ബംഗളൂരു: 2025ൽ കന്നി ഐപിഎൽ കിരീടമുയർത്തിയതിന്റെ ആഘോഷരാവിൽ ജീവൻ പൊലിഞ്ഞ 11 ആരാധകരെ അനുസ്മരിക്കാനൊരുങ്ങി റോയൽ ചലഞ്ചേഴ്സ് ബംഗളൂരു.
ക്ലബ്ബിന്റെ ഹോം ഗ്രൗണ്ടായ എം . ചിന്നസ്വാമി സ്റ്റേഡിയത്തിന് പുറത്തുണ്ടായ തിക്കിലും തിരക്കിലും മരിച്ച ആരാധകരുടെ സ്മരണയ്ക്കായി 11 സീറ്റുകൾ ഒഴിച്ചിടാൻ ഫ്രാഞ്ചൈസി തീരുമാനിച്ചു. 2026 സീസണിലെ മത്സര ദിവസങ്ങളിൽ ആർസിബി താരങ്ങൾ 11-ാം നന്പർ ജഴ്സി ധരിച്ച് പരിശീലനവും നടത്തും.
2025 ജൂണ്‍ നാലിന് ആർസിബിയുടെ ആദ്യ ഐപിഎൽ കിരീട നേട്ടത്തിന് ശേഷമുള്ള ആഘോഷ പരിപാടികൾക്കിടെയുണ്ടായ തിക്കിലും തിരക്കിലുമാണ് ആരാധകർക്ക് ജീവൻ നഷ്ടമായത്. ആവശ്യമായ സുരക്ഷാ അനുമതികളില്ലാതെ ലക്ഷക്കണക്കിന് ആരാധകരെ പങ്കെടുപ്പിച്ച് നടത്തിയ ആഘോഷത്തിന് ഫ്രാഞ്ചൈസി വൻ വിമർശനം നേരിട്ടിരുന്നു.
മത്സരത്തിന് മുന്‍പുള്ള പരിശീലന സമയം 11-ാം നന്പർ ജഴ്സി ധരിക്കുന്നത് കൂടാതെ കളിക്കാർ കറുത്ത ബാഡ്ജും ധരിക്കും. ചിന്നസ്വാമി സ്റ്റേഡിയത്തിൽ എക്കാലത്തും 11 സീറ്റ് ഒഴിച്ചിടുമെന്ന് ആർസിബി വൃത്തങ്ങൾ അറിയിച്ചു.
നിലവിലെ ചാന്പ്യന്മാരായ ആർസിബി 28ന് സണ്‍റൈസേഴ്സ് ഹൈദരാബാദിനെ നേരിടുന്നതോടെയാണ് 2026 ഐപിഎൽ തുടങ്ങുക.
ചിന്നസ്വാമി സ്റ്റേഡിയത്തിലെ അഞ്ച് ഹോം മത്സരങ്ങളിൽ ആദ്യത്തേതാണിത്. ഫൈനലും ചിന്നസ്വാമിയിലാണ് അരങ്ങേറുക.
Tags : IPL T20 Cricket RCB Seat Chinnaswamy Stadium