പ്രതീകാത്മക ചിത്രം
സുൽത്താൻ ബത്തേരി: ബത്തേരി -മലവയൽ- അന്പുകുത്തി റോഡുകളിലെ സമാന്തര സർവീസുകൾ മൂലം സ്വകാര്യ ബസ് സർവീസുകൾ കടുത്ത പ്രതിസന്ധിയിലായതായി ബസ് ഉടമകൾ.
പ്രശ്നത്തിന് പരിഹാരം കാണാൻ അധികൃതർ ശക്തമായ നടപടി സ്വീകരിക്കാത്ത സാഹചര്യത്തിൽ സർവീസ് നിർത്തിവയ്ക്കുന്നതടക്കമുള്ള കടുത്ത തീരുമാനങ്ങളിലേക്ക് നീങ്ങുകയാണ് ഉടമകൾ. സമാന്തര സർവീസുകൾക്കെതിരേ നിരവധി തവണ ബന്ധപ്പെട്ട അധികൃതർക്ക് പരാതികൾ നൽകിയിട്ടും ഫലപ്രദമായ നടപടികൾ ഉണ്ടാകുന്നില്ലെന്നാണ് ബസ് ഉടമകളുടെ ആരോപണം. പരാതികൾ നൽകിയിട്ടും നടപടിയില്ലാത്തത് സമാന്തര സർവീസ് നടത്തുന്നവർക്ക് കൂടുതൽ ആത്മവിശ്വാസവും പ്രോത്സാഹനവും നൽകുന്നതായും ഉടമകൾ പറയുന്നു. കഴിഞ്ഞ ദിവസവും സമാന്തര സർവീസ് നടത്തിയ വാഹനം സ്വകാര്യ ബസിന്റെ മുന്നിൽ തടസം സൃഷ്ടിച്ച സംഭവമുണ്ടായിട്ടും കാര്യമായ നടപടികൾ ഉണ്ടായില്ലെന്ന ആരോപണവുമുണ്ട്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നത് നിയമാനുസൃതമായി സർവീസ് നടത്തുന്ന ബസ് ഉടമകളിലും ജീവനക്കാരിലും ആശങ്ക വർധിപ്പിച്ചിട്ടുണ്ട്. സമാന്തര സർവീസുകൾ നിയന്ത്രിക്കാതെ ഇത്തരത്തിൽ തുടരുകയാണെങ്കിൽ സ്വകാര്യ ബസ് സർവീസുകൾ സാന്പത്തികമായി മുന്നോട്ടുകൊണ്ടുപോകാൻ കഴിയാത്ത സാഹചര്യമുണ്ടാകുമെന്നും ഉടമകൾ ചൂണ്ടിക്കാട്ടുന്നു.
സർവീസ് നിർത്തിവയ്ക്കേണ്ട സാഹചര്യമുണ്ടായാൽ സുൽത്താൻ ബത്തേരി, മലവയൽ, അന്പുകുത്തി എന്നിവിടങ്ങളോടൊപ്പം ഗോവിന്ദമൂല, അന്പുകുത്തി, എടയ്ക്കൽ ഗ്രാമീണ പ്രദേശങ്ങളിലെ സാധാരണക്കാരായ യാത്രക്കാർക്കാണ് കൂടുതൽ ദുരിതം അനുഭവിക്കേണ്ടിവരികയെന്നും അവർ മുന്നറിയിപ്പ് നൽകി. വിദ്യാർഥികൾ, തൊഴിലാളികൾ, കർഷകർ, മുതിർന്നവർ തുടങ്ങിയ നിരവധി പേർ ദൈനംദിന യാത്രകൾക്കായി സ്വകാര്യ ബസ് സർവീസുകളെ ആശ്രയിക്കുന്നുണ്ട്. ബസ് സർവീസ് നിർത്തിവയ്ക്കേണ്ട സാഹചര്യമുണ്ടായാൽ ഈ പ്രദേശങ്ങളിലെ പൊതുഗതാഗത സംവിധാനം താളം തെറ്റാൻ സാധ്യതയുണ്ടെന്നാണ് നാട്ടുകാരുടെയും യാത്രക്കാരുടെയും ആശങ്ക. സമാന്തര സർവീസുകൾക്കെതിരേ നിയമാനുസൃതവും ശക്തവുമായ നടപടി സ്വീകരിച്ച് സ്വകാര്യ ബസ് സർവീസുകൾ സംരക്ഷിക്കണമെന്നും ഗ്രാമീണ മേഖലകളിലെ പൊതുഗതാഗതം നിലനിർത്തുന്നതിനാവശ്യമായ അടിയന്തര ഇടപെടൽ നടത്തണമെന്നും ബസ് ഉടമകൾ ആവശ്യപ്പെട്ടു.
Tags : Private bus NattuVishesham DistrictNews