ഉദ്ഘാടനം മന്ത്രി വി.ഇ. അബ്ദുല്‍ ഗഫൂര്‍ നിര്‍വഹിക്കുന്നു.
മലപ്പുറം: സാമൂഹ്യനീതി വകുപ്പിന് കീഴില്‍ ജില്ലയില്‍ ഒരുങ്ങുന്ന സമഗ്ര ഭിന്നശേഷി പുനരധിവാസ ഗ്രാമത്തിന്റെ ഒന്നാംഘട്ട നിര്‍മാണ പ്രവൃത്തിക്ക് തുടക്കം. ആതവനാട് ഗ്രാമപഞ്ചായത്തിലെ പുത്തനത്താണി ചുങ്കത്ത് നടന്ന ചടങ്ങില്‍ മന്ത്രി വി.ഇ. അബ്ദുൾ ഗഫൂര്‍ 5.32 കോടി രൂപയുടെ ആദ്യഘട്ട നിര്‍മാണോദ്ഘാടനം നിര്‍വഹിച്ചു. ഭിന്നശേഷിക്കാരുടെ സമഗ്ര പുനരധിവാസവും സാമൂഹിക ഉള്‍ച്ചേരലും ലക്ഷ്യമിട്ട് 65 കോടിയിലധികം രൂപ ചെലവില്‍ വിഭാവനം ചെയ്ത പദ്ധതിയുടെ ആദ്യഘട്ടത്തിനാണ് തുടക്കമായത്. ഒന്നര വര്‍ഷത്തിനകം ആദ്യഘട്ടം പൂര്‍ത്തിയാക്കും.
പുത്തനത്താണി ചുങ്കത്ത് ജില്ലാ പഞ്ചായത്ത് വിട്ടുനല്‍കിയ അഞ്ചേക്കറിലാണ് പദ്ധതി നടപ്പാക്കുന്നത്. ആദ്യഘട്ടത്തില്‍ അത്യാധുനിക അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക്, ഓഫിസ്, കോണ്‍ഫറന്‍സ് ഹാള്‍, തൊഴില്‍ നൈപുണ്യ പരിശീലന കേന്ദ്രം, ഡേകെയര്‍ സെന്റര്‍, ഹോര്‍ട്ടികള്‍ച്ചര്‍ പാര്‍ക്ക്, റോഡുകള്‍, മാലിന്യ സംസ്കരണ പ്ലാന്റ് തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കും. കുറുക്കോളി മൊയ്തീന് എംഎല്‍എ അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.എ. ജബ്ബാര്‍ ഹാജി, ജില്ലാ കളക്ടര്‍ വിനയ് ഗോയല്‍, ജില്ലാ വികസന കമ്മീഷണറും തിരൂര്‍ സബ് കളക്ടറുമായ കെ. ദിലീപ് കൈനിക്കര എന്നിവര്‍ മുഖ്യാതിഥികളായി. കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.വി. ആസാദ് അജയ്, ആതവനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ടി. ആസാദ്, വൈസ് പ്രസിഡന്റ് സാജിത പുന്നക്കാട്, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ വെട്ടം ആലിക്കോയ, വസീമ വേളേരി, കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ എ.പി. വഹീദ, വി.കെ. അഷ്റഫ്, വാര്‍ഡ് അംഗം കെ.പി. മറിയാമു, ഭിന്നശേഷി ലോക്കല്‍ ലെവല്‍ കമ്മിറ്റി കണ്‍വീനര്‍ ടി.എം. താലീസ്, സാമൂഹ്യനീതി വകുപ്പ് ഡയറക്ടര്‍ ഡോ. അരുണ്‍ എസ്. നായര്‍, ജില്ലാ സാമൂഹ്യനീതി ഓഫിസര്‍ സമീര്‍ മച്ചിങ്ങല്‍ എന്നിവര്‍ പ്രസംഗിച്ചു.
ഭിന്നശേഷിക്കാരെ സ്വയംപര്യാപ്തരാക്കുക സര്‍ക്കാരിന്റെ മുഖ്യലക്ഷ്യം: മന്ത്രി വി.ഇ. അബ്ദുൾ ഗഫൂര്‍
മലപ്പുറം: ഭിന്നശേഷിക്കാരായ കുട്ടികളെ ആരോഗ്യപരമായും സാമൂഹികമായും സാമ്പത്തികപരമായും ശക്തീകരിച്ച് സ്വയംപര്യാപ്തരാക്കുകയാണ് സര്‍ക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യമെന്ന് മന്ത്രി വി. ഇ. അബ്ദുൾ ഗഫൂര്‍.
ആതവനാട് ഗ്രാമപഞ്ചായത്തിലെ പുത്തനത്താണി ചുങ്കത്ത് സാമൂഹ്യനീതി വകുപ്പിന് കീഴില്‍ നിര്‍മിക്കുന്ന മാതൃകാ ഭിന്നശേഷി പുനരധിവാസ ഗ്രാമത്തിന്റെ നിര്‍മാണോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. പല ജനക്ഷേമ പദ്ധതികളിലും രാജ്യത്തിന് തന്നെ മാതൃകയായ കേരളം, ഭിന്നശേഷി പുനരധിവാസ രംഗത്തും ചരിത്രം കുറിക്കുകയാണെന്ന് മന്ത്രി പറഞ്ഞു. തങ്ങളുടെ കാലശേഷം ഈ കുട്ടികളുടെ ഭാവി എന്താകുമെന്നത് ഓരോ രക്ഷിതാവിന്റെയും ഉള്ളുലയ്ക്കുന്ന വലിയ ആശങ്കയാണ്.
ആ ഭയത്തിന് ശാശ്വതമായ പരിഹാരമുണ്ടാക്കുകയാണ് ഈ പദ്ധതിയിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ആദ്യഘട്ടത്തില്‍ തന്നെ വെല്ലുവിളികള്‍ കണ്ടെത്തുന്ന ഏര്‍ലി ഇന്റര്‍വെന്‍ഷന്‍ മുതല്‍ സര്‍ജിക്കല്‍ കറക്ഷന്, വിദഗ്ധ തെറാപ്പികള്‍, തുടര്‍വിദ്യാഭ്യാസം, തൊഴില്‍ പരിശീലനങ്ങള്‍ എന്നിവയെല്ലാം ഒരൊറ്റ കുടക്കീഴില് ലഭ്യമാക്കി ഭിന്നശേഷിക്കാരെ സ്വയംപര്യാപ്ത ജീവിതത്തിലേക്ക് നയിക്കും.
ഇതിനൊപ്പം, കുട്ടികളെയും കൂട്ടി ഡേ കെയര്‍ സെന്ററുകളില്‍ എത്തുന്ന രക്ഷിതാക്കള്‍ക്ക് കൂടി തൊഴില്‍ നൈപുണ്യ പരിശീലനം നല്‍കാനുള്ള സംവിധാനങ്ങള്‍ ഇവിടെ ഏര്‍പ്പെടുത്തുമെന്നും മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ഭിന്നശേഷിക്കാരുള്ള ജില്ല എന്ന പരിഗണന നല്‍കിയാണ് സര്‍ക്കാര്‍ മലപ്പുറത്തെ ആദ്യ കേന്ദ്രമായി തെരഞ്ഞെടുത്തത്.
ഈ പദ്ധതിക്ക് പിന്നാലെ തിരുവനന്തപുരത്തും സമാന മാതൃകയില്‍ ഡിസബിലിറ്റി വില്ലേജ് സ്ഥാപിക്കും. ഇതിന്റെ ഡിപിആര്‍ പൂര്‍ത്തിയായിട്ടുണ്ട്. തുടര്‍ന്ന് മറ്റ് രണ്ട് ജില്ലകളിലേക്ക് കൂടി പദ്ധതി വ്യാപിപ്പിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
Tags : Rehabilitation NattuVishesham DistrictNews