പ്രതീകാത്മക ചിത്രം
അരൂര്‍: ഇന്ധനം നിറച്ച് ദേശീയപാതയിലേക്കിറങ്ങവേ ട്രെയിലര്‍ ലോറിയുടെ അടിഭാഗം കാനയില്‍ തട്ടി കുടുങ്ങി. രാജസ്ഥാനില്‍ നിന്ന് കാറുകളുമായി വന്ന ലോറിയാണ് തിങ്കളാഴ്ച രാത്രി ഒന്‍പതരയോടെ അരൂര്‍ ഇന്ത്യന്‍ ഓയില്‍ പമ്പിന് മുന്നില്‍ കുടുങ്ങിയത്.
ഉയരപ്പാത നിര്‍മാണത്തിന്റെ ഭാഗമായി ദേശീയപാതയോരത്ത് നിര്‍മിച്ച കാനയുടെ ഉയരം കൂടിയതാണ് വില്ലനായത്. ഉയരവ്യത്യാസം മൂലം ഇതേ പമ്പില്‍ ഇതിന് മുന്‍പ് പലതവണ ഇത്തരത്തില്‍ വാഹനങ്ങള്‍ കുടുങ്ങിയിരുന്നു. ഇതേ തുടര്‍ന്ന് പമ്പില്‍ നിന്ന് ദേശീയപാതയിലേക്കിറങ്ങുന്ന ഭാഗത്ത് ചരിവ് നിര്‍മിച്ചിട്ടും ലോറി കുടുങ്ങുകയായിരുന്നു.
നീളമേറിയ ട്രെയിലറിന്റെ ഡ്രൈവറുടെ കാബിന് ദേശീയപാതയിലും പിന്നോട്ടുള്ള ഭാഗം പമ്പിലേക്കുമായ നിലയിലാണ്. ജാക്കി ഉപയോഗിച്ച് അടിഭാഗം ഉയര്‍ത്തി വാഹനം പാതയിലേക്കിറക്കുന്നതിനുള്ള ശ്രമം രാത്രിയും തുടര്‍ന്ന് വരികയാണ്.
ഉയരപ്പാത നിര്‍മാണത്തിന്റെ ഭാഗമായി കാനയുടെ ഉയരം കൂടിയതുമായി ബന്ധപ്പെട്ട് വ്യാപാരികളും നൂറുകണക്കിന് വീട്ടുകാരും ഏറെ ബുദ്ധിമുട്ടിലാണ്. ഇത് സംബന്ധിച്ച് നിരവധി പരാതികളും നിലനില്‍ക്കുന്നുണ്ട്.
Tags : Trailer lorry NattuVishesham DistrictNews