കിരീടം നേടിയ മാനന്തവാടി സെന്റ് ജോസഫ്സ് ടിടിഐ
സുല്‍ത്താന്‍ ബത്തേരി: വയനാട് ഡയറ്റില്‍ നടന്ന 30-ാമത് വയനാട് റവന്യു ജില്ലാ പിപിടിടിഐ, ഐടിഇ അധ്യാപക കലോത്സവത്തില്‍ മാനന്തവാടി സെന്റ് ജോസഫ് ടിടിഐയ്ക്ക് കലാകിരീടം.
106 പോയിന്റ് നേടികൊണ്ടാണ് ഒന്നാം സ്ഥാനം നേടിയത്. 98 പോയിന്റുള്ള പനമരം ഗവ. ടിടിഐയ്ക്കാണ് രണ്ടാം സ്ഥാനം. 126 അധ്യാപക വിദ്യാര്‍ഥികളും 76 അധ്യാപകരുമടക്കം 202 പേരാണ് മത്സരങ്ങളില്‍ പങ്കെടുത്തത്.
ഡിഎല്‍എഡ് അധ്യാപക വിദ്യാര്‍ഥികള്‍ക്കായി മോണോ ആക്ട്, മലയാളം പദ്യംചൊല്ലല്‍, പ്രസംഗം, ലളിതഗാനം, സംഘഗാനം, മാപ്പിളപ്പാട്ട്, പ്രഭാഷണം എന്നീ ഏഴ് ഇനങ്ങളിലാണ് മത്സരം നടന്നത്. അധ്യാപകര്‍ക്കായി കവിയരങ്ങ്, ലളിതഗാനം, സംഘഗാനം എന്നീ മൂന്ന് ഇനങ്ങളിലും മത്സരം നടന്നു.
രാവിലെ വയനാട് വിദ്യാഭ്യാസ ഉപഡയറക്ടര്‍ വി.എ. ശശീന്ദ്രവ്യാസ് പതാക ഉയര്‍ത്തിയതോടെയാണ് മത്സരങ്ങള്‍ക്ക് തുടക്കം കുറിച്ചത്.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന് ഉദ്ഘാടനം നിര്‍വഹിച്ചു. വൈകുന്നേരം നടന്ന സമാപന സമ്മേളനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന ശശീന്ദ്രന് ഉദ്ഘാടനം ചെയ്തു.
മല്‍സരത്തില്‍ ഒന്നാം സ്ഥാനം നേടുന്നവര്‍ 17ന് തൃശൂരില്‍ നടക്കുന്ന സംസ്ഥാനതല കലോത്സവത്തില്‍ വയനാടിനെ പ്രതിനിധീകരിക്കും.
Tags : championship NattuVishesham DistrictNews