District News
വടക്കഞ്ചേരി: വടക്കഞ്ചേരി ടൗണിലെ വഴിയോര കച്ചവടക്കാരെ പുനരധിവസിപ്പിക്കൽ വിജയത്തിലേക്ക്.ടൗൺറോഡിൽനിന്നും കച്ചവടക്കാരെ മാറ്റുന്നതിനെതിരേ സമരരംഗത്തുണ്ടായിരുന്ന പലരും പുതിയ സ്ഥലത്തേക്കുമാറാൻ സന്നദ്ധത അറിയിച്ചതോടെയാണ് പതിറ്റാണ്ടുകളായി നടക്കാതിരുന്ന പുനരധിവസിപ്പിക്കൽ നടപടി സമാധാനാന്തരീക്ഷത്തിൽ വിജയത്തിലേക്കു നീങ്ങുന്നത്.
റോഡിൽനിന്നും ഒഴിഞ്ഞു പോകുന്നതിന്റെ ഭാഗമായി കോ-ഓപറേറ്റീവ് ബാങ്കിനടുത്തെ പെട്ടിക്കടകളെല്ലാം അവരവർതന്നെ മാറ്റി പുതിയ സ്ഥലത്തു സ്ഥാപിച്ചു.
പുതിയസ്ഥലം ഇന്നലെ ഓരോ കച്ചവടക്കാർക്കായി അളന്ന് പഞ്ചായത്ത് അധികൃതർ കൃത്യത വരുത്തിയിട്ടുണ്ട്.
പഞ്ചായത്ത് പ്രസിഡന്റ് സി. പ്രസാദ്, വൈസ് പ്രസിഡന്റ് ശശികല ടീച്ചർ, മറ്റു പഞ്ചായത്ത് മെംബർമാർ, സെക്രട്ടറി ടി.എസ്. അഭിൻ, അസിസ്റ്റന്റ് സെക്രട്ടറി ഉമ്മർ ഫാറൂഖ് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പ്രവർത്തനങ്ങൾ.
ടൗണിൽ കിഴക്കഞ്ചേരി റോഡിൽ മുമ്പ് ദിവസച്ചന്ത പ്രവർത്തിച്ചിരുന്ന സ്ഥലത്തേക്കാണ് കച്ചവടക്കാരെ പുനരധിവസിപ്പിക്കുന്നത്.
ഇവിടത്തെ അനധികൃത നിർമാണപ്രവൃത്തികളും പൊളിച്ചുനീക്കി.സി, ഇ,ഷേയ്പ്പിലായി 40ലേറെ കടക്കാർക്ക് സ്ഥലത്ത് സൗകര്യം ഒരുക്കിയിട്ടുണ്ട്. ഇന്നുമുതൽ പുതിയ സ്ഥലത്ത് കച്ചവടങ്ങൾ ആരംഭിക്കും.ചന്തസ്ഥലത്ത് മിനി ഹൈമാസ്റ്റ് ലൈറ്റും മറ്റു സൗകര്യങ്ങളും ഏർപ്പെടുത്തുമെന്നു പഞ്ചായത്ത് അധികൃതർ പറഞ്ഞു.
Viral
തങ്ങൾ ചെയ്ത തെറ്റുകൾ പരസ്യമായി ഏറ്റുപറഞ്ഞ്, കുറ്റകൃത്യങ്ങളുടെ ലോകത്തോട് വിടപറയാൻ ഒരുപറ്റം യുവാക്കൾ ഒന്നിച്ചുകൂടിയ വേറിട്ടൊരു കാഴ്ചയ്ക്കാണ് ഹരിയാനയിലെ നൂഹ് ജില്ല സാക്ഷ്യം വഹിച്ചത്.
നഗീന പോലീസ് സ്റ്റേഷൻ പരിധിയിലെ സുഖ്പുരി ഗ്രാമത്തിൽ ഒത്തുകൂടിയ യുവാക്കൾ, തങ്ങൾ നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഉപയോഗിച്ചിരുന്ന 55 മൊബൈൽ ഫോണുകൾ നാട്ടുകാരുടെ മുന്നിലിട്ട് തല്ലിത്തകർത്തു.
ഇനി ഒരിക്കലും തെറ്റായ വഴിയിലേക്ക് പോകില്ലെന്നും മാന്യമായി അധ്വാനിച്ച് ജീവിക്കുമെന്നും അവർ പരസ്യമായി പ്രതിജ്ഞയെടുത്തു. നൂഹ് പോലീസ് സൂപ്രണ്ട് ഡോ. അർപിത് ജെയിന്റെ നേതൃത്വത്തിൽ കുറ്റകൃത്യങ്ങളിൽ പെട്ടവരെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനായി നടത്തിയ പ്രത്യേക ബോധവൽക്കരണ പരിപാടിയാണ് യുവാക്കളിൽ ഇത്തരമൊരു മനംമാറ്റമുണ്ടാക്കിയത്.
ചടങ്ങിൽ പങ്കെടുത്ത ഉയർന്ന പോലീസ് ഉദ്യോഗസ്ഥർ യുവാക്കളുടെ ഈ തിരുത്തൽ തീരുമാനത്തെ അഭിനന്ദിക്കുകയും അവർക്ക് ആവശ്യമായ എല്ലാ പിന്തുണയും ഉറപ്പുനൽകുകയും ചെയ്തു.
തെറ്റ് ചെയ്തവരെ ഒറ്റപ്പെടുത്താതെ, അവർക്ക് പുതിയൊരു ജീവിതം കെട്ടിപ്പടുക്കാൻ ആവശ്യമായ തൊഴിൽ പരിശീലനവും വിദ്യാഭ്യാസവും നൽകി ഒപ്പം നിർത്താനാണ് കുടുംബാംഗങ്ങളും ഗ്രാമവാസികളും തീരുമാനിച്ചിരിക്കുന്നത്. പശ്ചാത്താപത്തിന്റെ ഈ വേറിട്ട മാതൃക ഇപ്പോൾ വലിയ രീതിയിൽ പ്രശംസിക്കപ്പെടുകയാണ്.
Kerala
കൊച്ചി: സംസ്ഥാനത്ത് തെരുവില്നിന്ന് മോചിപ്പിക്കപ്പെടുന്ന മാനസികരോഗികളുടെ പുനരധിവാസം ഫലപ്രദമാകുന്നില്ല. സർക്കാരിന്റെയും വിവിധ സന്നദ്ധ സംഘടനകളുടെയും കീഴിൽ പുനരധിവാസ കേന്ദ്രങ്ങൾ ഉണ്ടെങ്കിലും അതെല്ലാം ഇതര സംസ്ഥാനക്കാർ ഉൾപ്പെടെയുള്ള അഗതികളെക്കൊണ്ട് നിറഞ്ഞുകവിഞ്ഞു.
വിവിധ ജില്ലകളില് പോലീസ്, ആരോഗ്യവകുപ്പ്, സന്നദ്ധ സംഘടനകള് വഴി നിരവധി പേരെ തെരുവുകളില്നിന്നു രക്ഷപ്പെടുത്തി ആശുപത്രികളിലും താത്കാലിക സംരക്ഷണകേന്ദ്രങ്ങളിലും എത്തിക്കുന്നുണ്ടെങ്കിലും ഇവരുടെ ദീര്ഘകാല പുനരധിവാസം ഉറപ്പാക്കാന് ആവശ്യമായ കേന്ദ്രങ്ങളുടെ അഭാവം ഗുരുതരമായ സാമൂഹിക, ആരോഗ്യ പ്രത്യാഘാതങ്ങള് സൃഷ്ടിക്കുന്നുണ്ട്. തെരുവില്നിന്നു മോചിപ്പിക്കപ്പെടുന്നവരെ പുനരധിവാസ കേന്ദ്രങ്ങളിലെത്തിക്കാന് പോലീസ് പലപ്പോഴും സന്നദ്ധസംഘടനകളുടെ സഹായം തേടാറുണ്ട്. എന്നാല് സര്ക്കാർ ഉടമസ്ഥതയിലുള്ള വൃദ്ധസദനങ്ങളിലും മറ്റും സൗകര്യമില്ലെന്നു പറഞ്ഞ് കൈയൊഴിയുകയാണ് പതിവെന്ന് പോലീസും സന്നദ്ധസംഘടനാ പ്രവര്ത്തകരും പറയുന്നു. സാമൂഹ്യക്ഷേമ വകുപ്പിന്റെ ഏകോപനമില്ലായ്മയും ഇതിനു പിന്നിലുണ്ടെന്നാണ് ആക്ഷേപം.
കേരളത്തില് ഏറ്റവും കൂടുതല് പേര് തെരുവുകളിൽ കഴിയുന്നത് എറണാകുളം ജില്ലയിലാണ്. ഇതിലേറെയും ഇതരസംസ്ഥാനക്കാരാണ്. ലഹരിക്ക് അടിമപ്പെട്ട് മനോനില തെറ്റിയവരും അക്രമവാസനയുള്ളവരുമൊക്കെ ഇക്കൂട്ടത്തിലുണ്ട്. ഓര്ഫനേജ് കണ്ട്രോള് ബോര്ഡിനു കീഴില് സംസ്ഥാനത്ത് 1500ലധികം അഗതിമന്ദിരങ്ങളാണുള്ളത്. ഇതില് 800 വൃദ്ധസദനങ്ങളും 700 എണ്ണം 15 വയസിനു താഴെയുള്ള കുട്ടികളെ പാര്പ്പിക്കാനുള്ളതുമാണ്. സൈക്കോ സോഷ്യല് റിഹാബിലേഷന് സെന്ററുകളില് പലതും അഗതികളെക്കൊണ്ട് നിറഞ്ഞുകവിഞ്ഞ അവസ്ഥയാണ്. തെരുവില്നിന്ന് മോചിപ്പിക്കുന്ന ഇതര സംസ്ഥാനക്കാരെ നാട്ടിലേക്ക് എത്തിക്കുന്ന പദ്ധതിയും നിലച്ചു.
തെരുവില് കഴിയുന്ന പലര്ക്കും ചികിത്സയിലൂടെ ആരോഗ്യനില മെച്ചപ്പെടുന്നുണ്ടെങ്കിലും കുടുംബത്തിലേക്കു മടങ്ങാന് കഴിയാത്ത സാഹചര്യമാണുള്ളത്. ഇത്തരക്കാരെ ദീര്ഘകാലം പാര്പ്പിച്ച് ജീവിതത്തിലേക്കു തിരിച്ചുകൊണ്ടുവരാന് ആവശ്യമായ പുനരധിവാസകേന്ദ്രങ്ങള് വളരെ പരിമിതമാണെന്ന് മനോരോഗ വിദഗ്ധര് പറയുന്നു. നിലവില് ജില്ലാ ആശുപത്രികളിൽ മാനസികരോഗികൾക്കായി ഒരു വാര്ഡ് മാത്രമാണുള്ളത്. സന്നദ്ധസംഘടനകള് നടത്തുന്ന ചില പുനരധിവാസ കേന്ദ്രങ്ങള് പ്രവര്ത്തിക്കുന്നുണ്ടെങ്കിലും പലതിലും സാമ്പത്തിക പ്രതിസന്ധിയും ജീവനക്കാരുടെ കുറവുമുണ്ട്. കേന്ദ്രസർക്കാരിന്റെ സ്മൈൽ പുനരധിവാസ പദ്ധതി ഉണ്ടെങ്കിലും ഇതിലൂടെ ലഭിക്കുന്ന ഫണ്ട് കൃത്യമായി വിനിയോഗിക്കാൻ സംസ്ഥാന സർക്കാരിനു കഴിയാറുമില്ല.
National
ന്യൂഡൽഹി: രാജ്യത്തെ പൊതുസ്ഥലങ്ങളിൽ നിന്നും തെരുവുനായ്ക്കളെ പുനരധിവാസ കേന്ദ്രങ്ങളിലേക്ക് മാറ്റണമെന്ന ഉത്തരവ് പിൻവലിക്കാൻ വിസമ്മതിച്ച് സുപ്രീം കോടതി. നവംബർ ഏഴിലെ തങ്ങളുടെ മുൻ വിധിക്കെതിരേ സമർപ്പിക്കപ്പെട്ട പുനഃപരിശോധനാ ഹർജികൾ കോടതി പൂർണമായും തള്ളി.
ആനിമൽ വെൽഫെയർ ബോർഡ് ഓഫ് ഇന്ത്യ മുന്നോട്ടുവച്ച സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് പ്രൊസീജറിൽ ഇടപെടാൻ യാതൊരു കാരണവുമില്ലെന്ന് ജസ്റ്റീസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത, എൻ.ജെ. അൻജാരിയാ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
പൊതു സുരക്ഷയ്ക്ക് ഭീഷണിയാകുന്ന തെരുവുനായകൾക്കെതിരെ ശക്തമായ നടപടിയെടുക്കണം. വിധി പൂർണമായ അർഥത്തിൽ നടപ്പിലാക്കുന്നതിനായി സുപ്രീം കോടതി രാജ്യത്തെ സംസ്ഥാനങ്ങൾക്കും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കും കേന്ദ്ര സർക്കാരിനും കർശനമായ പുതിയ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്.
തദ്ദേശീയമായ സാഹചര്യങ്ങൾക്കനുസരിച്ച് ഈ വിധി നടപ്പിലാക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ രാജ്യത്തെ എല്ലാ ഹൈക്കോടതികൾക്കും സുപ്രീം കോടതി നേരിട്ട് നിരീക്ഷണ ചുമതല കൈമാറി. സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാരും കേന്ദ്ര സർക്കാരും ഈ ഉത്തരവ് നടപ്പിലാക്കിയതിന്റെ കൃത്യമായ പുരോഗതി റിപ്പോർട്ട് ഓഗസ്റ്റ് ഏഴിനകം ഹൈക്കോടതികൾക്ക് മുൻപാകെ സമർപ്പിക്കണം. തുടർന്ന് ഹൈക്കോടതികൾ നൽകുന്ന ഏകീകൃത റിപ്പോർട്ട് നവംബർ 17ന് സുപ്രീം കോടതി പരിശോധിക്കും.
Kerala
കോഴിക്കോട്: വിലങ്ങാട് ഉരുള് ദുരിതബാധിതര്ക്കായി കെസിബിസി ആരംഭിച്ച പുനരധിവാസ പ്രവര്ത്തനങ്ങളുടെ ഒന്നാംഘട്ട സമാപനവും രണ്ടാംഘട്ട പദ്ധതിയുടെ ഉദ്ഘാടനവും നാളെ വൈകുന്നേരം നാലിനു മഞ്ഞക്കുന്ന് സെന്റ് അല്ഫോണ്സ പള്ളി അങ്കണത്തില് നടക്കും.
ദുരിതബാധിതരായ കുടുംബങ്ങള്ക്കു കെസിബിസിയുടെ നേതൃത്വത്തില് ആദ്യഘട്ടത്തില് 41 ഭവനങ്ങള് നിര്മിച്ചു നല്കുന്നതിനാണു തീരുമാനിച്ചത്. പിന്നീട് ആവശ്യക്കാരുടെ എണ്ണത്തിനനുസരിച്ച് പദ്ധതിയില് 70 വീടുകള് ഉള്പ്പെടുത്തി.
വിവിധ രൂപതകള്, സന്യാസസഭകള്, സാമൂഹിക സംഘടനകള് എന്നിവയുടെ സഹകരണത്തോടെ ഭവനനിര്മാണ പ്രവര്ത്തനങ്ങള് വേഗത്തില് പുരോഗമിച്ചു. നിര്മാണം പൂര്ത്തിയാക്കിയ 70 വീടുകളും നാളെ കുടുംബങ്ങള്ക്കു കൈമാറുമെന്നു ഭാരവാഹികള് വാര്ത്താസമ്മേളനത്തില് അറിയിച്ചു.
പുനരധിവാസ പദ്ധതി നിര്വഹണ ചുമതല കേരള സോഷ്യല് സര്വീസ് ഫോറത്തെയാണു കെസിബിസി ഏല്പ്പിച്ചത്. കേരള സോഷ്യല് സര്വീസ് ഫോറത്തിന്റെ താമരശേരി രൂപതാ ഘടകമായ സിഒഡിയാണു വീട് നിര്മാണം പൂര്ത്തീകരിച്ചത്. ചടങ്ങില് പുനരധിവാസ പദ്ധതിയുടെ രണ്ടാം ഘട്ട പ്രവര്ത്തനങ്ങളുടെ ഉദ്ഘാടനവും നടക്കും.
പുതിയ എട്ടു വീടുകളുടെ നിര്മാണം, ജീവനോപാധി സാധ്യതകള് വർധിപ്പിക്കല്, പ്രകൃതി ദുരന്തങ്ങളില് കര്മനിരതരാകാന് പ്രാപ്തരായ ടാസ്ക് ഫോഴ്സ് ടീം രൂപവത്കരണം, മാനസിക പിന്തുണക്കായുള്ള കൗണ്സിലേഴ്സ് ടീം ശക്തീകരണം എന്നിവയ്ക്കാണു രണ്ടാം ഘട്ടത്തില് മുന്ഗണന നല്കുന്നത്. കെസിബിസി പ്രസിഡന്റ്അർച്ച്ബിഷപ് ഡോ. വര്ഗീസ് ചക്കാലയ്ക്കല് ചടങ്ങ് ഉദ്ഘാടനം ചെയ്യും. തലശേരി അതിരൂപതാധ്യക്ഷന് ആർച്ച്ബിഷപ് മാര് ജോസഫ് പാംപ്ലാനി അധ്യക്ഷത വഹിക്കും. താമരശേരി രൂപതാധ്യക്ഷന് മാര് റെമീജിയോസ് ഇഞ്ചനാനിയില് ആമുഖ പ്രഭാഷണം നടത്തും.
വടകര എംപി ഷാഫി പറമ്പില്, നിയുക്ത നാദാപുരം എംഎല്എ കെ.എം. അഭിജിത്ത്, മേപ്പയൂര് സലാഫിയ കോളജ് അസോസിയേഷന് പ്രസിഡന്റ് ഡോ. ഹുസൈന് മടവൂര്, സിഒഡി. പ്രസിഡന്റ് മോണ്. ഏബ്രഹാം വയലില്, കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ജനറല് ഫാ. തോമസ് തറയില്, കെസിബിസി ഡിസാസ്റ്റര് മിറ്റിഗേഷന് കമ്മിറ്റി അംഗവും രാഷ്ട്രദീപിക മാനേജിംഗ് ഡയറക്ടറുമായ ഫാ. മൈക്കിള് വെട്ടിക്കാട്ട്, വാണിമേല് പഞ്ചായത്ത് പ്രസിഡന്റ് പ്രദീപ്, കെഎസ്എസ്എഫ് ഡയറക്ടര് ഫാ. ജേക്കബ് മാവുങ്കല്, സിഒഡി ഡയറക്ടര് ഫാ. സായി പാറന്കുളങ്ങര, ദേവഗിരി സെന്റ് ജോസഫ്സ് കോളജ് അഡ്മിസിസ്ട്രേറ്റര് ഫാ. ബോണി അഗസ്റ്റിന് സിഎംഐ, സിസ്റ്റര് ഡോ. ആര്ദ്ര എസ്ഐസി (പ്രസിഡന്റ്- കെസിഎംഎസ്, കെസിബിസി), അപ്പസ്തോലിക് കാര്മല് സിസ്റ്റേഴ്സ് പ്രൊവിന്ഷ്യല് സിസ്റ്റര് ജസീന, വിലങ്ങാട് ഫൊറോന വികാരി ഫാ. വില്സണ് മുട്ടത്തുകുന്നേല്, റെജി ജെ. കരോട്ട് (ഓള് കേരള ലേ അനിമേറ്റര്, ജീസസ് യൂത്ത്) തുടങ്ങിയവര് പ്രസംഗിക്കും. പദ്ധതിക്കു പിന്തുണ നല്കിയ വിവിധ സംഘടനകളുടെ പ്രതിനിധികളും ചടങ്ങില് പങ്കെടുക്കും.
വാര്ത്താസമ്മേളനത്തില് മോണ്. ഏബ്രഹാം വയലില്, ഫാ. ജേക്കബ് മാവുങ്കല്, ഫാ. സായി പാറന്കുളങ്ങര, പ്രോജക്ട് കോ- ഓര്ഡിനേറ്റര് ആല്ബിന് സക്കറിയാസ് എന്നിവര് പങ്കെടുത്തു.
District News
കാസര്ഗോഡ്: കാസര്ഗോഡ് നഗരസഭയുടെ നേതൃത്വത്തില് തെരുവുകച്ചവടക്കാര്ക്കായി നിര്മിച്ച പുനരധിവാസകേന്ദ്രം പദ്ധതി പാളുന്നു. പുതിയ ബസ്സ്റ്റാന്ഡിന് സമീപം ലക്ഷങ്ങള് ചെലവഴിച്ച് നിര്മിച്ച കേന്ദ്രത്തിലെ കടമുറികള് ഭൂരിഭാഗവും അടഞ്ഞുകിടക്കുകയാണ്.
കഴിഞ്ഞവര്ഷം ഓഗസ്റ്റിലാണ് നഗരസഭ തെരുവുകച്ചവടക്കാരുടെ പുനരധിവാസകേന്ദ്രം തുറന്നുകൊടുത്തത്. ഇരുവശങ്ങളിലായി 28 മുറികളാണ് ഈ സമുച്ചയത്തിലുള്ളത്. തുടക്കത്തില് എല്ലാ വ്യാപാരികളും ആവേശത്തോടെ കടകള് തുറന്നിരുന്നുവെങ്കിലും നിലവില് ഭൂരിഭാഗം പേരും കടകള് പൂട്ടിയ അവസ്ഥയിലാണ്. കഴിഞ്ഞവര്ഷം അവസാനത്തോടെയാണ് നഗരസഭ തെരുവുകച്ചവടക്കാരുടെ പുനരധിവാസകേന്ദ്രം തുറന്നുകൊടുത്തത്.
തുടക്കത്തില് എല്ലാ വ്യാപാരികളും ആവേശത്തോടെ കടകള് തുറന്നിരുന്നുവെങ്കിലും നിലവില് ഭൂരിഭാഗം പേരും കടകള് പൂട്ടിയ അവസ്ഥയിലാണ്. കച്ചവടം തീരെയില്ലാത്ത അവസ്ഥയിലും വര്ഷത്തില് 9,000 രൂപ വീതം നഗരസഭയ്ക്ക് വാടക നല്കാന് വ്യാപാരികള് ബാധ്യസ്ഥരാണ്. ഇതു സാധാരണക്കാരായ കച്ചവടക്കാര്ക്ക് വലിയ സാമ്പത്തിക ബാധ്യതയാണ് ഉണ്ടാക്കുന്നത്. ജനങ്ങള് എളുപ്പത്തില് എത്തുന്ന ഇടത്തല്ല പുനരധിവാസ കേന്ദ്രം സ്ഥാപിച്ചതെന്നും വ്യാപാരികള് പരാതിപ്പെടുന്നു.
മുന്പ് പഴയ ബസ്സ്റ്റാന്ഡിന് സമീപം തെരുവോരങ്ങളില് കച്ചവടം ചെയ്തിരുന്ന സമയത്ത് നല്ല വരുമാനം ലഭിച്ചിരുന്നു. ഇതു കാല്നടയാത്രക്കാര്ക്കും ഗതാഗതത്തിനും ബുദ്ധിമുട്ടുണ്ടാക്കുന്നു എന്നു കണ്ടാണ് നഗരസഭ പുതിയ ബസ്സ്റ്റാന്ഡിന് സമീപം പുനരധിവാസ കേന്ദ്രം നിര്മിച്ചത്.
നിലവിലെ പുനരധിവാസ കേന്ദ്രം നഗരസഭയുടെ മറ്റ് ആവശ്യങ്ങള്ക്കായി ഉപയോഗപ്പെടുത്തി, ജനങ്ങള് കൂടുതലായി ഇടപെടുന്ന സ്ഥലത്ത് പുതിയ പുനരധിവാസ കേന്ദ്രം നിര്മിച്ചുനല്കണമെന്നാണ് വ്യാപാരികളുടെ ആവശ്യം. അല്ലാത്തപക്ഷം തങ്ങളുടെ ഉപജീവനമാര്ഗം പൂര്ണമായും തടസപ്പെടുമെന്നും അവര് സങ്കടത്തോടെ പറയുന്നു.
District News
ചെർക്കള: മാർത്തോമ്മ ബധിര വിദ്യാലയത്തിൽ റീഹാബിലിറ്റേഷൻ കൗൺസിൽ ഓഫ് ഇന്ത്യയുടെ കീഴിലുള്ള സെമിനാറിന് തുടക്കമായി. ആശയവിനിമയ വൈകല്യങ്ങളുടെ ആദ്യകാല തിരിച്ചറിയലും ഇടപെടലും എന്ന വിഷയത്തിലുള്ള സെമിനാർ എൻ.എ. നെല്ലിക്കുന്ന് എംഎൽഎ ഉദ്ഘാടനം ചെയ്തു.
ഭിന്നശേഷി കുട്ടികളുടെ ഭാഷാപരമായ വളർച്ചയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് അദ്ദേഹം പറഞ്ഞു. മാർത്തോമ്മസ്കൂൾ അഡ്മിനിസ്ട്രേറ്റർ ഫാ. മാത്യു ബേബി അധ്യക്ഷത വഹിച്ചു. മാർത്തോമ്മ കോളജ് ഓഫ് സ്പെഷ്യൽ എഡ്യുക്കേഷൻ ഡയറക്ടർ ഫാ. അനീഷ് തോമസ്, മുഖ്യാധ്യാപിക എസ്. ഷീല, ജിജുൽ വാസ് എന്നിവർ പ്രസംഗിച്ചു.
മൂന്നു ദിവസങ്ങളിലായി നടക്കുന്ന സെമിനാറിൽ ഇഗ്നേഷ്യസ്, ഡോ. ഗ്രേസ് സാറ, സിന്ധു, നദ ഫിറോസ്, ജവാദ്, നിധിഷ്, ഡോ. സോണി, ഡോ. മഹേഷ് എന്നിവർ വിവിധ വിഷയങ്ങളെ അടിസ്ഥാനമാക്കി ക്ലാസെടുക്കും.
Kerala
തിരുവനന്തപുരം: മുണ്ടക്കൈ-ചൂരല്മല ദുരന്തം ഓര്മപ്പെടുത്തിക്കൊണ്ടായിരുന്നു പുതുവര്ഷ പിറവി ദിനത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ വാര്ത്താസമ്മേളനം. ലോകമെമ്പാടുമുള്ള മലയാളികള് ഒറ്റ മനസോടെ വയനാട് മുണ്ടക്കൈ ദുരന്തബാധിതരോടൊപ്പം നിന്നതായി മുഖ്യമന്ത്രി പറഞ്ഞു.
ദുരന്തബാധിതരെ പുനരധിവസിപ്പിക്കുന്നതിന് കല്പ്പറ്റ ബൈപ്പാസിന് സമീപം ഏറ്റെടുത്ത എല്സ്റ്റണ് എസ്റ്റേറ്റ് ഭൂമിയില് ടൗണ്ഷിപ്പ് നിര്മാണം ദ്രുതഗതിയില് പുരോഗമിക്കുകയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
410 വീടുകളും അനുബന്ധ സൗകര്യങ്ങളും ഉള്ക്കൊള്ളുന്നതാണ് ടൗണ്ഷിപ്പ്. പ്രകൃതി ദുരന്തങ്ങളെ പ്രതിരോധിക്കുന്ന തരത്തില് അത്യാധുനിക സൗകര്യങ്ങളോടെ പ്രകൃതിയോട് ഇണങ്ങുന്ന രീതിയിലാണ് നിര്മാണം. ഫെബ്രുവരിയോടെ ആദ്യഘട്ടം പൂര്ത്തിയാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
207 വീടുകളുടെ വാര്പ്പ് പൂര്ത്തിയായതായി മുഖ്യമന്ത്രി പറഞ്ഞു. ബാക്കി വീടുകളുടെ പണികള് വിവിധ ഘട്ടങ്ങളിലായി പുരോഗമിക്കുകയാണ്. മുന്നൂറോളം വീടുകളും അനുബന്ധ സൗകര്യങ്ങളും പൂര്ത്തീകരിച്ച് ഒന്നാം ഘട്ടമായി ഫെബ്രുവരിയില് ഗുണഭോക്താക്കള്ക്ക് കൈമാറുന്നതിനാണ് ലക്ഷ്യമിടുന്നത്.
National
ബംഗളൂരു: കൊഗിലു ഒഴിപ്പിക്കൽ നടപടിയിൽ വീട് നഷ്ടപ്പെട്ടവരിൽ അർഹരായവർക്ക് മാത്രം പുനരധിവാസമെന്ന സർക്കാർ തീരുമാനത്തെ ന്യായീകരിച്ച് കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. രേഖകൾ പരിശോധിച്ച് അർഹരായ പ്രദേശവാസികൾക്ക് മാത്രമേ മാനുഷികപരിഗണന നൽകൂവെന്നും അദ്ദേഹം പറഞ്ഞു.
ബുൾഡോസർ നടപടിയിൽ വീടുനഷ്ടപ്പെട്ടവർക്ക് സർക്കാർ അതിവേഗസഹായം വാഗ്ദാനം ചെയ്തതിനെ ബിജെപി ചോദ്യം ചെയ്തതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സർക്കാർ പ്രീണനരാഷ്ട്രീയമാണു നടത്തുന്നതെന്ന ആരോപണവും അദ്ദേഹം തള്ളി.
ഒരുതരത്തിലുള്ള പ്രീണന രാഷ്ട്രീയവുമില്ല. അനധികൃത കൈയേറ്റക്കാർക്ക് ഒരുവിധ സഹയാവും നൽകില്ല. കൈയേറ്റക്കാർക്കെതിരേ നിയമനടപടി സ്വീകരിക്കും. മുഖ്യമന്ത്രിയുടെ ഭവന പദ്ധതി പ്രകാരം അർഹതപ്പെട്ടവർക്ക് മാനുഷിക പരിഗണനയിൽ വീടുകൾ നൽകുന്നുണ്ടെന്ന് അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.
District News
കൊച്ചി: ജില്ലയിലെ തെരുവുനായ്ക്കളുടെ പ്രശ്നപരിഹാരത്തിനും പുനരധിവാസത്തിനുമായി സര്ക്കാര് സംവിധാനങ്ങളുമായി കൈകോര്ക്കാന് മൃഗക്ഷേമ പ്രവര്ത്തകര് സന്നദ്ധത അറിയിച്ചു. ആലുവ ഐസിഡിപി കാമ്പസില് ജില്ലാ മൃഗസംരക്ഷണ ഓഫീസറുടെ അധ്യക്ഷതയില് ചേര്ന്ന മൃഗക്ഷേമ പ്രവര്ത്തകരുടെയും സംഘടനകളുടെയും യോഗത്തിലാണ് ഈ തീരുമാനം.
തെരുവുനായ്ക്കള്ക്കായി ഷെല്ട്ടറുകള് നിര്മിക്കുന്നതിനും അവയുടെ പരിപാലനത്തിനുമായി വിവിധ സര്ക്കാര് വകുപ്പുകളുമായി സഹകരിക്കാന് യോഗത്തില് പങ്കെടുത്ത 26 മൃഗക്ഷേമ പ്രവര്ത്തകരും പിന്തുണ പ്രഖ്യാപിച്ചു.
റോട്ടറി ഇന്റര്നാഷണലിനെ പ്രതിനിധീകരിച്ച് പങ്കെടുത്ത സീജോ തോമസ് ഷെല്ട്ടര് നിര്മാണത്തില് റോട്ടറിയുടെ പൂര്ണ പിന്തുണ വാഗ്ദാനം ചെയ്തു.
സര്ക്കാര് സ്ഥലം വിട്ടുനല്കുകയാണെങ്കില് ഷെല്ട്ടറുകളുടെ നിര്മാണവും നടത്തിപ്പും ഏറ്റെടുക്കാന് തയ്യാറാണെന്ന് തൃപ്പൂണിത്തുറയില് നിന്നുള്ള അജയ് മേനോന് ഉള്പ്പെടെയുള്ളവര് അറിയിച്ചു. റെസ്ക്യൂ ചെയ്യപ്പെടുന്ന തെരുവുനായ്ക്കളുടെ വന്ധ്യംകരണം അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അനുമതിയോടെ സൗജന്യമായി ചെയ്യാവുന്നതാണെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീസര് യോഗത്തില് അറിയിച്ചു.
National
ഇംഫാൽ: മണിപ്പൂരിൽ വംശീയ സംഘർഷത്തെത്തുടർന്ന് ദുരിതാശ്വാസ ക്യാന്പുകളിൽ കഴിയുന്നവരെ തിരിച്ചയയ്ക്കുന്നതിനു ജില്ലാ, സംസ്ഥാനതല സമിതികൾ രൂപീകരിച്ചു.
ചിഫ് സെക്രട്ടറിയും ഡെപ്യൂട്ടി കമ്മീഷണർമാരും അടങ്ങുന്ന സമിതിയാകും പുനരധിവാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുക. സമാധാനം തിരികെയെത്തിയതോടെ ദുരിതാശ്വാസ ക്യാന്പുകളിൽനിന്ന് ആളുകൾ സ്വന്തം സ്ഥലത്തേക്ക് മടങ്ങാൻ തുടങ്ങിയിരുന്നു. ഇവരെ സുരക്ഷാസേന തടഞ്ഞത് സംഘർഷത്തിനു വഴിതെളിച്ചു. ഇതേത്തുടർന്നാണു പ്രത്യേക സമിതി.
2023 മേയ് മുതൽ തുടങ്ങിയ വംശീയകലാപത്തിൽ ഇതുവരെ 260 പേർ കൊല്ലപ്പെട്ടതായാണു കണക്കുകൾ.
District News
വണ്ടൂർ: കെട്ടിടം നിർമ്മിച്ച്, പത്ത് വർഷത്തിനുശേഷം കരുണാലപടിയിലുള്ള ഭിന്നശേഷിക്കാർക്കായുള്ള ബഡ്സ് റിഹാബിലിറ്റേഷൻ സെന്റർ തുറന്നു കൊടുത്ത് വണ്ടൂർ ഗ്രാമപഞ്ചായത്ത് ഭരണസമിതി.
കേന്ദ്രത്തിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി .എം. സീന നിർവഹിച്ചു. പത്തുവർഷങ്ങൾക്കു മുമ്പ് 17 ലക്ഷം രൂപ ചിലവഴിച്ചാണ് ഭിന്നശേഷി തെറാപ്പി സെന്റർ പഞ്ചായത്ത് ഒരുക്കിയത്.
ഇതുവരെ തുറന്നുകൊടുത്തിരുന്നില്ല. തൊണ്ടിയിൽ ഏഴോളം സെന്റ് സ്ഥലത്താണ് കെട്ടിടം ഒരുക്കിയത്. ഇലക്ഷൻ മുന്നിൽക്കണ്ടുള്ള ഉദ്ഘാടനത്തിനെതിരെ ഇ. ദാസിന്റെ നേതൃത്വത്തിൽ പ്രതിപക്ഷ അംഗങ്ങൾ രംഗത്തെത്തി.
ഭിന്നശേഷിക്കാരെ അറിയിക്കാതെയാണ് ഉദ്ഘാടനം നടത്തിയതെന്ന ആരോപണവും പ്രതിപക്ഷം ഉന്നയിക്കുന്നുണ്ട്.