കോട്ടയം: ദീപികയുടെ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ശതോത്തര റൂബി ജൂബിലി ആഘോഷത്തിനുള്ള ഒരുക്കം ദ്രുതഗതിയിൽ. ആഘോഷച്ചടങ്ങിന്റെ ഉദ്ഘാടനം 31ന് ഉച്ചകഴിഞ്ഞ് 2.30ന് കോട്ടയം മാമ്മന്‍ മാപ്പിള ഹാളില്‍ ഉപരാഷ്ട്രപതി ഡോ. സി.പി. രാധാകൃഷ്ണനാണ് നിർവഹിക്കുന്നത്. കേരള ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍ അധ്യക്ഷത വഹിക്കും. മുഖ്യമന്ത്രി വി.ഡി. സതീശന് മുഖ്യപ്രഭാഷണം നടത്തും.
നിയമസഭാ സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്, മന്ത്രി മോന്‍സ് ജോസഫ്, കെ. ഫ്രാന്‍സിസ് ജോര്‍ജ് എംപി, പശ്ചിമബംഗാള്‍ മുന്‍ ഗവര്‍ണര്‍ ഡോ. സി.വി. ആനന്ദബോസ്, കോട്ടയം ആര്‍ച്ച്ബിഷപ് മാര്‍ മാത്യു മൂലക്കാട്ട്, രാഷ്ട്രദീപിക ലിമിറ്റഡ് ചെയര്മാന് ഡോ. ഫ്രാന്‍സിസ് ക്ലീറ്റസ്, മാനേജിംഗ് ഡയറക്ടര്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, ചീഫ് എഡിറ്റര്‍ ഫാ.ഡോ. ജോര്‍ജ് കുടിലില്‍ എന്നിവര്‍ പങ്കെടുക്കും.
ഇന്നലെ കളക്ടറേറ്റില്‍ ജില്ലാ പോലീസ് മേധാവി ഷാഹുല്‍ ഹമീദിന്റെ അധ്യക്ഷതയില്‍ പോലീസ് ഉദ്യോഗസ്ഥരുടെയും വിവിധ വകുപ്പ് തലവന്മാരുടെയും യോഗം ചേര്‍ന്ന് ഒരുക്കങ്ങള്‍ വിലയിരുത്തി. സമ്മേളനം നടക്കുന്ന മാമ്മന്‍ മാപ്പിള ഹാള്‍ മോടി കൂട്ടുന്ന ജോലികള്‍ നഗരസഭയുടെ ആഭിമുഖ്യത്തില്‍ പുരോഗമിക്കുകയാണ്.
ഉപരാഷ്ട്രപതി ഹെലികോപ്റ്ററില്‍ വന്നിറങ്ങുന്ന കോട്ടയം പോലീസ് പരേഡ് ഗ്രൗണ്ടിലെ ഹെലിപാഡ് നവീകരണ ജോലികള്‍ അവസാനഘട്ടത്തിലാണ്. ഹെലിപാഡിനു സമീപത്തേക്ക് വാഹനം എത്തുന്നതിനുള്ള വഴി ടാര്‍ ചെയ്യുന്ന ജോലികൾ പൂര്‍ത്തിയായി.
മഴക്കാലമായതിനാല്‍ ചെളിയും മറ്റും ഉണ്ടാകാന്‍ സാധ്യതയുള്ളതിനാലാണ് ടാര്‍ ചെയ്ത പുതിയ വഴി നിര്‍മിക്കുന്നത്. ഹെലിപാഡിനു ചുറ്റുമുള്ള പുല്ലും ഹെലികോപ്റ്റര്‍ പറന്നിറങ്ങുന്നതിനു തടസമായിട്ടുള്ള മരച്ചില്ലകളും വെട്ടിമാറ്റി. ഹെലിപാഡിലും ഗ്രൗണ്ടിലുമുള്ള മാലിന്യങ്ങളും നീക്കം ചെയ്തു.
പോലീസ് പരേഡ് ഗ്രൗണ്ടില്‍ വന്നിറങ്ങുന്ന ഉപരാഷ്ട്രപതി റോഡ് മാര്‍ഗം സമ്മേളനനഗരിയായ മാമ്മന്‍ മാപ്പിള ഹാളിലെത്തും. വാഹനവ്യൂഹം കടന്നുപോകുമ്പോള്‍ മറ്റൊരു വാഹനവും റോഡില്‍ അനുവദിക്കില്ല. ഉപരാഷ്ട്രപതി വരികയും പോകുകയും ചെയ്യുന്ന സമയത്ത് നഗരത്തില്‍ ഗതാഗതനിയന്ത്രണവും ഉണ്ടായിരിക്കും.
ജില്ലാ പോലീസ് മേധാവി ഷാഹുല്‍ ഹമീദ്, സ്പെഷല്‍ ബ്രാഞ്ച് ഡിവൈഎസ്പി എന്നിവരുടെ നേതൃത്വത്തില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ നടത്തിവരുന്നു. സന്ദര്‍ശനത്തിന്റെ ഭാഗമായുള്ള പോലീസിന്റെ ട്രയല്‍ റണ്‍ 30ന് ഉച്ചയ്ക്ക് നടക്കും.