മന്ത്രി അബ്ദുൽ ഗഫൂർ
തിരുവനന്തപുരം: മുതലപ്പൊഴിയിൽ കടലിൽ കാണാതായ മത്സ്യത്തൊഴിലാളികൾക്കായുള്ള തെരച്ചിൽ ഊർജിതമെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി അബ്ദുൽ ഗഫൂർ. പ്രത്യേക പരിശീലനം ലഭിച്ച സ്കൂബ ഡൈവേഴ്സിന്റെ സേവനം ഉൾപ്പെടെ ഉപയോഗപ്പെടുത്തുമെന്നും മന്ത്രി അറിയിച്ചു.
കാണാതായവരെ കണ്ടെത്താൻ സാധ്യമായ എല്ലാ മാർഗങ്ങളും സർക്കാർ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. തീരദേശവാസികളുടെ സുരക്ഷയ്ക്കായി നിലവിലുള്ള സംവിധാനങ്ങൾ അപര്യാപ്തമാണെന്ന് വ്യക്തമാക്കിയ മന്ത്രി, മറൈൻ ആംബുലൻസുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും ചൂണ്ടിക്കാണിച്ചു.
ഈ മേഖല നേരിടുന്ന വെല്ലുവിളികൾ പെട്ടെന്ന് പരിഹരിക്കാൻ സാധിക്കുന്നവ അല്ലെന്നും, എന്നാൽ സമഗ്രമായ പരിഹാരങ്ങൾ കാണുമെന്നും അദ്ദേഹം പറഞ്ഞു. ബജറ്റിൽ പ്രഖ്യാപിച്ച മത്സ്യത്തൊഴിലാളി ക്ഷേമ പദ്ധതികൾ കൃത്യമായി നടപ്പിലാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സുരക്ഷാ മുൻകരുതലുകളെക്കുറിച്ച് മത്സ്യത്തൊഴിലാളികൾക്കിടയിൽ ബോധവൽക്കരണം ശക്തമാക്കുമെന്നും, ഇതിനായി ഹാർബറുകൾ കേന്ദ്രീകരിച്ച് പ്രത്യേക സൗകര്യങ്ങൾ ഒരുക്കുമെന്നും അദ്ദേഹം അറിയിച്ചു.
അതേസമയം, മുതലപ്പൊഴിയിൽ മൂന്ന് മത്സ്യത്തൊഴിലാളികളെ കാണാതായിട്ട് ഒമ്പത് ദിവസങ്ങൾ പിന്നിടുകയാണ്. തെരച്ചിൽ നടപടികൾ വൈകുന്നതിൽ നാട്ടുകാരും ബന്ധുക്കളും പ്രതിഷേധം തുടരുകയാണ്.
Tags : fishermen Scuba divers Search Deepika DeepikaNewspaper NewsUpdate NewsFlash