District News
പറവൂർ: പറവൂർ നഗരസഭയുടെ ആഭിമുഖ്യത്തിൽ തെരുവ് നായകൾക്കുള്ള വാക്സിനേഷൻ പദ്ധതി ആരംഭിച്ചു. നഗരസഭ സംഘടിപ്പിച്ച വാക്സിനേഷൻ ക്യാമ്പ് നഗരസഭാ ചെയർപേഴ്സൺ രമേഷ് ഡി. കുറുപ്പ് ഉദ്ഘാടനം ചെയ്തു.
വാക്സിനേഷൻ നടത്തിയ തെരുവ് നായകൾക്ക് തിരിച്ചറിയലിനായി കോളർ ബെൽറ്റ് ഇടുന്നതായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. പദ്ധതിക്കാവശ്യമായ കോളർ ബെൽറ്റുകൾ റോട്ടറി ക്ലബ് ഓഫ് റോയൽ ഹെറിറ്റേജ് പറവൂർ സംഭാവനയായി നൽകി.
തെരുവ് നായകളിലൂടെ പകരുന്ന രോഗങ്ങൾ നിയന്ത്രിക്കുന്നതിനും പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനുമുള്ള നഗരസഭയുടെ സുപ്രധാന നടപടിയുടെ ഭാഗമായാണ് ഈ പദ്ധതി നടപ്പാക്കുന്നത്.
വൈസ് ചെയർപേഴ്സൺ ലൈജി ബിജു, ആരോഗ്യകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജോബി പഞ്ഞിക്കാരൻ, വിദ്യാഭ്യാസകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഹരിദാസ് , പൊതുമരാമത്ത് സ്റ്റാൻഡിംഗ്കമ്മിറ്റി ചെയർപേഴ്സൺ ജലജ രവീന്ദ്രൻ , എൽഡിഎഫ് പാർലമെന്ററി പാർട്ടി ലീഡർ സി.എ. രാജീവ് കൗൺസിലർമാരായ ഡെന്നി തോമസ്, ബീന ശശിധരൻ , സൂര്യ അരുൺ, നിമിത രാധാകൃഷ്ണൻ എന്നിവർ സന്നിഹിതരായി.
Kerala
കൊച്ചി: ഉദയംപേരൂരില്‍ തെരുവുനായ ശല്യത്തിന് പ്രതിരോധ നടപടികളുമായി അധികൃതര്‍. പ്രദേശത്ത് എട്ടു തെരുവുനായകള്‍ക്കു കഴിഞ്ഞ ദിവസം പ്രതിരോധ കുത്തിവയ്പ്പ് നല്കി. കൂടുതല്‍ നായകള്‍ക്കു വാക്സിന് നല്കാന് നാളെ മുതല്‍ വാക്സിനേഷന് കാമ്പയ്ന് നടത്തും. പേവിഷബാധയേറ്റ തെരുവുനായ കടിച്ച വളര്‍ത്തു നായയെ വെറ്റിനറി അധികൃതര്‍ പിടികൂടി നിരീക്ഷണത്തിലാക്കി.
പ്രദേശവാസികള്‍ ജാഗ്രത പുലര്‍ത്താനും വളര്‍ത്തുമൃഗങ്ങള്‍ക്കോ തെരുവുനായകള്ക്കോ അസ്വാഭാവികമായ പെരുമാറ്റം കണ്ടാല്‍ പഞ്ചായത്തിലോ വെറ്റിനറി ആശുപത്രിയിലോ വിവരം അറിയിക്കണമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്. അതേസമയം, കഴിഞ്ഞ ദിവസങ്ങളില്‍ കുഞ്ഞിനെയും വീട്ടമ്മയെയും അടക്കം എട്ടോളം പേരെ തെരുവുനായ ആക്രമിച്ചിരുന്നു.
വീടിന്റെ മുറ്റമടിക്കുന്നതിനിടെയാണ് വീട്ടമ്മയായ സതിയുടെ തല തെരുവുനായ കടിച്ചു കീറിയത്. ഇവര്‍ ഇപ്പോഴും ചികിത്സയിലാണ്. അങ്കണവാടിയില്‍ നിന്നും വരികയായിരുന്ന നാലു വയസുകാരന് ഭുവനേശര്‍, അറുപതുകാരിയായ അന്നമ്മ ഈശപ്പന്, പന്ത്രണ്ടു വയസുകാരന് ആരോണ്‍ എന്നിവര്‍ക്കും കടിയേറ്റിരുന്നു.