മാർ ജേക്കബ് മനത്തോടത്ത് ഉദ്ഘാടനം ചെയ്യുന്നു.
പാലക്കാട്: കേന്ദ്ര നൈപുണ്യ വികസനസംരംഭകത്വ മന്ത്രാലയത്തിനു കീഴിലുള്ള ജൻശിക്ഷണ് സൻസ്ഥാന് പാലക്കാടിന്റെ (ജെഎസ്എസ്) നേതൃത്വത്തിൽ മുന്നൂറിലേറെ പഠിതാക്കളുടെ സ്കിൽ കോണ്വൊക്കേഷൻ ചക്കാന്തറ പാസ്റ്ററൽ സെന്ററിൽ നടന്നു.
മാതൃസംഘടനയായ പീപ്പിൾ സർവീസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ജെഎസ്എസ് പാലക്കാട് സംഘടിപ്പിച്ച പൊതുസമ്മേളനം ബിഷപ് എമരിറ്റസ് മാർ ജേക്കബ് മനത്തോടത്ത് ഉദ്ഘാടനം ചെയ്തു.
തൊഴിൽതേടി അലയുന്നവർക്കും ജീവിതമാർഗം കണ്ടെത്താനാകാതെ പ്രയാസപ്പെടുന്നവർക്കും പുതിയ സഞ്ചാരപഥങ്ങൾ തുറന്നുനൽകുന്നതിൽ ജെഎസ്എസ് നടത്തുന്ന പ്രവർത്തനങ്ങൾ സമൂഹത്തിന്റെ ഉന്നമനത്തിനു വലിയ സംഭാവനയാണ് നൽകുന്നതെന്ന് അദ്ദേഹം പറഞ്ഞു.
19 വർഷംമുന്പ് ആരംഭിച്ച ജെഎസ്എസ് പാലക്കാട് ഇതിനോടകം 50,000ത്തിലേറെ വ്യക്തികളുടെ ജീവിതത്തിൽ മാറ്റത്തിന്റെ തിലകക്കുറി ചാർത്താൻ കഴിഞ്ഞിട്ടുണ്ട്.
നൈപുണ്യ പരിശീലനത്തിലൂടെ സ്വയംതൊഴിലിലേക്കും തൊഴിൽ മേഖലയിലേക്കും നിരവധി പേരെ കൈപിടിച്ചുയർത്താൻ സ്ഥാപനത്തിന് സാധിച്ചുവെന്നും ബിഷപ് കൂട്ടിച്ചേർത്തു.
പരിശീലനരംഗത്ത് മികവുതെളിയിച്ച മൂന്ന് പരിശീലകർക്കുള്ള കൗശലാചാര്യ അവാർഡുകൾ ചടങ്ങിൽ ജെഎസ്എസ് ടീച്ചർമാരായ ആതിര, പ്രഭ, സ്മിത എന്നിവർക്ക് സമ്മാനിച്ചു.ജെഎസ്എസ് ചെയർമാൻ ഫാ. സീജോ കാരിക്കാട്ടിൽ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ജെഎസ്എസ് ബോർഡ് മെംബർ നിഖിൽ കൊടിയത്തൂർ, ജില്ലാ ഡയറക്ടർ സിജു മാത്യു, ജയമാത കോളജ് പ്രിൻസിപ്പൽ സിസ്റ്റർ ഡോ. ഗിസല്ല ജോർജ്, വനിതാ പ്രൊട്ടക്്ഷൻ ഓഫീസർ ഇ. ജിഷിത തുടങ്ങിയവർ പ്രസംഗിച്ചു.വിരമിക്കുന്ന ടി.ജെ. ഷാജി, ജോയ് ജോസഫ് തുടങ്ങിയവർക്ക് ഉപഹാരങ്ങളും സമ്മാനിച്ചു.
Tags : NattuVishasham DistrictNews