സുരക്ഷായോഗം കെ.കെ. വത്സരാജ് എംഎൽഎ ഉദ്ഘാടനംചെയ്യുന്നു.
കയ്പമംഗലം: കയ്പമംഗലത്തുണ്ടായ അപകടത്തിന്റെ പശ്ചാത്തലത്തിൽ ചേർന്ന ഹൈവേസുരക്ഷാ യോഗത്തിൽ ദേശീയപാത നിർമാണ കമ്പനിക്കെതിരേ രൂക്ഷവിർശനം.
ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കിമാത്രമേ നിർമാണപ്രവർത്തനങ്ങൾ നടത്തുകയുള്ളൂവെന്ന് ഉറപ്പുനൽകിയ ശിവാലയ കരാർ കമ്പനി യാതൊരുവിലയും കൽപ്പിക്കാതെയാണ് പ്രവർത്തിക്കുന്നതെന്ന് യോഗത്തിൽ പങ്കെടുത്തവർ പറഞ്ഞു. ട്രാഫിക് നിയമങ്ങളെല്ലാം ലംഘിച്ചു കടന്നുപോകുന്ന നിർമാണ കമ്പനിയുടെ വാഹനങ്ങളുടെ പേരിൽ നടപടിയെടുക്കാൻ പൊലിസും തയാറാകുന്നില്ലന്നും യോഗത്തിൽ ശക്തമായ വിമർശനമുയർന്നു.
പല വാഹനയാത്രക്കാരും ഭാഗ്യത്തിനാണ് രക്ഷപ്പെടുന്നത്. വലിയ നിർമാണ പ്രവർത്തനങ്ങൾ നടക്കുമ്പോൾപോലും റോഡിൽ ആവശ്യത്തിന് സുരക്ഷാ ജീവനക്കാർ ഇല്ലാത്ത അവസ്ഥയാണ്.
നാട്ടുകാരുടെ അഭിപ്രായങ്ങൾ ക്രോഡീകരിച്ച് മുഖമന്ത്രിക്കും ജില്ലാ കളക്ടർ, എൻഎച്ച്എഐ ഉൾപ്പെടെയുള്ളവർക്കും സമർപ്പിക്കുമെന്ന് യോഗത്തിൽ അധ്യക്ഷതവഹിച്ച കയ്പമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബീനാ സുരേന്ദ്രൻ പറഞ്ഞു.
കെ.കെ. വത്സരാജ് എംഎൽഎ യോഗം ഉദ്ഘാടനംചെയ്തു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സുരേഷ് കൊച്ചുവീട്ടിൽ അനുശോചനപ്രമേയം അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ് കെ.കെ. സക്കരിയ, സ്ഥിരംസമിതി അധ്യക്ഷരായ മണി ഉല്ലാസ്, അൻസ മോൾ, കയ്പമംഗലം സബ് ഇൻസ്പെക്ടർ രഞ്ജിത്ത്, എസ്ഐ ജയകുമാർ എന്നിവർ പങ്കെടുത്തു.
എംഎൽഎയുടെ നേതൃത്വത്തിൽ സത്യഗ്രഹം ഇന്ന്
കാളമുറി: ദേശീയപാത 66ലെ വാഹനാപകടങ്ങൾക്ക് ഉത്തരവാദികളായ ശിവാലയ കമ്പനിക്കും എൻഎച്ച്എഐക്കുമെതിരേ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നാവശ്യപ്പെട്ട് കെ.കെ. വത്സരാജ് എംഎൽഎയുടെ നേതൃത്വത്തിലുള്ള പ്രതിഷേധ സത്യഗ്രഹം ഇന്ന്. ജനപ്രതിനിധികളും ജനങ്ങളും പങ്കെടുക്കുന്ന പ്രതിഷേധ സത്യഗ്രഹം ഇന്ന് വൈകീട്ട് അഞ്ചിന് കാളമുറി നോബിൾ പാലസ് പരിസരത്താണ് സംഘടിപ്പിച്ചിട്ടുള്ളത്.
ദേശീയപാത അധികൃതരുടെയും കരാർ കമ്പനിയുടെയും ഉത്തരവാദിത്വമില്ലായകാരണം നിരവധി വാഹന യാത്രക്കാരാണ് അപകടത്തിൽപ്പെട്ടു മരണമടയുന്നത്.
പലതവണയായി നടന്ന യോഗങ്ങളിലെ സുരക്ഷ സംബന്ധിച്ച് സ്വീകരിച്ച തീരുമാനങ്ങൾ കരാർ കമ്പനി ലംഘിക്കുകയാണ്. ഇതേ തുടർന്നാണ് ദേശീയപാതയിൽ ജീവനുകൾ പൊലിയുന്നത്. കയ്പമംഗലം നിയോജകമണ്ഡലത്തിൽ മാത്രം ഏതാനും ആഴ്ചകൾക്കിടെ 12 പേരുടെ ജീവനാണ് പൊലിഞ്ഞത്. ആവശ്യമായ മുൻകരുതലുകളും സുരക്ഷാമാനദണ്ഡങ്ങളും പാലിക്കാതെ പുതിയ ദേശീയപാത റോഡുകൾ തുറക്കുന്നതുമൂലം അപകടങ്ങൾ ഉണ്ടാകുമെന്ന് ചൂണ്ടിക്കാണിച്ച് നിരവധിതവണ കത്തുകൾ നൽകിയെങ്കിലും അതെല്ലാം ശിവാലയ കോൺട്രാക്ടിംഗ് ഏജൻസി ഗൗനിക്കാതെ മുന്നോട്ടു പോകുകയായിരുന്നു. ഇവർക്കെതിരേ ശക്തമായ നടപടികൾ ഉടനടി സ്വീകരിക്കണം. കരാർ കമ്പനിയുടെ ഗുരുതപിഴവുകൾ കണ്ടില്ലെന്നു നടിക്കുകയും യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ നടപടി സ്വീകരിക്കാത്ത ദേശീയപാത അഥോറിറ്റി ഓഫ് ഇന്ത്യ അധികൃതരും അപകടമരണങ്ങൾക്ക് ഉത്തരവാദികളാണെന്നും എംഎൽഎ ആരോപിച്ചു.
ദേശീയപാതയുടെ സുരക്ഷ: കേന്ദ്രമന്ത്രിക്ക് കത്തയച്ചു
തൃശൂർ: കയ്പമംഗലം വാഹനാപകടത്തിൽ എട്ടു വിദ്യാർഥികൾ മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിൽ കേരളത്തിലെ ദേശീയപാതയുടെ സുരക്ഷ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിക്ക് മുഖ്യമന്ത്രി വി.ഡി. സതീശൻ കത്തു നൽകി.
ദേശീയപാത നിർമാണ മേഖലയിൽ എത്തുന്ന വാഹനങ്ങളുടെയും മറ്റ് ഭാരവാഹനങ്ങളുടെയും അശാസ്ത്രീയവും നിയമവിരുദ്ധവുമായ പാർക്കിംഗ് തടയുന്നതിന് കർശന നിയന്ത്രണം ഏർപ്പെടുത്തണ മെന്നും മുഖ്യമന്ത്രി കത്തിൽ ആവശ്യപ്പെട്ടു.