Kerala
കോട്ടയം: മാസപ്പടി കേസിലെ ഇഡി ആരോപണങ്ങൾക്ക് പിന്നാലെ കോൺഗ്രസിനും പ്രതിപക്ഷ നേതാവ് പിണറായി വിജയനുമെതിരെ വിമർശനവുമായി ബിജെപി നേതാവ് ഷോൺ ജോർജ്. കേസുമായി മുന്നോട്ടുപോകാന് സംസ്ഥാന സര്ക്കാരിന് കഴിയില്ലെങ്കില് പറഞ്ഞാല് മതിയെന്ന് ഷോൺ അഭിപ്രായപ്പെട്ടു.
ഇഡി കേസില് പ്രതികളായ സഖാക്കളുടെ വാട്സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കി അഡ്മിന് ആകാനാണ് പിണറായിയുടെ ശ്രമം. തനിക്കെതിരെ ആരോപണം വരുമ്പോള് അത് പാര്ട്ടിക്കെതിരെയെന്നു വരുത്താന് പിണറായി ശ്രമിക്കുന്നുവെന്നും ഷോൺ ജോർജ് ആരോപിച്ചു.
സിപിഎം സംസ്ഥാന സെക്രട്ടറി ഉള്പ്പെടെ അതിന് ഒത്താശ ചെയ്യുന്നുവെന്നും ഷോണ് പറഞ്ഞു. ഇഡി കേസില് കോണ്ഗ്രസ് ഇതുവരെ പ്രതികരിച്ചിട്ടില്ല. പിണറായി വിജയന് കള്ളനാണെന്ന് പറഞ്ഞ ആളാണ് രാഹുല് ഗാന്ധിയെന്നും ഷോൺ വ്യക്തമാക്കി.
അതേ നിലപാട് തന്നെയാണോ കോണ്ഗ്രസിന് ഇപ്പോഴുള്ളതെന്ന് അറിയണം. കോണ്ഗ്രസ് വിഷയത്തില് പ്രതികരിക്കാത്തത് സംശയാസ്പദമാണ്. സിഎംആര്എല്ലില് നിന്ന് പാര്ട്ടി പ്രവര്ത്തനത്തിന് തുക വാങ്ങിയെന്നാണ് കോണ്ഗ്രസ് നേതാക്കള് പറയുന്നതെന്നും ഷോൺ ജോർജ് കൂട്ടിച്ചേർത്തു.
Kerala
കൊച്ചി: റിപ്പോർട്ടർ ന്യൂസ് ചാനൽ കന്പനിയുടെ സാന്പത്തിക ഇടപാടുകളിൽ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫിസ് (എസ്എഫ്ഐഒ) അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. ഷോൺ ജോർജ് കേന്ദ്രസർക്കാരിന് പരാതി നൽകി.
കമ്പനി അർജന്റീന ഫുട്ബോൾ അസോസിയേഷനുമായി നടത്തിയതായി പറയുന്ന സാമ്പത്തിക ഇടപാടുകൾ, ജിഎസ്ടി ബാധ്യതകൾ, വിദേശനാണയ ഇടപാടുകൾ, കമ്പനികളുടെ സാമ്പത്തിക രേഖകൾ, ഉടമസ്ഥാവകാശ കൈമാറ്റം എന്നിവയിൽ വിശദമായ അന്വേഷണം വേണമെന്നാണ് ആവശ്യം.
റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കന്പനി, ഇൻഡോ ഏഷ്യൻ ന്യൂസ് ചാനൽ എന്നീ കമ്പനികളുടെ ഇടപാടുകളിൽ അന്വേഷണം നടത്തണം. സംസ്ഥാന സർക്കാരിന്റെ അന്വേഷണത്തിനു പകരം കേന്ദ്ര ഏജൻസികളുടെ ഏകോപനത്തിലുള്ള സമഗ്ര അന്വേഷണമാണ് ആവശ്യമെന്നും ഷോൺ ജോർജ് ചൂണ്ടിക്കാട്ടി.
പരാതിയുടെ പകർപ്പ് ഇഡി, ഇൻകംടാക്സ്, ജിഎസ്ടി ഇന്റലിജൻസ്, സിബിഐ, മിനിസ്ട്രി ഓഫ് ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് തുടങ്ങിയ കേന്ദ്ര ഏജൻസികൾക്കും നൽകിയിട്ടുണ്ട്.
National
കൊച്ചി: മാണി സി. കാപ്പന് എതിരായ കോടതി വിധിയുടെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി മറുപടി പറയണമെന്നും ധാർമിക ഉത്തരവാദിത്തമേറ്റെടുത്ത് അദ്ദേഹം എംഎൽഎ സ്ഥാനം രാജിവയ്ക്കണമെന്നും ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ ഷോൺ ജോർജ്.
നിയമപരമായി രാജി ആവശ്യപ്പെടുന്നില്ലെങ്കിലും മുൻകാലങ്ങളിൽ സമാന സാഹചര്യങ്ങളിൽ കുറ്റക്കാരായി കണ്ടെത്തിയപ്പോൾ എതിരാളികൾ രാജി ആവശ്യപ്പെട്ട ചരിത്രമുണ്ടെന്ന് അദ്ദേഹം ഓർമിപ്പിച്ചു.
ധാർമികമായി ഇനി എന്ത് ചെയ്യണമെന്ന് മാണി സി. കാപ്പൻ തന്നെയാണ് തീരുമാനിക്കേണ്ടതെന്നും മാധ്യമങ്ങളോട് സംസാരിക്കവെ ഷോൺ ജോർജ് വ്യക്തമാക്കി.
അർജന്റീന ഫുട്ബോൾ ടീമിനെ കേരളത്തിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് വലിയ തോതിലുള്ള ജിഎസ്ടി തട്ടിപ്പും നികുതി വെട്ടിപ്പുമാണ് നടന്നിട്ടുള്ളതെന്നും ഷോൺ ജോർജ് ആരോപിച്ചു.
Kerala
തിരുവനന്തപുരം: പിണറായി വിജയനെതിരെ നിലവിൽ ഉയർന്നുവന്നിട്ടുള്ള ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ പ്രതിപക്ഷ നേതാവ് സ്ഥാനത്തുനിന്ന് മാറിനിൽക്കാൻ പിണറായി വിജയൻ തയ്യാറാകണമെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. ഷോൺ ജോർജ്
ഇപ്പോൾ പുറത്തുവന്നിട്ടുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിൽ, കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിനിടെ പിണറായി വിജയൻ നടത്തിയിട്ടുള്ള മുഴുവൻ സാമ്പത്തിക ഇടപാടുകളും സമഗ്രമായി അന്വേഷിക്കെണം.എസ്എൻസി ലാവലിൻ, പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്സ്, സ്വർണക്കടത്ത്, മാസപ്പടി തുടങ്ങിയ വിഷയങ്ങൾക്കു പുറമേ, കഴിഞ്ഞ സർക്കാരിന്റെ കാലയളവിൽ നടന്ന മുഴുവൻ ഇടപാടുകളും അന്വേഷണവിധേയമാക്കണം.
പിണറായി വിജയനും അദ്ദേഹത്തിന്റെ മകളും വിവിധ കമ്പനികളുമായി നടത്തിയിട്ടുള്ളതായി ആരോപിക്കപ്പെടുന്ന സാമ്പത്തിക ഇടപാടുകളെക്കുറിച്ചും സമഗ്രമായ അന്വേഷണം ആവശ്യമാണ്. പിണറായി വിജയനുമായി ബന്ധപ്പെട്ട മുഴുവൻ ഇടപാടുകളും ഒരു അന്വേഷണത്തിന്റെ പരിധിയിൽ കൊണ്ടുവരണം.
എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണം ശരിയായ ദിശയിൽ മുന്നോട്ടുപോകുന്നു എന്നതിൽ ബിജെപി സന്തോഷം രേഖപ്പെടുത്തുന്നു. ഈ ഇടപാടുകളിൽ കൂടുതൽ രാഷ്ട്രീയ നേതാക്കൾക്ക് പങ്കുണ്ടോ എന്നതും അന്വേഷണത്തിന്റെ ഭാഗമായി പരിശോധിക്കണം. സമഗ്രമായ അന്വേഷണത്തിലൂടെ കൂടുതൽ സത്യങ്ങൾ കേരള ജനതയ്ക്ക് മുന്നിൽ പുറത്തുവരുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.
പിണറായി വിജയനെ സംരക്ഷിക്കാൻ ഇനിയും ശ്രമിച്ച് സ്വയം അപഹാസ്യരാകരുത്. വ്യക്തികളെയോ രാഷ്ട്രീയ സ്ഥാനങ്ങളെയോ സംരക്ഷിക്കുന്നതിനുപകരം, ആരോപണങ്ങളിൽ സത്യാവസ്ഥ പുറത്തുവരാൻ അന്വേഷണ ഏജൻസികളെ അനുവദിക്കുകയാണ് വേണ്ടത്. ആരോപണങ്ങളിൽ സത്യാവസ്ഥ പുറത്തുവരുന്നതുവരെ പിണറായി വിജയൻ പ്രതിപക്ഷ നേതാവ് സ്ഥാനത്തുനിന്ന് മാറിനിൽക്കണമെന്നും അഡ്വ. ഷോൺ ജോർജ് ആവശ്യപ്പെട്ടു.
Kerala
കൊച്ചി: വഖഫ് ബോര്ഡിലെ ഒഴിവുകള് നികത്തണമെന്ന് സര്ക്കാരിന് ഹൈക്കോടതിയുടെ നിര്ദേശം. ഇതിനായി ആറാഴ്ചത്തെ സമയം ഹൈക്കോടതി അനുവദിച്ചു. എത്രയും വേഗത്തില് നടപടികള് പൂര്ത്തീകരിക്കാനാണ് ഹൈക്കോടതിയുടെ നിര്ദേശം.
വഖഫ് ബോര്ഡ് പുനഃസംഘടിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി നേതാവ് ഷോണ് ജോര്ജ് ഉള്പ്പെടെയുള്ളവര് നല്കിയ ഹര്ജികളാണ് ഹൈക്കോടതി ഡിവിഷന് ബെഞ്ച് പരിഗണിച്ചത്.
അമുസ്ലിംകളെ നിയമിക്കുന്നതില് തീരുമാനം സുപ്രീം കോടതി വിധിക്ക് ശേഷം എടുക്കാമെന്ന് സര്ക്കാര് ഹൈക്കോടതിയെ അറിയിച്ചു. വഖഫ് ബോര്ഡില് സങ്കീര്ണത സൃഷ്ടിക്കാനില്ലെന്ന് അഡ്വക്കേറ്റ് ജനറല് അറിയിച്ചു. ഇതോടെയാണ് ബോര്ഡിലെ ഒഴിവ് ആദ്യം നികത്തിക്കൂടെയെന്ന് സര്ക്കാറിനോട് ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ച് ചോദിച്ചത്.
നോമിനേറ്റ് ചെയ്ത അംഗങ്ങളെ ബുദ്ധിമുട്ടിക്കാനില്ലെന്നും കോടതി നിരീക്ഷിച്ചു. സര്ക്കാരിന്റെ അധികാരം ഉപയോഗിച്ച് മറ്റ് അംഗങ്ങളെ നിയമിച്ചുകൂടെ എന്നും കോടതി ചോദിച്ചു. ബോര്ഡ് പുനഃസംഘടിപ്പിക്കാനുള്ള അധികാരം സര്ക്കാറിനാണെന്നും കോടതി വ്യക്തമാക്കി. കേസ് പിന്നീട് പരിഗണിക്കാനായി മാറ്റി.
Kerala
കോട്ടയം: സംസ്ഥാനം നേരിടുന്ന മഴക്കെടുതിയിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി നേതാവ് ഷോൺ ജോർജ്. മഴക്കെടുതി നേരിടുന്നതിൽ സർക്കാർ പൂർണ പരാജയമെന്ന് ഷോൺ ജോർജ് പറഞ്ഞു.
പിണറായി വിജയൻ ഭരിച്ചപ്പോഴും ഇപ്പോൾ വി.ഡി. സതീശന്റെ ഭരണത്തിലും ഒരു മാറ്റവുമില്ലെന്നും പേര് മാറി എന്ന് മാത്രമാണ് വ്യത്യാസമെന്നും ഷോൺ ജോർജ് ആരോപിച്ചു. മുൻ മുഖ്യമന്ത്രി 'റൂം ഫോർ റിവർ' പദ്ധതി പഠിക്കാൻ വിദേശത്ത് പോയതല്ലാതെ മീനച്ചിലാറ്റിലേയോ വേമ്പനാട്ട് കായലിലേയോ മണൽ മാറ്റാൻ ഒരു നടപടിയും കൊക്കൊണ്ടിട്ടില്ലെന്നും ഷോൺ പരിഹസിച്ചു.
ദുരന്തസമയങ്ങളിൽ രാഷ്ട്രീയ പാർട്ടികളാണ് ജനങ്ങൾക്ക് സംരക്ഷണം ഒരുക്കുന്നത്. ദുരന്തസാധ്യത മുന്നിൽ കണ്ട് മുൻകരുതലുകൾ എടുക്കുന്നതിൽ സർക്കാർ വീഴ്ച വരുത്തുകയാണെന്നും ജനങ്ങൾ ഉണർന്ന് പ്രവർത്തിച്ചതുകൊണ്ട് മാത്രമാണ് പലയിടത്തും വലിയ അപകടങ്ങൾ ഒഴിവായതെന്നും ഷോൺ ജോർജ് അഭിപ്രായപ്പെട്ടു.
മീനച്ചിലാറ്റിൽ മാത്രം മൂന്ന് ലക്ഷം മെട്രിക് ടൺ മണലാണ് അടിഞ്ഞുകൂടിയിരിക്കുന്നത്. മീനച്ചിലാറ്റിലെയും വേമ്പനാട്ടുകായലിലെയും മണൽ നീക്കിയില്ലെങ്കിൽ മുഖ്യമന്ത്രിയെ കൊലപാതകിയെന്ന് വിളിക്കേണ്ടി വരുമെന്നും ഷോൺ ജോർജ് കൂട്ടിച്ചേർത്തു.
National
ന്യൂഡൽഹി: കേരള വഖഫ് ബോർഡിന്റെ പ്രവർത്തനങ്ങൾ താൽക്കാലികമായി മരവിപ്പിച്ച ഹൈക്കോടതി ഉത്തരവിനെതിരെയുള്ള അപ്പീലുകളിൽ, തന്റെ വാദം കൂടി കേൾക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ഷോൺ ജോർജ് സുപ്രീം കോടതിയിൽ തടസ ഹർജി ഫയൽ ചെയ്തു.
ഹൈക്കോടതി വിധി ചോദ്യം ചെയ്തുകൊണ്ടുള്ള അപ്പീലുകൾ തിങ്കളാഴ്ച സുപ്രീം കോടതി പരിഗണിക്കാനിരിക്കെയാണ് ഷോൺ ജോർജിന്റെ ഈ നിർണായക നീക്കം.
കേരള ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാന വഖഫ് ബോർഡും ബോർഡ് അംഗം ഉമർ ഫൈസിയുമാണ് സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. ഹൈക്കോടതി വിധി അടിയന്തരമായി സ്റ്റേ ചെയ്യണമെന്നും വഖഫ് ബോർഡിന്റെ പ്രവർത്തനം പൂർവസ്ഥിതിയിലാക്കാൻ അനുമതി നൽകണമെന്നുമാണ് ഇവരുടെ ഹർജിയിലെ പ്രധാന ആവശ്യം.
വഖഫ് ബോർഡിന്റെ പ്രവർത്തനങ്ങളിലെ ക്രമക്കേടുകൾ ചൂണ്ടിക്കാട്ടി സമർപ്പിക്കപ്പെട്ട ഒരുപിടി ഹർജികൾ പരിഗണിച്ചുകൊണ്ടായിരുന്നു ബോർഡിന്റെ പ്രവർത്തനം താൽക്കാലികമായി നിർത്തിവയ്ക്കാൻ കേരള ഹൈക്കോടതി നേരത്തെ ഉത്തരവിട്ടത്.