വാക്സിനേഷൻ പരിപാടിക്ക് കോന്നിയിൽ തുടക്കമായപ്പോൾ.
കോന്നി: കോന്നി ഗ്രാമപഞ്ചായത്ത് 2026-27 ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി കോന്നി മൃഗാശുപത്രിയുടെ നേതൃത്വത്തിൽ തെരുവുനായ്ക്കൾക്ക് പേ വിഷബാധയ്ക്കെതിരേള്ള പ്രതിരോധ കുത്തിവയ്പ് തീവ്രയജ്ഞം ആരംഭിച്ചു.
മൂന്നു ദിവസങ്ങളിലായി കോന്നി ഗ്രാമപഞ്ചായത്തിന്റെ 20 വാർഡിലുമുള്ള തെരുവ് നായ്ക്കൾക്ക് പ്രതിരോധ കുത്തിവയ്പ് എടുക്കുന്നതിനാണ് പദ്ധതി ലക്ഷ്യം വയ്ക്കുന്നത്. പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ നിന്നും ആദ്യ ദിവസം 55 ഓളം തെരുവുനായ്ക്കൾക്ക് പ്രതിരോധ കുത്തിവയ്പ് എടുത്തു. ഇന്നും നാളെയുമായി ബാക്കി വരുന്ന പ്രദേശങ്ങളിൽ കൂടി പ്രതിരോധ കുത്തിവയ്പ് എടുക്കുന്നതിനുള്ള നടപടികളാണ് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ നടത്തിവരുന്നത്.
കൊല്ലം സ്വദേശികളായ ലൈസൻസികളാണ് തെരുവുനായ്ക്കൾക്ക് പ്രതിരോധ കുത്തിവയ്പ് എടുക്കുന്നതിനായി പിടിച്ചു നൽകുന്നതിന് ചുമതലപ്പെടുത്തിയിരിക്കുന്നത്. കോന്നി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ മൂന്നുദിവസമായി നടത്തപ്പെടുന്ന തീവ്രവാക്സിനേഷൻ യജ്ഞത്തോടെ അപകടകാരികളായ തെരുവ് നായ്ക്കളുടെ ആക്രമണത്തിൽ നിന്നും പൊതുജനങ്ങളെ സംരക്ഷിക്കുവാൻ ഒരു പരിധി വരെ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോജി ഏബ്രഹാം പറഞ്ഞു.