മലപ്പട്ടം പതിനാറാം പറമ്പിലെ ഒരു വീട്ടിൽ ഇന്നലെ എത്തിയ വാനരപ്പട.
ശ്രീകണ്ഠപുരം: മലയോര ഗ്രാമങ്ങളിലെ കർഷകർ വാനരശല്യത്തിൽ പൊറുതിമുട്ടുന്നു. കൂട്ടമായി എത്തുന്ന കുരങ്ങുകൾ കൃഷികൾ നശിപ്പിക്കുന്നതിന് പുറമെ വീടിന്റെ ഓടുപോലും ഇളക്കിമാറ്റുകയാണ്. ഇളനീര് പറിച്ചുതിന്നു നശിപ്പിക്കുന്നതിനാൽ കറിക്ക് അരയ്ക്കാനുള്ള തേങ്ങ പോലും കിട്ടാത്ത അവസ്ഥയാണിപ്പോൾ. മലപ്പട്ടം സെൻട്രൽ, കാപ്പാട്ടുകുന്ന്, പതിനാറാംപറമ്പ്, കൊളന്ത, കൊവുന്തല, പടപ്പക്കരി, പന്നിയോട്ടുവയൽ, തേക്കിൻകൂട്ടം, മുനമ്പ് പ്രദേശങ്ങളിലാണ് ശല്യം രൂക്ഷമായത്.
നൂറോളം കുരങ്ങുകൾ മാസങ്ങളായി പ്രദേശത്തു നാശം വിതച്ചിട്ടും പഞ്ചായത്തോ വനംവകുപ്പോ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.പ്രദേശത്തെ തെങ്ങിൻ തോപ്പുകളെല്ലാം കുരങ്ങുകൾ താവളമാക്കി. മച്ചിങ്ങകളും കരിക്കുകളും വ്യാപകമായി നശിപ്പിക്കുന്നു. പറിച്ചെറിഞ്ഞ കരിക്കുകൾ തോട്ടങ്ങളിലെല്ലാം നിറഞ്ഞു കിടക്കുകയാണ്.
ചക്കയുടെയും മാങ്ങയുടെയും സീസൺ കഴിഞ്ഞതോടെ പച്ചക്കറികളും വാഴക്കുലകളും മൂപ്പെത്തുന്നതിന് മുന്പ് കുരങ്ങുകൾ കൂട്ടമായെത്തി തിന്നുനശിപ്പിക്കുകയാണ്.
കാട്ടുപന്നികളുടെയും മയിലുകളുടെയും ശല്യംകൊണ്ട് നട്ടംതിരിയുമ്പോഴാണ് കുരങ്ങുശല്യവും കർഷകർക്ക് കനത്ത പ്രഹരമാകുന്നത്. ഇതിനകം ലക്ഷക്കണക്കിന് രൂപയുടെ കാർഷിക വിളകളാണ് കുരങ്ങുശല്യം കാരണം നശിച്ചത്. ഇന്നലെ മലപ്പട്ടം പതിനാറാം പറമ്പിലെ ഒരു വീട്ടിൽ ഉണ്ടാക്കിവച്ച ഭക്ഷണം കുരങ്ങന്മാർ കലമടക്കം കൊണ്ടുപോയി. മലപ്പട്ടം, മയ്യിൽ, കുറ്റ്യാട്ടൂർ മേഖലകളിലായി ഇരുപതോളം കുരങ്ങൻമാർ കൂട്ടമായാണ് സഞ്ചാരം.
Tags : NattuVishasham DistrictNews