പ്രതീകാത്മക ചിത്രം
കണ്ണൂർ: സാധാരണ ജനങ്ങളുടെ ഹൃദയത്തിലിടം പിടിച്ച പ്രവർത്തനങ്ങൾ കാഴ്ചവച്ചതായിരുന്നു ഐക്യ ജനാധിപത്യ മുന്നണി സർക്കാരിന്റെ നൂറുദിന കർമപരിപാടികളെന്നും പൊതുമാർക്കറ്റുകളെ നിയന്ത്രിക്കുന്ന വിധത്തിൽ സിവിൽ സപ്ലൈ കോർപറേഷന്റെ വിപണനരംഗത്തെ ഇടപെടലുകൾ ജനങ്ങളുടെ പ്രയാസങ്ങൾ ദൂരീകരിക്കുന്നതാണെന്നും ഓണം പോലുള്ള ഉത്സവ സീസണുകളിൽ ഇത് സാധാരണക്കാർക്കും മറ്റും ഏറെ പ്രയോജനകരമായിരുന്നുവെന്നും യുഡിഎഫ് ജില്ലാ കമ്മിറ്റി യോഗം അഭിപ്രായപ്പെട്ടു. സാധാരണക്കാരന്റെ പ്രയാസങ്ങൾ കണ്ടറിഞ്ഞ് അവരിലുള്ള ഒരാളായി അവർക്കൊപ്പം നിന്ന് ജനാധിപത്യ മുന്നണിക്ക് നേതൃത്വം നൽകുന്ന മുഖ്യമന്ത്രി വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള സർക്കാരിന്റെ പ്രവർത്തനങ്ങൾ ശ്ലാഘനീയമാണെന്നും യോഗം വിലയിരുത്തി.
കഴിഞ്ഞ സർക്കാരിന്റെ കാലത്ത് വ്യാജ ട്രസ്റ്റുകളുടെയും കടലാസ് സൊസൈറ്റികളുടെയും മറവിൽ കോടിക്കണക്കിന് രൂപ വിലമതിക്കുന്ന ജില്ലയിലെ റവന്യൂ- പഞ്ചായത്ത് ഭൂമികൾ സിപിഎം നിയമപരമായ മാർഗത്തിലൂടെയല്ലാതെ കൈയടക്കിയതായി യോഗം വിലയിരുത്തി. പൊതു ആവശ്യത്തിനും മറ്റും മാറ്റിവച്ച സ്ഥലങ്ങൾ പോലും ഇത്തരം കൈയടക്കലുകൾക്ക് വിധേയമായിട്ടുണ്ടെന്നും ഇത് കണ്ടെത്താൻ അടിയന്തിരമായും റവന്യു വകുപ്പിന്റെ നേതൃത്വത്തിൽ ശക്തമായ ഇടപെടലുകൾ ഉണ്ടാകണമെന്നും യോഗം ആവശ്യപ്പെട്ടു.
ചെയർമാൻ പി.ടി. മാത്യു അധ്യക്ഷത വഹിച്ചു. കൺവീനർ അബ്ദുൾ കരീം ചേലേരി, ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ്, മുസ്ലിം ലീഗ് ജില്ല ജനറൽ സെക്രട്ടറി കെ.ടി. സഹദുള്ള, എ.ഡി. മുസ്തഫ, സി.എ.അജീർ, റോജസ് സെബാസ്റ്റ്യൻ, ജോർജ് കാനാട്ട്, സി.കെ. സഹജൻ, എൻ.ജി.സുനിൽ പ്രകാശ്, ജോൺസൺ പി. തോമസ്, മാത്തുക്കുട്ടി പന്തപ്ലാക്കൽ, എ.കൃഷ്ണൻ, സി.കെ. സഹജൻ, ജോസ് വേലിക്കലത്ത്, സുധീഷ് കടന്നപ്പള്ളി, എസ് മുഹമ്മദ്, ഇബ്രാഹിംകുട്ടി തിരുവട്ടൂർ, അൻസാരി തില്ലങ്കേരി തുടങ്ങിയവർ പങ്കെടുത്തു.
Tags : NattuVishasham DistrictNews