x
ad
Fri, 12 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്കൂ​ൾ ക​വാ​ട​ത്തി​ൽ സി​പി​എം ലോ​ക്ക​ൽ ക​മ്മി​റ്റി​യു​ടെ പേ​ര്; വി​വാ​ദ​മാ​യ​തോ​ടെ നീ​ക്കി


Published: June 12, 2026 02:12 AM IST | Updated: June 12, 2026 02:12 AM IST

മ​ഞ്ചേ​ശ്വ​രം: സ​ർ​ക്കാ​ർ സ്കൂ​ളി​ന് സി​പി​എം ലോ​ക്ക​ൽ ക​മ്മി​റ്റി നി​ർ​മി​ച്ചു​ന​ൽ​കി​യ ക​വാ​ട​ത്തി​ൽ പാ​ർ​ട്ടി​യു​ടെ പേ​രെ​ഴു​തി​യ​ത് വി​വാ​ദ​മാ​യി. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് യോ​ഗ​ത്തി​ൽ വി​ഷ​യം ച​ർ​ച്ച​യാ​വു​ക​യും യു​ഡി​എ​ഫ് നേ​താ​ക്ക​ൾ വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി​ക്ക് പ​രാ​തി ന​ൽ​കു​ക​യും ചെ​യ്ത​തോ​ടെ പാ​ർ​ട്ടി​ത​ന്നെ ഇ​ട​പെ​ട്ട് പേ​രു നീ​ക്കി.

പു​ത്തി​ഗെ പ​ഞ്ചാ​യ​ത്തി​ലെ അം​ഗ​ഡി​മൊ​ഗ​ർ ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ന്‍റെ ക​വാ​ട​ത്തി​ലാ​ണ് സി​പി​എം ബാ​ഡൂ​ർ ലോ​ക്ക​ൽ ക​മ്മി​റ്റി​യു​ടെ പേ​രു​വ​ന്ന​ത്. സ്ഥ​ല​ത്തെ സി​പി​എം നേ​താ​വാ​യി​രു​ന്ന കെ.​എ​സ്. അ​ബ്ദു​ൾ റ​ഹ്മാ​ന്‍റെ സ്മ​ര​ണ​യ്ക്കാ​യി ലോ​ക്ക​ൽ ക​മ്മി​റ്റി നി​ർ​മി​ച്ചു​ന​ൽ​കി​യ ക​വാ​ട​ത്തി​ന്‍റെ ഇ​ട​തു​വ​ശ​ത്തെ തൂ​ണി​ൽ ചു​വ​പ്പു നി​റ​ത്തി​ൽ കെ​എ​സ് മെ​മ്മോ​റി​യ​ൽ ഗേ​റ്റ്, സി​പി​എം ബാ​ഡൂ​ർ ലോ​ക്ക​ൽ ക​മ്മി​റ്റി എ​ന്ന് എ​ഴു​തി അ​ട​യാ​ള​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. സ്കൂ​ൾ ഉ​ൾ​പ്പെ​ടു​ന്ന ഡി​വി​ഷ​നി​ൽ നി​ന്നു​ള്ള ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം കോ​ൺ​ഗ്ര​സി​ലെ ജെ.​എ​സ്. സോ​മ​ശേ​ഖ​ര​യാ​ണ് ക​ഴി​ഞ്ഞ ദി​വ​സം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് യോ​ഗ​ത്തി​ൽ വി​ഷ​യം അ​വ​ത​രി​പ്പി​ച്ച​ത്.

സ​ർ​ക്കാ​ർ സ്കൂ​ളി​ന്‍റെ ക​വാ​ട​ത്തി​ൽ രാ​ഷ്‌‌​ട്രീ​യ​ക​ക്ഷി​യു​ടെ പേ​രെ​ഴു​തി​വ​യ്ക്കു​ന്ന​ത് തെ​റ്റാ​ണെ​ന്നും വി​ഭാ​ഗീ​യ​ത​യ്ക്കി​ട​യാ​ക്കു​മെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി. എ​ന്നാ​ൽ അം​ഗ​ഡി​മൊ​ഗ​ർ സ്കൂ​ളി​ന്‍റെ ക​വാ​ട​ത്തി​ൽ സി​പി​എം ബാ​ഡൂ​ർ ലോ​ക്ക​ൽ ക​മ്മി​റ്റി നി​ർ​മി​ച്ചു​ന​ൽ​കി​യ​താ​ണെ​ന്ന കാ​ര്യം വ​ർ​ഷ​ങ്ങ​ളാ​യി ഉ​ണ്ടാ​യി​രു​ന്ന​താ​ണെ​ന്നും നേ​ര​ത്തേ ക​ന്ന​ഡ​യി​ലാ​യി​രു​ന്ന കു​റി​പ്പ് ഈ ​വ​ർ​ഷം ക​വാ​ടം പു​തു​ക്കി നി​ർ​മി​ച്ച​പ്പോ​ൾ ഇം​ഗ്ലീ​ഷി​ലാ​ക്കി​യ​തു മാ​ത്ര​മാ​ണെ​ന്നു​മാ​യി​രു​ന്നു സി​പി​എം അം​ഗ​ങ്ങ​ളു​ടെ വി​ശ​ദീ​ക​ര​ണം. റോ​ഡ് ന​വീ​ക​ര​ണ​ത്തി​നു​വേ​ണ്ടി പ​ഴ​യ ക​വാ​ടം പൊ​ളി​ച്ചു​മാ​റ്റേ​ണ്ടി​വ​ന്ന​പ്പോ​ൾ ലോ​ക്ക​ൽ ക​മ്മി​റ്റി മൂ​ന്ന​ര ല​ക്ഷം രൂ​പ ചെ​ല​വാ​ക്കി​യാ​ണ് ഇ​തു പു​ന​ർ​നി​ർ​മി​ച്ച​തെ​ന്നും അ​വ​ർ പ​റ​ഞ്ഞു.

അ​ങ്ങ​നെ​യാ​ണെ​ങ്കി​ൽ സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ൽ മു​സ‌‌‌്‌​ലിം​ലീ​ഗ് ക​മ്മി​റ്റി​ക​ളു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ നി​ർ​മി​ച്ചു​ന​ൽ​കി​യ ക​വാ​ട​ങ്ങ​ൾ​ക്ക് പ​ച്ച​നി​റ​മ​ടി​ച്ച് പാ​ർ​ട്ടി​യു​ടെ പേ​രെ​ഴു​തേ​ണ്ടി​വ​രു​മെ​ന്ന് ലീ​ഗ് അം​ഗ​ങ്ങ​ൾ പ​റ​ഞ്ഞു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് യു​ഡി​എ​ഫ് നേ​താ​ക്ക​ൾ വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി​ക്ക് പ​രാ​തി ന​ൽ​കി​യ​ത്.

ഇ​തോ​ടെ സി​പി​എം നേ​തൃ​ത്വം ത​ന്നെ ഇ​ട​പെ​ട്ട് സി​പി​ഐ​എം ബാ​ഡൂ​ർ ലോ​ക്ക​ൽ ക​മ്മി​റ്റി എ​ന്നെ​ഴു​തി​യ ഭാ​ഗം നീ​ക്കം ചെ​യ്യു​ക​യാ​യി​രു​ന്നു. വെ​ള്ള പെ​യി​ന്‍റ​ടി​ച്ച ക​വാ​ട​ത്തി​ൽ ചു​വ​പ്പു​നി​റ​ത്തി​ൽ കെ.​എ​സ്. മെ​മ്മോ​റി​യ​ൽ ഗേ​റ്റ് എ​ന്ന ഭാ​ഗ​വും മു​ക​ളി​ൽ നീ​ല​നി​റ​ത്തി​ൽ ജി​എ​ച്ച്എ​സ്എ​സ് അം​ഗ​ഡി​മൊ​ഗ​ർ എ​ന്ന പേ​രു​മാ​ണ് ഇ​പ്പോ​ഴുള്ള​ത്.

Tags : Nattuvishesham Local Desk CPM local committee's school gate

Recent News

Corehub Up