പ്രതീകാത്മക ചിത്രം
കൊച്ചി: ഗതാഗത നിയമലംഘനം ചോദ്യം ചെയ്തതിന് നഗരത്തില്‍ രണ്ടിടത്ത് കാര്‍ യാത്രക്കാരെ വഴിയില്‍ തടഞ്ഞു നിര്‍ത്തി ഭീഷണിപ്പെടുത്തുകയും ഒടുവില്‍ അറസ്റ്റ് ചെയ്യാനെത്തിയ പൊലിസ് ഉദ്യോഗസ്ഥനെ ആക്രമിക്കുകയും ചെയ്ത സ്വകാര്യ ബസ് കണ്ടക്ടറെ വീണ്ടും അറസ്റ്റ് ചെയ്ത് എറണാകുളം നോർത്ത് പൊലിസ് മുഖം രക്ഷിച്ചു.
ജാമ്യത്തില്‍ വിട്ടത് വിവാദത്തിനും പ്രതിഷേധത്തിനും ഇടയാക്കിയപ്പോള്‍ പ്രതി അലങ്കാർ ബസിലെ കണ്ടക്ടർ കണ്ണൂർ സ്വദേശി മുഹമ്മദ് അന്‍സാറിനെതിരേ കൂടുതല്‍ വകുപ്പുകള്‍ ചേര്‍ത്ത് നോര്‍ത്ത് പൊലിസ് തിങ്കളാഴ്ച വീണ്ടും അറസ്റ്റ് രേഖപ്പെടുത്തി. പൊലിസ് ഉദ്യോഗസ്ഥനെ മര്‍ദിച്ച കേസിലാണ് ഇയാളുടെ അറസ്റ്റ് വീണ്ടും രേഖപ്പെടുത്തിയത്. തുടര്‍ന്ന് എറണാകുളം അഡിഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
ബസിന്റെ ഹോണടി ചോദ്യം ചെയ്തതിന് ഓഗസ്റ്റ് ഒമ്പതിന് കലൂരില്‍ കാര്‍ യാത്രക്കാരായ കുടുംബത്തെ 15 മിനിട്ടോളം നടുറോഡില്‍ ഇയാള്‍ തടഞ്ഞു നിര്‍ത്തിയിരുന്നു. ഇതിന്റെ വീഡിയോ സമൂഹമാധ്യമംവഴി ശ്രദ്ധയില്‍പ്പെട്ടതിന്റെ അടിസ്ഥാനത്തിൽ കേസെടുത്തെങ്കിലും 25-ദിവസം കഴിഞ്ഞാണ് അറസ്റ്റ് ചെയ്തത്. പ്രതിയെ അറസ്റ്റ് ചെയ്യാനെത്തിയ എറണാകുളം നോർത്ത് സ്റ്റേഷനിലെ എഎസ്ഐ സുനിൽ പി. ജലീലിന്റെ നെഞ്ചത്ത് പ്രതി തള്ളുകയും കീഴ്ച്ചുണ്ടില്‍ ഇടിക്കുകയും കറക്കി നിലത്തിടുകയും ചെയ്തു.
ഉദ്യോഗസ്ഥനെ ആക്രമിച്ചതിന് വേറൊരു കേസ് എടുത്തെങ്കിലും അതിലും ദുര്‍ബല വകുപ്പുകളാണ് ചുമത്തിയത്. ഈ കേസിലും സ്റ്റേഷന് ജാമ്യം അനുവദിച്ചു.
ഇതോടെ പൊലിസ് നടപടി പരക്കെ വിമര്‍ശിക്കപ്പെട്ടു. ഉദ്യോഗസ്ഥന് മര്‍ദനമേറ്റിട്ടും ഗുരുതര വകുപ്പുകള്‍ ചേര്‍ക്കാത്തതിനെതിരേ വ്യാപകമായ പ്രതിഷേധമുയര്‍ന്നു. ഇതോടെയാണ് പൊലിസ് നിലപാട് കര്‍ശനമാക്കിയത്. അതിനിടെ കഴിഞ്ഞ ദിവസം പ്രതിയെ നോര്‍ത്ത് പൊലിസ് അറസ്റ്റ് ചെയ്തതായി പത്രക്കുറിപ്പ് ഇറക്കി അറിയിച്ചെങ്കിലും എഎസ്ഐക്ക് മര്‍ദനമേറ്റ വിവരം പുറത്തറിയിച്ചിരുന്നില്ല.
Tags : Bus conductor NattuVishesham DistrictNews