പ്രതീകാത്മക ചിത്രം
കണ്ണൂർ: ടാറിന്റെ വില വർധിച്ചതോടെ കരാറുകാർ ടെൻഡർ എടുക്കാത്തതിനെ തുടർന്ന് കോര്പറേഷന് പരിധിയിലെ റോഡുകൾ പൊട്ടിപ്പൊളിഞ്ഞ് കിടക്കുകയാണ്. പ്രസ്തുത റോഡുകളുടെ പ്രവൃത്തി ദസറയ്ക്ക് മുമ്പ് പൂര്‍ത്തീകരിച്ച് ഗതാഗതയോഗ്യമാക്കുമെന്ന് കോര്പറേഷന് കൗണ്‍സില്‍ യോഗം. പരിഷ്കരിച്ച പുതിയ ഷെഡ്യൂൾ നിരക്കിൽ അടങ്കൽ തുകയ്ക്ക് വ്യത്യാസം വരാതെ അടങ്കൽ പരിഷ്കരിച്ച് ടെൻഡർ നടപടികൾ സ്വീകരിക്കുമെന്നും മേയർ പി. ഇന്ദിര അറിയിച്ചു.
ടാറിന്റെ വില കൂടിയതിനാല്‍ കരാറുകാര്‍ പ്രവൃത്തി ഏറ്റെടുക്കാന്‍ വിസമ്മതിച്ചതിനാലാണ് പ്രവൃത്തി നീണ്ടുപോയത്. ഈ സാഹചര്യത്തില്‍ കരാറുകാരും എൻജിനിയര്‍മാരും കൗണ്‍സിലര്‍മാരും ചേര്‍ന്നും നടത്തിയ യോഗത്തിലാണ് തീരുമാനമെന്നും മേയര്‍ പറഞ്ഞു.
എംഎല്‍എ ഫണ്ട് വച്ച പദ്ധതികള്‍ എന്ത് ചെയ്യണമെന്ന് വ്യക്തത വരുത്തണമെന്ന് ഡെപ്യൂട്ടി മേയര്‍ കെ.പി. താഹിര്‍ പറഞ്ഞു. അടങ്കലില്‍ നിന്നുകൊണ്ട് തന്നെ പ്രവൃത്തി നടത്തുമ്പോള്‍ റോഡിന്റെ അളവില്‍ വ്യത്യാസം ഉണ്ടാകാന്‍ സാധ്യതയുണ്ട്. അതിനാൽ ചെറിയ റോഡുകളുടെ പ്രവൃത്തി ഏറ്റെടുക്കാന്‍ കരാറുകാര്‍ വിസമ്മതിക്കും. അത്തരം സാഹചര്യത്തില്‍ കരാറുകാരെ ചെറിയ റോഡുകള്‍ എറ്റെടുക്കാന്‍ നിര്‍ബന്ധിക്കണമെന്ന് കൗണ്‍സിലര്‍മാര്‍ ആവശ്യപ്പെട്ടു. കൗൺസിൽമാരായ വി.കെ. പ്രകാശിനി, റിജിൽ മാക്കുറ്റി, ശിബിൽ എന്നിവർ സംസാരിച്ചു.
Tags : NattuVishasham DistrictNews