ബംഗളൂരു: ചിന്നസ്വാമി സ്റ്റേഡിയത്തിലെ 240 സിസിടിവി കാമറകള്‍ തകര്‍ത്തതായി പരാതി. സംഭവത്തിൽ രണ്ട് പേരെ ബംഗളൂരു പോലീസ് ചെയ്തു. വിഷയത്തില്‍ കബ്ബണ്‍ പാര്‍ക്ക് പോലീസ് എഫ്ഐആറും രജിസ്റ്റര്‍ ചെയ്തു.
ഏപ്രില്‍ 24നു അരങ്ങേറിയ ആര്‍സിബി- ഗുജറാത്ത് ടൈറ്റന്‍സ് മത്സരത്തിനു തൊട്ടുമുന്‍പാണ് പോലീസിനു പരാതി കിട്ടിയത്. സ്റ്റേഡിയത്തിലെ 240 സിസിടിവി കാമറകളും തകര്‍ത്തതായി നിരീക്ഷണ മേല്‍നോട്ടങ്ങളുടെ ചുമതലയുള്ള സംഘമാണ് പോലീസില്‍ പരാതി നല്‍കിയത്.
മത്സരത്തിനു മുന്നോടിയായി നടത്തിയ പരിശോധനയിലാണ് ഞെട്ടിക്കുന്ന സംഭവം ശ്രദ്ധയില്‍പ്പെട്ടത്. പ്രവേശന കവാടം മുതലുള്ള കാമറകളാണ് തകര്‍ത്ത നിലയില്‍ കണ്ടെത്തിയത്. പെരിമീറ്റര്‍ സോണുകള്‍, ഡി കോര്‍പ്പറേറ്റ് സ്റ്റാന്‍ഡ്, കോണ്‍കോഴ്സുകള്‍ എന്നിവിടങ്ങളിലെല്ലാം കാമറകള്‍ തകര്‍ത്ത നിലയിലായിരുന്നു.
സംഭവത്തില്‍ ഹരിയൂര്‍ സ്വദേശിയായ മഞ്ജുനാഥ് (37), യുപി സ്വദേശി അബ്ദുല്‍ കലാം (19) എന്നിവരാണ് അറസ്റ്റിലായത്. സ്റ്റേഡിയത്തില്‍ നിരീക്ഷണ സേവനങ്ങള്‍ ചെയ്യാന്‍ കരാറെടുത്ത ഐവിഎസ് ഡിജിറ്റല്‍ സൊലൂഷന്‍സ് സ്ഥാപനത്തിന്റെ സബ് കോണ്‍ട്രാക്റ്റര്‍ക്കു കീഴിലാണ് ഇരുവരും ജോലി ചെയ്യുന്നത്. അനുമതിയില്ലാതെ അതീവ സുരക്ഷ മേഖലയായ സിസിടിവി കണ്ട്രോള് റൂമില്‍ കയറി ഇരുവരും ഉപകരണങ്ങള്‍ നശിപ്പിച്ചതായാണ് പരാതി.
പരാതി ലഭിച്ച് ഒരു മണിക്കൂറിനുള്ളില്‍ തന്നെ സ്റ്റേഡിയത്തിലെ സിസിടിവികള്‍ പ്രശ്നങ്ങള്‍ പരിഹരിച്ച് പ്രവര്‍ത്തന സജ്ജമാക്കിയെന്നു പോലീസ് വ്യക്തമാക്കി. ജീവനക്കാര്‍ക്ക് കരാര്‍ കമ്പനിയോടുള്ള വൈരാഗ്യമാണ് അതിക്രമത്തിനു പിന്നില്‍. ഉപകരണങ്ങള്‍ നശിപ്പിച്ചതിനു പിന്നില്‍ ഇരുവരുമാണെന്നു തെളിഞ്ഞതായും പോലീസ് പറയുന്നു.
പല തവണ ആവശ്യപ്പെട്ടിട്ടും ജോലി ചെയ്തതിന്റെ പണം നല്കാന് കമ്പനി അധികൃതര്‍ തയാറാകാത്തതിനാലാണ് ഉപകരണങ്ങള്‍ നശിപ്പിച്ചതെന്നു പ്രതികള്‍ മൊഴി നല്‍കിയെന്നും പോലീസ് കൂട്ടിച്ചേര്‍ത്തു.
Tags : Security Breach RCB Chinnaswamy Stadium CCTV Camera