International
വാഷിംഗ്ടൺ ഡിസി: ഇറാന്റെ പരമോന്നത നേതാവ് ഇനി പരമോന്നതനല്ലെന്നും അദ്ദേഹം മരിച്ചുവെന്നും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്.
പിൻഗാമിയായി പ്രഖ്യാപിക്കപ്പെട്ട ആയത്തുള്ള മുജ്തബ ഖമനയ്യും കൊല്ലപ്പെടുകയോ അല്ലെങ്കിൽ ഗുരുതരമായി പരിക്കേൽക്കുകയോ ചെയ്തിട്ടുണ്ടാകാമെന്നും ഇറാനിലെ ഉന്നത നേതൃത്വത്തെ പൂർണമായി ഇല്ലാതാക്കിയെന്നും മിയാമിയിൽ നടന്ന ഫ്യൂച്ചർ ഇൻവെസ്റ്റ്മെന്റ് ഇനീഷ്യേറ്റീവ് പ്രിയോറിറ്റി ഉച്ചകോടിയിൽ സംസാരിക്കവേ ട്രംപ് അവകാശപ്പെട്ടു.
ഇറാന്റെ പരമോന്നത നേതാവ് ഇനി പരമോന്നതനല്ലെന്നും അദ്ദേഹം മരിച്ചുവെന്നും വ്യക്തമാക്കിയ ട്രംപ്, പിൻഗാമിയായി പ്രഖ്യാപിക്കപ്പെട്ട ആയത്തുള്ള മുജ്തബ ഖമനയ്യും കൊല്ലപ്പെടുകയോ അല്ലെങ്കിൽ ഗുരുതരമായി പരിക്കേൽക്കുകയോ ചെയ്തിട്ടുണ്ടാകാമെന്ന സൂചനയും നൽകി.
ഇറാന്റെ വ്യോമ പ്രതിരോധ സംവിധാനങ്ങളും ആശയവിനിമയ ശൃംഖലകളും പൂർണമായി തകർക്കപ്പെട്ടുവെന്നും സൈനിക ഉദ്യോഗസ്ഥരെല്ലാം വധിക്കപ്പെട്ടുവെന്നും ട്രംപ് പരിഹാസരൂപേണ പറഞ്ഞു. അടുത്തത് ക്യൂബയാണെന്നും ട്രംപ് പരോക്ഷ സൂചന നൽകി.
ഫെബ്രുവരി 28ന് തുടങ്ങിയ യുദ്ധം രണ്ടാം മാസത്തിലേക്ക് കടക്കുമ്പോൾ അമേരിക്കൻ സൈനികനീക്കങ്ങൾ പ്രതീക്ഷിച്ചതിലും വലിയ വിജയമാണെന്ന് ട്രംപ് അവകാശപ്പെട്ടു. ഇറാന്റെ നാവികസേന കടലിന്റെ അടിത്തട്ടിലാണെന്നും വ്യോമസേന പൂർണമായും ഇല്ലാതായെന്നും അദ്ദേഹം പറഞ്ഞു. മിസൈൽ ശേഖരങ്ങളും ഡ്രോൺ ഉത്പാദനകേന്ദ്രങ്ങളും തകർക്കപ്പെട്ടതോടെ ഇറാന്റെ പ്രതിരോധ മേഖല നിശ്ചലമായിരിക്കുകയാണ്.
ഇറാന്റെ റവലൂഷണറി ഗാർഡും മറ്റ് സൈനിക വിഭാഗങ്ങളും വ്യക്തമായ കേന്ദ്രനേതൃത്വമില്ലാതെയാണ് ഇപ്പോൾ പ്രവർത്തിക്കുന്നതെന്ന് യുഎസ് ഉദ്യോഗസ്ഥർ റിപ്പോർട്ട് ചെയ്യുന്നു. ഈ സാഹചര്യത്തിൽ ഇറാൻ ചർച്ചകൾക്കായി യാചിക്കുകയാണെന്നും ഒരു കരാറിലെത്താൻ അവർ ആഗ്രഹിക്കുന്നുണ്ടെന്നും ട്രംപ് അവകാശപ്പെട്ടു.
International
വാഷിംഗ്ടൺ: ക്യൂബ അതിന്റെ അവസാന നിമിഷങ്ങളിലാണെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ക്യൂബയിലെ കമ്യൂണിസ്റ്റ് ഭരണകൂടം ഉടൻ തകരുമെന്നും, വലിയ രാഷ്ട്രീയ മാറ്റങ്ങൾ അവിടെ സംഭവിക്കുമെന്നും ട്രംപ് പറഞ്ഞു.
ഫ്ളോറിഡയിൽ നടന്ന ലാറ്റിൻ അമേരിക്കൻ ഉച്ചകോടിയിൽ പങ്കെടുത്ത് സംസാരിക്കവേ ആയിരുന്നു അമേരിക്കൻ പ്രസിഡന്റിന്റെ പ്രസ്താവന. ശനിയാഴ്ച നടന്ന ഉച്ചകോടിയിൽ ക്യൂബ ഒഴികെയുള്ള അമേരിക്കൻ സഖ്യകക്ഷികൾ പങ്കെടുത്തിരുന്നു.
ക്യൂബയുടെ കാര്യം താൻ നോക്കിക്കൊള്ളാം. അവരുടെ കൈയിൽ പണമില്ല, ഇന്ധനമില്ല. മോശം തത്വശാസ്ത്രമാണ് ക്യൂബയുടേത്. വളരെക്കാലമായി മോശമായി തുടരുന്ന ഒരു മോശം ഭരണകൂടമാണ് അവരുടേത്. ക്യൂബ അതിന്റെ അവസാന നിമിഷങ്ങളിലാണെന്നും ട്രംപ് അഭിപ്രായപ്പെട്ടു.
അമേരിക്കൻ വംശജരായ ക്യൂബക്കാർക്ക് വൈകാതെ സ്വന്തം നാട്ടിലേക്ക് മടങ്ങാൻ സാധിക്കുമെന്നും ട്രംപ് വ്യക്തമാക്കി. നേരത്തെയും അമേരിക്കൻ പ്രസിഡന്റ് സമാന പ്രസ്താവനകൾ നടത്തിയിരുന്നു. ഇറാനുമായുള്ള സംഘർഷം അവസാനിച്ചാൽ തന്റെ ശ്രദ്ധ ക്യൂബയിലായിരിക്കുമെന്നും ട്രംപ് പറഞ്ഞിരുന്നു.
International
ഹവാന: അമേരിക്കൻ ഉപരോധം മൂലം ഇന്ധനപ്രതിസന്ധി രൂക്ഷമായ ക്യൂബയ്ക്കു സഹായവുമായി മെക്സിക്കൻ കപ്പലുകളെത്തി. മെക്സിക്കൻ നാവികസേനയുടെ രണ്ടു കപ്പലുകളാണു ക്യൂബയിലെത്തിയത്.
പാൽ, അരി, ബീൻസ്, മീൻ, മാംസ ഉത്പന്നങ്ങൾ, ടിന്നിലടച്ച ട്യൂണ, സസ്യ എണ്ണ എന്നിവയുൾപ്പെടെ ഏകദേശം 536 ടൺ ഭക്ഷ്യസാധനങ്ങളാണ് ഒരു കപ്പലിലുള്ളത്.
രണ്ടാമത്തെ കപ്പലിൽ 277 ടണ്ണിലധികം പാൽപ്പൊടിയാണുള്ളത്. കപ്പലുകൾ തിരിച്ചെത്തിയാലുടൻ “വിവിധ തരത്തിലുള്ള കൂടുതൽ സഹായം അയയ്ക്കുമെന്ന് മെക്സിക്കൻ പ്രസിഡന്റ് ക്ലോഡിയ ഷെയിൻബോം കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. 1,500 ടൺ പയറും പാൽപ്പൊടിയും അയയ്ക്കാൻ പദ്ധതിയിട്ടിട്ടുണ്ടെന്നു മെക്സിക്കോ പറയുന്നു.
വെനസ്വേലയായിരുന്നു ക്യൂബയിലേക്ക് എണ്ണ വിതരണം ചെയ്തിരുന്ന പ്രധാന രാജ്യം. അടുത്തിടെ വെനസ്വേലൻ പ്രസിഡന്റിനെ അമേരിക്ക തട്ടിക്കൊണ്ടുപോയതിനു പിന്നാലെയാണു പ്രതിസന്ധി രൂക്ഷമായത്.
സുഹൃദ്രാജ്യമായ റഷ്യയും അമേരിക്കൻ നടപടിയിൽ ഇടപെടാതെ മാറിനിൽക്കുന്നതും ക്യൂബയെ പ്രതിസന്ധിയിലേക്കു തള്ളിവിട്ടു. നേരത്തേ രാജ്യാന്തര വിമാനങ്ങൾക്ക് ഇന്ധനം നൽകാൻ കഴിയില്ലെന്ന് ക്യൂബൻ അധികൃതർ ഔദ്യോഗികമായി അറിയിച്ചിരുന്നു. ബാങ്ക് സമയം കുറയ്ക്കുകയും സാംസ്കാരിക പരിപാടികൾ താത്കാലികമായി നിർത്തിവയ്ക്കുകയും ചെയ്തിട്ടുണ്ട്.
International
മെക്സിക്കോ സിറ്റി: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഭീഷണി വകയ്ക്കാതെ ക്യൂബയ്ക്ക് സഹായമെത്തിക്കാൻ മെക്സിക്കോ.
ക്യൂബയ്ക്ക് ഭക്ഷണമുൾപ്പെടെ മാനുഷിക സഹായങ്ങൾ എത്തിക്കുമെന്നു മെക്സിക്കൻ പ്രസിഡന്റ് ക്ലൗഡിയ ഷെയ്ൻബോം അറിയിച്ചു. ഈ ആഴ്ചയിൽ ക്യൂബയിലേക്ക് സഹായമെത്തിക്കുമെന്ന് മെക്സിക്കൻ പ്രസിഡന്റ് പ്രഖ്യാപിച്ചു.
കരീബിയൻ ദ്വീപിലേക്കുള്ള എണ്ണ കയറ്റുമതി നിർത്തിവയ്ക്കാൻ മെക്സിക്കൻ പ്രസിഡന്റിനോട് ആവശ്യപ്പെട്ടതായി ട്രംപ് പറഞ്ഞതിനു പിന്നാലെയാണ് ഷെയ്ൻബോമിന്റെ പ്രസ്താവന. എന്നാൽ, ട്രംപുമായുള്ള ഫോൺ സംഭാഷണത്തിൽ ക്യൂബൻ കാര്യങ്ങൾ ചർച്ച ചെയ്തിട്ടില്ലെന്ന് ഷെയ്ൻബോം പറഞ്ഞു.
ക്യൂബയിലേക്കുള്ള എണ്ണ കയറ്റുമതി ഉൾപ്പെടെയുള്ള എല്ലാകാര്യങ്ങളും നയതന്ത്രപരമായി പരിഹരിക്കാൻ തന്റെ സർക്കാർ ശ്രമിക്കുമെന്നും അവർ അറിയിച്ചു. അമേരിക്ക വെനസ്വേലയിൽ അധിനിവേശം നടത്തിയതിനു പിന്നാലെ ലാറ്റിനമേരിക്കൻ രാജ്യം ക്യൂബയിലേക്കുള്ള എണ്ണ കയറ്റുമതി നിർത്തിയിരുന്നു.
ഇതോടെ ക്യൂബയിലേക്ക് എണ്ണ കയറ്റുമതി നടത്തുന്ന പ്രധാന രാജ്യമായി മെക്സിക്കോ. 2025 ജനുവരി മുതൽ സെപ്റ്റംബർ 30വരെ പ്രതിദിനം 20,000 ബാരൽ എണ്ണ ക്യൂബയിലേക്കു മെക്സിക്കോ കയറ്റി യയച്ചതായി പെമെക്സ് റിപ്പോർട്ടിൽ പറയുന്നു. കഴിഞ്ഞ സെപ്റ്റംബറിൽ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുടെ മെക്സിക്കോ സന്ദർശനത്തിനു ശേഷം ഇത് ഏകദേശം 7,000 ബാരലായി കുറഞ്ഞു.
International
വാഷിംഗ്ടൺ ഡിസി: മാനുഷികദുരന്തം ഒഴിവാക്കാൻ ക്യൂബ അമേരിക്കയുമായി ധാരണയുണ്ടാക്കണമെന്ന് പ്രസിഡന്റ് ട്രംപ്. വെനസ്വേലൻ എണ്ണവരവ് നിലച്ചതോടെ ക്യൂബ കടുത്ത പ്രതിസന്ധി നേരിടുന്ന പശ്ചാത്തലത്തിലാണ് അദ്ദേഹം ഇതു പറഞ്ഞത്. ക്യൂബയ്ക്ക് എണ്ണ വിൽക്കുന്ന രാജ്യങ്ങൾക്കുമേൽ അധിക ഇറക്കുമതിച്ചുങ്കം ചുമത്താനുള്ള ഉത്തരവ് ട്രംപ് പുറപ്പെടുവിച്ചിരുന്നു.
നിക്കോളാസ് മഡുറോയെ അമേരിക്കൻ സേന റാഞ്ചുന്നതുവരെ വെനസ്വേലയിൽനിന്നാണ് ക്യൂബയ്ക്ക് എണ്ണ ലഭിച്ചിരുന്നത്. ഇതിനുശേഷം മെക്സിക്കോയാണ് എണ്ണ നല്കുന്നത്. ട്രംപിന്റെ ഉത്തരവ് ക്യൂബയിൽ മാനുഷിക ദുരന്തമുണ്ടാക്കുമെന്നു മെക്സിക്കൻ പ്രസിഡന്റ് ക്ലോഡിയ ഷെയിൻബോം മുന്നറിയിപ്പു നല്കി.
എന്നാൽ, ക്യൂബ അമേരിക്കയുമായി ധാരണയുണ്ടാക്കിയാൽ പ്രശ്നം തീരുമെന്നു ട്രംപ് പറഞ്ഞു. ക്യൂബയുടെ പക്കൽ പണവുമില്ല, എണ്ണയുമില്ല. വെനസ്വേലൻ എണ്ണയും പണവും കൊണ്ടാണ് അവർ ജീവിച്ചിരുന്നത്. ഇപ്പോൾ അതും ഇല്ലാതായി. അതേസമയം, ക്യൂബ എന്തു വിട്ടുവീഴ്ചയാണു ചെയ്യേണ്ടതെന്ന് ട്രംപ് വ്യക്തമാക്കിയില്ല.
International
ഹവാന: ട്രംപിന് ശക്തമായ മറുപടിയുമായി ക്യൂബൻ പ്രസിഡന്റ് മിഗ്വേൽ ഡയസ് കാനൽ. ക്യൂബയ്ക്കെതിരെ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് നടത്തിയ ഭീഷണിക്കാണ് ക്യൂബൻ പ്രസിഡന്റ് തിരിച്ചടിച്ചത്. ക്യൂബ ഒരു പരമാധികാര രാഷ്ട്രമാണെന്നും എന്ത് ചെയ്യണമെന്ന് മറ്റൊരു രാജ്യവും തങ്ങളോട് ആജ്ഞാപിക്കേണ്ടതില്ലെന്നും അദ്ദേഹം തിരിച്ചടിച്ചു.
മാതൃരാജ്യത്തെ സംരക്ഷിക്കാൻ അവസാന തുള്ളി രക്തം വരെ ഒഴുക്കാൻ ക്യൂബൻ ജനത തയാറാണെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രഖ്യാപനം. അമേരിക്കയുടെ ഭീഷണികൾക്ക് മുന്നിൽ മുട്ടുമടക്കില്ലെന്ന ഉറച്ച നിലപാടിലാണ് ഹവാന
വെനസ്വേലയിൽ നിന്നുള്ള സാമ്പത്തിക സഹായങ്ങൾ നിലയ്ക്കുമെന്നും വൈകാതെ അമേരിക്കയുമായി ധാരണയിലെത്തുന്നതാണ് ക്യൂബയ്ക്ക് നല്ലതെന്നുമാണ് ട്രംപ് ക്യൂബയ്ക്ക് മുന്നറിയിപ്പ് നൽകിയത്. സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലിലൂടെയായിരുന്നു ട്രംപിന്റെ ഭീഷണി. വെനസ്വേലയിൽ നിന്ന് ഇനി എണ്ണയോ പണമോ ക്യൂബയ്ക്ക് ലഭിക്കില്ലെന്ന് ട്രംപ് തന്റെ പോസ്റ്റിൽ വ്യക്തമാക്കി. എന്നാൽ ക്യൂബയുമായി ബന്ധപ്പെട്ട് പദ്ധതി എന്താണെന്ന് ട്രംപ് വെളിപ്പെടുത്തിയിട്ടില്ല.
International
വാഷിംഗ്ടൺ: ക്യൂബയ്ക്ക് മുന്നറിയിപ്പുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. അമേരിക്കയുമായി ധാരണയിലെത്തുന്നതാണ് ക്യൂബയ്ക്ക് നല്ലതെന്ന് പറഞ്ഞ ട്രംപ് അധികം വൈകാതെ വെനസ്വേലയിൽ നിന്നുള്ള സാമ്പത്തിക സഹായങ്ങൾ നിലയ്ക്കുമെന്നും അറിയിച്ചു.
വെനസ്വേലയിൽ നിന്ന് ഇനി എണ്ണയോ പണമോ ക്യൂബയ്ക്ക് ലഭിക്കില്ലെന്നും യുഎസ് പ്രസിഡന്റ് വ്യക്തമാക്കി. ട്രൂത്ത് സോഷ്യലിലൂടെ ആയിരുന്നു ഡോണൾഡ് ട്രംപ് ക്യൂബയ്ക്ക് മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുന്നത്.
അതേസമയം ക്യൂബയുമായി ബന്ധപ്പെട്ട തന്റെ പദ്ധതി എന്താണെന്ന് വ്യക്തമാക്കാൻ ട്രംപ് തയാറായിട്ടില്ല. ക്യൂബയെ സാമ്പത്തികമായി ശ്വാസംമുട്ടിക്കുക എന്ന തന്ത്രമാണ് ട്രംപ് ആസൂത്രണം ചെയ്യുന്നതെന്നാണ് വിലയിരുത്തലുകൾ.
എന്നാൽ ട്രംപിന്റെ മുന്നറിയിപ്പിന് മറുപടിയുമായി ക്യൂബൻ പ്രസിഡന്റ് മിഗ്വേൽ ഡയസ് കാനൽ രംഗത്തെത്തിയിട്ടുണ്ട്. ക്യൂബ ഒരു പരമാധികാര രാഷ്ട്രമാണെന്നും, തങ്ങൾ എന്ത് ചെയ്യണമെന്ന് മറ്റാരും ആജ്ഞാപിക്കേണ്ടതില്ലെന്നും ഡയസ് കാനൽ പറഞ്ഞു.
International
ഹവാന: ജമൈക്കയിൽ കനത്ത നാശംവിതച്ച മെലീസ ചുഴലിക്കൊടുങ്കാറ്റ് ക്യൂബയിലെത്തി. മണിക്കൂറിൽ 195 കിലോമീറ്റർ വേഗത്തിലാണ് കൊടുങ്കാറ്റ് ക്യൂബയുടെ തെക്കൻ തീരത്തു തൊട്ടതെന്ന് യുഎസ് നാഷണൽ ഹരിക്കേൻ സെന്റർ അറിയിച്ചു.
കൊടുങ്കാറ്റിനോടനുബന്ധിച്ച് പേമാരി, മിന്നൽപ്രളയം, മണ്ണിടിച്ചിൽ എന്നിവ ഉണ്ടാകാമെന്നാണു മുന്നറിയിപ്പ്. കൊടുങ്കാറ്റിന്റെ പാതയിലുള്ള ഏഴു ലക്ഷത്തിലധികം പേരെ ഒഴിപ്പിച്ചുമാറ്റിയതായി ക്യൂബൻ സർക്കാർ അറിയിച്ചു.
ഇതിനിടെ, കൊടുങ്കാറ്റിന്റെ വേഗം കുറഞ്ഞുതുടങ്ങിയിട്ടുണ്ട്. ജമൈക്കയുടെ പല ഭാഗങ്ങളിലും മിന്നൽപ്രളയമുണ്ടായിരുന്നു. അഞ്ചു ലക്ഷം വീടുകളിൽ വൈദ്യുതി ഇല്ലാതായി.