Kerala
കല്‍പ്പറ്റ: കാട്ടാന ആക്രമണത്തില്‍നിന്നു മാധ്യമപ്രവര്ത്തകന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. അമൃത ന്യൂസ് വയനാട് ലേഖകന്‍ രതീഷ് കുഞ്ചത്തൂരാണ് കഴിഞ്ഞരാത്രി എട്ടരയോടെ ജോലി കഴിഞ്ഞ് സ്കൂട്ടറില്‍ വീട്ടിലേക്ക് പോകുന്നതിനിടെ ആനയുടെ മുമ്പില്‍പ്പെട്ടത്.
ചുണ്ടേല്‍-ഒലിവുമല റോഡിലെ ചുണ്ടവയല്‍ അയനിമട്ടം ഭാഗത്താണ് സംഭവം. വഴിയരികില്‍ മറഞ്ഞനിന്ന ആന സ്കൂട്ടറിനുനേരേ പാഞ്ഞടുക്കുകയായിരുന്നു. ഇത് കണ്ടയുടന്‍ രതീഷ് സ്കൂട്ടര്‍ ഉപേക്ഷിച്ച് സമീപത്തെ വീട്ടില്‍ ഓടിക്കയറിയതാണ് രക്ഷയായത്. ആന പിന്നീട് അടുത്തുള്ള തേയിത്തോട്ടത്തിലേക്ക് പിന്‍വാങ്ങി.
സൗത്ത് വയനാട് വനം ഡിവിഷനിലെ മേപ്പാടി റേഞ്ചില്‍പ്പെട്ട പ്രദേശമാണ് ചുണ്ടവയല്‍. കുറച്ചുകാലമായി ഇവിടെയും സമീപങ്ങളിലും കാട്ടാന സാന്നിധ്യമുണ്ട്. കാട്ടാന പ്രതിരോധത്തിന് പ്രദേശത്ത് ജനപങ്കാളിത്തത്തോടെ നിര്‍മിച്ച വേലി തകര്‍ന്നുകിടക്കുകയാണ്.
ഇത് രണ്ടാം തവണയാണ് രതീഷ് ആനയുടെ മുമ്പില്‍പ്പെടുന്നത്. മാസങ്ങള്‍ മുമ്പ് വീടിനടുത്താണ് ആനയുടെ ആക്രമണം ഉണ്ടായത്. അന്ന് സഞ്ചരിച്ച സ്കൂട്ടര്‍ ആന ഭാഗികമായി തകര്‍ത്തതായി രതീഷ് പറഞ്ഞു. തകര്‍ന്ന വേലി അടിയന്തരമായി നന്നാക്കി കാട്ടാനകള്‍ ജനവാസ കേന്ദ്രത്തില്‍ എത്തുന്നത് തടയണമെന്ന് പ്രദേശവാസികള്‍ ആവശ്യപ്പെട്ടു.
Kerala
കൊച്ചി: കാട്ടാനശല്യം മൂലം കർഷകർ കൃഷി ഉപേക്ഷിച്ച വനാതിർത്തികളിൽ ഇഞ്ചിപ്പുൽ കൃഷിയിറക്കി സംരക്ഷണമൊരുക്കുന്ന പദ്ധതിയുമായി കേന്ദ്ര കൃഷി വിജ്ഞാന കേന്ദ്രം.
ശാസ്ത്രജ്ഞനും കേന്ദ്ര കൃഷിവിജ്ഞാന കേന്ദ്രം ഡയറക്ടറുമായ ഡോ. ഷിനോജ് സുബ്രഹ്മണ്യത്തിന്റെ നേതൃത്വത്തിൽ കോതമംഗലം വാവേലിയിൽ ഈ പദ്ധതി വിജയകരമായി പരീക്ഷിച്ചു.
ഇവിടത്തെ പുൽത്തൈല നിർമാണ യൂണിറ്റ് സന്ദർശിച്ച മുൻ കേന്ദ്രമന്ത്രി കെ.വി. തോമസ് ഇതുസംബന്ധിച്ച സാധ്യതകൾ വനം മന്ത്രി ഷിബു ബേബി ജോണുമായി പങ്കിട്ടതിനെത്തുടർന്ന് പദ്ധതി സമർപ്പിക്കാൻ മന്ത്രി വനം വകുപ്പിന് നിർദേശം നൽകി.
ആനകൾക്ക് ഇഷ്ടമില്ലാത്ത ഇഞ്ചിപ്പുൽ കൃഷി ചെയ്താൽ ആ ഭാഗത്തേക്കുള്ള ആനകളുടെ കടന്നുവരവ് നിലയ്ക്കുകയും കാട്ടാനശല്യം അവസാനിക്കുകയും ചെയ്യും. കൃഷി ഉപേക്ഷിച്ച് തരിശായിട്ടിരിക്കുന്ന ഭൂമിയിൽ ഇഞ്ചിപ്പുൽ കൃഷിയിറക്കുന്നതിലൂടെ കർഷകർക്ക് അധികം കൂലിച്ചെലവില്ലാത്ത വരുമാനവുമായി അത് മാറും.
സംസ്കരണ സൗകര്യമൊരുക്കി പുൽത്തൈല നിർമാണം, മൂല്യവർധിത ഉത്പന്നങ്ങളുടെ ബ്രാൻഡിംഗിലൂടെ സംരംഭസാധ്യതകൾ ഒരുക്കൽ എന്നീ ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന കെവികെയുടെ പൈലറ്റ് പദ്ധതി കൂടുതൽ പ്രദേശങ്ങളിലേക്കു വ്യാപിപ്പിക്കാൻ സംസ്ഥാനസർക്കാരിന്റെ ഈ ഇടപെടലിലൂടെ കഴിയും.
പുൽത്തൈലം ഉത്പാദിപ്പിക്കുന്നതിനൊപ്പം അതുപയോഗിച്ച് ഉത്പന്നങ്ങൾ ഉണ്ടാക്കി വിപണനം നടത്താൻ കർഷകരെ പരിശീലിപ്പിക്കുകയും സമാനമായ പാൽമാറോസാ, സിട്രോണല്ല തുടങ്ങിയ വിളകൾ പ്രോത്സാഹിപ്പിക്കുകയും ചെയ്താൽ വനാത്തിർത്തികൾ കേന്ദ്രീകരിച്ച് സുഗന്ധ ഗ്രാമം പദ്ധതികൾ കൊണ്ടുവരാനും കഴിയും.
വനാതിർത്തികളിലെ കർഷകരെ കൃഷിഭൂമിയിലേക്കു തിരികെ കൊണ്ടുവരാൻ കഴിയുന്ന മികച്ച പദ്ധതിയാണിതെന്ന് കെ.വി. തോമസ് ചൂണ്ടിക്കാട്ടി.
Kerala
കൊച്ചി: കോതമംഗലത്ത് കിണറ്റില്‍ വീണ കാട്ടാനയെ രക്ഷപ്പെടുത്തി കാട്ടിലേക്ക് തുരത്തി. ആനയെ മയക്കുവെടി വെക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ പ്രതിഷേധിച്ചതിനെ തുടർന്ന് താത്കാലികമായി നിർത്തിവച്ച രക്ഷാപ്രവർത്തനം ചൊവ്വാഴ്ച ഉച്ചകഴിഞ്ഞാണ് വീണ്ടും ആരംഭിച്ചത്.
ഉച്ചയ്ക്ക് 2.30 ഓടെ ജെസിബിയുടെ സഹായത്തോടെ കിണറിന്റെ സൈഡ് ഇടിച്ച് ആനയെ കരയ്ക്ക് കയറ്റുകയായിരുന്നു. കുട്ടമ്പുഴ പൂയംകുട്ടി കൂവപ്പാറയിൽ കട്ടായത്ത് അലിയാരുടെ പുരയിടത്തിലെ ഉപയോഗശൂന്യമായി കിടന്ന കിണറ്റിലാണ് കാട്ടാന വീണത്. ആനയുടെ തുമ്പിക്കൈയ്ക്ക് മുറിവേറ്റിട്ടുള്ളതിനാൽ കാട്ടിലേക്ക് വിട്ടാലും തിരിച്ചു വരാൻ സാധ്യതയുണ്ടെന്ന് ആരോപിച്ചായിരുന്നു നാട്ടുകാരുടെ പ്രതിഷേധം.
ഈ ഒറ്റയാനെ മയക്കുവെടി വെച്ച് ഇവിടെനിന്ന് കൊണ്ടുപോകണമെന്ന ആവശ്യത്തിൽ നാട്ടുകാർ ഉറച്ചുനിന്നു. തുടർന്ന് ഉദ്യോഗസ്ഥർ നാട്ടുകാരെ അനുനയിപ്പിച്ച ശേഷമാണ് കിണറിടിച്ച് ആനയെ മുകളിലേക്ക് കയറ്റാനുള്ള നടപടികൾ പൂർത്തിയാക്കിയത്. മയക്കുവെടി വച്ചാൽ ആനയ്ക്ക് ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടാകുമെന്നും ഇങ്ങനെ ആനയെ മാറ്റുന്നത് പ്രായോഗികമല്ലെന്നും ബോധ്യപ്പെടുത്തിയതോടെയാണ് നാട്ടുകാർ പ്രതിഷേധം അവസാനിപ്പിച്ചത്.
ആനയ്ക്ക് നേരിയ പരിക്കുകൾ ഉണ്ടെങ്കിലും ആരോഗ്യനില നിലവിൽ തൃപ്തികരമാണെന്ന് അധികൃതർ പറഞ്ഞു. കാട്ടിലേക്ക് കയറ്റി വിട്ട ആനയെ വനം വകുപ്പ് ഉദ്യോഗസ്ഥർ കൃത്യമായി നിരീക്ഷിക്കുമെന്ന് നാട്ടുകാർക്ക് ഉറപ്പുനൽകിയിട്ടുണ്ട്. പ്രദേശത്ത് ഉടൻ തന്നെ ഫെൻസിംഗ് ഒരുക്കുമെന്നും ഇതോടെ പ്രദേശത്തെ കാട്ടാന ശല്യത്തിന് ശാശ്വത പരിഹാരം കാണാനാകുമെന്നും ഷിബു തെക്കുംപുറം എംഎൽഎ വ്യക്തമാക്കി.
District News
ചിന്നക്കനാല്‍: ചൂണ്ടലില്‍ കാട്ടാന ആക്രമണത്തില്‍ ഒരാള്‍ മരിച്ചു. പന്നിയാര്‍ സ്വദേശി ജോസഫ് വേലുച്ചാമി ആണ് മരിച്ചത്.
ചക്കക്കൊമ്പന് കാട്ടാനയാണ് ആക്രമിച്ചതെന്നാണ് പുറത്തുവരുന്ന സൂചന. ഏലത്തോട്ടത്തില്‍ വച്ചായിരുന്നു ജോസഫിനെ കാട്ടാന ആക്രമിച്ചത്.
ആനക്കൂട്ടത്തില്‍ 14ഓളം ആനകളുണ്ടായിരുന്നു. ആനക്കൂട്ടം സ്ഥലത്ത് തന്നെ തുടരുന്നതിനാല്‍ മൃതദേഹം പുറത്തെടുക്കാനാവാത്ത സാഹചര്യമാണ് നിലവിലുള്ളത്.