കല്ലടിക്കോട്: കരിമ്പ പഞ്ചായത്ത് 13-ാം വാർഡിലെ ഉപതെരഞ്ഞെടുപ്പ് ഇരുമുന്നണികൾക്കും ഒരുപോലെ നിർണായകം.യുഡിഎഫിന് ഭരണം നിലനിർത്താനും എൽഡിഎഫിന് 10 വർഷമായി നഷ്ടപ്പെട്ട ഭരണം തിരിച്ചുപിടിക്കാനുമുള്ള പോരാട്ടമായി മാറും.
നിലവിലെ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മുസ്ലിംലീഗിലെ യൂസഫ് പാലക്കൽ മന്ത്രി കെ.എ. തുളസിയുടെ പേഴ്സണൽ സ്റ്റാഫായി നിയമിതനായി പഞ്ചായത്ത് അംഗത്വം രജിവച്ചതോടെയാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്.
കരിമ്പ പഞ്ചായത്തിലെ 18 അംഗ ഭരണസമിതിയിൽ യുഡിഎഫ്- 9, എൽഡിഎഫ്- 8, എൻഡിഎ- 2 എന്നിങ്ങനെയാണ് കഷിനില. യൂസഫ് രാജിവച്ചതോടെ നിലവിൽ എട്ടംഗങ്ങളുടെ പിന്തുണയാണ് ഭരണകക്ഷിയായ യുഡിഎഫിനിനുള്ളത്.അതിനാൽ ഈമാസം 28 ന് നടക്കുന്ന തെരഞ്ഞെടുപ്പിൽ ഇരുമുന്നണികൾക്കും വിജയം ഉറപ്പാക്കിയേ മതിയാകൂ. വെട്ടം വാർഡിലെ വ്യക്തിയടക്കം മൂന്നുപേരാണ് ലീഗിന്റെ സ്ഥാനാർഥിപട്ടികയിലുള്ളത്.
തീരുമാനമായില്ലെങ്കിൽ യുഡിഎഫിന്റേതായി പൊതുസ്ഥാനാർഥിയെ നിർത്താനും ആലോചനയുണ്ട്.
എൽഡിഎഫിൽ സിപിഎം രണ്ട് മുൻ പഞ്ചായത്ത് അംഗങ്ങളെയും പ്രദേശത്തെ ഒരു വ്യാപാരിയേയും പരിഗണിക്കുന്നുണ്ടെന്നാണ് സൂചനകൾ.കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ലഭിച്ച 327 വോട്ടിന്റെ മികച്ച ഭൂരിപക്ഷത്തിലാണ് യുഡിഎഫിന്റെ പ്രതീക്ഷ. വൻ ഭൂരിപക്ഷത്തോടെ ജയിച്ചശേഷം രാജിവച്ച് ഉപതെരഞ്ഞെടുപ്പിനിടയാക്കിയ സാഹചര്യവും പഞ്ചായത്തിലെ ഭരണപരാജയങ്ങളും ചർച്ചയാക്കി സീറ്റ് പിടിച്ചെടുക്കാനാണ് എൽഡിഎഫ് നീക്കം.
ഉപതെരഞ്ഞെടുപ്പ് ചൂട് വെട്ടം വാർഡിൽ ഒതുങ്ങാതെ കരിമ്പ പഞ്ചായത്തിനും പുറത്തേയ്ക്കുപോകും എന്നതിൽ സംശയമില്ല.നിലവിൽ രണ്ടു സീറ്റ് നേടിയിട്ടുള്ള എൻഡിഎയും ശക്തമായി രംഗത്തുണ്ട്.സ്ഥാനാർഥികൾക്ക് ഈമാസം പത്തുവരെ നോമിനേഷൻ നൽകാം. 28ന് വോട്ടെടുപ്പും 29ന് വോട്ടെണ്ണലും നടക്കും.
Tags : NattuVishasham DistrictNews