നമ്പിക്കൊല്ലിയിലെ വിശ്രമകേന്ദ്രം.
സുല്‍ത്താന്‍ ബത്തേരി: നമ്പിക്കൊല്ലിയിലെ പ്രകൃതിയുടെ മനോഹാരിതയ്ക്കൊപ്പം വയലാര്‍ ഗാനങ്ങളുടെ മധുരവും ആസ്വദിച്ച് അല്പനേരം വിശ്രമിക്കാം.
നമ്പിക്കൊല്ലി പുഴയോരത്ത് ഞാവല്‍മരത്തണലില്‍ വയലാര്‍ രാമവര്‍മയുടെ ഓര്‍മകള്‍ക്ക് സമര്‍പ്പിച്ച് ഒരുക്കിയ വിശ്രമകേന്ദ്രമാണ് സഞ്ചാരികളുടെ ശ്രദ്ധ നേടുന്നത്. വയലാറിന്റെ തീവ്ര ആരാധകരായ സുഹൃത്തുക്കളായ ജോര്‍ജ് വലിയകുന്നും എല്‍ഐസി ബിജുവും ചേര്‍ന്നാണ് വേറിട്ട ആശയം യാഥാര്‍ഥ്യമാക്കിയത്. പുഴയോരത്തെ പച്ചപ്പും വയലുകളും ഗ്രാമീണ കാഴ്ചകളും ആസ്വദിക്കാനെത്തുന്നവര്‍ക്ക് വയലാര്‍ ഗാനങ്ങളുടെ ശാന്തതാളത്തിനൊപ്പം ഇവിടെ വിശ്രമിക്കാം. പ്രണയവും പ്രകൃതിയും വിപ്ലവവുമെല്ലാം നിറഞ്ഞുനില്ക്കുന്ന വയലാര്‍ ഗാനങ്ങളാണ് ഇവിടെ അന്തരീക്ഷത്തിന് സംഗീതസാന്നിധ്യമാകുന്നത്.
ദിവസവും രാവിലെ എട്ടുമുതല്‍ രാത്രി എട്ടുവരെയാണ് ഗാനങ്ങള്‍ ഇവിടെ അലയടിക്കുന്നത്. വയലാറിന്റെ നിത്യഹരിത ഗാനങ്ങളോടുള്ള ആദരസൂചകമായി ഒരുക്കിയ ഇരിപ്പിടം ഇതിനകം തന്നെ നിരവധി പേരെ ആകര്‍ഷിച്ചു തുടങ്ങി. പ്രകൃതിയും സംഗീതവും ഒത്തുചേരുന്ന ഈ ഇടം നമ്പിക്കൊല്ലിയിലെത്തുന്ന സഞ്ചാരികള്‍ക്ക് വേറിട്ട അനുഭവമായി മാറുകയാണ്.
Tags : Vayalar's songs NattuVishesham DistrictNews