പുളിക്കൽ റബർ എസ്റ്റേറ്റ് എന്നറിയപ്പെട്ടിരുന്ന മൂവായിരത്തോളം ഏക്കർ സ്ഥലത്തിന്റെ ഭൂപടം.
ശതാബ്ദി ആഘോഷങ്ങൾക്ക് കാഞ്ഞിരപ്പുഴയിൽ തുടക്കം
കാഞ്ഞിരപ്പുഴ: നാണ്യവിള കൃഷിയിലൂടെ കേരളത്തിന്റെ സന്പദ്വ്യവസ്ഥയെ മാറ്റിമറിച്ച മലബാർ കാർഷിക കുടിയേറ്റത്തിന്റെ ശതാബ്ദി ആഘോഷങ്ങൾക്കു തുടക്കമായി. 1926ൽ മണ്ണാർക്കാട് പൊറ്റശേരി-കാഞ്ഞിരപ്പുഴ കേന്ദ്രീകരിച്ച് ആരംഭിച്ച കുടിയേറ്റത്തിന്റെ നൂറാംവാർഷികമാണ് വിപുലമായ പരിപാടികളോടെ ആഘോഷിക്കുന്നത്.
ഇന്നത്തെ ഇരുന്പകച്ചോല, കാഞ്ഞിരപ്പുഴ, പാലക്കയം പ്രദേശങ്ങൾ ഉൾപ്പെടുന്ന ഇഞ്ചിക്കുന്ന് മലവാരം ‘പുളിക്കൽ റബർ എസ്റ്റേറ്റ്’ എന്നറിയപ്പെട്ടിരുന്ന മൂവായിരത്തോളം ഏക്കർസ്ഥലം കല്ലറക്കൽ മാളിയേക്കൽ തൊമ്മി ജോസഫ് (അപ്പച്ചൻ), കരിപ്പാപ്പറന്പിൽ ജേക്കബ് തോമസ് (ചാക്കോച്ചൻ) എന്നിവർ വിലയ്ക്കുവാങ്ങി കൃഷി ആരംഭിച്ചതോടെയാണ് മലബാറിലെ സംഘടിത കാർഷിക കുടിയേറ്റ ചരിത്രത്തിന് തുടക്കമാകുന്നത്.
ബ്രിട്ടീഷ് ഭരണത്തിൻ കീഴിലുള്ള മദ്രാസ് പ്രോവിൻസിന്റെ ഭാഗമായിരുന്ന മലബാറിലേക്ക് തിരുവിതാംകൂറിൽ നിന്നായിരുന്നു കർഷകരുടെ ആദ്യവരവ്. റബർ, കുരുമുളക്, തെങ്ങ്, കാപ്പി, തേയില തുടങ്ങിയ നാണ്യവിളകൾ സമൃദ്ധമായി വിളയിച്ചെടുത്ത ഈ തുടക്കത്തെ പിന്തുടർന്ന് തിരുവിതാംകൂറിന്റെയും തിരുകൊച്ചിയുടെയും വിവിധ ഭാഗങ്ങളിൽനിന്ന് ജാതിമതഭേദമന്യേ ആയിരക്കണക്കിന് കർഷകർ ഭൂമിവാങ്ങി ഇവിടെ കുടിയേറിപ്പാർത്തു.
ദുർഘടമായ മലനിരകളെ വെട്ടിത്തെളിച്ച് കർഷകർ പടുത്തുയർത്തിയ ഈ മുന്നേറ്റമാണ് പ്രദേശത്ത് റോഡുകളും ആരാധനാലയങ്ങളും വിദ്യാലയങ്ങളും ആശുപത്രികളും വാണിജ്യകേന്ദ്രങ്ങളും യാഥാർഥ്യമാക്കിയത്. കാഞ്ഞിരപ്പുഴയിൽ തുടങ്ങിയ ഈ കാർഷികവിപ്ലവം പിന്നീട് മണ്ണാർക്കാട്, അട്ടപ്പാടി, മലന്പുഴ, വടക്കഞ്ചേരി ഉൾപ്പെടെയുള്ള മലബാർ മേഖലകളുടെ സമഗ്രമായ കാർഷികസാമൂഹിക ഉന്നമനത്തിനും നഗരവികസനത്തിനും അടിത്തറയായി മാറി.
ചരിത്രപ്രസിദ്ധമായ കാർഷിക കുടിയേറ്റത്തിന്റെ ശതാബ്ദി ഉചിതമായ രീതിയിൽ കൊണ്ടാടുന്നതിനായി കാഞ്ഞിരപ്പുഴ സെന്റ് തോമസ് ചർച്ച് ഹാളിൽ കർഷക പ്രതിനിധികളുടെ വിപുലമായ യോഗം ചേർന്നു.
പരിപാടിയുടെ സുഗമമായ നടത്തിപ്പിനായി കാഞ്ഞിരപ്പുഴ ഫൊറോന വികാരി ഫാ. മാർട്ടിൻ ഏറ്റുമാനൂക്കാരൻ, മണ്ണാർക്കാട് ഫൊറോന വികാരി ഫാ. രാജു പുളിക്കത്താഴെ, പൊന്നംകോട് ഫൊറോന വികാരി ഫാ. ബെറ്റ്സണ്‍ തൂക്കുപറന്പിൽ എന്നിവർ മുഖ്യരക്ഷാധികാരികളായും ജോമി ജോർജ് കല്ലറക്കൽ മാളിയേക്കലിനെ ജനറൽ കണ്‍വീനറായും തെരഞ്ഞെടുത്തു.
മാത്യു കിഴക്കേക്കര, ജോസ് ജോസഫ് കല്ലറക്കൽ മാളിയേക്കൽ, ജേക്കബ് സെബാസ്റ്റ്യൻ കരിപ്പാപ്പറന്പിൽ, അഡ്വ.കെ.ടി. തോമസ് കിഴക്കേക്കര, അഡ്വ. ബോബി ബാസ്റ്റിൻ പൂവത്തിങ്കൽ എന്നിവരെ രക്ഷാധികാരികളായും തെരഞ്ഞെടുത്തു.
ചരിത്രരേഖകളും അനുഭവങ്ങളും ക്രോഡീകരിച്ച് പ്രത്യേക ശതാബ്ദി സുവനീർ പുറത്തിറക്കുന്നതിനായി സുവനീർ കമ്മിറ്റി കണ്‍വീനറായി കുസുമം ജോസഫ് കുളന്പിലിനേയും സണ്ണി കിഴക്കേക്കര കണ്‍വീനറായി ധനകാര്യ കമ്മിറ്റിയും ഉൾപ്പെടെ വിവിധ സബ് കമ്മിറ്റികളും പ്രവർത്തനമാരംഭിച്ചു.
മുഖ്യമന്ത്രി, മന്ത്രിമാർ, സാമൂഹിക, സാംസ്കാരിക നായകർ എന്നിവരെ പങ്കെടുപ്പിച്ച് വിപുലമായ പൊതുസമ്മേളനത്തോടെ ശതാബ്ദി ആഘോഷങ്ങൾ ഒരു ചരിത്ര സംഭവമാക്കി മാറ്റാനാണ് സംഘാടക സമിതി ലക്ഷ്യമിടുന്നത്.