളൂരു സീസണിന് തുടക്കം കുറിക്കും. ആർസിബിയുടെ ഹോം ഗ്രൗണ്ടായ എം. ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് മത്സരം.
Sports
ബംഗളൂരു: 2025 ദുരന്തത്തിനുശേഷം ഐപിഎല്‍ ട്വന്റി-20ക്ക് ആതിഥേയത്വം വഹിക്കാനായി ബംഗളൂരു എം. ചിന്നസ്വാമി സ്റ്റേഡിയം തയാറെടുക്കുന്നു.
ചിന്നസ്വാമിയില്‍ മത്സരങ്ങള്‍ നടത്താന്‍ കര്‍ണാടക സര്‍ക്കാര്‍ കാബിനറ്റ് അനുമതി നല്‍കിയിരുന്നു. ഐപിഎല്ലില്‍ നിലവിലെ ചാമ്പ്യന്മാരായ, സൂപ്പര്‍ താരം വിരാട് കോഹ്ലിയുടെ ടീമായ റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവിന്റെ ഹോം ഗ്രൗണ്ടാണ് ചിന്നസ്വാമി. ടീമിന്റെ കന്നിക്കിരീട നേട്ടത്തിനുശേഷം ചിന്നസ്വാമിയില്‍ നടന്ന ആഘോഷത്തിനിടെ അനിയന്ത്രിതമായ തിക്കുംതിരക്കുമുണ്ടായതോടെ 11 പേര് കൊല്ലപ്പെട്ടിരുന്നു.
2026 ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവിന്റെ അഞ്ച് മത്സരങ്ങള്‍ ചിന്നസ്വാമിയില്‍ നടക്കുമെന്നാണ് റിപ്പോര്‍ട്ട്. ആര്‍സിബി ഒഫീഷല്സും കര്‍ണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷനും തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.
Sports
വഡോദര: വനിത പ്രീമിയർ ലീഗ് ട്വന്റി20 ക്രിക്കറ്റിൽ ബംഗളൂരു റോയൽ ചലഞ്ചേഴ്സ് അജയ്യരായി യാത്ര തുടരുന്നു.
ഗുജറാത്ത് ജയന്റ്സിനെ 61 റണ്‍സിന് പരാജയപ്പെടുത്തി തുടർച്ചയായ അഞ്ചാം ജയം സ്വന്തമാക്കി ഒന്നാം സ്ഥാനത്തത് തുടരുന്നു. ടൂർണമെന്റിൽ എല്ലാ മത്സരവും ജയിച്ച ഏക ടീമാണ് ബംഗളൂരു. സ്കോർ: ബംഗളൂരു- 20 ഓവറിൽ 178/6. ഗുജറാത്ത്- 20 ഓവറിൽ 117/8.
ആദ്യം ബാറ്റു ചെയ്ത ബംഗളൂരു ഗൗതമി നായ്ക് (73), സ്മൃതി മന്ദാന (26), റിച്ച ഘോഷ് (27) എന്നിവരുടെ മികവിലാണ് ഭേദപ്പെട്ട സ്കോർ കണ്ടെത്തിയത്. മറുപടി ബാറ്റിംഗിൽ ഗുജറാത്തിന് പൊരുതാനായില്ല.
ആഷ്ലി ഗാർഡ്നർ (54) മാത്രമാണ് ചെറുത്തുനിന്നത്. ബംഗളൂരുവിനായി സയാലി സറ്റഘാരെ മൂന്നും നദിനെ ഡി ക്ലർക് രണ്ടും വിക്കറ്റ് നേടിയപ്പോൾ ലോറൻ ബെൽ, രാധാ യാദവ്, ശ്രേയങ്ക പാട്ടീൽ എന്നിവർ ഓരോ വിക്കറ്റ് വീഴ്ത്തി.
Sports
മുംബൈ: വനിതാ പ്രീമിയർ ലീഗ് ട്വന്റി-20 ക്രിക്കറ്റിൽ റോയൽ ചലഞ്ചേഴ്സ് ബംഗളുരുവിന് ജയം. 32 റൺസിന് ഗുജറാത്ത് ജയന്റ്സിനെയാണ് ആർസിബി തോൽപ്പിച്ചത്.
സ്കോർ: ബംഗളുരു 20 ഓവറിൽ 182/7. ഗുജറാത്ത് 18.5 ഓവറിൽ 150.
ടോപ് ഓർഡർ തകർന്നപ്പോൾ രാധ യാദവ് (66), റിച്ച ഘോഷ് (44) എന്നിവരുടെ പോരാട്ടമാണ് ആർസിബിയെ മികച്ച സ്കോറിൽ എത്തിച്ചത്.
National
ബംഗളൂരു: ഐപിഎൽ വിജയാഘോഷത്തിനിടെ ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിലുണ്ടായ ആൾക്കൂട്ട ദുരന്തത്തിന്റെ ഉത്തരവാദിത്തം ആർസിബിക്കെന്ന് പോലീസ്. കർണാടക പോലീസിന്റെ സിഐഡി വിഭാഗം തയാറാക്കിയ കുറ്റപത്രത്തിലാണ് റോയൽ ചാലഞ്ചേഴ്സ് ബംഗളൂരുവിനെ പ്രതിയാക്കിയിരിക്കുന്നത്.
കർണാടക ക്രിക്കറ്റ് അസോസിയേഷനും ഈവന്റ് മേനാജ്മെന്റ് കന്പനിയായ ഡിഎൻഎക്കും കൂട്ടുത്തരവാദിത്തം ഉണ്ടെന്നും കുറ്റപത്രത്തിൽ പറയുന്നു. 2200 പേജുള്ള കുറ്റപത്രമാണ് തയാറാക്കിയിരിക്കുന്നത്.
ഇത്ര വലിയ ഒരു പരിപാടി സംഘടിപ്പിക്കുന്പോൾ സ്വീകരിക്കേണ്ട മുന്നൊരുക്കങ്ങൾ ഉണ്ടായില്ല എന്നതാണ് പ്രധാന കണ്ടെത്തൽ. യഥാസമയം പോലീസിനെ വിവരങ്ങൾ ധരിപ്പിക്കുന്നതിലും വീഴ്ചയുണ്ടായി. സ്വകാര്യ ഏജൻസിക്ക് സുരക്ഷാ ചുമതല കൈമാറിയതിലും ടിക്കറ്റ് നിരക്ക് വിവരങ്ങൾ പരസ്യപ്പെടുത്തിയതിലും പാളിച്ചയുണ്ടായി.
നൂറുകണക്കിന് ദൃക്സാക്ഷികളുടെയും പരിക്കേറ്റവരുടെ ഗേറ്റിലെ സുരക്ഷാ ജീവനക്കാരുടേയും മൊഴികളും സിസിടിവി ദൃശ്യങ്ങളും തെളിവായി ഉൾപ്പെടുത്തിയാണ് സിഐഡി വിഭാഗം കുറ്റപത്രം തയാറാക്കിയിരിക്കുന്നത്. കുറ്റപത്രം ഉടൻ കർണാടക ഹൈക്കോടതിയിൽ സമർപ്പിക്കും.