Kerala
കൊച്ചി: സൗത്ത് ആഫ്രിക്കയില്‍ നിന്ന് സിംഗപ്പൂരിലേക്ക് പോയ ചരക്ക് കപ്പലില്‍ നിന്ന് എറണാകുളം ഞാറക്കല്‍ സ്വദേശിയായ യുവാവിനെ കാണാതായ സംഭവത്തില്‍ തെരച്ചില്‍ ശക്തമാക്കണമെന്ന് കുടുംബം. ഷിപ്പിംഗ് മന്ത്രാലയത്തിനും എറണാകുളം ഞാറക്കല്‍ പോലീസിലും കുടുംബം പരാതി നല്കി.
ബുധനാഴ്ചയാണ് ഞാറക്കല്‍ പള്ളിശ്ശേരി വീട്ടില്‍ ഷിന്ഡോണ് ബെന്നിയെ (24) കാണാതായത്. മുംബൈ ആസ്ഥാനമായ എംഒഎല്‍ ഷിപ്പിംഗ് കമ്പനിയുടെ വിക്ടോറിയസ് എന്ന ജപ്പാന് ചരക്ക് കപ്പലില്‍ ഡെക്ക് ഓഫീസര്‍ ട്രെയിനി ആയിരുന്നു ഷിന്റോണ്‍.
ചൊവ്വാഴ്ച രാത്രി സഹോദരനും വീട്ടുകാരുമായി ഷിന്റോണ്‍ ഫോണില്‍ സംസാരിച്ചിരുന്നു. ബുധനാഴ്ച ജോലിക്ക് എത്താതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് യുവാവിനെ കാണാനില്ലെന്ന് ഷിപ്പിംഗ് കമ്പനിക്ക് മനസിലാകുന്നത്. തുടര്‍ന്ന് ഷിപ്പിംഗ് കമ്പനി കുടുംബത്തെ വിവരം അറിയിക്കുകയായിരുന്നു.
കമ്പനിയുടെ മുംബൈ ഓഫിസിലും ചെന്നൈ ഓഫിസിലും കുടുംബം ബന്ധപ്പെട്ടെങ്കിലും കൃത്യമായ വിവരം ലഭിച്ചിട്ടില്ല. കൂടുതല്‍ വിവരങ്ങള്‍ അറിയാനുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ടതോടെ ബന്ധുക്കള്‍ മുഖ്യമന്ത്രി വി.ഡി. സതീശന്, കേന്ദ്രമന്ത്രി സുരേഷ് ഗോപി, ഹൈബി ഈഡന് എംപി എന്നിവര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്.
National
ബംഗളൂരു: ബലാത്സംഗക്കേസിൽ ശിക്ഷിക്കപ്പെട്ട് പരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ കഴിയുന്ന മുൻ എംപി പ്രജ്വൽ രേവണയ്ക്ക് പുതിയ കുരുക്ക്. ജയിലിൽ കർണാടക ക്രൈംബ്രാഞ്ച് നടത്തിയ മിന്നൽ പരിശോധനയിൽ രേവണ്ണയുടെ പക്കൽ നിന്ന് മൊബൈൽ ഫോണും ചാർജറും കണ്ടെടുത്തു.
ഇതുമായി ബന്ധപ്പെട്ട് പരപ്പന അഗ്രഹാര പോലീസ് രേവണ്ണയ്ക്കെതിരെ പുതിയൊരു കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഈ കേസിൽ പ്രജ്വൽ രേവണ്ണ ഒന്നാം പ്രതിയും അദ്ദേഹത്തിന്റെ സഹതടവുകാരൻ രണ്ടാം പ്രതിയുമാണ്.
അതേസമയം, കർശന സുരക്ഷയുള്ള ജയിലിനുള്ളിൽ തടവുകാരന് മൊബൈൽ ഫോണും മറ്റ് സൗകര്യങ്ങളും എത്തിച്ചു നൽകിയതിന് പിന്നിൽ ജയിൽ അധികൃതർക്ക് പങ്കുണ്ടോ എന്ന കാര്യവും അന്വേഷിക്കുന്നുണ്ട്.
Kerala
കോഴിക്കോട്: കോഴിക്കോട് ചാലിയാറിൽ മീൻ പിടിക്കുന്നതിനിടെ ബോട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാളെ കാണാതായി. മാവൂർ കുതിരാടം സ്വദേശി ബാസിലിനെ (23) ആണ് കാണാതായത്. ബുധനാഴ്ച പുലർച്ചെ ആയിരുന്നു അപകടം.
മണന്തല കടവിന് സമീപം പൂളക്കോട് ഭാഗത്ത് വച്ച് ബോട്ട് മറിയുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന മറ്റ് രണ്ടുപേർ നീന്തി രക്ഷപ്പെട്ടു. നാട്ടുകാരും അഗ്നിശമന സേനയും സ്ഥലത്ത് തെരച്ചിൽ തുടരുകയാണ്.
Editorial
കടലിലേക്കു പോയവർ തിരികെ വരാതിരിക്കുമ്പോൾ കരയിൽ ബാക്കിയാകുന്നത് തിരകളെണ്ണിത്തീർക്കാൻ കഴിയാത്ത കണ്ണീർക്കടലാണ്. അവസാനമില്ലാത്ത അന്തമില്ലായ്മ. മണിക്കൂറുകളും ദിനങ്ങളും കടന്നുപോകുമ്പോഴും ഒരു നിഗമനത്തിനും വിട്ടുകൊടുക്കാൻ കഴിയാത്ത, ഉത്തരം കിട്ടാത്ത വലിയൊരു ഉത്കണ്ഠമാത്രം ബാക്കിയാകുന്നു. കടലിന്റെ മക്കളുടെ കണ്ണീർ പരമ്പര അവസാനിക്കുന്നേയില്ല. അഞ്ചുതെങ്ങിൽനിന്ന് മത്സ്യബന്ധനത്തിനുപോയ ഷിജിന്റെ ഭാര്യയും മക്കളും അമ്മയും ബന്ധുക്കളും നാട്ടുകാരും കാത്തിരിക്കുകയാണ്. ആ കാത്തിരിപ്പിൽ പ്രാർഥനയുണ്ട്. പ്രതീക്ഷയുണ്ട്. ആശങ്കയുണ്ട്. പ്രതിഷേധമുണ്ട്. നിസഹായതയുമുണ്ട്. പത്താം ദിവസത്തിലേക്കു നീണ്ട ഉത്കണ്ഠ ഷിജിന്റെ കുടുംബത്തിന്റെയുള്ളിൽ കാലവർഷക്കാറ്റിനേക്കാളുമുയരത്തിൽ വീശിയടിക്കുകയാണ്.
പ്രതീക്ഷ അവരെ കടലിലേക്കു കണ്ണുംനട്ടിരിക്കാൻ പ്രേരിപ്പിക്കുന്നു. വിശ്വാസം അവരെ അനന്തമായ പ്രാർഥനയിലേക്കു നയിക്കുന്നു. നിസഹായത അവർക്കുള്ളിൽനിന്നു കരച്ചിലായി പുറത്തുവരുന്നു. പ്രതിഷേധം രോഷമായും കുത്തിയിരിപ്പു സമരമായും ഭരണാധികാരികളുടെ മനഃസാക്ഷിക്കുനേരേ വിരൽചൂണ്ടുന്നു. മുതലപ്പൊഴിയിലുള്ള അഞ്ചുതെങ്ങ് കോസ്റ്റൽ പോലീസ് സ്റ്റേഷനു സമീപം റോഡിൽ കുത്തിയിരുന്നായിരുന്നു വെള്ളിയാഴ്ച അവരുടെ പ്രതിഷേധം. ഇടവക വികാരിയും മറ്റുള്ളവരും ഇടപെട്ടപ്പോൾ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ സ്ഥലത്തെത്തി. പക്ഷേ, ഫലമുണ്ടായില്ല. പിന്നീട് മന്ത്രി സി.പി. ജോൺ വന്ന് നല്കിയ ഉറപ്പിലാണ് സമരം അവസാനിപ്പിച്ചത്.
അവസാനിക്കാത്തത് ദുരന്തങ്ങളും സങ്കടപ്പേമാരിയും രോഷവും മാത്രം. മരണപ്പൊഴിയായി മാറിയ മുതലപ്പൊഴിയിൽനിന്നാണ് ഷിജിൻ അപകടത്തിൽപ്പെടുന്നത്. വലിയ രീതിയിലുള്ള തെരച്ചിൽ നടത്തും എന്ന മുഖ്യമന്ത്രിയുടെ വാക്ക് വെറുംവാക്കായി എന്നാണ് കുടുംബത്തിന്റെ ആരോപണം. രക്ഷാപ്രവർത്തനത്തിനായി എല്ലാ സംവിധാനങ്ങളും ഉപയോഗപ്പെടുത്തണം എന്നായിരുന്നു അവരുടെ ആവശ്യം. വള്ളം മറിഞ്ഞ സ്ഥലം അറിയുന്ന മത്സ്യത്തൊഴിലാളികളുൾപ്പെടെയുള്ളവരെയുംകൂടി തെരച്ചിലിന് ഉൾപ്പെടുത്തണമെന്നും അവർ ആവശ്യപ്പെട്ടു. കുടുംബത്തെ പൂർണമായും ബോധ്യപ്പെടുത്തി തെരച്ചിൽ തുടരുമെന്നാണ് മന്ത്രി ഉറപ്പുനല്‍കിയത്.
ഷിജിനെ കണ്ടെത്തുന്ന കാര്യത്തിൽ സർക്കാരിന്റെ വൈകിയെത്തിയ ജാഗ്രതയും കുടുംബത്തിന്റെയും നാട്ടുകാരുടെയും പ്രാർഥനയും പ്രതീക്ഷയും ഫലപ്രാപ്തിയിലെത്തുമെന്നു കരുതാം. അപ്പോഴും, ഇത്തരം ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാൻ എന്തു വഴി എന്ന ചോദ്യം മന്ത്രിമന്ദിരങ്ങൾക്കും നിയമനിർമാണ സഭയ്ക്കും സെക്രട്ടേറിയറ്റിലെ ഫയലുകൾക്കും സമൂഹമനഃസാക്ഷിക്കുമിടയിൽ ചുറ്റിനടക്കുന്നുണ്ട്. വിഴിഞ്ഞം തുറമുഖ നിർമാണമാണ് മുതലപ്പൊഴിയെ മരണപ്പൊഴിയാക്കിയത്. അടുത്ത കാലത്ത് ഏറ്റവുമധികം മരണവും നാശവുമുണ്ടായത് മുതലപ്പൊഴിയിലാണ്. തുറമുഖത്ത് അടിഞ്ഞുകൂടിയ കല്ലും മണ്ണും യഥാസമയം നീക്കാത്ത അദാനി ഗ്രൂപ്പിനെതിരേ നടപടിയില്ലെന്ന് നിയമസഭയിൽ സർക്കാരിനുനേരേ വിരൽ ചൂണ്ടിയവരാണ് ഇന്നത്തെ മന്ത്രിമാർ.
കടൽക്ഷോഭം വരുന്നു എന്ന സൂചന കിട്ടിയാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത് എന്നു പറയുന്നതോടെ അധികൃതരുടെ ഉത്തരവാദിത്വം തീരുന്നതെന്തുകൊണ്ടാണ്? അല്ലെങ്കിൽ, മുതലപ്പൊഴിയിലെ അപകട മൺതിട്ടകൾ അവഗണിച്ച് അവർ കടലിൽ പോകുന്നത് എന്തുകൊണ്ടാണ് എന്നു ചിന്തിച്ചിട്ടുണ്ടോ? അവരുടെ അന്നം കടലിലാണ്. അവരുടെ ജീവിതം തിരമാലകളുടെ താളത്തിനൊത്താണ്. കടലിന്റെ ഭാവം വന്യമായി മാറിയാലും കടലമ്മയിലുള്ള വിശ്വാസമാണ് അവരെ നയിക്കുന്നത്. മത്സ്യത്തൊഴിലാളികളുടെ അതിജീവനത്തെയും ചങ്കൂറ്റത്തെയും പിന്തുണയ്ക്കുകയാണ് ഭരിക്കുന്നവരുടെ ചുമതല. മീൻ പിടിക്കാൻ കഴിയാത്ത കാലത്ത് അവർ വിശന്നിരിക്കുകയല്ലെന്ന് ഉറപ്പാക്കണം. അവരുടെ കുട്ടികൾ സ്കൂളുകളിലെത്തുന്നുണ്ടോ എന്ന് അന്വേഷിക്കണം.
ഹാർബർ കവാടത്തിൽ അടിഞ്ഞുകൂടുന്ന മണൽ യഥാസമയം നീക്കംചെയ്യാത്തതും അശാസ്ത്രീയമായ പുലിമുട്ട് നിർമാണവും നേരത്തേതന്നെ മുതലപ്പൊഴിയിലെ പ്രശ്നങ്ങളാണ്. അതിനുപുറമെയാണ് തുറമുഖനിർമാണം മൂലമുണ്ടായ മറ്റ് ആപത്തുകൾ. പൂനയിലെ സെൻട്രൽ വാട്ടർ ആൻഡ് പവർ റിസർച്ച് സ്റ്റേഷൻ (സിഡബ്ല്യുപിആർഎസ്) മുതലപ്പൊഴിയിലെ അപകടങ്ങൾക്ക് ശാശ്വത പരിഹാരം കാണുന്നതിനായി ശാസ്ത്രീയ പഠനം നടത്തിയിരുന്നു. പുലിമുട്ടുകളുടെ പുനഃക്രമീകരണമാണ് അവർ പ്രധാനമായും നിർദേശിച്ചത്. അതോടൊപ്പം ഹാർബർ കവാടത്തിന്റെ വീതി കൂട്ടാനും ശിപാർശ ചെയ്തു. സിഡബ്ല്യുപിആർഎസ് നൽകിയ മാസ്റ്റർ പ്ലാൻ പ്രകാരം 164 കോടിയോളം രൂപ ചെലവഴിച്ച് മുതലപ്പൊഴി ഹാർബർ പുനർനിർമിക്കാനുള്ള പദ്ധതിക്ക് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അംഗീകാരം നൽകിയിട്ടുണ്ട്.
അതേസമയം, ശാസ്ത്രീയമായ പഠനങ്ങളും റിപ്പോർട്ടുകളും വന്ന് വർഷങ്ങൾ കഴിഞ്ഞിട്ടും പ്രഖ്യാപിച്ച നിർമാണ പ്രവർത്തനങ്ങൾ പ്രയോഗികതലത്തിൽ വേഗത്തിലാകുന്നില്ലെന്നാണ് മത്സ്യത്തൊഴിലാളികളുടെ ആരോപണം. ഡ്രഡ്ജിംഗ് പ്രവൃത്തികൾ കൃത്യമായി നടക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ സമിതികളെ നിയോഗിക്കണം, അപകടത്തിൽപെട്ടു മരണമടയുന്ന മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങൾക്ക് അടിയന്തര സാമ്പത്തിക സഹായത്തോടൊപ്പം കുടുംബത്തിലൊരാൾക്ക് ജോലി ഉറപ്പാക്കണം, തകരുന്ന വള്ളങ്ങൾക്കും വലകൾക്കും അർഹമായ നഷ്ടപരിഹാരം നൽകണം എന്നതൊക്കെ നിരന്തരം ഉന്നയിക്കുന്ന ആവശ്യങ്ങളാണ്.
ഏറ്റവും പ്രധാനം അപകടമുണ്ടായാൽ എത്രയും പെട്ടെന്ന് സംവിധാനങ്ങൾ ഉണരുകയെന്നതാണ്. അതിനായി മുതലപ്പൊഴിയിൽ 24 മണിക്കൂറും ആധുനിക ആംബുലൻസ്, വാട്ടർ ആംബുലൻസ്, ലൈഫ് ഗാർഡുകൾ, സ്കൂബ ഡൈവേഴ്സ് എന്നിവയുടെ സേവനം ഉറപ്പാക്കേണ്ടതുണ്ട്.
ഒരു ചുഴലിക്കാറ്റോ ന്യൂനമർദമോ ഉണ്ടാകുമ്പോൾ മാത്രം ഉണർന്നുപ്രവർത്തിക്കുന്ന ഒന്നാകരുത് നമ്മുടെ ദുരന്തനിവാരണ സംവിധാനങ്ങൾ. ആധുനിക സാങ്കേതികവിദ്യ ഇത്രമാത്രം വളർന്നിട്ടും കടലിൽ പോകുന്ന തൊഴിലാളികൾക്ക് കൃത്യസമയത്ത് കാലാവസ്ഥാ മുന്നറിയിപ്പുകൾ നൽകാനോ അപകടത്തിൽപ്പെടുമ്പോൾ അവരെ പെട്ടെന്നു കണ്ടെത്താനോ ഉള്ള "റിയൽ ടൈം' സംവിധാനങ്ങൾ ഇപ്പോഴും പൂർണതോതിൽ ലഭ്യമായിട്ടില്ല എന്നത് ലജ്ജാകരമാണ്.
Kerala
തിരുവനന്തപുരം: മുതലപ്പൊഴിയിൽ കടലിൽ കാണാതായ മത്സ്യത്തൊഴിലാളികൾക്കായുള്ള തെരച്ചിൽ ഊർജിതമെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി അബ്ദുൽ ഗഫൂർ. പ്രത്യേക പരിശീലനം ലഭിച്ച സ്കൂബ ഡൈവേഴ്സിന്റെ സേവനം ഉൾപ്പെടെ ഉപയോഗപ്പെടുത്തുമെന്നും മന്ത്രി അറിയിച്ചു.
കാണാതായവരെ കണ്ടെത്താൻ സാധ്യമായ എല്ലാ മാർഗങ്ങളും സർക്കാർ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. തീരദേശവാസികളുടെ സുരക്ഷയ്ക്കായി നിലവിലുള്ള സംവിധാനങ്ങൾ അപര്യാപ്തമാണെന്ന് വ്യക്തമാക്കിയ മന്ത്രി, മറൈൻ ആംബുലൻസുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും ചൂണ്ടിക്കാണിച്ചു.
ഈ മേഖല നേരിടുന്ന വെല്ലുവിളികൾ പെട്ടെന്ന് പരിഹരിക്കാൻ സാധിക്കുന്നവ അല്ലെന്നും, എന്നാൽ സമഗ്രമായ പരിഹാരങ്ങൾ കാണുമെന്നും അദ്ദേഹം പറഞ്ഞു. ബജറ്റിൽ പ്രഖ്യാപിച്ച മത്സ്യത്തൊഴിലാളി ക്ഷേമ പദ്ധതികൾ കൃത്യമായി നടപ്പിലാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സുരക്ഷാ മുൻകരുതലുകളെക്കുറിച്ച് മത്സ്യത്തൊഴിലാളികൾക്കിടയിൽ ബോധവൽക്കരണം ശക്തമാക്കുമെന്നും, ഇതിനായി ഹാർബറുകൾ കേന്ദ്രീകരിച്ച് പ്രത്യേക സൗകര്യങ്ങൾ ഒരുക്കുമെന്നും അദ്ദേഹം അറിയിച്ചു.
അതേസമയം, മുതലപ്പൊഴിയിൽ മൂന്ന് മത്സ്യത്തൊഴിലാളികളെ കാണാതായിട്ട് ഒമ്പത് ദിവസങ്ങൾ പിന്നിടുകയാണ്. തെരച്ചിൽ നടപടികൾ വൈകുന്നതിൽ നാട്ടുകാരും ബന്ധുക്കളും പ്രതിഷേധം തുടരുകയാണ്.
District News
കൊല്ലം: നീണ്ടകരയില്‍ മത്സ്യത്തൊഴിലാളിയായ ഗൗതംകൃഷ്ണയെ കാണാതായ സംഭവത്തില്‍ തെരച്ചില്‍ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി തുടരുകയാണെന്ന് മന്ത്രി ഷിബു ബേബിജോണ്‍.
ഗൗതമിന്റെ അമ്മ രേഷ്മയെ സന്ദര്‍ശിച്ചതിനു ശേഷമാണ് അറിയിച്ചത്. കോസ്റ്റ് ഗാര്‍ഡും കോസ്റ്റല്‍ പൊലീസും ഇതര സര്‍ക്കാര്‍ സംവിധാനങ്ങളും തിരച്ചിലിനായുണ്ട്. ഡ്രോണ്‍ ഉപയോഗിച്ചുള്ള പരിശോധനയും നടത്തുകയാണ്. കടല്‍ പ്രതിഭാസങ്ങളുമായി ബന്ധപ്പെട്ട ദുരന്തനിവാരണ നടപടിക്രമങ്ങള്‍ പരിഷ്കരിക്കുന്നതിന് തീരുമാനിച്ചിട്ടുണ്ട്.
രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ മികവുറ്റ സംവിധാനങ്ങളും പരിഗണനയിലാണ്. മത്സ്യത്തൊഴിലാളികളുടെ പ്രാതിനിധ്യം ഉറപ്പാക്കുന്നതിനും ശ്രമിക്കും.
മറൈന്‍ എയര്‍ ആംബുലന്‍സുകള്‍ ദുരന്തമുഖങ്ങളില്‍ ലഭ്യമാക്കും. ജില്ലയിലെ തീരമേഖലയില്‍ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ കൂടുതല്‍ സൗകര്യങ്ങള്‍ സംബന്ധിച്ച റിപ്പോര്‍ട്ട് നല്‍കുന്നതിന് ജില്ലാ കളക്ടറെ ചുമതലപ്പെടുത്തിയെന്നും മന്ത്രി വ്യക്തമാക്കി.
ഏകോപന നടപടികളുമായി ഫിഷറീസ് വകുപ്പ്
കടലില്‍കാണാതായ ഗൗതംകൃഷ്ണയ്ക്കായി ഊര്‍ജിത തെരച്ചില്‍ നടപടികള്‍ തുടര്‍ന്നുവരുന്നതായി ഫിഷറീസ് വകുപ്പ് അറിയിപ്പ്. മറൈന്‍ എന്‍ഫോഴ്സ്മെന്റ്, തീരദേശപൊലീസ്, കോസ്റ്റ്ഗാര്‍ഡ് എന്നിവയും ഫിഷിംഗ് പെട്രോള്‍-സ്പീഡ് ബോട്ടുകള്‍, ലൈഫ്ഗാര്‍ഡുകള്‍, കോസ്റ്റല്‍പൊലീസ് ബോട്ടുകള്‍ തുടങ്ങിയസംവിധാനങ്ങളും ഉപയോഗിച്ചാണ് തെരച്ചില്‍. ഡ്രോണ്‍ സംവിധാനവും ഏര്‍പ്പെടുത്തി.
വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ കടല്‍, പൊഴിമുഖം, വ്യോമമാര്‍ഗം എന്നിങ്ങനെയും തെരച്ചില്‍ പുരോഗമിക്കുകയാണ്. കാണാതായവരുടെ കുടുംബങ്ങളുമായി നിരന്തരബന്ധം പുലര്‍ത്തുന്നുണ്ട്. ആവശ്യമായ പിന്തുണയും നല്കിവരുന്നു. കാലാവസ്ഥയും സമുദ്രപ്രവാഹം സംബന്ധിച്ച വിവരങ്ങളും അടിസ്ഥാനമാക്കി തെരച്ചില്മേഖലകള് വ്യാപിപ്പിച്ചു. തുറമുഖങ്ങള്‍, തീരപ്രദേശങ്ങള്‍, സമീപ ജില്ലകളിലേക്കും ജാഗ്രതനിര്‍ദേശങ്ങള്‍ നല്കി.
ഫിഷറീസ് ഡയറക്ടറുടെ നേതൃത്വത്തില്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ നീണ്ടകരയില്‍ ക്യാമ്പ് ചെയ്ത് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടുന്ന ഏകോപന നടപടികള്‍ സ്വീകരിച്ച് വരുന്നുവെന്ന് അഡിഷണല്‍ ഡയറക്ടര്‍ സ്മിത ആര്. നായര്‍ വ്യക്തമാക്കി.
കടലിൽ കാണാതായ മത്സ്യത്തൊഴിലാളികളെ കണ്ടെത്താൻ സർക്കാർ സ്വീകരിച്ച നടപടികൾ വിവരിച്ച് സർക്കുലർ പുറത്തിറക്കി കഴിഞ്ഞു. വിഴിഞ്ഞം, നീണ്ടകര, മുതലപ്പൊഴി എന്നിവിടങ്ങളിൽ നിന്നും കാണാതായ മത്സ്യത്തൊഴിലാളികളെ കണ്ടെത്താൻ സ്വീകരിച്ച നടപടികൾ വിശദമാക്കിയാണ് സർക്കാർ സർക്കുലർ ഇറക്കിയത്.
Kerala
കൊച്ചി: ജീവിക്കാൻ വരുമാനം തേടി കടലില്‍ പോകുന്ന മത്സ്യത്തൊഴിലാളികള്‍ കടല്ക്ഷോഭത്തില്പ്പെടുമ്പോള് രക്ഷാപ്രവര്‍ത്തനങ്ങള്‍ അടിയന്തരമായി നടത്താനുള്ള സംവിധാനങ്ങള്‍ സജ്ജമാക്കണമെന്ന് കെസിബിസി സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
കേരളത്തിന്റെ തീരദേശങ്ങളില്‍ അധിവസിച്ചു മത്സ്യബന്ധനം ജീവനോപാധിയാക്കിയിട്ടുള്ള ലക്ഷക്കണക്കിന് മനുഷ്യര്‍ ഈ കാലവര്‍ഷത്തില്‍ ഭീതിയിലാണ് കഴിയുന്നത്. കടലില്‍ അപകടങ്ങള്‍ ഉണ്ടാകുമ്പോള്‍, മുന്നറിയിപ്പ് ലംഘിച്ചുവെന്ന ന്യായം പറഞ്ഞു രക്ഷാപ്രവര്‍ത്തനങ്ങളില്‍ അലംഭാവം കാട്ടുന്നത് അക്ഷന്തവ്യമായ അപരാധമാണ്.
കേരളത്തിന്റെ സൈന്യമെന്ന് വിശേഷിപ്പിക്കുന്ന മത്സ്യത്തൊഴിലാളികള്‍ ഇപ്പോഴത്തെ പ്രളയത്തിലും സ്വന്തം താത്പര്യങ്ങള്‍ മാറ്റിവച്ച് രക്ഷാപ്രവര്‍ത്തനത്തിനായി ഓടിയെത്തിയവരാണ്.
പക്ഷേ അവരുടെ ജീവിതത്തില്‍ പ്രതിസന്ധിയുണ്ടാകുമ്പോള്‍ മെല്ലെപ്പോക്കു നയമെടുക്കുന്നത് മനുഷ്യത്വരഹിതമാണ്. നീണ്ടകരയില്‍ ഗൗതമെന്നയാൾ അപകടത്തില്‍പ്പെട്ടിട്ട് എട്ടു ദിവസമായിട്ടും വിവരമൊന്നുമില്ലാത്തതു പ്രതിഷേധാര്‍ഹമാണ്. അതുപോലെതന്നെ മുതലപ്പൊഴിയില്‍ ഷിജിനെന്ന മത്സ്യത്തൊഴിലാളിയെ കാണാതായിട്ടും തെരച്ചിലില്‍ പുരോഗതിയില്ല.
കോസ്റ്റ്ഗാര്‍ഡിനും തീരദേശ പോലീസ് സ്റ്റേഷനുകള്‍ക്കും വിദഗ്ധ പരിശീലനം ലഭിച്ച വ്യക്തികളും ആവശ്യത്തിന് ആധുനിക ഉപകരണങ്ങളും അടിയന്തരമായി ലഭ്യമാക്കണം.
കടലില്‍ തെരച്ചിലിനും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും കടലിനെ അറിയാവുന്ന മത്സ്യത്തൊഴിലാളികളുടെ സേവനവും പ്രയോജനപ്പെടുത്തണമെന്ന് കെസിബിസി പ്രസിഡന്റ് ആര്‍ച്ച്ബിഷപ് ഡോ. വര്‍ഗീസ് ചക്കാലക്കല്‍ ആവശ്യപ്പെട്ടു.
International
കാബൂൾ: അഫ്ഗാനിസ്ഥാനിലെ നൂറിസ്ഥാൻ പ്രവിശ്യയിൽ ഉണ്ടായ ശക്തമായ പ്രളയത്തിൽ 20 പേർ കൊല്ലപ്പെട്ടു. നൂറിലധികം പേരെ കാണാതായതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. പ്രവിശ്യാ തലസ്ഥാനമായ പരുനിലാണ് പ്രളയം വലിയ നാശം വിതച്ചത്. പ്രവിശ്യയുടെ മേയർ അടക്കമുള്ള പ്രമുഖരെ പ്രളയത്തിൽ കാണാതായിട്ടുണ്ട്.
ഇതുവരെ 20 മൃതദേഹങ്ങൾ കണ്ടെടുത്തിട്ടുണ്ടെന്നും 80-ഓളം പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നും അഫ്ഗാനിസ്ഥാൻ ദുരന്തനിവാരണ ഏജൻസി വ്യക്തമാക്കി. പാകിസ്ഥാൻ അതിർത്തിയോട് ചേർന്നുള്ള നൂറിസ്ഥാന്റെ വിവിധ ഭാഗങ്ങളിലാണ് പ്രളയം കനത്ത നാശം വിതച്ചിരിക്കുന്നത്.
നദിക്കരയിലുണ്ടായിരുന്ന കടകളും കെട്ടിടങ്ങളും ഹോട്ടലുകളും പൂർണ്ണമായും ഒലിച്ചുപോയി. മുൻപ് വിപണികളും കടകളും സജീവമായിരുന്ന പല സ്ഥലങ്ങളിലും ഇപ്പോൾ ചെളി മാത്രമാണ് ശേഷിക്കുന്നത്. പ്രളയത്തിൽ നഗരസഭാ കാര്യാലയം പൂർണമായും തകർന്നുപോയതായി പ്രാദേശിക സന്നദ്ധ സംഘടനയായ 'ഷ്പൂൾ' വ്യക്തമാക്കി.
കാണാതായവർക്കായി പ്രദേശത്ത് തിരച്ചിൽ തുടരുകയാണ്. വിദൂര വടക്കുകിഴക്കൻ മലയോര മേഖലയായതിനാൽ ദുരന്തനിവാരണ പ്രവർത്തനങ്ങൾക്കും രക്ഷാപ്രവർത്തനങ്ങൾക്കും വലിയ വെല്ലുവിളിയാണ് നേരിടുന്നത്.
Kerala
കല്‍പ്പറ്റ: വയനാട് കളളാടിയിലെ മണ്ണിടിച്ചിൽ നടന്ന സ്ഥലത്ത് ഇന്നും തെരച്ചിൽ തുടരും. ഇനി ഒരാളെയാണ് കണ്ടെത്താനുള്ളത്. അപകടത്തില്‍ കാണാതായ ഹിമാചല്‍ സ്വദേശി ബിക്രം സിങ് റാണയെ ആണ് ഇതുവരെ കണ്ടെത്താൻ സാധിക്കാതിരുന്നത്.
വെള്ളിയാഴ്ച ഒരാളുടെ മൃതദേഹം കണ്ടെത്തിയിരുന്നു. മീനാക്ഷി പാലത്തില്‍ നിന്നും ഒരു കിലോമീറ്റര്‍ താഴെ നിന്നാണ് മൃതദേഹം കിട്ടിയത്. ബംഗാള്‍ സ്വദേശി രാഗേഷ് ഗുചെയ്തിന്റെ മൃതദേഹമാണ് ലഭിച്ചത്. നിര്‍മാണ കമ്പനി സര്‍വേയറായിരുന്നു രാഗേഷ്. കളളാടിയിലെ മണ്ണിടിച്ചിലില്‍ ഏഴുപേര്‍ക്കാണ് ജീവന് നഷ്ടമായത്.
അതേസമയം, കള്ളാടിയിൽ അപകടമുണ്ടായ സ്ഥലത്തെ മണ്ണ് നീക്കുന്നത് പരിശോധിക്കാന്‍ വിദഗ്ധസമിതിയെ സർക്കാർ നിയോഗിച്ചു. മൂന്നംഗ സമിതിയെയാണ് നിയമിച്ചത്. കാലിക്കറ്റ് എന്‍ഐടി പ്രൊഫസര്‍ ഡോ. സന്തോഷ് ജി. തമ്പി, പരിസ്ഥിതി ശാസ്ത്രജ്ഞന് ഡോ. ജൂഡ് ഇമ്മാനുവല്‍, എന്‍സിഇഎസ്എസ് ഡയറക്ടറുടെ പ്രതിനിധി എന്നിവരാണ് സമിതിയിലുള്ളത്.
മണ്ണ് നീക്കം ചെയ്യുന്നതിന് ജില്ലാ കളക്ടര്‍ സാങ്കേതിക സഹായം തേടിയിരുന്നു. വിദഗ്ധസമിതി അംഗങ്ങള്‍ സ്ഥലം സന്ദര്‍ശിക്കുകയും മണ്ണ് നീക്കം ചെയ്യുന്നതിന് വേണ്ട പദ്ധതി തയാറാക്കുകയും ചെയ്യും.
Kerala
മാനന്തവാടി: വയനാട് കള്ളാടി മണ്ണിടിച്ചിലില്‍ കാണാതായവര്‍ക്കായുള്ള തെരച്ചിൽ ഇന്നും തുടരും. തെരച്ചിൽ നാലാം ദിവസത്തിലേയ്ക്ക് കടന്നിരിക്കുകയാണ്. പരിക്കേറ്റ ഏഴുപേര്‍ ചികിത്സയില്‍ തുടരുന്നു.
വയനാട് ഉള്‍പ്പെടെ അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ടാണ്. അപകടവുമായി ബന്ധപ്പെട്ട വസ്തുതാന്വേഷണ റിപ്പോര്‍ട്ട് സര്‍ക്കാര്‍ ഇന്ന് ഹൈക്കോടതിയില്‍ സമര്‍പ്പിക്കും.
മൂന്നാം ദിനത്തില്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയ ഒന്നാം സോണിലും മൂന്നാം സോണിലും പുഴയിലും തിരച്ചില്‍ നടത്തും. മണ്ണ് അതിവേഗം നീക്കാന്‍ കൂടുതല്‍ വാഹനങ്ങള്‍ എത്തിക്കും. കണ്ടെടുത്ത മൂന്ന് മൃതദേഹങ്ങള്‍ എംബാം നടപടികള്‍ക്ക് ശേഷം എയര്‍ ലിഫ്റ്റിലൂടെ വീടുകളിലേക്ക് എത്തിക്കും.
ഏഴ് പേരാണ് പരിക്കേറ്റ ചികിത്സയില്‍ കഴിയുന്നത്. വയനാട്ടില്‍ ഇടവിട്ടുള്ള മഴയ്ക്ക് ശമനം ഇല്ലാത്തതിനാല്‍ മൂന്നാം ദിനത്തിലെതിന് സമാനമായ കാലാവസ്ഥയാണെങ്കില്‍ ദൗത്യത്തിന് വേഗം കൂടും.
Kerala
കല്‍പ്പറ്റ: വയനാട്ടിലെ മേപ്പാടി പഞ്ചായത്തില്‍പ്പെട്ട കള്ളാടി മീനാക്ഷി പാലത്തിനടുത്ത് ചൊവ്വാഴ്ച രാവിലെ മണ്ണിടിഞ്ഞ് കാണാതായതില്‍ രണ്ടു പേരുടെ മൃതദേഹം കണ്ടെത്തി. ഇതോടെ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം അഞ്ചായി.
രക്ഷാദൗത്യസംഘം വ്യാഴാഴ്ച രാവിലെ അപകട മേഖലയിലെ സോണ്‍ രണ്ടില്‍ മണ്ണ് കുമിഞ്ഞ ഭാഗത്ത് നടത്തിയ തെരച്ചിലിലാണ് മൃതദേഹങ്ങള്‍ ലഭിച്ചത്. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല.
ആനക്കാംപൊയില്‍-കള്ളാടി തുരങ്കപാത നിര്‍മാണം നടത്തുന്ന ദിലീപ് ബില്‍ഡ്കോണ്‍ കമ്പനി കണ്‍സ്ട്രക്ഷന്‍ മാനേജര്‍ വിക്രം റാണ(ഹിമാചല്‍ പ്രദേശ്),എന്‍ജിനിയര്‍ രാഹുല്‍(ഹിമാചല്‍ പ്രദേശ്), എസ്കവേറ്റര്‍ ഓപ്പറേറ്റര്‍ മുഹമ്മദ് ഇംറാന്‍(ബിഹാര്‍), സര്‍വേയര്‍മാരായ രാകേഷ് ഗുച്ചൈദ്(പശ്ചിമബംഗാള്‍), അസ്ഹറുദ്ദീന് അന്‍സാരി(ഉത്തര്‍പ്രദേശ്) എന്നിവരെയാണ് മണ്ണിടിച്ചിലിനെത്തുടര്‍ന്ന് കാണാതായത്.
വൈത്തിരി താലൂക്ക് ഗവ.ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയ മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിനുശേഷം എംബാമിംഗിനു കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിക്കും. ദുരന്തത്തില്പ്പെട്ടതില് ദിലീപ് ബില്‍ഡ്കോണ്‍ ജീവനക്കാരായ ഓപ്പറേറ്റര്‍ ചന്ദ്രബാന്‍(മധ്യപ്രദേശ്), സിവില്‍ ഫോര്മാന്(ബികാഷ്കുമാര്‍), അന്‍ചന്ദ്ര ബാന്‍(ജാര്‍ഖണ്ഡ്)എന്നിവരുടെ മൃതദേഹങ്ങള്‍ ചൊവ്വാഴ്ചതന്നെ ലഭിച്ചിരുന്നു.
അപകടത്തില്‍പ്പെട്ടതില്‍ മൂന്നു പേരെയാണ് ഇനി കണ്ടെത്താനുള്ളത്. ഇവര്‍ക്കായി തെരച്ചില്‍ ഊര്‍ജിതമാണ്. മണ്ണ് അടിഞ്ഞുകൂടിയ പ്രദേശത്തെ നാല് സോണുകളായി തിരിച്ചിട്ടുണ്ട്. ഇതില്‍ രണ്ട് സോണുകള്‍ കേന്ദ്രീകരിച്ചാണ് വ്യാഴാഴ്ച തെരച്ചില്‍.
കള്ളാടി പുഴയുടെ തീരങ്ങളിലും തെരച്ചില്‍ തുടരുകയാണ്. രണ്ട് സോണുകളില്‍ ബുധനാഴ്ച തെരച്ചില്‍ പൂര്‍ത്തിയാക്കിയിരുന്നു. കേന്ദ്ര, സംസ്ഥാന ദുരന്ത പ്രതികരണ സേനാംഗങ്ങള്‍, അഗ്നി-രക്ഷാസേനാംഗങ്ങള്‍, പോലീസ്, സിവില്‍ ഡിഫന്‍സ് അംഗങ്ങള്‍, നാട്ടുകാര്‍ എന്നിവര്‍ തെരച്ചിലില്‍ പങ്കെടുക്കുന്നുണ്ട്. സ്നിഫര്‍, കഡാവര്‍ നായകളുടെ സേവനം പ്രയോജനപ്പെടുത്തുന്നുണ്ട്.
National
ശ്രീനഗർ: ഭീകരർക്കായി ഷോപിയാനിൽ മൂന്നാംദിനവും സൈന്യത്തിന്റെ തെരച്ചിൽ.
വെള്ളിയാഴ്ച രാത്രി മീമന്ദറിലാണ് സൗത്ത് കാഷ്മീർ സ്വദേശികളും ലഷ്കർ ഭീകരരുമായ ലത്തീഫ്, സക്കീർ എന്നിവരെ സിസിടിയിലൂടെ തിരിച്ചറിഞ്ഞത്.
ഇതേത്തുടർന്ന് പ്രദേശത്തെത്തിയ സൈനികർക്കു നേരേ ഇരുവരും വെടിയുതിർത്തു. പ്രത്യാക്രമണത്തിനു പിന്നാലെ ഇവർ ഒളിവിൽപോകുകയായിരുന്നു.
Kerala
പാലക്കാട്: കൊഴിഞ്ഞാമ്പാറയിൽ പണം പന്തയം വച്ച് നിരോധിക്കപ്പെട്ട കോഴിപ്പോര് നടത്തിയ എട്ടുപേർ പൊലീസ് പിടിയിൽ. തമിഴ്നാട് കോയമ്പത്തൂർ, കിണത്തുക്കടവ് സ്വദേശികളായ ടി.ജ്ഞാന കുമാർ (32), ടി. ഉദയകുമാർ (32) വി. നവീൻകുമാർ (31), ആർ.നന്ദകുമാർ (29) പൊള്ളാച്ചി രാമർ കോവിൽ സ്ട്രീറ്റ് എം.ഷൺമുഖ സുന്ദരം (32), പൊള്ളാച്ചി, പഴനിയാണ്ടവർ കോവിൽ വീഥി പി.പ്രദീപ് കുമാർ (20),എരുത്തേമ്പതി മാങ്കാപ്പള്ളം എസ്. നിധിൻ കുമാർ (34), ഒഴലപ്പതി, കുപ്പാണ്ട കൗണ്ടന്നൂർ എം.രാമസ്വാമി (42) എന്നിവരെയാണ് കൊഴിഞ്ഞാമ്പാറ പോലീസ് പിടികൂടിയത്.
സംഭവ സ്ഥലത്ത് നിന്നും രണ്ട് പോരുകോഴികളെയും പോലീസ് പിടികൂടി. കോഴിപ്പോര് നടക്കുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് വടകരപ്പതി അനുപ്പൂരിൽ പോലിസ് നടത്തിയ പരിശോധനയിലാണ് സംഘത്തെ പിടികൂടിയത്.
പ്രദേശത്തെ ഒഴിഞ്ഞ പറമ്പിൽ പന്തയം നടത്തുകയായിരുന്നു. ഇവരിൽ നിന്ന് രണ്ട് കോഴികളും 12740 രൂപയും പിടിച്ചെടുത്തു. പിടിച്ചെടുത്ത രണ്ടു കോഴികളെ 5,800 രൂപയ്ക്ക് സ്റ്റേഷനിൽ ലേലത്തിൽ വിറ്റു. നേരത്തെയും പണം പന്തയം വെച്ച് കോഴിപ്പോര് നടത്തിയ സംഘത്തെ പോലീസ് പിടികൂടിയിരുന്നു.
Kerala
തൃശൂർ: മുണ്ടത്തിക്കോട്ടെ വെടിക്കെട്ടു പുരയിലെ ദുരന്തപശ്ചാത്തലത്തിൽ പൂരം വെടിക്കെട്ട് ഒഴിവാക്കി നടത്താൻ തീരുമാനിച്ചെങ്കിലും, ചുടലപ്പറന്പായി ദുരന്തഭൂമി. കണ്ണീരുണങ്ങാതെ അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങളും പരിക്കേറ്റവരും. സ്ഫോടനത്തിന്റെയും നാശനഷ്ടങ്ങളുടെയും ഞെട്ടൽ വിട്ടുമാറാതെ പ്രദേശവാസികൾ.
അപകടസ്ഥലത്തുനിന്ന് ഒരു കിലോമീറ്റർ മാറി ഇന്നും ശരീരഭാഗങ്ങൾ ലഭിച്ചു. അപകടസ്ഥലത്തും സമീപപ്രദേശങ്ങളിലും ഇന്നും പരിശോധന തുടരുകയാണ്. 11 മൃതദേഹങ്ങളാണ് ഇതുവരെ പോസ്റ്റ്മോർട്ടം ചെയ്തത്. ഇതിൽ ഒരെണ്ണം ഇതുവരെ തിരിച്ചറിയാനായിട്ടില്ല. ഈ മൃതദേഹങ്ങളുടെയും ചിന്നിച്ചിതറിയ ശരീരഭാഗങ്ങളുടെയും സാന്പിളുകൾ ഡിഎൻഎ പരിശോധനയ്ക്കായി നല്‍കിയിട്ടുണ്ട്. ഇതിൽ പത്തു സാന്പിളുകളുടെ ഡിഎൻഎ പരിശോധനാഫലം ഇന്ന് അറിയാനാകുമെന്ന് അധികൃതർ അറിയിച്ചു.
ഇന്നലെയും സംഭവസ്ഥലത്തു പോലീസ് നടത്തിയ പരിശോധനയിൽ 103 ശരീരാവശിഷ്ടങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഇവയും പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്. ഇന്നലത്തേതടക്കം ഇതുവരെ 132 ശരീരഭാഗങ്ങളാണ് അപകടസ്ഥലത്തുനിന്ന് ശേഖരിച്ചിട്ടുള്ളത്. 34പേർ സംഭവസ്ഥലത്ത് ഉണ്ടായിരുന്നതായാണു സ്ഥിരീകരണം.
12 പേരാണ് ആശുപത്രിയിൽ അപ്പോഴും ചികിത്സയിൽ തുടരുന്നത്. ഇതിൽ നാലുപേരുടെ നില അതീവഗുരുതരാവസ്ഥയിൽ തുടരുകയാണ്. എട്ടുപേർ വാർഡുകളിൽ ചികിത്സയിലുണ്ട്. രണ്ടുപേരെ ആശുപത്രിയിൽനിന്ന് വിട്ടയച്ചു. ദുരന്തസ്ഥലത്തുണ്ടായിരുന്ന ഒന്പതുപേർ നേരത്തെ വീടുകളിൽ തിരിച്ചെത്തിയിട്ടുണ്ട്.
Kerala
കോഴിക്കോട്: വടകരയില്‍ സ്റ്റീൽ ബോംബുകൾ കണ്ടെത്തി. ചാനിയം കടവിന് സമീപത്താണ് ബോംബുകൾ കണ്ടെത്തിയത്.
മൂന്ന് സ്റ്റീൽ ബോംബുകളാണ് കണ്ടെത്തിയത്. പോലീസിന് ലഭിച്ച വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ബോംബ് കണ്ടെത്തിയത്.
ബോംബുകൾ നിർവീര്യമാക്കാൻ നടപടി തുടങ്ങി. റോഡിന് കുറുകെ ഉള്ള ചാലിലാണ് ബോംബ് കണ്ടെത്തിയത്.
Kerala
കൊല്ലം: കൊല്ലത്ത് നിന്ന് മത്സ്യബന്ധനത്തിനു പോയ ബോട്ട് കപ്പലുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കാണാതായ മത്സ്യത്തൊഴിലാളികൾക്കായി തെരച്ചിൽ തുടരുന്നു. അപകടത്തെ തുടർന്ന് രണ്ട് അന്യസംസ്ഥാന തൊഴിലാളികളെയാണ് കാണാതായത്.
വിയറ്റ്നാം കപ്പലുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ശക്തികുളങ്ങരയിൽ നിന്ന് പോയ സെന്റ് ജോസഫ് എന്ന ബോട്ടാണ് അപകടത്തിൽപ്പെട്ടത്. വെള്ളിയാഴ്ചയാണ് ആഴക്കടൽ മത്സ്യബന്ധനത്തിന് പോയ ബോട്ട് കപ്പലുമായി കൂട്ടിയിടിച്ചത്.
ഹാർബറിൽ നിന്ന് 120 നോട്ടിക്കൽ മൈൽ അകലെ വച്ച് കപ്പലുമായി ഇടിച്ചാണ് അപകടം. ഇടിയിൽ മത്സ്യബന്ധന ബോട്ട് പൂർണമായും മുങ്ങി. കന്യാകുമാരി ഭാഗത്തുവച്ച് വിയറ്റ്നാം കപ്പലുമായി ഇടിച്ചായിരുന്നു അപകടം. ബോട്ടിൽ 11 തൊഴിലാളികൾ ഉണ്ടായിരുന്നു.ഒൻപതുപേരെ രക്ഷപ്പെടുത്തി.
എന്നാൽ കടലിൽ മുങ്ങി താഴ്ന്ന രണ്ട് തൊഴിലാളികളെ രക്ഷപ്പെടുത്താനായില്ല. തമിഴ്നാട്, വെസ്റ്റ് ബംഗാൾ സ്വദേശികളായ തൊഴിലാളികളാണ് ബോട്ടിൽ ഉണ്ടായിരുന്നത്.
Kerala
തിരുവനന്തപുരം: ബാങ്കിൽനിന്ന് എടുത്ത 50 പവനും 50,000 രൂപയുമായി ഫിനാൻസ് സ്ഥാപനത്തിലേക്കു പോകുന്നതിനിടെ തിരുവനന്തപുരം കുളപ്പട സ്വദേശി മോഹനനെ റോഡിൽനിന്നു സ്കൂട്ടര്‍ ഉള്‍പ്പടെ കാണാതായ സംഭവത്തിൽ ക്രൈംബ്രാഞ്ചിന്റെ തെരച്ചിൽ ആരംഭിച്ചു.
കിള്ളിയാറിൽ മണ്ണു മാന്തി യന്ത്രം ഉപയോഗിച്ചാണ് തെരച്ചിൽ നടത്തുന്നത്. മോഹനനെ കാണാതായ കരകുളത്തിനു സമീപത്ത് കിള്ളിയാറിൽ ഒരു സ്കൂട്ടര്‍ കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയിരുന്നു. എന്നാൽ, ഇതു മോഹനന്റെ സ്കൂട്ടര്‍ അല്ല. എന്നാലും സ്കൂട്ടര്‍ കുഴിച്ചിട്ടതിൽ ദൂരുഹതയുണ്ടെന്ന നിഗമനത്തിലാണ് തെരച്ചിൽ നടത്തുന്നത്. ലോക്ഡൗണ്‍ കാലത്ത് 2020 മേയ് എട്ടിനാണ് മോഹനനെ കാണാതായത്.
International
വാഷിംഗ്ടൺ ഡിസി: അമേരിക്കയിൽ കാണാതായ ഇന്ത്യൻ വിദ്യാർഥിക്ക് വേണ്ടിയുള്ള തിരച്ചിൽ നാലാം ദിനം.
കാലിഫോർണിയ ബെർക്ക്ലി സർവകലാശാലയിൽ കെമിക്കൽ ആൻഡ് ബയോമോളിക്യുലാർ എൻജിയറിംഗ് വിദ്യാർഥിയായ കർണാടക സ്വദേശി സാകേത് ശ്രീനിവാസയ്യ(22)യെയാണ് ഫെബ്രുവരി ഒൻപത് മുതൽ കാണാതായത്.
കോളജ് കാമ്പസിൽ നിന്ന് ഒരു കിലോമീറ്റർ അകലെയാണ് സാകേതിനെ അവസാനമായി കണ്ടത്. തിരിച്ചിലിൽ സാകേതിന്റെ പാസ്പോർട്ടും ലാപ്ടോപ്പും അടങ്ങിയ ബാഗുകൾ റീജിയണൽ പാർക്കിന് സമീപത്ത് നിന്നും കാമ്പസിന് സമീപത്തുനിന്നുമായി കണ്ടെത്തി.
വിഷയത്തിൽ സാൻ ഫ്രാൻസിസ്കോയിലെ ഇന്ത്യൻ കോൺസുലേറ്റ് ഇടപെട്ടിട്ടുണ്ട്. അൻസ തടാകവും ചുറ്റുമുള്ള ബെർക്ക്ലി ഹിൽസ് പ്രദേശങ്ങളും കേന്ദ്രീകരിച്ചാണ് തിരച്ചിൽ പുരോഗമിക്കുന്നത്.
മദ്രാസ് ഐഐടിയിലെ പൂർവ വിദ്യാർഥിയാണ് സാകേത് ശ്രീനിവാസയ്യ.
Kerala
കൊച്ചി: ട്രെയിനില്‍ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ രണ്ട് വയസുകാരന്റെ മാതാപിതാക്കളെ തേടി സംസ്ഥാന വ്യാപക അന്വേഷണം. ഈ മാസം 17ന് പുനെ-എറണാകുളം എക്സ്പ്രസിലാണ് കുഞ്ഞിനെ കണ്ടെത്തിയത്.
തൃശൂരിനും ആലുവയ്ക്കും ഇടയില്‍ കുഞ്ഞിനെ ഉപേക്ഷിച്ച് മാതാപിതാക്കള്‍ കടന്നു കളഞ്ഞതാകാമെന്നാണ് നിഗമനം. കുഞ്ഞിനെ ശിശുക്ഷേമ സമിതിയുടെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. സംഭവത്തിൽ എറണാകുളം റെയിൽവേ പോലീസ് കേസെടുത്തു.
International
ജക്കാർത്ത: ഇന്തോനേഷ്യയിലെ വെസ്റ്റ് ജാവയിലുണ്ടായ മണ്ണിടിച്ചിലിൽ എട്ട് പേർ മരിച്ചു. 82 പേരെ കാണാതായതായി സർക്കാർ അറിയിച്ചു.
വെസ്റ്റ് ജാവയിലെ വെസ്റ്റ് ബാൻഡുംഗ് പ്രദേശത്തുള്ള പസിർലംഗു ഗ്രാമത്തിലാണ് മണ്ണിടിച്ചലുണ്ടായത്. ഇന്ന് പുലർച്ചെ രണ്ടോടെയാണ് മണ്ണിടിച്ചിലുണ്ടായതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
കനത്ത മഴയെ തുടർന്നാണ് മണ്ണിടിച്ചിലുണ്ടായത്. 30 വീടുകൾ തകർന്നു. നിരവധി പേരെ രക്ഷിക്കാൻ സാധിച്ചതായി സർക്കാർ അറിയിച്ചു. കാണാതായവർക്കായുള്ള അന്വേഷണം നടക്കുന്നുണ്ടെന്നും സർക്കാർ വ്യക്തമാക്കി.
Kerala
കോഴിക്കോട്: ബസിനുള്ളിൽ വെച്ച് ലൈംഗികാതിക്രമം നടത്തിയെന്ന ആരോപണത്തിന് പിന്നാലെ യുവാവ് ജീവനൊടുക്കിയ സംഭവത്തില്‍ വീഡിയോ ചിത്രീകരിച്ച യുവതി ഒളിവില്‍ പോയതായി സൂചന. വടകര സ്വദേശി ഷിംജിതയ്ക്കെതിരേ പോലീസ് തിങ്കളാഴ്ച കേസെടുത്തിരുന്നു.
ഇവര്‍ക്കായി കോഴിക്കോട് മെഡിക്കല്‍ കോളജ് പോലീസ് തിരച്ചില്‍ ആരംഭിച്ചു. മരിച്ച ഗോവിന്ദാപുരം സ്വദേശിയായ ദീപക്കിന്റെ അമ്മയുടെ പരാതിയില്‍ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി ഇവര്‍ക്കെതിരെ പുതിയ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ യുവതി ഒളിവില്‍ പോയെന്നാണ് വിവരം.
ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ഉപയോഗിച്ച മൊബൈല്‍ ഫോണ്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. ഇതിനൊപ്പം യുവതിയുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് വിവരങ്ങള്‍ ശേഖരിക്കാന്‍ സൈബര്‍ പോലീസിന്റെ സഹായവും തേടിയിട്ടുണ്ട്.
തിങ്കളാഴ്ച വൈകുന്നേരത്തോടെ മെഡിക്കല്‍ കോളജ് പോലീസ് ദീപക്കിന്റെ വീട്ടിലെത്തി മാതാപിതാക്കളുടെയും സഹോദരന്റെയും അടക്കം മൊഴി രേഖപ്പെടുത്തിയിരുന്നു. ആരോപണം വ്യാജമാണെന്നും തനിക്ക് മനോവിഷമം ഉണ്ടായി എന്നും മകന് സൂചിപ്പിച്ചിരുന്നുവെന്നും ദീപക്കിന്റെ മാതാപിതാക്കള്‍ പോലീസിന് മൊഴി നല്‍കിയിരുന്നു.
സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം ശക്തമായതോടെ യുവതി തന്റെ ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകള്‍ നീക്കം ചെയ്തിരിക്കുകയാണ്. സംഭവത്തില്‍ ഉത്തരമേഖലാ ഡിഐജി നേരിട്ട് അന്വേഷണം നടത്തണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് ഉത്തരവിട്ടു. ഒരാഴ്ചയ്ക്കകം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദ്ദേശം.
ബസ് യാത്രയ്ക്കിടെ ഉണ്ടായ സംഭവം വടകര പൊലീസിനെ അറിയിച്ചിരുന്നതായി യുവതി അവകാശപ്പെട്ടിരുന്നു. എന്നാല്‍ ഇങ്ങനെയൊരു പരാതി ലഭിച്ചിട്ടില്ലെന്ന് വടകര ഇന്‍സ്പെക്ടര്‍ വ്യക്തമാക്കിയതോടെ യുവതിയുടെ വാദം പൊളിഞ്ഞു.
Kerala
തിരുവനന്തപുരം: ബോണക്കാട് ഉൾവനത്തിൽ കടുവകളുടെ എണ്ണം എടുക്കാൻ പോയ വനിതാ ഫോറസ്റ്റ് ഉദ്യോഗസ്ഥ അടക്കം മൂന്ന് വനംവകുപ്പ് ജീവനക്കാരെ പേരെ കാണാനില്ല.
പാലോട് റെയ്ഞ്ച് ഓഫീസിലെ വനിതാ ഫോറസ്റ്റർ വിനീത, ബിഎഫ്ഓ രാജേഷ്, വാച്ചർ രാജേഷ് എന്നിവരെയാണ് കാണാതായത്.
തിങ്കളാഴ്ച രാവിലെയാണ് ഇവർ ബോണക്കാട് ഉൾവനത്തിലെ കടുവകളുടെ എണ്ണം എടുക്കാൻ പോയത്. എന്നാൽ, കാടുകയറിയ ശേഷം വൈകുന്നേരത്തോടെ ഇവരെ ബന്ധപ്പെടാൻ കഴിഞ്ഞില്ലെന്നാണ് ലഭ്യമാകുന്ന വിവരം.
തുടർന്ന് ആർആർടി അംഗങ്ങൾ ഇവർക്കായി അന്വേഷണം ആരംഭിച്ചു.
ഡിഎഫ്ഓ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ ഇന്ന് സ്ഥലത്ത് എത്തും.
കാണാതായവർക്കായി ഇപ്പോഴും തിരച്ചിൽ തുടരുകയാണ്. അതേസമയം, ഉദ്യോഗസ്ഥർ കാണാതായെന്ന് പറയാറായിട്ടില്ലെന്നും ഇവരുമായുള്ള ബന്ധം നഷ്ട്ടപ്പെട്ടു എന്നേയുള്ളുവെന്നും മന്ത്രി ശശീന്ദ്രൻ പറഞ്ഞു.
Kerala
പരവൂർ: വർക്കല സംഭവത്തിന്റെ പശ്ചാത്തലത്തിൽ ട്രെയിനുകളിൽ സംയുക്ത പരിശോധന നടത്താൻ ആർപിഎഫ് - റെയിൽവേ പോലീസ് തീരുമാനം. ഇതിന്റെ ഭാഗമായി അനധികൃത യാത്ര, ഫുട്ബോർഡ് യാത്ര, അതിക്രമിച്ച് കടക്കൽ എന്നിവ തടയുന്നതിന് തീവ്രമായ ഡ്രൈവുകൾക്ക് ഇരുവിഭാഗം സേനകളും കഴിഞ്ഞ ദിവസം മുതൽ തുടക്കമിട്ടു.
ഡിവിഷൻ പരിധിയിലെ ട്രെയിനുകളിൽ ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന സ്ത്രീകളുടെ സംരക്ഷണത്തിന് പ്രത്യേക ശ്രദ്ധ കേന്ദ്രീകരിക്കാൻ ആർപിഎഫിന് അവരുടെ മേധാവികൾ കർശന നിർദേശം നൽകിയിട്ടുണ്ട്. കേവലം പരിശോധകളിൽ മാത്രം ഒതുങ്ങരുതെന്നും ഫലം അടിസ്ഥാനമാക്കിയുള്ള റെയ്ഡുകൾക്ക് മുൻഗണന നൽകണമെന്നുമാണ് നിർദേശം.
ആർപിഎഫും (റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സും) ജിആർപിയും (ഗവ. റെയിൽവേ പോലീസ്) ചേർന്ന് രാത്രികാല കോമ്പിംഗ് ഓപ്പറേഷനുകൾ തുടങ്ങിക്കഴിഞ്ഞു. പരിശോധനകളിൽ സംശയാസ്പദമായ സാഹചര്യത്തിൽ കാണുന്ന വ്യക്തികളെയും പ്രശ്നക്കാരെയും കുറിച്ച് ട്രെയിൻ ജീവനക്കാർക്കും ഇനി ജാഗ്രതാ നിർദേശം നൽകും.
മാത്രമല്ല ട്രെയിനുകളിലോ സ്റ്റേഷനുകളിലോ സംശയാസ്പദമായി എന്ത് കണ്ടാലും അടിയന്തരമായി ആർപിഎഫും ജിആർപിയും വിവരം കൊമേഴ്സ്യൽ കൺട്രോൾ റൂമുകളിൽ റിപ്പോർട്ടും ചെയ്യണമെന്ന് നിഷ്കർഷിച്ചിട്ടുണ്ട്.
സ്ത്രീ യാത്രക്കാർക്ക് എതിരായ കുറ്റകൃത്യങ്ങൾ തടയുന്നതിന് പ്രത്യേക പരിശീലനം ലഭിച്ച ആർപിഎഫ് ഉദ്യോഗസ്ഥർ ഉൾപ്പെടുന്ന അഞ്ച് സമർപ്പിത "മേരി സഹേലി' ടീമുകൾ ഡിവിഷന് കീഴിൽ പ്രവർതിക്കുന്നുണ്ട്.
നാഗർകോവിൽ, തിരുവനന്തപുരം സൗത്ത് (നേമം), തിരുവനന്തപുരം നോർത്ത് (കൊച്ചുവേളി ), എറണാകുളം സൗത്ത്, എറണാകുളം നോർത്ത്, തൃശൂർ റെയിൽവ സ്റ്റേഷവകൾ കേന്ദ്രീകരിച്ചാണ് ഇവരുടെ പ്രവർത്തനം.
ട്രെയിനിൽ യാത്ര ചെയ്യുന്ന സ്ത്രീ യാത്രക്കാർക്ക് സുരക്ഷാ മാർഗനിർദേശങ്ങളും ഉറപ്പും ഇതര സഹായങ്ങളും നൽകുക എന്നതാണ് ഇവരുടെ പ്രധാന പ്രവർത്തനം. ഇവർ 36,000 സ്ത്രീ യാത്രക്കാരുമായി സംവദിച്ചു.
മാത്രമല്ല 2025 ൽ തിരുവനന്തപുരത്തെ ആർപിഎഫ് ഉദ്യോഗസ്ഥർ സ്ത്രീകൾക്ക് എതിരായ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട ആറുപേരെ അറസ്റ്റ് ചെയ്ത് ലോക്കൽ പോലീസിന് കൈമാറി. ഇതുകൂടാതെ ഇതര കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട 34 പേരെയും അറസ്റ്റ് ചെയ്ത് പ്രോസിക്യൂഷൻ നടപടികൾ സ്വീകരിച്ചു.
സ്ത്രീകൾക്കായി സംവരണം ചെയ്തിരിക്കുന്ന കോച്ചുകളിൽ അനധികൃതമായി യാത്ര ചെയ്ത 601 പേരെ ആർപിഎഫ് സംഘം പിടികൂടി കേസെടുത്തു. ഇതുകൂടാതെ റെയിൽവേ നിയമത്തിലെ വിവിധ വ്യവസ്ഥകൾ ലംഘിച്ചതിന് 7193 പേരെയും പിടികൂടി പിഴ ഈടാക്കുന്നത് അടക്കമുള്ള ശിക്ഷാ നടപടികൾ സ്വീകരിച്ചു.
ഈ വർഷം ഇതുവരെ യാത്രക്കാരുടെ സുരക്ഷക്കായി ആകെ 2945 ട്രെയിനുകളിൽ 8177 ആർപിഎഫ് ഉദ്യോഗസ്ഥർ അകമ്പടി സേവിച്ചു. ഡിവിഷൻ പരിധിയിലെ 13 സ്റ്റേഷനുകളിൽ 24 മണിക്കൂറും സിസിടിവി കാമറകൾ നിരീക്ഷിക്കുന്നുണ്ട്.
494 കാമറകളിലെ ദൃശ്യങ്ങളാണ് ഇത്തരത്തിൽ പ്രത്യേക ടീം തത്സമയം പരിശോധിക്കുന്നത്. ട്രെയിനുകളിലെയും റെയിൽവേ സ്റ്റേഷനുകളിലെയും പൊതുവായ സുരക്ഷ ഉറപ്പാക്കുന്നത് ഡിവിഷനിൽ ഉടനീളം ശരാശരി 105 ആർപിഎഫ് ഉദ്യോഗസ്ഥരും 57 ജിആർപി ഉദ്യോഗസ്ഥരുമാണ് എല്ലാ ദിവസവും ഡ്യൂട്ടിക്കായി നിയോഗിക്കപ്പെടുന്നത്.
യാത്രാ സുരക്ഷ സംബന്ധിച്ച് സ്ത്രീകളെ ബോധവത്ക്കരിക്കുന്നതിനായി വിവിധ റെയിൽവേ സ്റ്റേഷനുകളിൽ 425 ക്യാമ്പുകളും സംഘടിപ്പിച്ചു. തിരുവനന്തപുരം ഡിവിഷൻ പരിധിയിൽ സർവീസ് നടത്തുന്ന ദീർഘദൂര ട്രെയിനുകളിടേക്കം 315 കോച്ചുകളിലും കാമറകൾ സജ്ജീകരിച്ചിട്ടുണ്ട്. ഇവയുടെ പ്രവർത്തനവും ആർപിഎഫ് നിരീക്ഷിക്കുന്നുണ്ട്.
ഇതുകൂടാതെ പുറപ്പെടുന്ന സ്റ്റേഷനുകളിൽ ജനറൽ കോച്ചുകളുടെ വീഡിയോഗ്രാഫിയും കാമറകളിൽ പകർത്തുന്നുണ്ട്. ഫുട്ബോർഡ് യാത്രക്കാരെ പിടികൂടി കർശന നടപടി സ്വീകരിക്കാനാണ് ഇപ്പോഴത്തെ തീരുമാനം.
നേരത്തേ ഇത്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരെ താക്കീത് ചെയ്യുക മാത്രമാണ് നടന്നു വന്നിരുന്നത്. ഇതിന്റെ ഭാഗമായി ജനറൽ കോച്ചുകളിലും അംഗപരിമിതർക്കായുള്ള കോച്ചുകളിലും വിവിധ സ്റ്റേഷനുകളിൽ പരിശോധന നടത്തും.
യാത്രയ്ക്കിടയിൽ അസാധാരണമായ എന്ത് ശ്രദ്ധയിൽപ്പെട്ടാലും സഹയാത്രികരിൽ നിന്ന് മോശം പെരുമാറ്റം ഉണ്ടായാലും റെയിൽ ഹെൽപ്പ് ലൈൻ നമ്പരായ 139 വഴി ഉടൻ റിപ്പോർട്ട് ചെയ്യണമെന്നും ഡിവിഷണൽ ആർപിഎഫ് അധികൃതർ അറിയിച്ചു.