പ്രതീകാത്മക ചിത്രം
കണ്ണൂർ: ദേശീയപാതാ അഥോറിറ്റിയുടെയോ മറ്റ് ബന്ധപ്പെട്ട അധികാരികളുടെയോ അനാസ്ഥയോ അലംഭാവമോ കാരണം ദേശീയപാതാ 66 ഉൾപ്പടെയുള്ള ദേശീയപാതകളിലും മറ്റ് പ്രധാന റോഡുകളിലും അപകടമോ മരണമോ സംഭവിച്ചാൽ ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരേ നിയമാനുസൃതമായി നടപടികൾ സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ.
ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരേ നഷ്ടപരിഹാരത്തിനുള്ള നടപടികൾ ഉറപ്പാക്കണമെന്നും ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ഉത്തരവിൽ പറഞ്ഞു. മരിച്ചവരുടെ കുടുംബാംഗങ്ങൾക്കും പരിക്കേറ്റവർക്കും നിയമപ്രകാരം ഉചിതവും സമയബന്ധിതവുമായി നഷ്ടപരിഹാരം നൽകണം.
ദേശീയപാത 66 ഉൾപ്പടെയുള്ള ദേശീയപാതകളിലും മറ്റു പ്രധാന റോഡുകളിലും പകലും രാത്രിയും മതിയായ സുരക്ഷാ സംവിധാനങ്ങളില്ലാതെ ഭാരവാഹനങ്ങൾ അനധികൃതമായി പാർക്ക് ചെയ്യുന്നത് ഗുരുതരമായ മനുഷ്യാവകാശ ലംഘനത്തിനും ജീവഹാനിക്കും ഇടയാക്കുമെന്നും ഉത്തരവിൽ പറഞ്ഞു. നിയമലംഘനങ്ങൾക്കെതിരേ ക്രിമിനൽ നിയമനടപടികൾ സ്വീകരിക്കണം.
അപകടസാധ്യതയുള്ള സ്ഥലങ്ങളിൽ ലൈറ്റിംഗ്, റിഫ്ലക്റ്റീവ് ബാരിക്കേഡുകൾ, വ്യക്തമായ മുന്നറിയിപ്പ് ബോർഡുകൾ, വേഗനിയന്ത്രണ സംവിധാനങ്ങൾ എന്നിവ സ്ഥാപിക്കണം. ദേശീയപാത 66 ലും ജില്ലയിലെ പ്രധാന റോഡുകളിലും ഭാരവാഹനങ്ങൾ അനധികൃതമായി പാർക്ക് ചെയ്യുന്നതിനെതിരേ അഡ്വ. വി. ദേവദാസ് സമർപ്പിച്ച പരാതിയിലാണ് നടപടി.
Tags : NattuVishasham DistrictNews