Kerala
തലശേരി: അഞ്ചരക്കണ്ടി ഡെന്റൽ കോളജിലെ ഒന്നാം വർഷ ബിഡിഎസ് വിദ്യാർഥി തിരുവനന്തപുരം ഉഴമലക്കൽ പുതുക്കുളങ്ങര നടത്തരികത്തു വീട്ടിൽ ആർ.എൽ. നിതിൻ രാജ് ആശുപത്രി കെട്ടിടത്തിൽനിന്നു ചാടി മരിച്ച കേസിലെ ആരോപണവിധേയരായ പ്രതികൾ തലശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ നൽകിയ മുൻകൂർ ജാമ്യഹർജി 22നു പരിഗണിക്കും.
കോളജിലെ ഓറൽ പതോളജി ആൻഡ് മൈക്രോ ബയോളജി മേധാവി ഡോ. എം.കെ. റാം, ഡോ. കെ.ടി. സംഗീത നമ്പ്യാർ എന്നിവരാണ് അഭിഭാഷകരായ കിഷോർ, വിജയകൃഷ്ണൻ എന്നിവർ മുഖാന്തിരം മുൻകൂർ ജാമ്യാപേക്ഷ ഫയൽ ചെയ്തത്.
തങ്ങളെ അറസ്റ്റ് ചെയ്യാൻ സാധ്യതയുണ്ടെന്നും മുൻകൂർ ജാമ്യഹർജിയിൽ തീരുമാനമാകുന്നത് വരെ താത്കാലിക ജാമ്യം അനുവദിക്കണമെന്നും കാണിച്ചുള്ള ഹർജിയും സമർപ്പിച്ചിട്ടുണ്ട്. എന്നാൽ ഈ ഹർജിയെ പ്രോസിക്യൂഷൻ ശക്തമായി എതിർത്തു.
കേസ് ഡയറി ഹാജരാക്കാൻ കോടതി പോലീസിനോടു നിർദേശിച്ചിട്ടുണ്ട്.ജീവനൊടുക്കുന്നതിനു മുമ്പ് നിതിൻ രണ്ടു മണിക്കൂറോളം കോളജ് പ്രിൻസിപ്പലിന്റെ മുറിയിലാണ് ഉണ്ടായിരുന്നതെന്നും നിതിന്റെ മരണത്തിൽ തങ്ങൾക്ക് യാതൊരു ബന്ധവും ഇല്ലെന്നും ഡോ. റാമും ഡോ. സംഗീതയും മുൻകൂർ ജാമ്യഹർജിയിൽ പറയുന്നു.
നിതിൻ പ്രിൻസിപ്പലിന്റെ റൂമിലുള്ള സമയത്ത് വൈസ് പ്രിൻസിപ്പലും ഡോ. ലതയും ഉൾപ്പെടെ മറ്റ് പലരും പ്രിൻസിപ്പലിന്റെ മുറിയിൽ ഉണ്ടായിരുന്നു. പല തവണ നിതിൻ പ്രിൻസിപ്പലിന്റെ മുറിയുടെ മുന്നിൽ നിൽക്കുന്നത് മറ്റുള്ളവർ കണ്ടിട്ടുണ്ട്. ഡോ. ലതയാണ് നിതിനെതിരെ സൈബർ സെല്ലിന് പരാതി നൽകിയത്.
National
ന്യൂഡൽഹി: തെരഞ്ഞെടുപ്പുഫലം ചോദ്യംചെയ്തുള്ള ഹർജികൾ പരിഗണിക്കുന്പോൾ രേഖാപരമായ വസ്തുതകളുടെ അടിസ്ഥാനത്തിൽ തീരുമാനം എടുക്കണമെന്ന് സുപ്രീംകോടതി.
2025 ഫെബ്രുവരിയിലെ പഞ്ചാബ് ഹരിയാന ഹൈക്കോടതി ഉത്തരവ് ചോദ്യംചെയ്ത് സമർപ്പിച്ച അപ്പീലിലാണ് ജസ്റ്റീസ് വിക്രംനാഥ് അധ്യക്ഷനായ ബെഞ്ച് ഇക്കാര്യം വ്യക്തമാക്കിയത്. പുതിയ തെളിവ് കണ്ടെത്തിയാൽ അത് ഹാജരാക്കുന്നതുവരെ നടപടിക്രമങ്ങൾ തടസപ്പെടുന്നത് അനുവദിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി.
പാനിപ്പത്തിലെ ഖലില മജ്ര ഗ്രാമ പഞ്ചായത്തിലെ സർപഞ്ചിന്റെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കേസാണ് സുപ്രീംകോടതി പരിഗണിച്ചത്. ഹർജിക്കാരനും എതിർ സ്ഥാനാർഥിക്കും 302 വോട്ടുവീതം കിട്ടിയപ്പോൾ വിജയിയെ നറുക്കിട്ട് തീരുമാനിച്ചതാണ് തർക്കത്തിന് ഇടയാക്കിയത്.
കീഴ്കോടതിയും തെരഞ്ഞെടുപ്പ് ട്രൈബ്യൂണലും പരിഗണിച്ചശേഷം വിഷയം ഹൈക്കോടതിയിലെത്തി. പ്രസക്തമായ തെളിവ് ശേഖരിച്ച് വീണ്ടും കേസ് പരിഗണിക്കാൻ ഹൈക്കോടതി കീഴ്കോടതിയിലേക്ക് അയയ്ക്കുകയാണ് ചെയ്തത്.
ഈ നടപടി സ്റ്റേ ചെയ്തുകൊണ്ടാണ് ലഭ്യമായ വസ്തുതകളുടെ അടിസ്ഥാനത്തിൽ തെരഞ്ഞെടുപ്പ് ഹർജികളിൽ തീരുമാനമാക്കാൻ സുപ്രീംകോടതി നിർദേശിച്ചത്.
Kerala
കൊച്ചി: അമ്പലപ്പുഴയിൽ സ്ഥാനാർഥിത്വം പ്രഖ്യാപിച്ച ജി. സുധാകരന് പിന്തുണ നല്കുന്നത് യുഡിഎഫ് ആലോചിച്ചു തീരുമാനിക്കുമെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ. വിസ്മയങ്ങള് ഇനിയും ഉണ്ടാകുമെന്നും അദ്ദേഹം പറവൂരിൽ പറഞ്ഞു.
സിപിഎമ്മിന്റെ അടിത്തറ കേരളത്തില് ഇളകി. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണു ജി. സുധാകരന് സ്വീകരിച്ച നിലപാട്. അദ്ദേഹം ഉത്തമനായ കമ്യൂണിസ്റ്റാണെന്നതില് തര്ക്കമില്ല. അദ്ദേഹം അപ്പുറത്തു നില്ക്കുമ്പോഴും ബഹുമാനവും ആദരവും കാട്ടിയിട്ടുണ്ട്. സിപിഎമ്മിനെ ബാധിച്ചിരിക്കുന്ന മൂല്യത്തകര്ച്ചയെക്കുറിച്ചാണ് ജി. സുധാകരന് പറഞ്ഞത്. മത്സരിക്കുന്നത് അദ്ദേഹത്തിന്റെ വ്യക്തിപരമായ തീരുമാനമാണ്.
പുതുയുഗ യാത്രയുടെ ഭാഗമായി പങ്കെടുത്ത നൂറോളം വേദികളില് നിരവധി സിപിഎം പ്രാദേശിക നേതാക്കള്ക്കു കോണ്ഗ്രസ് അംഗത്വം നല്കി. സിപിഎമ്മില്നിന്ന് ഇത്തരമൊരു ഒഴുക്ക് കേരള ചരിത്രത്തില് മുമ്പൊന്നും ഉണ്ടായിട്ടില്ല. ഈ തെരഞ്ഞെടുപ്പ് കഴിഞ്ഞാല് ബംഗാളിലെ കമ്യൂണിസ്റ്റ് പാര്ട്ടിക്കു സംഭവിച്ചത് കേരളത്തിലെ സിപിഎമ്മിനുണ്ടാകും.
ഗണേഷ് കുമാര് വിഷയത്തില് അവളോടൊപ്പമെന്ന് പറയുകയും അവനോടൊപ്പം നില്ക്കുകയും ചെയ്യുന്ന നിലപാടാണു മുഖ്യമന്ത്രിയുടേത്.
സര്ക്കാരിനെതിരായ അതിശക്തമായ വികാരം മറയ്ക്കുന്നതിനുവേണ്ടിയാണ് ഖജനാവില്നിന്നും കോടികളെടുത്തു പ്രചാരണം നടത്തുന്നത്. ഉമ്മന് ചാണ്ടി സര്ക്കാരിന്റെ കാലത്തു തുടങ്ങിയ വീടുകള് ഉള്പ്പെടെ ഉള്ക്കൊള്ളിച്ചുള്ള പത്തു വര്ഷത്തെ ഊതിവീര്പ്പിച്ച കണക്കാണ് ഈ സര്ക്കാര് പറയുന്നത്.
സാമ്പത്തിക പ്രയാസമുള്ള കാലത്താണു ഖജനാവ് കൊള്ളയടിച്ചുള്ള കള്ളപ്രചാരണം നടത്തുന്നത്. ഇതിനൊക്കെ ജനങ്ങള് തിരിച്ചടി നല്കുമെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.
National
ന്യൂഡല്ഹി: സംസ്ഥാന സര്ക്കാരിന് ആവശ്യമുണ്ടെങ്കില് സില്വര് ലൈനിനെ പിന്തുണയ്ക്കുമെന്ന് കേന്ദ്ര റെയില്വേ മന്ത്രി അശ്വിനി വൈഷ്ണവ് രാജ്യസഭയില് അറിയിച്ചു.
സംസ്ഥാന സര്ക്കാര് മുമ്പ് നിര്ദേശിച്ചിരുന്ന സില്വര്ലൈന് പദ്ധതിക്ക് വലിയ പാരിസ്ഥിതികാഘാതമുണ്ടെന്നും അത് സാധ്യമാകുമെന്ന് കരുതുന്നില്ലെന്നും സഭയില് പറഞ്ഞ അശ്വിനി വൈഷ്ണവ് പക്ഷേ പദ്ധതി മുന്നോട്ടു കൊണ്ടുപോകുന്നതിനുള്ള ഉത്തരവാദിത്വം സംസ്ഥാന സര്ക്കാരിന്റെമേല് ചാരിയിട്ടുണ്ട്.
സില്വര്ലൈനില് പന്ത് സംസ്ഥാന സര്ക്കാരിന്റെ കോര്ട്ടിലാണെന്നും സര്ക്കാര് ഭൂമി ഏറ്റെടുക്കല് തുടങ്ങിയാല് പിന്തുണയ്ക്കുമെന്നും റെയില്വേ മന്ത്രി പറഞ്ഞു.
2020 ജൂണ് 17ന് കേന്ദ്രസര്ക്കാരിന്റെ മുന്നില് സമര്പ്പിച്ച സില്വര് ലൈന് പദ്ധതിയുടെ ഡിപിആറിന് (ഡീറ്റെയില്ഡ് പ്രോജക്ട് റിപ്പോര്ട്ട്) നാളിതുവരെയായിട്ടും കേന്ദ്രാനുമതി ലഭിക്കാതെ സംസ്ഥാന സര്ക്കാര് ബദല് റെയില് പദ്ധതികള് തേടുമ്പോഴാണ് സില്വര് ലൈന് പദ്ധതി ഇപ്പോഴും പരിഗണിക്കാവുന്ന വിഷയമാണെന്ന തരത്തില് അശ്വിനി വൈഷ്ണവിന്റെ പ്രസ്താവന.