Leader Page
ഇന്ന് ലോക ജലദിനമാണ്. ജീവന്റെ നിലനിൽപ്പിന് ആധാരമായ ജലം എന്ന വിഭവത്തെക്കുറിച്ച് നാം ചിന്തിക്കേണ്ട നിർണായകമായ ദിവസം. കാലാവസ്ഥാ വ്യതിയാനവും മറ്റ് ഘടകങ്ങളും ഏറ്റവും കൂടുതൽ ബാധിച്ചിരിക്കുന്നത് ശുദ്ധജലത്തെയാണ്; ഇതിന്റെ ലഭ്യത കുറയുകയും ഗുണനിലവാരം മോശമാവുകയും ചെയ്യുന്നു. ഇന്ത്യയിലെ നഗരങ്ങൾക്ക് ഭാവിയിൽ കൂടുതൽ കൂടുതൽ വെള്ളം ആവശ്യമായിവരും. എന്നാൽ, ഈ ആവശ്യം നിറവേറ്റാൻ നമുക്കു കഴിയുമോ?
2026 എന്നത് എൽ നിനോ വർഷമായിരിക്കും. ഇതിനർഥം പകലും രാത്രിയും കൂടുതൽ ചൂടുള്ളതായിരിക്കും, കാലവർഷം താളം തെറ്റും, അസമയത്തും ക്രമരഹിതമായുമുള്ള മഴയുണ്ടാകും എന്നൊക്കെയാണ്. ജലത്തിന്റെ കാര്യത്തിൽ ഇതൊരു പ്രയാസകരമായ വർഷമായിരിക്കും. ജലഭാവി സുരക്ഷിതമാക്കാൻ ഇനിയും ഒരുപാട് കാര്യങ്ങൾ ചെയ്യേണ്ടതുണ്ട്. നമ്മുടെ പാരമ്പര്യ ജലവിജ്ഞാനത്തെ ആശ്രയിക്കണം. പിന്നെ, ജലത്തെ കരുതലോടെ ഉപയോഗിക്കുന്ന ഒരു സമൂഹത്തെ കെട്ടിപ്പടുക്കണം.
»» പാരമ്പര്യത്തിൽനിന്ന് പഠിക്കാം
വെള്ളം ശ്രദ്ധയോടെ ഉപയോഗിക്കുന്ന ഉജ്വലമായ പാരമ്പര്യം ഇന്ത്യക്ക് പണ്ടേ ഉണ്ടായിരുന്നു. അവയിൽനിന്ന് നമ്മൾ പഠിക്കണം: ‘വെള്ളം എവിടെ വീഴുന്നുവോ അവിടെയത് പിടിച്ചുനിർത്തുക’ എന്നതായിരിക്കണം മുദ്രാവാക്യം.
ഇതോടൊപ്പം നഗരങ്ങളിലെ ജലാശയങ്ങൾ, വെള്ളപ്പൊക്ക സമതലങ്ങൾ, തണ്ണീർത്തടങ്ങൾ എന്നിവ പുനരുജ്ജീവിപ്പിക്കണം.
»» മാലിന്യ അവബോധം ആവശ്യമാണ്
നാം ചെയ്യേണ്ട മറ്റൊരു കാര്യം, മാലിന്യത്തിന്റെ കാര്യത്തിൽ വിവേകമുള്ളവരാകുക എന്നതാണ്. ഉപയോഗിച്ച വെള്ളം ശുദ്ധീകരിക്കാനും വീണ്ടും ഉപയോഗിക്കാനും എന്തുകൊണ്ട് നമുക്ക് ശ്രമിച്ചുകൂടാ?
»» നയങ്ങളിലെ മാറ്റം
എല്ലാ നഗരസഭകളും സർക്കാരുകളും ജലവിതരണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. പക്ഷേ, മലിനജലത്തെ അവഗണിക്കുന്നു. മലിനജലത്തെക്കുറിച്ച് നമ്മൾ ഗൗരവമായി ചിന്തിക്കാതെ ശുദ്ധജല സുരക്ഷ എന്നത് അപ്രാപ്യമായി തുടരും. ഇന്ത്യയുടെ നഗര വികസന പദ്ധതികൾ ഈ ആവശ്യം തിരിച്ചറിയുന്നുണ്ടെങ്കിലും ജല-മലിനജല വിതരണത്തിന്റെ രൂപകൽപ്പനയിൽ ആവശ്യമായ മാറ്റം വരുത്തുന്നില്ല.
»» അമൃത് പദ്ധതി
ജലവിതരണം, മലിനജലം, ഹരിത അടിസ്ഥാന സൗകര്യങ്ങൾ എന്നിവയ്ക്ക് ഈ പദ്ധതി ധനസഹായം നൽകുന്നു. കേന്ദ്ര ഭവന-നഗരകാര്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ജലവിതരണത്തിനാണ് മുൻഗണന (62 ശതമാനം). എന്നാൽ, മലിനജല സംസ്കരണത്തിന് 34 ശതമാനം മാത്രമേ ചെലവാക്കുന്നുള്ളൂ.
ഭൂഗർഭജല റീചാർജിംഗിനും ജലലഭ്യത വർധിപ്പിക്കാനും സഹായിക്കുന്ന ജലാശയങ്ങളുടെ പുനരുജ്ജീവനത്തിനായി വെറും മൂന്ന് ശതമാനം മാത്രമാണ് ചെലവഴിക്കുന്നത്.
ഇത് മാറേണ്ടതുണ്ട്. മലിനജല പദ്ധതികൾക്കായി കൂടുതൽ പണം ചെലവഴിച്ചുകൊണ്ടല്ല, മറിച്ച് അടിസ്ഥാന സൗകര്യങ്ങൾക്കുള്ള ചെലവ് കുറച്ചുകൊണ്ടായിരിക്കണം ഇത്.
»» പുതിയ മാതൃകയുടെ ആവശ്യം
ഇന്നത്തെ ജലവിതരണ മാതൃക ദൂരസ്ഥലങ്ങളിൽനിന്ന് പൈപ്പുകളിലൂടെയും പമ്പുകളിലൂടെയും വെള്ളം എത്തിക്കുന്നതാണ്. പൈപ്പ് ലൈനിന്റെ നീളം കൂടുന്തോറും നിർമാണച്ചെലവും ചോർച്ചയും പമ്പിംഗിനായുള്ള വൈദ്യുതി ഉപയോഗവും കൂടുമെന്ന് നമുക്കറിയാം. ഇതെല്ലാം വെള്ളത്തിന്റെ വില വർധിപ്പിക്കുന്നു. സാധാരണക്കാർക്ക് താങ്ങാൻ കഴിയാത്ത അവസ്ഥയിലേക്ക് എത്തുന്നു. എല്ലാവർക്കും സബ്സിഡി നൽകാൻ ആവശ്യമായ പണം ഉണ്ടാകുന്നുമില്ല. കുടിവെള്ളത്തിനായി വീടുകൾ ഭൂഗർഭജലത്തെ ആശ്രയിക്കേണ്ടിവരുന്നു എന്നതാണ് ഫലം.
ഇന്നത്തെ മലിനജല സംസ്കരണ പദ്ധതികൾ പൂർത്തിയാകാത്ത പൈപ്പുകളെയും പമ്പുകളെയും ചുറ്റിപ്പറ്റി നിൽക്കുകയാണ്. ഓരോ ഘട്ടത്തിലും വീടുകളെ ഇതുമായി ബന്ധിപ്പിക്കേണ്ടതുണ്ട്. മലിനജല ഓടകൾ പുതുക്കിപ്പണിയണം. റോഡുകൾ തുടർച്ചയായി വെട്ടിപ്പൊളിക്കണം. ഇങ്ങനെ ശേഖരിക്കുന്ന മലിനജലം ഭൂഗർഭ ശൃംഖലകളിലൂടെ സംസ്കരണ പ്ലാന്റുകളിലേക്ക് പമ്പ് ചെയ്യുന്നു. പിന്നീട് സംസ്കരിക്കാത്ത മലിനജലമുള്ള പുഴകളിലേക്കോ തടാകങ്ങളിലേക്കോ തള്ളുകയും ചെയ്യുന്നു. അതോടെ ഈ പരിശ്രമങ്ങളെല്ലാം വലിയൊരു പരിധിവരെ പാഴായിപ്പോവുകയാണ്.
»» മുൻഗണന മലിനജല സംസ്കരണത്തിനുതന്നെ
എന്നാൽ, ചെലവ് അമ്പരപ്പിക്കുന്നതാണ്. ഇത്തരം പദ്ധതികൾ എപ്പോഴും വൈകുകയും നിശ്ചയിച്ചതിലും അധികം തുക ചെലവാകുകയും ചെയ്യുന്നു. ഒരു മലിനജല ശൃംഖല പൂർത്തിയാകുമ്പോഴേക്കും നഗരത്തിന്റെ മറ്റൊരു ഭാഗം വികസിക്കുകയും അവിടെ പുതിയ കണക്ഷനുകൾ ആവശ്യമായി വരികയും ചെയ്യും. ഇക്കാരണത്താലാണ് ഇന്ത്യയുടെ ഭൂരിഭാഗം പ്രദേശങ്ങളിലും ഇപ്പോഴും മലിനജല സംസ്കരണ സംവിധാനങ്ങൾ ഇല്ലാത്തതും, ഭൂരിഭാഗം വീടുകളും സെപ്റ്റിക് ടാങ്കുകൾ പോലുള്ള പ്രാദേശിക സംവിധാനങ്ങളെ ആശ്രയിക്കുന്നതും.
ഈ ശൗചാലയ സംവിധാനങ്ങളാണ് ഭാവിയിലേക്കുള്ള പരിഹാരം. എന്നാൽ, ടാങ്കുകളിലെ മാലിന്യം നീക്കം ചെയ്യുകയും അവ സംസ്കരിച്ച് വളമായോ ഇന്ധനമായോ മാറ്റുകയും ചെയ്താൽ മാത്രമേ ഇത് ഫലപ്രദമാകൂ.
»» അമൃത് മാർഗനിർദേശം പരിഷ്കരിക്കണം
വീടുകളിൽനിന്നുള്ള വിസർജ്യങ്ങൾ പൂർണമായും ശേഖരിക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾക്ക് മുൻഗണന നല്കി അമൃത് മാർഗനിർദേശങ്ങൾ പരിഷ്കരിക്കേണ്ടതുണ്ട്. ഇത് കുറഞ്ഞ ചെലവിൽ നടപ്പിലാക്കുന്നതിനായി, നിലവിലുള്ള സെപ്റ്റേജ് ടാങ്ക് സംവിധാനങ്ങൾ ഉപയോഗപ്പെടുത്താൻ നഗരങ്ങളെ പ്രോത്സാഹിപ്പിക്കണം. ഭൂഗർഭ പൈപ്പുകൾക്ക് പകരം ടാങ്കറുകൾ വഴി ഈ മാലിന്യങ്ങൾ പ്ലാന്റുകളിൽ എത്തിക്കുന്നു എന്ന് ഉറപ്പാക്കണം.
രണ്ടാമതായി, പുനരുപയോഗം പ്രോത്സാഹിപ്പിക്കുന്ന രീതിയിലാവണം മാർഗനിർദേശങ്ങൾ. ശുദ്ധീകരിച്ച മലിനജലത്തിന്റെ പുനരുപയോഗത്തിനും അവശിഷ്ടങ്ങൾ ജൈവവളമായോ ഇന്ധനമായോ മാറ്റുന്നതിനും നഗരങ്ങൾക്ക് സാമ്പത്തിക സഹായം നൽകണം. എത്രത്തോളം മലിനജലവും അവശിഷ്ടങ്ങളും പുനരുപയോഗിക്കുന്നു എന്നതിനെ അടിസ്ഥാനമാക്കിയായിരിക്കണം ധനസഹായം.
മൂന്നാമതായി, ജലാശയങ്ങളുടെ പുനരുജ്ജീവനമുൾപ്പെടെയുള്ള ജലപദ്ധതികൾ പ്രാദേശിക സ്രോതസുകളുമായി ബന്ധിപ്പിക്കണം. ഇത് ദീർഘദൂര ജലവിതരണത്തിനുള്ള ചെലവ് കുറയ്ക്കുകയും ഭൂഗർഭജലത്തിന്റെ ഉപയോഗം കൂടുതൽ സുസ്ഥിരമാക്കുകയും ജലവിതരണം കുറഞ്ഞ ചെലവിൽ സാധ്യമാക്കുകയും ചെയ്യും.
എന്നാൽ മുൻഗണന മലിനജല സംസ്കരണത്തിനായാൽ മാത്രമേ ഇത് സാധ്യമാകൂ. ജലാശയങ്ങൾ മലിനമായി തുടരുന്നിടത്തോളം കാലം, നഗരങ്ങൾ ദൂരസ്ഥലങ്ങളിൽനിന്ന് ശുദ്ധജലം തേടിക്കൊണ്ടിരിക്കും. അതോടെ, ശുദ്ധജലം മാരകമായ മലിനജലമായി മാറുന്നത് തുടരുകയും ചെയ്യും. ഭയപ്പെടുത്തുന്ന രീതിയിൽ നഗരങ്ങളിൽ പതിവാകുന്ന ജലസംബന്ധമായ ദുരന്തങ്ങളിൽനിന്ന് പഠിക്കേണ്ട പാഠം ഇതാണ്.
(സെന്റർ ഫോർ സയൻസ് ആൻഡ് എൻവയോൺമെന്റിന്റെ ഡയറക്ടർ
ജനറലാണ് ലേഖിക)
National
ജംഷഡ്പൂർ: രണ്ടാഴ്ച മുന്പ് തട്ടിക്കൊണ്ടുപോയ ജംഷഡ്പൂർ വ്യവസായി ദേവാംഗ് ഗാന്ധിയുടെ മകൻ കൈരവ് ഗാന്ധി (24) യെ കണ്ടെത്തി. ജാർഖണ്ഡിലെ ഹസാരിബാഗിനും ബീഹാറിലെ ഗയയ്ക്കും ഇടയിലുള്ള പ്രദേശത്തു നിന്നാണ് ഇദ്ദേഹത്തെ കണ്ടെത്തിയതെന്ന് പോലീസ് പറഞ്ഞു.
പുലർച്ചെ 4.30 ഓടെയാണ് ജംഷഡ്പൂരിലെ വസതിയിൽ അദ്ദേഹം സുരക്ഷിതനായി തിരിച്ചെത്തിയത്. തട്ടിക്കൊണ്ടുപോയവരെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്യുന്നതിനുള്ള അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്ന് എസ്എസ്പി പിയൂഷ് പാണ്ഡെ പറഞ്ഞു.
ജനുവരി 13 ന് രാവിലെ 11:30 ന് ബാങ്കിലേക്ക് പോകുന്നുവെന്ന് പറഞ്ഞിറങ്ങിയ കൈരവ് ഉച്ചഭക്ഷണത്തിനായി വീട്ടിൽ തിരിച്ചെത്തുമെന്ന് പറഞ്ഞിരുന്നെങ്കിലും തിരിച്ചെത്തിയിരുന്നില്ല. മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു.
അധികം വൈകാതെ തന്നെ ഒരു വിദേശ നമ്പറിൽ നിന്ന് കൈരവിന്റെ വീട്ടിലേക്ക് 10 കോടി രൂപ മോചനദ്രവ്യമായി ആവശ്യപ്പെട്ടുകൊണ്ട് ഒരാൾ വിളിക്കുകയായിരുന്നു. കേസിന്റെ ഗൗരവം കണക്കിലെടുത്ത്, ജാർഖണ്ഡ് പോലീസ് പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കുകയും ജാർഖണ്ഡ്, ബീഹാർ, പശ്ചിമ ബംഗാൾ, ഒഡീഷ എന്നിവിടങ്ങളിലും തുടർച്ചയായ റെയ്ഡുകൾ നടത്തുകയും ചെയ്തിരുന്നു.
Business
ന്യൂഡൽഹി: മുട്ടകൾ മനുഷ്യ ഉപഭോഗത്തിന് സുരക്ഷിതമാണെന്ന് ഇന്ത്യയുടെ ഭക്ഷ്യസുരക്ഷാ അഥോറിറ്റി - ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അഥോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ) ഇന്നലെ വ്യക്തമാക്കി. ഇന്ത്യയിൽ വിൽക്കുന്ന മുട്ടകൾ സുരക്ഷിതമാണ്, അവയ്ക്കു കാൻസർ സാധ്യതയുമായി ബന്ധിപ്പിക്കുന്നതിന് ശാസ്ത്രീയ തെളിവുകളില്ലെന്നും എഫ്എഎസ്എഐ അറിയിച്ചു.
മുട്ടയിൽ കാൻസറിനു കാരണമാകുന്ന ഘടകങ്ങൾ അടങ്ങിയിട്ടുണ്ടെന്ന തരത്തിലുള്ള പ്രചാരണങ്ങൾ സോഷ്യൽ മീഡിയകളിലുണ്ടായിരുന്നു. ഈ പ്രചാരണങ്ങൾ തെറ്റിദ്ധരിപ്പിക്കുന്നതും ശാസ്ത്രീയ അടിത്തറയില്ലാത്തതും അനാവശ്യ പൊതുജന ആശങ്ക സൃഷ്ടിക്കാനുള്ളതുമാണെന്ന് ഭക്ഷ്യ സുരക്ഷാ അഥോറിറ്റി അവകാശപ്പെട്ടു.
മുട്ടയിൽ കാൻസറിനു കാരണമാകുന്നതും ആരോഗ്യത്തിനു ഹാനികരവുമായ നൈട്രോഫുറാൻ മെറ്റബോളൈറ്റുകൾ അടങ്ങിയിട്ടുണ്ടെന്ന പ്രചാരണങ്ങൾ സോഷ്യൽ മീഡിയകളിൽ അടുത്തിടെ വന്നിരുന്നു. ശാസ്ത്രീയ അടിത്തറയില്ലാത്ത ഇത്തരം പ്രചാരണങ്ങൾ ഉപഭോക്താക്കളിൽ പരിഭ്രാന്തിയുണ്ടാക്കുന്നതാണന്നും എഫ്എസ്എസ്എഐ വ്യക്തമാക്കി.
2011 ലെ ഭക്ഷ്യസുരക്ഷാ നിലവാര ചട്ടങ്ങൾ പ്രകാരം കോഴിയിറച്ചിയുടെയും മുട്ടയുടെയും ഉത്പാദനത്തിന്റെ എല്ലാ ഘട്ടങ്ങളിലും നൈട്രോഫുറാൻ വിഭാഗത്തിൽപ്പെട്ട ആന്റിബയോട്ടിക്കുകളുടെ ഉപയോഗം കർശനമായി നിരോധിച്ചിട്ടുണ്ടെന്ന് എഫ്എസ്എസ്എഐ അറിയിച്ചു. ഇന്ത്യയുടെ ഭക്ഷ്യശൃംഖലയിൽ ഇവയുടെ ഉപയോഗം അനുവദനീയമല്ല.
ബ്രാൻഡഡും അല്ലാത്തതുമായ മുട്ടകൾ രാജ്യവ്യാപകമായി പരിശോധനയ്ക്കു വിധേയമാക്കാൻ ഭക്ഷ്യസുരക്ഷാ അഥോറിറ്റി നിർദേശം നൽകിയതിനു പിന്നാലെയാണ് ഈ വിശദീകരണം വന്നത്. ചില മുട്ടസാന്പിളുകളിൽ, നിരോധിക്കപ്പെട്ട രാസാവശിഷ്ടങ്ങളുടെ സാന്നിധ്യമുണ്ടെന്ന തരത്തിലുള്ള പ്രചാരണങ്ങൾ വൈറലായതോടെ പൊതുജനങ്ങളിൽ വർധിച്ചുവന്ന ആശങ്ക പരിഹരിക്കാനാണ് ഇത്തരമൊരു മുൻകരുതൽ സ്വീകരിച്ചതെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
ഭക്ഷ്യസുരക്ഷാ അഥോറിറ്റി നൽകുന്ന നിർദേശം
ലബോറട്ടറി റിപ്പോർട്ടുകളെ സംബന്ധിച്ചുള്ള ആശയക്കുഴപ്പങ്ങൾ പരിഹരിക്കുന്നതിനായി എക്സ്ട്രേനിയസ് മാക്സിമം റെസിഡ്യു ലിമിറ്റ് (ഇഎംആർഎൽ) അഥവാ രാസാവശിഷ്ടങ്ങളുടെ പരമാവധി പരിധി അഥോറിറ്റി നിശ്ചയിച്ചിട്ടുണ്ട്. നൈട്രോഫുറാൻ മെറ്റബോളൈറ്റുകൾക്ക് കിലോഗ്രാമിന് 1.0 മൈക്രോഗ്രാം എന്ന ഇഎംആർഎൽ നിശ്ചയിച്ചിട്ടുണ്ട്. ഈ അളവ് പരിശോധനകൾക്ക് ഒരു മാനദണ്ഡം മാത്രമാണ്.
ആധുനിക ലബോറട്ടറികൾക്ക് കൃത്യമായി കണ്ടെത്താൻ കഴിയുന്ന ഏറ്റവും കുറഞ്ഞ അളവാണ് ഈ പരിധി. ഇതിനർഥം, ഈ പദാർഥം ഭക്ഷണത്തിൽ അനുവദനീയമാണ് എന്നല്ല. (ഇത് മരുന്ന് ഉപയോഗിക്കുന്നത് കൊണ്ട് ഉണ്ടാകുന്നതല്ല; മറിച്ച്, പരിസ്ഥിതിയിൽനിന്നോ തീറ്റയിൽനിന്നോ അപ്രതീക്ഷിതമായി കലരുന്നതാണ്.) ഈ അളവിൽ താഴെ രാസാംശങ്ങൾ കണ്ടെത്തുന്നത് ഭക്ഷ്യസുരക്ഷ മാനദണ്ഡങ്ങളുടെ ലംഘനമല്ല. ഇത്തരം ചെറിയ അളവ് ആരോഗ്യത്തിന് ഹാനികരവുമല്ല.
ഇന്ത്യയുടെ ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ ആഗോള രീതികൾക്ക് അനുസൃതമാണെന്ന് അഥോറിറ്റി ചൂണ്ടിക്കാട്ടി. യൂറോപ്യൻ യൂണിയനിലും യുഎസിലും ആഹാരത്തിനായി വളർത്തുന്ന മൃഗങ്ങളിൽ നൈട്രോഫുറാൻസ് ഉപയോഗിക്കുന്നത് നിരോധിച്ചിട്ടുണ്ട്. ഇവയുടെ നിരീക്ഷണത്തിനും നടപ്പാക്കലിനുമായി സമാന മാനദണ്ഡങ്ങളാണ് ഉപയോഗിക്കുന്നത്.
വിവിധ രാജ്യങ്ങളിൽ അളവുകളിൽ വ്യത്യാസമുണ്ടാകാം. ഇത് പരിശോധനാരീതികളിലെ മാറ്റങ്ങൾ കൊണ്ടാണ്. അല്ലാതെ ഉപഭോക്താക്കളുടെ സുരക്ഷയിലെ വ്യത്യാസങ്ങളിൽനിന്നല്ലെന്നും അധികൃതർ പറഞ്ഞു.