കാഞ്ഞിരപ്പള്ളി: മഴക്കാലമെത്തിയതോടെ ഈ വർഷവും പതിവു തെറ്റിക്കാതെ കാഞ്ഞിരപ്പള്ളി ബസ് സ്റ്റാന്‍ഡിലെ കംഫര്‍ട്ട് സ്റ്റേഷന് അടച്ചുപൂട്ടി. മലിനജലം പുറത്തേക്കൊഴുകാൻ തുടങ്ങിയതോടെയാണ് കംഫർട്ട് സ്റ്റേഷൻ അടച്ചു പൂട്ടിയത്.
മലിന ജലം സ്റ്റാന്‍ഡിലൂടെ
2010ല്‍ 25 വര്‍ഷത്തേക്ക് ബിഒടി അടിസ്ഥാനത്തില്‍ നിര്‍മിച്ച കംഫര്‍ട്ട് സ്റ്റേഷനാണ് മതിയായ സെപ്റ്റിക് ടാങ്കുകള്‍ ഇല്ലാത്തത്. മഴ ശക്തമാകുന്പോൾ സെപ്റ്റിക് ടാങ്ക് നിറഞ്ഞ് ബസ് സ്റ്റാന്‍ഡിലൂടെ മലിന ജലം ഒഴുകി ദുര്‍ഗന്ധം വമിച്ചു തുടങ്ങും. ഇതോടെ കംഫർട്ട് സ്റ്റേഷൻ പൂട്ടും. വർഷങ്ങളായുള്ള ഈ പ്രശ്നത്തിന് ശാശ്വത പരിഹാരം കാണാൻ മാറി മാറി വരുന്ന പഞ്ചായത്ത് ഭരണസമിതികൾക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. പ്രതിഷേധം ശക്തമാകുന്പോൾ പ്രശ്നപരിഹാരത്തിന് പദ്ധതി തയാറാക്കിയിട്ടുണ്ടെന്നും തുക വകയിരുത്തിയിട്ടുണ്ടെന്നുമുള്ള സ്ഥിരം മറുപടിയാണ് വർഷങ്ങളായി അധികൃതരുടെ ഭാഗത്തു നിന്ന് ഉയരുന്നത്.
യാത്രക്കാർ ദുരിതത്തിൽ
ദിവസേന മുന്നൂറിലധികം ബസുകള്‍ കടന്നു പോകുന്ന സ്റ്റാന്‍ഡിലെത്തുന്ന വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ള യാത്രക്കാര്‍ക്കും ബസ് ജീവനക്കാര്‍ക്കും പ്രാഥമികാവശ്യങ്ങള്‍ക്ക് മറ്റ് മാര്‍ഗങ്ങളിലാത്ത അവസ്ഥയാണ്. സ്ത്രീകളാണ് ഏറ്റവും കൂടുതൽ ദുരിതം അനുഭവിക്കുന്നത്. പുരുഷൻമാരാകട്ടെ കംഫർട്ട് സ്റ്റേഷന്റെ പുറത്ത് തന്നെ ശങ്ക തീർക്കുന്ന സ്ഥിതിയാണ്.
കംഫര്‍ട്ട് സ്റ്റേഷന് സ്ഥിതി ചെയ്യുന്ന ഭാഗത്തെ ഉറവയാണ് പുതിയ മാലിന്യക്കുഴി നിര്‍മിക്കുന്നതിന് തടസമായി നില്‍ക്കുന്നതെന്ന് പഞ്ചായത്ത് അധികൃതര്‍ പറയുന്നു. പര്യാപ്തമായ സെപ്റ്റിക് ടാങ്കും സോക്പിറ്റും ഇല്ലാത്തതാണ് പ്രധാന കാരണം. കൂടാതെ മഴക്കാലത്ത് മണ്ണിനടിയില്‍ ഉറവയും ഉണ്ടാകുന്നതോടെ ടാങ്ക് നിറഞ്ഞ് ജലം പുറത്തേക്ക് ഒഴുകും.
സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ്
പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ് നിർമിക്കുന്നതിനുവേണ്ടി പദ്ധതി തയാറാക്കിയിട്ടുണ്ടെന്നും സാങ്കേതിക അനുമതിയായെന്നും പഞ്ചായത്ത് അധികൃതർ അറിയിച്ചു. ഇനി ടെൻഡർ വിളിക്കാനുള്ള നടപടികൾ ഉടൻ സ്വീകരിക്കും.
Tags : Nattuvishesham Local Desk Rainy season Kanhirapally Comfort Station closed