പ്രതീകാത്മക ചിത്രം
കണ്ണൂർ: നഗരപരിസരങ്ങളിൽ തെരുവുനായകൾ കൂട്ടത്തോടെ കൊല്ലപ്പെട്ട സംഭവത്തിൽ മനുഷ്യാവകാശ കൂട്ടായ്മയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ബന്ധപ്പെട്ട വകുപ്പ് മേധാവികളിൽ നിന്ന് അടിയന്തര നടപടിയും റിപ്പോർട്ടും ആവശ്യപ്പെട്ട് ജില്ലാ കളക്ടർ. ജില്ലാ ജോയിന്റ് ഡയറക്ടർ തദ്ദേശ സ്വയംഭരണ വകുപ്പ്, ജില്ലാ ഓഫിസർ മൃഗസംരക്ഷണ വകുപ്പ്, മുൻസിപ്പൽ കോർപറേഷൻ സെക്രട്ടറി എന്നിവർക്ക് മനുഷ്യാവകാശ കൂട്ടായ്മയുടെ പരാതി കൈമാറിക്കൊണ്ട് പരാതിയിൽ ആവശ്യമായ നടപടികൾ സ്വീകരിച്ച് റിപ്പോർട്ട് മൂന്ന് ദിവസത്തിനകം ലഭ്യമാക്കണമെന്നാണ് ജില്ലാ കളക്ടർ ഉത്തരവിട്ടിട്ടുള്ളത്.
ജില്ലാ കളക്ടർക്ക് വേണ്ടി എഡിഎം പി.എൻ. പുരുഷോത്തമനാണ് ഉത്തരവിൽ ഒപ്പിട്ടിട്ടുള്ളത്. ഓഗസ്റ്റ് 19 നാണ് കണ്ണൂർ നഗര പരിസരങ്ങളിൽ തെരുവുനായ്ക്കൾ കൂട്ടത്തോടെ മരിച്ചുകിടക്കുന്നതായി കാണപ്പെട്ട വാർത്ത പുറത്തുവന്നത്. കൊല്ലപ്പെട്ട 50 നും 100നും ഇടയിൽ വരുന്ന നായ്ക്കളുടെ ജഡം കോർപറേഷൻ അധികൃതർ നിയമപ്രകാരമുള്ള പോസ്റ്റ്മോർട്ടം പരിശോധന ഒഴിവാക്കി കുഴിച്ചുമൂടിയതായി മനുഷ്യാവകാശ കൂട്ടായ്മ പരാതിയിൽ ആരോപിക്കുന്നു.
വ്യക്തികൾ മൃഗസംരക്ഷണ വകുപ്പിൽ എത്തിച്ച ഏതാനും നായ്ക്കളുടെ പരിശോധനയിൽ ആസൂത്രിതമായ കൂട്ടക്കൊലയാണ് നടന്നിട്ടുള്ളതെന്നും കൂട്ട വിഷപ്രയോഗമാണ് മരണകാരണ മെന്നുമാണ് പ്രാഥമികമായി തെളിഞ്ഞിട്ടുള്ളത്. ഗുരുരുതരമായ കുറ്റകൃത്യം സംബന്ധിച്ച് നിയമാനു സൃത നടപടി ഉണ്ടാകണമെന്നും കോർപറേഷൻ കുഴിച്ചുമൂടിയ നായ്ക്കളുടെ പോസ്റ്റുമോർട്ടം നടത്തി മരണകാരണം നിയമപരമായി സ്ഥാപിക്കണമെന്നും സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തണമെന്നും മനുഷ്യാവകാശകൂട്ടായ്മ പരാതിയിൽ ആവശ്യപ്പെടുന്നു.
Tags : NattuVishasham DistrictNews