നോക്കുകുത്തിയായ ട്രാൻസ്ഫോർമർ.
കൊരട്ടി: വോൾട്ടേജ് ക്ഷാമത്തിനു പരിഹാരംകാണാൻ സ്ഥാപിച്ച ട്രാൻസ്ഫോർമർ ഒന്നരവർഷമായി റോഡരികിൽ നോക്കുകുത്തി.
നാലുകെട്ട്- മേലൂർ പാലപ്പിള്ളി പൊതുമരാമത്ത് റോഡിൽ പൈനാടത്തു റബേഴ്സിനു സമീപമാണു വൈദ്യുതി ബോർഡിന്റെ ചെലവിൽ സ്ഥാപിച്ച ട്രാൻസ്ഫോർമർ. ഇതുവരെ 11 കെവി ലൈനുമായി ബന്ധിപ്പിച്ചിട്ടില്ല. ലൈൻ വലിക്കുന്നതടക്കമുള്ള ചെലവുകൾ കേന്ദ്രസർക്കാരിന്റെ ആർഡിഎസ്എസ് പദ്ധതിയിലുൾപ്പെടുത്തി നടപ്പാക്കാനായിരുന്നു തീരുമാനം.
ലക്ഷങ്ങൾമുടക്കി സ്ഥാപിച്ച വൈദ്യുതി ഉപകരണവും ചുറ്റുമുള്ള കമ്പിവേലിയും വള്ളിപ്പടർപ്പുകളും കാടുകയറിയ നിലയിലാണ്. കൊരട്ടിയിലും സമീപ പഞ്ചായത്തുകളിലും നിരവധി വൈദ്യുതി പോസ്റ്റുകളിൽ സമാനമായരീതിയിൽ കാടുകയറിയിട്ടുണ്ട്. ട്രാൻസ്ഫോർമർ അടിയന്തരമായി 11 കെവി ലൈനുമായി ബന്ധിപ്പിച്ചു പ്രവർത്തനസജ്ജമാക്കണമെന്നും വോൾട്ടേജ് ക്ഷാമത്തിനു പരിഹാരമുണ്ടാക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.