വാഷിംഗ്ടൺ: മുൻ ക്യൂബൻ ഭരണാധികാരി റൗൾ കാസ്ട്രോക്കെതിരെ അമേരിക്ക കൊലക്കുറ്റത്തിന് കേസെടുത്തതിന് പിന്നാലെ കരീബിയൻ മേഖലയിൽ സൈനിക സാന്നിധ്യം ശക്തമാക്കി യു.എസ്. അമേരിക്കൻ വിമാനവാഹിനി കപ്പലായ ‘യു.എസ്.എസ് നിമിറ്റ്സും’ അതിന്റെ യുദ്ധവിമാന വ്യൂഹവും കരീബിയൻ കടലിലേക്ക് പ്രവേശിച്ചു. ക്യൂബയ്ക്കെതിരെ കടുത്ത നടപടികളുണ്ടാകുമെന്ന യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മുന്നറിയിപ്പുകൾക്ക് പിന്നാലെയാണ് ഈ നീക്കം.
നിമിറ്റ്സ് ക്ലാസ് യുദ്ധക്കപ്പലിനൊപ്പം അത്യാധുനിക എഫ്/എ-18ഇ സൂപ്പർ ഹോർനെറ്റ്, ഇഎ-18ജി ഗ്രോളർ യുദ്ധവിമാനങ്ങളും, ഡിസ്ട്രോയർ കപ്പലായ യുഎസ്എസ് ഗ്രിഡ്ലിയും അടങ്ങുന്ന വലിയൊരു സന്നാഹമാണ് കരീബിയൻ മേഖലയിൽ നിലയുറപ്പിച്ചിരിക്കുന്നത്. കരീബിയൻ, ലാറ്റിൻ അമേരിക്കൻ മേഖലകളിലെ യുഎസ് സൈനിക നീക്കങ്ങൾക്ക് മേൽനോട്ടം വഹിക്കുന്ന യുഎസ് സതേൺ കമാൻഡ് ബുധനാഴ്ചയാണ് ഈ വിന്യാസം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. തായ്വാൻ കടലിടുക്ക് മുതൽ അറേബ്യൻ ഗൾഫ് വരെ ജനാധിപത്യം സംരക്ഷിക്കാൻ തങ്ങളുടെ പോരാട്ടവീര്യം തെളിയിച്ച കപ്പലാണ് നിമിറ്റ്സ് എന്ന് സതേൺ കമാൻഡ് വ്യക്തമാക്കി.
1996-ൽ നാല് അമേരിക്കൻ പൗരന്മാർ കൊല്ലപ്പെട്ട വിമാന ആക്രമണക്കേസിൽ ക്യൂബൻ മുൻ പ്രസിഡന്റ് റൗൾ കാസ്ട്രോയ്ക്കെതിരെ യു.എസ് നീതിന്യായ വകുപ്പ് കുറ്റപത്രം സമർപ്പിച്ചതിന് പിന്നാലെ, ക്യൂബ ഞങ്ങളുടെ ലക്ഷ്യത്തിലുണ്ടെന്ന് ട്രംപ് വ്യക്തമാക്കിയിരുന്നു. ക്യൂബൻ സ്വാതന്ത്ര്യദിനത്തിലാണ് യുഎസ് ഈ കുറ്റപത്രം പുറത്തുവിട്ടത് എന്നത് ശ്രദ്ധേയമാണ്.
ക്യൂബൻ വംശജനായ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ക്യൂബൻ ജനതയ്ക്ക് നൽകിയ സന്ദേശത്തിൽ, ദ്വീപ് രാഷ്ട്രത്തിന് മേലുള്ള അമേരിക്കയുടെ ഇന്ധന ഉപരോധത്തെ ന്യായീകരിക്കുകയും ക്യൂബയിലെ കടുത്ത വൈദ്യുതി പ്രതിസന്ധിക്ക് കാരണം കമ്മ്യൂണിസ്റ്റ് ഭരണകൂടമാണെന്ന് കുറ്റപ്പെടുത്തുകയും ചെയ്തു.
ഇതിനിടെ, കഴിഞ്ഞ ആഴ്ച ക്യൂബൻ അധികൃതരുമായി കൂടിക്കാഴ്ച നടത്തിയ സിഐഎ ഡയറക്ടർ ജോൺ റാറ്റ്ക്ലിഫ്, ചർച്ചകൾക്കുള്ള വാതിലുകൾ എപ്പോഴും തുറന്നിരിക്കില്ലെന്ന് ക്യൂബയ്ക്ക് അന്ത്യശാസനം നൽകിയിട്ടുമുണ്ട്. ബ്രസീലിയൻ നാവികസേനയുമായി റിയോ ഡി ജനീറോ തീരത്ത് നടത്തിയ സംയുക്ത സൈനികാഭ്യാസത്തിന് ശേഷമാണ് യുഎസ്എസ് നിമിറ്റ്സ് ഇപ്പോൾ ക്യൂബൻ അതിർത്തിയോട് ചേർന്ന കരീബിയൻ കടലിലേക്ക് എത്തിയിരിക്കുന്നത്. ഇത് മേഖലയിൽ വൻ യുദ്ധഭീതി ഉയർത്തുന്നുണ്ട്.
Tags : US USS Nimitz Cuba Latest News