അഗിശമനസേനാ ഓഫിസർ എൻ.കെ. ഷാജി പ്രസംഗിക്കുന്നു.
കല്ലടിക്കോട്: തുടർച്ചയായി ദുരന്തങ്ങൾ സംഭവിക്കുന്ന മീൻവല്ലം പ്രദേശത്ത് അപകടമരണങ്ങൾ തടയാൻ ശാശ്വത പരിഹാരം കാണണമെന്നു സർവകക്ഷിയോഗം ആവശ്യപ്പെട്ടു.
കരിമ്പ പഞ്ചായത്തിന്റേയും വനംസംരക്ഷണ സമിതിയുടേയും നേതൃത്വത്തിൽ വിളിച്ചുചേർത്ത വിവിധ വകുപ്പ് തലവന്മാരുടെ യോഗത്തിലാണ് ആവശ്യമുയർന്നത്.
മൂന്നേക്കർ മുതൽ മീൻവല്ലം വരെയുള്ള മൂന്നുകിലോമീറ്റർ റോഡിന്റെ വശത്തുകൂടെ ഒഴുകുന്ന തുപ്പനാട് പുഴയ്ക്ക് സംരക്ഷണവേലി നിർമിക്കണമെന്നും വനം, പൊലിസ്, പഞ്ചായത്ത്, അഗ്നിശമനസേന, റവന്യു വകുപ്പുകൾ ഊർജിതമായി ഇടപെടണമെന്നും യോഗത്തിൽ ആവശ്യമുയർന്നു.
വൈകുന്നേരങ്ങളിൽ യൂണിഫോമിട്ട വനം, പൊലിസ് ഉദ്യോഗസ്ഥർ പ്രദേശത്ത് പട്രോളിംഗ് നടത്തണമെന്നും അപകട മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കണമെന്നും സന്ദർശകരെ നിയന്ത്രിക്കാൻ വനംസംരക്ഷണസമിക്കു കൂടുതൽ അധികാരം നൽകണമെന്നും കൂടുതൽ സ്റ്റാഫിനെ നിയമിക്കണമെന്നും ആവശ്യം ഉയർന്നിട്ടുണ്ട്.
അപകടകരമായ ഇരുട്ടുകുഴി ഭാഗത്തെ ഗുഹകൾ മണ്ണിട്ട് നികത്തണമെന്നും പുഴയുടെ ഭൂമി അളന്ന് തിട്ടപ്പെടുത്തി ആളുകൾക്ക് വിശ്രമിക്കാനുള്ള സൗകര്യമൊരുക്കണമെന്നും വാർഡ് അംഗം തങ്കച്ചൻ മാത്യൂസ് ആവശ്യപ്പെട്ടു. പുഴയുടെ തീരത്ത് മീൻവല്ലം റോഡരികിൽ കമ്പിവേലി നിർമിക്കണമെന്നും വൈദ്യുതിവേലികൾ അറ്റകുറ്റപ്പണികൾ നടത്തി പ്രവർത്തനക്ഷമമാക്കണമെന്നും അഭിപ്രായം ഉയർന്നു.
കരിമ്പ പഞ്ചായത്ത് പ്രസിഡന്റ് പി. ശ്രീലത, ജില്ലാ പഞ്ചായത്ത് അംഗം ബീന ജോയി, ബ്ലോക്ക് പഞ്ചായത്ത് അംഗം മുഹമ്മദ് നവാസ്, പഞ്ചായത്ത് അംഗങ്ങളായ തങ്കച്ചൻ മാത്യൂസ്, ഷക്കീല, സി.കെ. മുഹമ്മദ് മുസ്തഫ, കെ. രാധാകൃഷ്ണൻ, അജേഷ് പുല്ലായിൽ, അഗ്നിശമനസേന കോങ്ങാട് ഓഫിസർ എൻ.കെ. ഷാജി, ആർഎഫ്ഒ ആർ. സജീവ്, ഡെപ്യൂട്ടി തഹസിൽദാർ ഷാജി കെ. ആൻഡ്രൂസ്, സർക്കിൾ ഇൻസ്പെക്ടർ എം.ബി. രാജേഷ്, സബ് ഇൻസ്പെക്ടർ കെ. സാലീം, ആർ. ശശിഭൂഷൺ, കെ. അബ്ബാസ് അലി, ടി.ആർ. രതീഷ്, കെ. മുരളീധരൻ, ഷാജി കിനാക്കുഴി, ജോണിക്കുട്ടി സാം, പഞ്ചായത്ത് സെക്രട്ടറി ഇ. അസീസ്, ടി.ആർ. രമേഷ്, തോമാച്ചൻ കൂനംപാറ തുടങ്ങിയവർ പ്രസംഗിച്ചു.
ഉപതെരഞ്ഞെടുപ്പിന്റെ പ്രോട്ടോകോൾ നിലനിൽക്കുന്നതിനാൽ തീരുമാനങ്ങളെടുക്കാൻ പരിമിതികളുണ്ടെന്നും ഈമാസം 28ന് നടക്കുന്ന ഉപതെരഞ്ഞെടുപ്പിനുശേഷം ഉചിതമായ തീരുമാനങ്ങൾ സ്വീകരിക്കുമെന്നും കരിമ്പ പഞ്ചായത്ത് പ്രസിഡന്റ് പി. ശ്രീലത പറഞ്ഞു.
കഴിഞ്ഞ ദിവസം ഇരുട്ടുകുഴി കയത്തിൽ മുങ്ങിമരിച്ച അഹമ്മദ് ഇസയുടെ മൃതദേഹം മുങ്ങിയെടുത്ത പ്രദേശവാസികളേയും നേതൃത്വം നൽകിയ ഉദ്യോഗസ്ഥരേയും അനുമോദിച്ചു.
Tags : NattuVishasham DistrictNews