പാലാ: മീനച്ചില്‍ താലൂക്കിലെ മഴക്കാല മുന്നൊരുക്കങ്ങള്‍ അവലോകനം ചെയ്യുന്നതിനായി യോഗം ചേര്‍ന്നു. മാണി സി. കാപ്പന് എംഎല്‍എ അധ്യക്ഷത വഹിച്ചു.
മഴ ശക്തമാകുന്ന സാഹചര്യത്തില്‍ എല്ലാ വകുപ്പുകളും തദ്ദേശ സ്ഥാപനങ്ങളും കൂടുതല്‍ കരുതലോടെ പ്രവര്‍ത്തിക്കണമെന്ന് എംഎല്‍എ പറഞ്ഞു.
താലൂക്കുതല ദുരന്ത നിവാരണസമിതി യോഗത്തിന്റെ തീരുമാനങ്ങളുടെ പുരോഗതി യോഗം വിലയിരുത്തി. അടിയന്തര സാഹചര്യമുണ്ടായാല്‍ നേരിടുന്നതിന് സജ്ജരായിരിക്കണമെന്ന് എല്ലാ വകുപ്പ് ഉദ്യോഗസ്ഥര്‍ക്കും നിര്‍ദേശം നല്കി. ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിനായി താലൂക്ക് ഓഫീസില്‍ ക്രമീകരണമേര്‍പ്പെടുത്തി.
റോഡിലെ വെള്ളക്കെട്ട് ഒഴിവാക്കാനും അടഞ്ഞുകിടക്കുന്ന ഓടകളും കലുങ്കുകളും വൃത്തിയാക്കി വെള്ളമൊഴുക്ക് ഉറപ്പുവരുത്താനും പൊതുമരാമത്ത് വകുപ്പ് നിരത്ത് വിഭാഗത്തിന് നിര്‍ദേശം നല്കി. അപകടകരമായി നില്ക്കുന്ന മരങ്ങള്‍ വെട്ടുന്നതിന് അനുമതി നല്കാന് സോഷ്യല്‍ ഫോറസ്ട്രി വിഭാഗത്തിനും നിര്‍ദേശം നല്കി. ആളുകളെ മാറ്റിപ്പാര്‍പ്പിക്കേണ്ട സാഹചര്യമുണ്ടായാല്‍ അവര്‍ക്കാവശ്യമായ ഭക്ഷണം, മരുന്ന്, വസ്ത്രം തുടങ്ങിയവ ഉറപ്പുവരുത്താനും ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് നിര്‍ദേശം നല്കി.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു സെബാസ്റ്റ്യന്‍, ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോയി സ്കറിയ, ളാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോസ് പ്ലാക്കൂട്ടം, രഞ്ജിത് ജോര്‍ജ്, പെണ്ണമ്മ ജോസ് തുടങ്ങിയവര്‍ പങ്കടുത്തു.
Tags : Nattuvishesham Local News Rainy season