District News
തുറവൂർ: കാലവർഷം എത്തിയിട്ടും അന്ധകാരനഴി അഴിമുഖം മുറിക്കാതെ അധികൃതർ. ഇറിഗേഷൻവകുപ്പിന്റെ കീഴിൽ കഴിഞ്ഞ രണ്ടാഴ്ചയായി അന്ധകാരനഴി ഷട്ടറിനു മുന്നിലെയും അഴിമുഖത്തെയും മണൽ നീക്കം ചെയ്യുവാനുള്ള ജോലി ആരംഭിച്ചിട്ട്.
എന്നാൽ, ഇതുവരെ പൊഴി മുറിഞ്ഞിട്ടില്ല. നാല് മണ്ണുമാന്തിയന്ത്രങ്ങളാണ് മണൽ നീക്കം ചെയ്യുന്ന ജോലികൾ ചെയ്തുവരുന്നത്. എന്നാൽ, മണ്ണുമാന്തിയന്ത്രങ്ങൾ അഴിമുഖത്തെ മണൽ വാരിക്കൂട്ടി അടുത്ത മണിക്കൂറിൽ മഴപെയ്യുമ്പോൾ വീണ്ടും ഒഴുകി തോട്ടിലെത്തുകയാണ്.
ഇവിടത്തെ പ്രവർത്തനങ്ങൾ ക്ക് മേൽനോട്ടം വഹിക്കാൻ ഒരു ഉദ്യോഗസ്ഥൻ പോലും ഇല്ലാത്ത അവസ്ഥയാണ്. അതുകൊണ്ടു തന്നെ മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് പണി ചെയ്യുന്നവർ മണ്ണുവാരിക്കളിക്കുകയാണെന്നാണ് നാട്ടുകാരുടെ സംസാരം. നൂറുകണക്കിന് ലോറി മണലാണ് ഇവിടെനിന്ന് നീക്കം ചെയ്യാൻ കിടക്കുന്നത്. ദേശീയപാതനിർമാണത്തിനായി ഇവിടത്തെ മണൽ എടുക്കാവുന്നതാണ്.
അഴിമുറിച്ച് പൊഴിയിലെ വെള്ളം കടലിലേക്ക് ഒഴുക്കിവിടാനും സാധിക്കും. നിലവിൽ മത്സ്യത്തൊഴിലാളികളുടെ എതിർപ്പിനെത്തുടർന്ന് കായലിലെ ഡ്രജിംഗ് നിർത്തിവച്ചിരിക്കുകയാണ്. അതിനാൽ ദേശീയപാത നിർമാണത്തിന് രൂക്ഷമായ മണൽക്ഷാമമാണുള്ളത്. ഇതിനു പരിഹാരമാണ് അന്ധകാരനഴി അഴിമുഖത്തെ മണൽ.
അഴിമുഖം ഉടൻ തുറക്കാത്ത പക്ഷം കാലവർഷത്തിൽ ചേർത്തല താലൂക്കിന്റെ വടക്കൻ ഭാഗത്തുള്ള വയലാർ, കടക്കരപ്പള്ളി, പട്ടണക്കാട്, തുറവൂർ, കുത്തിയതോട്, കോടംതുരുത്ത് എഴുപുന്ന പഞ്ചായത്തുകളിൽ വെള്ളപ്പൊക്കം രൂക്ഷമാകും. മുൻ വർഷങ്ങളിൽ മേയ് മാസത്തിൽ തന്നെ അഴിമുഖം തുറക്കുമായിരുന്നു.
എന്നാൽ, ഇത്തവണ തെരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടവും തെരഞ്ഞെടുപ്പിന്റെ തിരക്കും പറഞ്ഞ് യാതൊരുവിധ പ്രവർത്തനങ്ങളും നടത്തിയില്ല.
മുമ്പ് വള്ളങ്ങളിൽ മണൽ വാരൽ തൊഴിലാളികൾ വള്ളങ്ങളിൽ ഇവിടെനിന്ന് മണൽവാരി കാർഷിക ആവശ്യത്തിന് നൽകുമായിരുന്നു. എന്നാൽ, കുറച്ചുവർഷങ്ങളായി ഉദ്യോഗസ്ഥരുടെ കടുംപിടിത്തം മൂലം വള്ളങ്ങളിലുള്ള മണൽ വാരൽ നിലച്ചിരിക്കുകയാണ്. ജനുവരി മുതൽ മേയ് മാസം വരെ വള്ളങ്ങളിൽ മണൽ വാരി മാറ്റിക്കൊണ്ടിരുന്നതുകൊണ്ട് ജൂൺ മാസം കാലവർഷമെത്തുമ്പോൾ സ്വാഭാവികമായി അഴിമുഖം തുറക്കുമായിരുന്നു.
എന്നാൽ, ഇപ്പോൾ മണ്ണുമാന്തി യന്ത്രങ്ങൾ ഉപയോഗിച്ച് അഴിമുറിക്കുന്നതിലൂടെ സർക്കാരിന് ലക്ഷങ്ങളുടെ ചെലവാണ് ഉണ്ടാകുന്നത്. അന്ധകാരനഴിയിലെ പൊഴി മുറിക്കുന്നതിന്റെ പേരിൽ ലക്ഷങ്ങളുടെ അഴിമതിയാണ് ഉദ്യോഗസ്ഥർ നടത്തുന്നതെന്ന് മണൽ വാരൽതൊഴിലാളികൾ ആരോപിക്കുന്നു. വങ്ങളിൽ മണൽ വാരൽ അനുവദിച്ചാൽ സർക്കാരിന് വരുമാനവുമാകും മണൽ വാരൽതൊഴിലാളികൾക്ക് തൊഴിലുമാകും.
അടിയന്തരമായി അന്ധകാരനഴി അഴിമുഖത്തെ മണൽനീക്കി പ്രദേശത്തെ വെള്ളപ്പൊക്കത്തിൽനിന്ന് സംരക്ഷിക്കാനുള്ള നടപടി ഉണ്ടാകണമെന്ന ആവശ്യം ശക്തമാണ്.
District News
ചാരുംമൂട്: കാലവർഷം എത്തിയതോടെ വെള്ളപ്പൊക്കത്തിന്റെ ഭയപ്പാടിലാണ് നൂറനാട് പഞ്ചായത്തിലെ ആറ്റുവ നിവാസികൾ. മഴയെത്തുടർന്ന് വർഷത്തിൽ രണ്ടു പ്രാവശ്യമെങ്കിലും ആറ്റുവ മേഖലയിൽ വെള്ളം കയറാറുണ്ട്.
മൂന്നുവശവും അച്ചൻകോവിലാറിനാൽ ചുറ്റപ്പെട്ട സ്ഥലമാണ് ആറ്റുവ. ചേന്നാത്തുകടവിന്റെ ഇരുഭാഗത്തും ഭൂവസ്ത്രം വിരിച്ച ആറ്റുബണ്ട് ഒന്നരക്കിലോമീറ്റർ ദൂരത്തിൽ തൊഴിലുറപ്പു പദ്ധതിയിൽ നിർമിച്ചുവെങ്കിലും വെള്ളപ്പൊക്കത്തിനു ശാശ്വതപരിഹാരമായില്ല. അച്ചൻകോവിലാറ്റിലെ ചേന്നാത്തുകടവിൽ അമ്പതു മീറ്റർ നീളത്തിൽ സംരക്ഷണഭിത്തി കെട്ടണം. അതിനുശേഷം ചീപ്പ് നിർമിച്ച് അരീത്തോടുവഴി ആറ്റുവയിലേക്കു വെള്ളം കയറുന്നതു തടയുകയാണ് ഇതിനുള്ള ഏകപരിഹാരം. ഇതിനുവേണ്ട സത്വരനടപടികൾ ജനപ്രതിനിധികളും മേജർ ഇറിഗേഷൻവകുപ്പും സ്വീകരിക്കണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.
ആറ്റുവയിൽനിന്നുള്ള വെള്ളം മഴക്കാലത്ത് ആറ്റിലേക്ക് ഒഴുകിപ്പോകാനുള്ള തോടാണ് അരീത്തോട്. എന്നാൽ, ആറ്റിൽ വെള്ളം പൊങ്ങുമ്പോൾ ആറ്റുവയിലേക്കും ഇതുവഴിതന്നെ വെള്ളം കയറുന്നു. മഴക്കാലത്ത് കിഴക്കൻവെള്ളത്തിന്റെ ശക്തമായ വരവിൽ അച്ചൻകോവിലാറ്റിൽ വെള്ളം പൊങ്ങുമ്പോൾ ആറ്റുവയിലെ നൂറോളം വീടുകളിലാണ് വെള്ളം കയറുന്നത്. റോഡുകളിലെല്ലാം വെള്ളംകയറി ആറ്റുവ ഒറ്റപ്പെടുന്നു. കുടുംബങ്ങളെ സമീപത്തുള്ള സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിലേക്കു മാറ്റുകയാണ് ചെയ്യാറുള്ളത്.
ഓരോ വെള്ളപ്പൊക്കം കഴിയുമ്പോഴും വീടുകൾക്ക് ലക്ഷക്കണക്കിനു രൂപയുടെ അറ്റകുറ്റപ്പണികൾ ആവശ്യമായി വരുന്നതായി പ്രദേശ വാസികൾ പറയുന്നു. വീട്ടുപകരണങ്ങളും സാധനങ്ങളും നശിക്കുന്നു. വളർത്തുമൃഗങ്ങളും ദുരിതത്തിലാകുന്നു. കൃഷികൾക്കും വ്യാപകനാശമാണ് ഉണ്ടാകുന്നത്. പുരയിടങ്ങൾ ഇടിഞ്ഞ് ആറ്റിലേക്കു വീഴുന്നു. ആറ്റുവയിലേക്കു കയറുന്ന വെള്ളം രണ്ടു കിലോമീറ്റർ ദൂരത്തുള്ള മാവേലിക്കര-പന്തളം റോഡിൽ വരെ എത്താറുണ്ട്. കാലവർഷം ശക്തമാവുന്നതോടെ ഏതു നിമിഷവും ആറ്റുവ പ്രദേശം വെള്ളത്തിൽ മുങ്ങുമെന്ന ആശങ്കയിലാണ് നാട്ടുകാർ.
District News
കോട്ടയം: മൂന്നുമാസത്തോളം നീളുന്ന മണ്‍സൂണ്‍ കാലം അതിതീവ്ര മഴയും കാറ്റും കര്‍ഷകര്‍ക്കും മൃഗങ്ങള്‍ക്കും ഒരുപോലെ വെല്ലുവിളിയാണ്. കര്‍ഷകര്‍ വേണ്ടത്ര ജാഗ്രത പുലര്‍ത്തുകയും മുന്‍കരുതലുകള്‍ എടുക്കുകയും വേണമെന്ന് ജില്ലാ മൃഗസംരക്ഷണ വകുപ്പ് അറിയിച്ചു.
1. തൊഴുത്ത് റിപ്പയറിംഗ്, തൊഴുത്തിലെ ലീക്കേജ്, ചുമരിലെയും തറയിലെയും വിള്ളലുകള്‍ എന്നിവ പൂര്‍ണമായും അടച്ചു വൃത്തിയാക്കണം.
2. വെള്ളം കെട്ടിക്കിടക്കാത്ത രീതിയില്‍ തറനിരപ്പ് ശരിയാക്കണം.
3. ശുദ്ധമായ വെള്ളം ഉറപ്പുവരുത്തണം. കുടിവെള്ളത്തിനുള്ള പാത്രം വൃത്തിയായി സൂക്ഷിക്കണം.
3. കാലിത്തീറ്റ നനയാതെ വയ്ക്കുന്നതിനുള്ള സംവിധാനം കുറ്റമറ്റ രീതിയില്‍ ആണെന്ന് ഉറപ്പാക്കണം.
4. വെള്ളം നിറയ്ക്കുന്ന ടാങ്ക്, പാത്രം എന്നിവ എല്ലാ ആഴ്ചയിലും കഴുകി പൂപ്പല്‍ ഇല്ലെന്ന് ഉറപ്പാക്കണം.
5. കൃത്യമായി വിരമരുന്ന് വാക്സിനേഷന് എന്നിവ നല്‍കിയിട്ടുണ്ടോ എന്ന് ഉറപ്പാക്കുക.
6. കിടക്കുന്ന സ്ഥലം നനവില്ലാത്ത രീതിയില്‍ വരണ്ട തറ വരുന്ന രീതിയില്‍ ക്രമീകരിക്കണം.
7. തൊഴുത്തിലും പരിസരങ്ങളിലും വെള്ളം കെട്ടിക്കിടക്കുന്നില്ലെന്ന് ഉറപ്പാക്കണം. ഡ്രെയിനേജ് സംവിധാനം കുറ്റമറ്റ രീതിയിലാക്കണം.
8. ബാഹ്യപരാദങ്ങള്‍, ഈച്ച, കൊതുക് എന്നിവയുടെ സാന്നിധ്യം മഴക്കാലത്ത് ഏറെയായതിനാല്‍ ഇവ ഒഴിവാക്കുന്നതിന് തൊഴുത്തും പരിസരവും വൃത്തിയായി സൂക്ഷിക്കുക.
9. തൊഴുത്തിലെ ഇലക്ട്രിക് വയറിംഗുകള്‍ സുരക്ഷിതമാണോയെന്ന് ഉറപ്പാക്കണം.
10. മേല്‍ക്കൂരയോട് ചേര്‍ന്ന് നില്ക്കുന്ന അപകടകരമായ മരങ്ങള്‍ മുറിച്ചുനീക്കി തൊഴുത്ത് സുരക്ഷിതമാക്കണം.
11. ഇടിയും മിന്നലുമുള്ളപ്പോള്‍ മൃഗങ്ങളെ മേയാന്‍ വിടരുത്.
പ്രകൃതിക്ഷോഭങ്ങള്‍ മൂലം അപകടങ്ങള്‍ ഉണ്ടാവുകയോ മറ്റോ ചെയ്താല്‍ അടുത്തുള്ള വെറ്ററിനറി ഹോസ്പിറ്റലില്‍ അറിയിക്കണം. അടിയന്തര സന്ദര്‍ഭങ്ങളില്‍ ബന്ധപ്പെടുന്നതിന് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്ട്രോള് റൂം ജില്ലാ വെറ്ററിനറി കേന്ദ്രത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ടെന്നും ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. മാത്യു ഫിലിപ്പ് അറിയിച്ചു.
District News
ദേശീയപാതയോരത്ത് ഭീഷണിയായി വൻ മരങ്ങളും പാറക്കൂട്ടവും
മുണ്ടക്കയം ഈസ്റ്റ്: ദേശീയപാതയോരത്ത് പെരുവന്താനത്തിനും കുട്ടിക്കാനത്തിനുമിടയിൽ അപകട ഭീഷണിയുയർത്തി നിരവധി വൻ മരങ്ങളും പാറക്കൂട്ടവും. ചൊവ്വാഴ്ച രാത്രിയിൽ പുല്ലുപാറയ്ക്ക് സമീപം ഭീമൻ കല്ല് ദേശീയപാതയിലേക്ക് പതിച്ചിരുന്നു. ഈ സമയം റോഡിൽ വാഹനങ്ങൾ ഇല്ലാതിരുന്നത് വലിയ അപകടം ഒഴിവാക്കി. കഴിഞ്ഞ ആഴ്ചയിലും ഇതിന് സമീപത്തുതന്നെ മലമുകളിൽനിന്ന് ഉരുണ്ടുവന്ന ഭീമൻ കല്ല് കെഎസ്ആർടിസി ബസിന്റെ പുറകുഭാഗത്ത് ഇടിച്ച് യാത്രക്കാരനായ ഒരാൾക്ക് പരിക്കേറ്റിരുന്നു. ബസിനു സാരമായ കേടുപാടും സംഭവിച്ചിരുന്നു.
കഴിഞ്ഞ വർഷം കുട്ടിക്കാനം വളഞ്ഞങ്ങാനത്തിനു സമീപം നിർത്തിയിട്ടിരുന്ന കാറിന് മുകളിലേക്ക് മണ്ണ് ഇടിഞ്ഞുവീണ് യാത്രക്കാരി മരണപ്പെട്ടിരുന്നു. ഇത്തരത്തിൽ നിരവധി അപകടങ്ങളാണ് ഓരോ ദിവസവും പാതയുടെ ഈ ഭാഗത്ത് ഉണ്ടാകുന്നത്. ഇപ്പോഴും ഏത് നിമിഷവും റോഡിലേക്ക് പതിക്കാവുന്ന രീതിയിൽ അപകട ഭീഷണി ഉയർത്തി നിരവധി കൂറ്റൻ പാറക്കൂട്ടമാണ് പാതയുടെ വശങ്ങളിൽ നിൽക്കുന്നത്. മഴക്കാലമാകുന്നതോടെ ജീവൻ പണയംവച്ച് റോഡിലൂടെ സഞ്ചരിക്കേണ്ട ഗതികേടിലാണ് യാത്രക്കാർ.
കൂടാതെ റോഡിലേക്ക് മരം ഒടിഞ്ഞുവീണുണ്ടാകുന്ന അപകടങ്ങൾ ഏറെയാണ്. അമലഗിരിക്ക് സമീപം അപകട ഭീഷണി ഉയർത്തി റോഡിന്റെ തിട്ടയ്ക്ക് മുകളിൽ നിന്നിരുന്ന കൂറ്റൻ മരം ഉണങ്ങി സമീപത്തെ ചെറിയ മരത്തിൽ ചാരിനിൽക്കുകയാണ്. ചെറുമരത്തിന്റെ മാത്രം ബലത്തിൽ നിൽക്കുന്ന ഈ വൻമരം റോഡിലേക്ക് പതിച്ചാൽ വലിയൊരു ദുരന്തമാകും ഉണ്ടാകുക. ദേശീയപാത വിഭാഗം ഉദ്യോഗസ്ഥർ സ്ഥലത്തെത്തി മരത്തിന്റെ അപകടാവസ്ഥ ബോധ്യപ്പെട്ടിട്ടുണ്ട്.
പെരുവന്താനത്തിനും മുറിഞ്ഞപുഴയ്ക്കുമിടയിൽ പലയിടങ്ങളിലായി നിരവധി വൻമരങ്ങളാണ് പാറക്കെട്ടുകൾക്ക് മുകളിലും വേരുകളിലെ മണ്ണ് ഒലിച്ചുപോയ നിലയിലും നിൽക്കുന്നത്. നേരിയ കാറ്റോ മഴയോ ഉണ്ടായാൽ പോലും ഇവ റോഡിലേക്ക് പതിക്കാവുന്ന അവസ്ഥയിലാണ്. കഴിഞ്ഞമാസം മരുതുംമൂടിന് സമീപം പാതയോരത്ത് നിന്നിരുന്ന ഭീമൻ മരം കടപുഴകി സമീപത്തെ എസ്റ്റേറ്റിലേക്ക് മറിഞ്ഞിരുന്നു. ദേശീയപാതയിലേക്ക് മരം വീഴാതിരുന്നത് വലിയ ദുരന്തമാണ് ഒഴിവാക്കിയത്.
മഴക്കാലത്ത് മൂടൽമഞ്ഞ് ഇറങ്ങുന്നതോടെ ഹൈറേഞ്ച് പാതയിലൂടെയുള്ള യാത്ര അതീവ ദുഷ്കരമാകും. റോഡിലേക്ക് പതിക്കാവുന്ന രീതിയിൽ അപകട ഭീഷണി ഉയർത്തി നിൽക്കുന്ന മരങ്ങളും പാറക്കൂട്ടങ്ങളും അടിയന്തരമായി നീക്കുവാൻ അധികാരികൾ തയാറാകണമെന്ന ആവശ്യമാണ് ശക്തമാകുന്നത്.
സ്കൂൾ തുറന്നിട്ടും റോഡിലെ വരകള്‍ മങ്ങിത്തന്നെ
കോട്ടയം: സംസ്ഥാനത്ത് സ്കൂളുകളില്‍ ക്ലാസുകള്‍ ആരംഭിച്ചെങ്കിലും റോഡിലെ സുരക്ഷ ഇപ്പോഴും അകലെത്തന്നെ. പുതിയ അധ്യയനവര്‍ഷം ആരംഭിച്ചതോടെ റോഡ് സുരക്ഷയെക്കുറിച്ചാണ് ചര്‍ച്ചകള്‍. റോഡു മുറിച്ചുകടക്കുമ്പോള്‍ കുട്ടികള്‍ വാഹനമിടിച്ച് അപകടത്തില്‍പ്പെടുന്ന സംഭവങ്ങള്‍ ഉള്‍പ്പെടെ മുൻകാലത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മതിയായ സുരക്ഷാസംവിധാനങ്ങള്‍ പൊതുനിരത്തില്‍ ഇത്തവണ ഒരുങ്ങിയിട്ടില്ല.
മാഞ്ഞുപോയ സീബ്രാ ലൈനുകൾ പലതും അതേപടിയാണ്. ജില്ലയിലെ പ്രധാന സ്കൂളുകള്‍ക്കു മുന്നിലെ കാഴ്ചയും വ്യത്യസ്തമല്ല. സ്കൂളുകള്‍ക്ക് മുന്നില്‍ പോലീസ് ഡ്യൂട്ടിയിലുണ്ടെങ്കിലും ക്രോസിംഗ് ലൈന്‍ നോക്കിയാണ് വിദ്യാര്‍ഥികള്‍ റോഡു മുറിച്ചുകടക്കുന്നത്. വാഹനം വന്നാലും സീബ്രാ ലൈന്‍ കാണുമ്പോള്‍ നിര്‍ത്തുമല്ലോ എന്ന പ്രതീക്ഷയിലാണ് വിദ്യാര്‍ഥികള്‍. എന്നാല്‍ ഇത്തവണ സ്കൂള്‍ അടച്ചപ്പോള്‍ മാഞ്ഞ വരകള്‍ അതേപോലെ തന്നെയാണ്.
സ്കൂള്‍ തുറക്കലിന് മുന്നോടിയായി വരകളെല്ലാം തെളിച്ച് വരയ്ക്കണമെന്നിരിക്കെയാണ് അധികൃതരുടെ അനാസ്ഥ. സര്‍ക്കാര്‍ മാറിയതും അപ്രതീക്ഷിതമായെത്തിയ മഴയും മൂലമാണ് വരകൾ തെളിക്കാന്‍ വിട്ടുപോയതെന്നാണ് അധികൃതരുടെ വാദം. എന്നാല്‍ സ്കൂള്‍ തുറക്കുന്നതിന് മുന്നോടിയായി ഇതെല്ലാം പൂര്‍ത്തിയാക്കണമെന്ന് വിദ്യാഭ്യാസ വകുപ്പും നിര്‍ദേശം നല്‍കിയിരുന്നു.
എംസി റോഡ് അത്ര സെയ്ഫല്ല...
കോട്ടയം: എംസി റോഡിലൂടെയുള്ള വാഹനയാത്ര സുഗമമാണെങ്കിലും അത്ര സുരക്ഷിതമല്ലെന്നാണ് സമീപകാല സംഭവങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നത്. അപകടങ്ങള്‍ പതിവായിരിക്കുകയാണ്. കഴിഞ്ഞ ദിവസം അടിച്ചിറയിലുണ്ടായ കാറപകടത്തില്‍ ഒരാളുടെ ജീവന് നഷ്ടമായിരുന്നു.
അപകടങ്ങള്‍ തുടര്‍ക്കഥയാകുന്ന പശ്ചാത്തലത്തില്‍ റോഡിലെ ബ്ലാക്ക് സ്പോട്ടുകള്‍ കണ്ടെത്തി പരിഹാരമാര്‍ഗങ്ങള്‍ സ്വീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചെങ്കിലും താത്കാലിക മുന്നറിയിപ്പ് ബോര്‍ഡുകള്‍ മാത്രം സ്ഥാപിച്ച് കൈയൊഴിയുന്ന സമീപനമാണ് ഉണ്ടായത്. നാറ്റ്പാക് സംഘം പരിശോധന നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചെങ്കിലും ഇതുവരെ സിഗ്നല്‍ ലൈറ്റുകളും സ്പീഡ് ബ്രേക്കറുകളും സ്ഥാപിക്കാനായില്ല.
റോഡിന്റെ മിനുസക്കൂടുതല്‍ കാരണം വാഹനങ്ങള്‍ക്ക് ബ്രേക്ക് കിട്ടാതെ വരുന്നതാണ് പലപ്പോഴും അപകടത്തിനിടയാക്കുന്നതെന്നാണ് പറയുന്നത്. മഴക്കാലമായതോടെ വാഹനങ്ങള്‍ റോഡില്‍നിന്നു തെന്നിമാറുന്ന സംഭവങ്ങളുമുണ്ടായിട്ടുണ്ട്. പട്ടിത്താനം മുതല്‍ പുതുവേലി വരെയുള്ള വളവുകളും അപകടസാധ്യത വര്‍ധിപ്പിക്കുന്നു. തുരുത്തി, നാട്ടകം, കുമാരനല്ലൂര്‍, കുറവിലങ്ങാട്, വെമ്പള്ളി, പട്ടിത്താനം, മോനിപ്പള്ളി, ആച്ചിക്കല്‍ ഭാഗങ്ങളിലും അപകടം പതിവാണ്. ഈ മേഖലകളില്‍ പലപ്പോഴും അശ്രദ്ധമായാണ് ഡ്രൈവിംഗ്. മൂന്ന് മാസത്തിനിടെ 15 ലേറെ അപകടങ്ങളാണ് നടന്നത്.
District News
മലപ്പുറം: ദുരന്തനിവാരണ പ്രവർത്തനങ്ങളുടെ ഭാഗമായി ജില്ലയിലെ എല്ലാ താലൂക്കുകളിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന കണ്ട്രോൾ റൂമുകൾ തുറക്കാനും ഉദ്യോഗസ്ഥർക്ക് പരിശീലനം നൽകാനും തീരുമാനം.
ജില്ലാതല നോഡൽ ഓഫീസറെ നാളെ നിയമിക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ജൂണ്‍ മുതൽ ഡിസംബർ വരെ 24 മണിക്കൂർ പ്രവർത്തിക്കുന്ന കണ്ട്രോൾ റൂമുകൾ സജ്ജീകരിക്കാനും നിർദേശമുണ്ട്.
കടത്തിണ്ണകളിലും ബസ് സ്റ്റാൻഡുകളിലും അന്തിയുറങ്ങുന്നവർക്ക് മഴക്കാലത്ത് രാത്രികളിൽ സുരക്ഷിതമായി താമസിക്കുവാനും ഭക്ഷണം ലഭിക്കാനും വേണ്ട സംവിധാനം ഒരുക്കുക, ഓടകൾ, നീർച്ചാലുകൾ എന്നിവയിലെ തടസങ്ങൾ പരിശോധിക്കുക, സ്വകാര്യ ഭൂമിയിലെ അപകടകരമായ മരച്ചില്ലകളും മരങ്ങളും മുറിച്ചുമാറ്റുക, ഓടകൾ വൃത്തിയാക്കാതിരിക്കുകയോ സ്ലാബുകൾ തകരുകയോ ചെയ്തിട്ടുള്ള സ്ഥലങ്ങളിൽ അറ്റകുറ്റപ്പണികൾ അടിയന്തരമായി പൂർത്തിയാക്കി നടപ്പാതകൾ സുരക്ഷിതമാക്കുക, മലയോരമേഖലകളിൽ രാത്രിയാത്രയും തീരദേശങ്ങളിൽ വിനോദസഞ്ചാരവും ഒഴിവാക്കുക എന്നിവയാണ് മറ്റ് നിർദേശങ്ങൾ.
മഴക്കാല രോഗങ്ങൾക്ക് ആവശ്യമായ മരുന്നുകൾ എല്ലാ സർക്കാർ ആശുപത്രികളിലും ലഭ്യമാക്കുക, പ്രളയവും മണ്ണിടിച്ചിലും ബാധിക്കാൻ സാധ്യതയുള്ള ആരോഗ്യ കേന്ദ്രങ്ങളിലെ അടിയന്തരമായി മാറ്റേണ്ട ഉപകരണങ്ങൾ ലിസ്റ്റ് ചെയ്ത് മാറ്റാൻ സുരക്ഷിത സ്ഥലങ്ങൾ കണ്ടെത്തുക, കടൽഭിത്തികളിലെ കേടുപാടുകൾ അടിയന്തരമായി പരിശോധിക്കുക, വൈദ്യുതി ബന്ധത്തിൽ തകരാറുകൾ പരിഹരിക്കുന്നതിനായി ടാസ്ക് ഫോഴ്സുകൾ സജ്ജമാക്കുക തുടങ്ങിയ നിർദേശങ്ങളും നടപ്പാക്കും.
ജില്ലാ ദുരന്തനിവാരണ അഥോറിറ്റിയുടെ നേതൃത്വത്തിൽ വിവിധ വകുപ്പുകളുടെ ഏകോപന യോഗത്തിൽ എഡിഎം സി.എസ്. രാജേഷ് അധ്യക്ഷത വഹിച്ചു. ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടർ ജയശ്രീ എസ്. വാരിയർ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
ഫിറ്റ്നസ് ഉറപ്പുവരുത്തും
എല്ലാ സ്കൂളുകളുടെയും ആശുപത്രികളുടെയും ഫിറ്റ്നസ് പരിശോധന ഉറപ്പുവരുത്താനും സ്കൂൾ ബസുകളും കുട്ടികളെ കൊണ്ടുപോകുന്ന മറ്റു സ്വകാര്യ വാഹനങ്ങളും ഫിറ്റ്നസ് പരിശോധിച്ച് സർട്ടിഫിക്കറ്റ് ലഭ്യമാക്കണമെന്നും കർശനനിർദേശം.
ഉരുൾപൊട്ടൽ, വെള്ളപ്പൊക്കം എന്നിവയ്ക്ക് സാധ്യതയുള്ള പ്രദേശങ്ങളിലെ സ്കൂളുകളിൽ ബോധവത്ക്കരണ പരിപാടികൾ നടത്തണം. മഴക്കാലത്ത് ക്വാറികൾ നിരന്തര പരിശോധനയ്ക്ക് വിധേയമാക്കണം.
മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ മണ്ണിടിച്ചിൽ എന്നിവ ഉണ്ടാക്കാൻ സാധ്യതയുള്ള വില്ലേജുകളിൽ പരിശോധന നടത്തണം. സ്കൂളുകളിലേക്കുള്ള വഴികളിലും പരിസരങ്ങളിലും അപകടാവസ്ഥയിലുള്ള വൈദ്യുതി പോസ്റ്റുകളും കന്പികളും ഉടൻ ഒഴിവാക്കണം.മലവെള്ളപ്പാച്ചിലിൽ ഉണ്ടാകാൻ സാധ്യതയുള്ള ജലാശയങ്ങളിൽ സുരക്ഷാ മുന്നറിയിപ്പ് നൽകാൻ ആവശ്യമായ സംവിധാനങ്ങൾ ഒരുക്കണം.
മറ്റ് നിർദേശങ്ങൾ
മഴക്കാലത്ത് എല്ലാ പോലീസ് ഉദ്യോഗസ്ഥർക്കും മഴക്കോട്ട്, വ്യക്തിഗത സുരക്ഷാ കിറ്റ് എന്നിവ നൽകുക, വനത്തിനുള്ളിൽ താമസിക്കുന്ന തദ്ദേശീയരെ ആവശ്യമായാൽ മാറ്റിത്താമസിപ്പിക്കാൻ അനുയോജ്യമായ ഇടങ്ങൾ ഒരുക്കും.
മാത്രമല്ല നെറ്റ്വർക്കുകൾ ലഭ്യമല്ലാത്തതും ഒറ്റപ്പെട്ടു പോകാൻ സാധ്യതയുള്ളതുമായ വാസസ്ഥലങ്ങൾ ലിസ്റ്റ് ചെയ്ത് താത്കാലികമായി മാറ്റി താമസിപ്പിക്കുക, ദുരന്തസാധ്യത പ്രദേശങ്ങളിലെ അന്യസംസ്ഥാന തൊഴിലാളികളുടെ ലിസ്റ്റ് തയാറാക്കി താത്ക്കാലികമായി മാറ്റിത്താമസിപ്പിക്കുക തുടങ്ങിയവ നടപ്പാക്കും.
Health
മഴക്കാലത്താണ് വയറിളക്ക രോഗങ്ങൾ, മഞ്ഞപ്പിത്തം എന്നിവ പടർന്നുപിടിക്കാറുള്ളത്. പലരും ഈ പ്രശ്നങ്ങൾ നിസാരമായാണ് കൈകാര്യം ചെയ്യാറുള്ളത്.
അതിന്റെ ഭാഗമായി മരുന്നുകടയിൽ പോയി രോഗവിവരം പറഞ്ഞ് മരുന്നുകൾ വാങ്ങി കഴിക്കുകയാണു ചെയ്യാറുള്ളത്.
ഈ സ്വഭാവമാണ് പലപ്പോഴും രോഗങ്ങൾ സങ്കീർണമാകാനും ഗുരുതരാവസ്ഥയിൽ എത്തിയ ശേഷം ചികിത്സ തേടാനും കാരണമായി മാറാറുള്ളത്.
ശ്വാസകോശ രോഗങ്ങളും സന്ധിവാത രോഗങ്ങളും ഉള്ളവരിൽ പലർക്കും മഴക്കാലം ദുരിതങ്ങൾ നിറഞ്ഞതായിരിക്കും.
മുൻകരുതൽ...
അൽപം ശ്രദ്ധിക്കുകയാണെങ്കിൽ മഴക്കാല രോഗങ്ങളെ അകറ്റി നിർത്താൻ കഴിയും. മഴക്കാല രോഗങ്ങളില്‍ മുന്നില്‍ നില്ക്കുന്ന വൈറല്‍ പനികളില്‍ ചികിത്സാനന്തര ദൂഷ്യഫലങ്ങളുണ്ടാക്കുന്ന മരുന്നുകള്‍ ഉപയോഗിക്കേണ്ട ആവശ്യമില്ല.
ആഹാരക്രമീകരണം, ലളിതവും സുരക്ഷിതവുമായ മരുന്നുകള്‍, വിശ്രമം എന്നിവയിലൂടെ തന്നെ ഇതൊക്കെ സുഖപ്പെടുത്താന്‍ കഴിയുമെന്നാണു വൈദ്യശാസ്ത്രം പറയുന്നത്.
• കുടിവെള്ളം നന്നായി തിളപ്പിച്ചതായിരിക്കണം. ഇഞ്ചിയോ മഞ്ഞളോ ചതച്ചിട്ട് തിളപ്പിച്ച വെള്ളമായിരിക്കും ഗുണപ്രദം.
• ആഹാരവും വെള്ളവും ചൂടോടെ മാത്രം കഴിക്കണം
• ആഹാരം തുറന്നുവയ്ക്കരുത്.
• വ്യക്തിശുചിത്വം പാലിക്കാൻ ശ്രദ്ധിക്കുക.
• ടവലുകൾ, അടുക്കളയിൽ ഉപയോഗിക്കുന്ന തുണി, തവി, സ്പൂൺ, പാത്രങ്ങൾ... ഓരോ പ്രാവശ്യം ഉപയോഗിച്ച ശേഷവും സോപ്പ് ഉപയോഗിച്ച് കഴുകണം.
• പുറത്തുനിന്നുള്ള ആഹാരങ്ങൾ ഒഴിവാക്കുക, പ്രത്യേകിച്ച് കൊണ്ടുനടന്നു തുറന്നുവച്ച് വൃത്തിഹീന സാഹചര്യങ്ങളിൽ വിൽക്കുന്നവ.
• ആഹാരം കഴിക്കുന്നതിനു മുൻപ് കൈകൾ സോപ്പുപയോഗിച്ച് കഴുകണം.
• രാത്രി ഉറങ്ങാൻ കിടക്കുമ്പോൾ നന്നായി പുതയ്ക്കണം.
• തണുപ്പുള്ള പ്രതലത്തിലോ തറയിലോ കിടക്കരുത്.
• കഴിയുന്നത്ര മഴ നനയാതെ സൂക്ഷിക്കുക
• അമിതമായി അധ്വാനിക്കാതിരിക്കുക
• സന്ധികളിൽ വേദന അനുഭവപ്പെടുകയാണെങ്കിൽ ചൂട് പിടിക്കുക.
• കുളി കഴിഞ്ഞ ഉടനെ ഒരു ഗ്ലാസ് ചൂടുവെള്ളം കുടിക്കുക.
• കുളിക്കുമ്പോൾ സോപ്പ് കഴുകിക്കളഞ്ഞ് തോർത്തുന്നതിന് മുൻപ് ഒരു ബക്കറ്റ് വെള്ളത്തിൽ രണ്ട് ടേബിൾ സ്പൂൺ ഉപ്പ് ചേർത്ത് ശരീരത്തിൽ ഒഴിക്കുക.
• ആഹാരം കഴിഞ്ഞ ഉടനെ പല്ല് തേച്ച് ഒരു ഗ്ലാസ് ചൂടുവെള്ളത്തിൽ ഒരു കല്ല് ഉപ്പ് ചേർത്ത് കവിൾകൊള്ളുക.
• മാനസിക സംഘർഷം ഒഴിവാക്കുക.
വിവരങ്ങൾക്കു കടപ്പാട്: ഡോ. എം. പി. മണി
തൂലിക, കൂനത്തറ, ഷൊറണൂർ ഫോൺ - 9846073393.
Health
പകരുന്ന ഒരു രോഗമായി മഴക്കാലത്തു കൂടുതൽ പേരെ ബാധിച്ചു കാണാറുള്ളത് എ, ഇ എന്നീ വൈറസുകൾ ഉണ്ടാക്കുന്ന മഞ്ഞപ്പിത്തമാണ്.
വിശ്രമം, ആഹാരം, മരുന്ന്
പൂർണമായും വിശ്രമിക്കുക എന്നതാണ് ചികിത്സയുടെ പ്രഥമവും പ്രധാനവുമായ ഭാഗം. നല്ലപോലെ വെള്ളം കുടിക്കണം. ഇഞ്ചി ചതച്ചിട്ട് തിളപ്പിച്ച വെള്ളം ചെറുചൂടോടെ കുടിക്കുന്നതു നല്ലതാണ്.
ഡോക്ടറുടെ നിർദേശമനുസരിച്ച് ആഹാരത്തിൽ ക്രമീകരണങ്ങൾ വരുത്തണം. ഡോക്ടർ പറയുന്നതനുസരിച്ചു മാത്രമേ മരുന്നുകൾ കഴിക്കാവൂ.
ചികിത്സ
രോഗം ബാധിച്ച് ആദ്യത്തെ ഒരാഴ്ച രോഗാവസ്ഥ മുന്നോട്ടുമാത്രം സഞ്ചരിച്ചുകൊണ്ടിരിക്കുന്നു എന്നത് മഞ്ഞപ്പിത്തത്തിൽ കാണാൻ കഴിയുന്ന ഒരു പ്രത്യേകതയാണ്.
ഈ ഒരാഴ്ച കരളിലെ കൂടുതൽ കോശങ്ങൾക്കു നാശം സംഭവിക്കും. അതിന്റെ ഫലമായി രോഗാവസ്ഥ കൂടുന്നതായി അനുഭവപ്പെടും. ഈ സമയം ചികിത്സയിൽ ഏറ്റവും പ്രധാനപ്പെട്ടതാണ്.
അശാസ്ത്രീയ ചികിത്സയിലൂടെ പലരിലും രോഗാവസ്ഥ ഗുരുതരമാകാറുള്ളതും മരണം വരെ സംഭവിക്കാറുള്ളതും ഈ ഒരാഴ്ചക്കാലത്ത് സംഭവിക്കുന്ന അശ്രദ്ധകളുടെ അനന്തര ഫലമായിരിക്കും.
ഏറ്റവും പുതിയ അറിവുകൾ അനുസരിച്ച് മുന്നോട്ടു പോകുകയാണെങ്കിൽ മഞ്ഞപ്പിത്തം ആർക്കും ഒരു പ്രശ്നവും ഉണ്ടാക്കുകയില്ല.
സ്ഥിരം മദ്യപാനികളിൽ...
സങ്കീർണ അവസ്ഥകൾ ഉണ്ടാകാനുള്ള സാധ്യത കാണാറുള്ളത് കരളിൽ എന്തെങ്കിലും രോഗം ഉണ്ടായിട്ടുള്ളവരിലും സ്ഥിരമായി മദ്യം കുടിക്കുന്നവരിലുമാണ്.
ശുചിത്വം പാലിക്കുക, വൃത്തിയായി ജീവിക്കുക
നല്ല ആരോഗ്യശീലങ്ങൾ പഠിക്കുകയും അതനുസരിച്ചു ജീവിക്കുകയും ചെയ്യുക എന്നതാണു പകർച്ച വ്യാധികൾ വരാതിരിക്കാൻ പ്രധാനമായി ശ്രദ്ധിക്കേണ്ടത്.
ജലദോഷം, പനി, ചുമ
മഴക്കാലത്ത് ഏറ്റവും കൂടുതലായി ഏറ്റവും കൂടുതൽ പേരിൽ കാണാറുള്ള പ്രശ്നം ജലദോഷവും പനിയും ചുമയുമാണ്. അന്തരീക്ഷത്തിലെ താപനിലയിൽ പെട്ടെന്ന് സംഭവിക്കുന്ന മാറ്റമാണ് ഇങ്ങനെ സംഭവിക്കുന്നതിന് കാരണമാകുന്നത്.
കൊതുകും ഡെങ്കിയും
നാട്ടിൽ മതിലുകൾ കൂടിവരുന്നതു കാരണം മഴവെള്ളം പഴയകാലത്തെ പോലെ പൂർണമായി ഒഴുകിപ്പോകുന്നില്ല.
വെള്ളം കെട്ടി നിൽക്കുന്ന സ്ഥലങ്ങളിൽ കൊതുകുകൾ ധാരാളം ഉണ്ടാകുന്നു. കൊതുകുകളാണ് മഴക്കാലത്ത് ഡെങ്കിപ്പനിക്ക് കാരണമാകുന്നത്.
വിവരങ്ങൾക്കു കടപ്പാട്: ഡോ. എം. പി. മണി
തൂലിക, കൂനത്തറ, ഷൊറണൂർ ഫോൺ - 9846073393.
Health
ജലദോഷം മുതൽ മഞ്ഞപ്പിത്തം വരെ...
മഴക്കാല രോഗങ്ങളിൽ പ്രധാനപ്പെട്ടതും സ്ത്രീ പുരുഷ ഭേദമില്ലാതെ ഏതു പ്രായത്തിലുള്ളവരെയും ബാധിക്കുന്ന ആരോഗ്യ പ്രശ്നമാണ് ജലദോഷം. തുടർച്ചയായ തുമ്മൽ, തൊണ്ടവേദന, പനി എന്നിവയാണ് ജലദോഷത്തോട് അനുബന്ധിച്ചുണ്ടാകുന്ന പ്രധാന അസ്വസ്ഥതകൾ.
ഇഞ്ചിയിട്ടു തിളപ്പിച്ച കുടിവെള്ളം
കുറച്ചുകൊല്ലങ്ങളായി മഴക്കാലം കേരളത്തിലെ ജനങ്ങൾക്ക് മഴക്കാല രോഗങ്ങളും അവയുടെ ദുരിതങ്ങളും നിറഞ്ഞതായി മാറിയിരിക്കുന്നു. പകർച്ചപ്പനികൾ ഓരോ കൊല്ലവും ഓരോ പുതിയ പേരിലാണ് ഇവിടെ പതിവായി വിരുന്നുവരുന്നത്.
മഞ്ഞപ്പിത്തം
മഞ്ഞപ്പിത്തം എല്ലാ മഴക്കാലത്തും പതിവുതെറ്റാതെ വന്ന് കുറേയേറെ പേരെ കണ്ട് സൗഹൃദം കൂടാറുണ്ട്! മൂത്രത്തിന് മഞ്ഞനിറം കാണുന്നതാണ് മഞ്ഞപ്പിത്തത്തിന്റെ പ്രഥമ ലക്ഷണം. കണ്ണിലെ വെളുത്ത ഭാഗത്തും നാവിന്റെ അടിയിലും ചർമത്തിലുമെല്ലാം മഞ്ഞനിറം എത്തുന്നതാണ്.
കരളിനെ ബാധിക്കുന്ന കാൻസർ അടക്കമുള്ള ചില രോഗങ്ങൾ, പിത്തസഞ്ചിയിലുണ്ടാകുന്ന പ്രശ്നങ്ങൾ, പിത്തനീരിന്റെ സഞ്ചാര വഴിയിലുണ്ടാകുന്ന തടസം എന്നീ വിഷയങ്ങളിലും മഞ്ഞപ്പിത്ത ലക്ഷണങ്ങൾ ആയിരിക്കും അനുഭവപ്പെടുന്നത്.
മഞ്ഞനിറം കരളിൽ അണുബാധയുടെ ഫലമായി ഉണ്ടാകുന്നതാണ്. ഈ അവസ്ഥയെയാണ് മഞ്ഞപ്പിത്തം എന്ന് പറയുന്നത്.
ഏറെയും വൈറസ് രോഗങ്ങൾ
വൈറസ്, ബാക്ടീരിയ, അമീബ, ഫംഗസ് തുടങ്ങി പല രോഗാണുക്കളും കരളിനെ ബാധിക്കുന്നതാണ്. എന്നാൽ, ഏറ്റവും കൂടുതൽ പേരിൽ ഏറ്റവും കൂടുതലായി ബാധിക്കുന്നത് വൈറസുകളാണ്.
ഹെപ്പറ്റൈറ്റിസ് എ, ബി, സി, ഡി, ഇ എന്നീ വൈറസുകളാണ് അവയിൽ പ്രധാനപ്പെട്ടവ. വെള്ളം, ആഹാരം എന്നിവയിലൂടെ ശരീരത്തിൽ എത്തുന്ന വൈറസുകളാണ് ഏ യും ഇ യും. ബി, സി, ഡി എന്നിവ രക്തത്തിലൂടെയും.
വിവരങ്ങൾക്കു കടപ്പാട്: ഡോ. എം. പി. മണി
തൂലിക, കൂനത്തറ, ഷൊറണൂർ ഫോൺ - 9846073393.
Kerala
തിരുവനന്തപുരം: വേനൽമഴ കരുത്താർജിച്ചതിനു പിന്നാലെ സംസ്ഥാനത്ത് പകൽച്ചൂട് കുറഞ്ഞുതുടങ്ങി. കൊടുംചൂടിൽ വിയർത്ത പാലക്കാട് ഉൾപ്പെടെയുള്ള ജില്ലകളിൽ വേനൽ മഴ ശക്തിപ്പെട്ടതോടെ കൂടിയ പകൽ താപനില ശരാശരിയിലേക്കു താഴ്ന്നു.
ഇന്നലെ സംസ്ഥാനത്ത് രേഖപ്പെടുത്തിയ ഏറ്റവും കൂടിയ ചൂട് പാലക്കാട്ടും കൊച്ചിയിലുമാണ്; 34.9 ഡിഗ്രി സെൽഷസ്. കൊല്ലം, കണ്ണൂർ, കോഴിക്കോട്, തിരുവനന്തപുരം ഉൾപ്പെടെയുള്ള മിക്ക ജില്ലകളിലും ചൂടിലും കാര്യമായ കുറവുണ്ടായതായി കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.
ദിവസങ്ങളായി തുടരുന്ന വേനൽ മഴ ശക്തിപ്പെട്ടതോടെയാണു പകൽച്ചൂടിൽ തീച്ചൂളയായി മാറിയ സംസ്ഥാനം തണുത്തു തുടങ്ങിയത്. വരുംദിവസങ്ങളിലും വേനൽമഴ ശക്തിയായി തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം വ്യക്തമാക്കുന്നത്.
ഒറ്റപ്പെട്ട പ്രദേശങ്ങളിൽ കനത്ത മഴയ്ക്കൊപ്പം ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. 10 ജില്ലകളിൽ വിവിധ ദിവസങ്ങളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പു, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ ഇന്നും നാളെയും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ തിങ്കളാഴ്ചയും എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ചൊവ്വാഴ്ചയും യെല്ലോ അലർട്ട് പ്രഖ്യാപിച്ചതായി കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.
ഇന്നും നാളെയും കേരള, ലക്ഷദ്വീപ് തീരത്ത് മത്സ്യബന്ധനത്തിനും വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.