District News
എംവിഡി ഉദ്യോഗസ്ഥരെ സസ്പെൻഡു ചെയ്ത നടപടി പിൻവലിച്ചു
പത്തനംതിട്ട: ആറന്മുളയിൽ പ്രളയ ദുരിതാശ്വാസ പ്രവർത്തനത്തിൽ പങ്കെടുത്തിരുന്ന വാഹനത്തിന് പിഴ ചുമത്തിയെന്ന പേരിൽ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്ത നടപടി പിൻവലിച്ചു. വകുപ്പിൽ പ്രതിഷേധം രൂക്ഷമായതോടെയാണ് സർക്കാർ ഇടപെട്ടത്. അടൂർ എംവിഡി സ്ക്വാഡ് ഉദ്യോഗസ്ഥരായ ലൈജു, ഷമീർ എന്നിവർക്കായിരുന്നു സസ്പെൻഷൻ.
ഇരുവരെയും കഴക്കൂട്ടം, മാവേലിക്കര ആർടി ഓഫീസുകളിലേക്ക് സ്ഥലംമാറ്റി.കഴിഞ്ഞ അഞ്ചിനു വൈകുന്നേരം അടൂരിൽ വച്ചാണ് പത്തനംതിട്ട മെഴുവേലി സ്വദേശിയുടെ ഓഫ് റോഡ് വാഹനത്തിന് പിഴ ചുമത്തിയത്. അനധികൃതമായി വാഹനത്തിൽ ലൈറ്റുകൾ ഘടിപ്പിച്ചതിനായിരുന്നു നടപടി. സമാന നിയമ ലംഘനത്തിന് നേരത്തെയും വാഹനത്തിന് പിഴ ചുമത്തിയിട്ടുണ്ട്.
വിഷയത്തിൽ ഇടപെട്ട അബിൻ വർക്കി എംഎൽഎ ഉദ്യോഗസ്ഥരുടെ നടപടിയിൽ വകുപ്പുമന്ത്രിയോട് അതൃപ്തി അറിയിക്കുകയുണ്ടായി. പിഴത്തുക അടച്ചത് യൂത്ത്കോൺഗ്രസ് നേതാക്കളാണ്.
തുടർന്ന് മന്ത്രി നേരിട്ട് ഇടപെട്ടാണ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തത്. പത്തനംതിട്ട ആർടിഒയിൽ നിന്നു റിപ്പോർട്ട് തേടുകയുമുണ്ടായി. നിയമപ്രകാരം പിഴ ചുമത്തിയ ഉദ്യോഗസ്ഥർക്കെതിരേനടപടിയെടുത്തതിൽ വകുപ്പിൽ സംസ്ഥാന വ്യാപകമായി പ്രതിഷേധം ഉയർന്നിരുന്നു.പ്രതിഷേധ ബാഡ്ജ് അണിഞ്ഞ് പെറ്റി പിരിക്കാതിരിക്കുകയും എഐ കാമറകളിലെ ചെല്ലാനുകൾ അയയ്ക്കാതിരിക്കുകയും ചെയ്തു. ഉദ്യോഗസ്ഥരുടെ നിസഹകരണ സമരത്തേതുടർന്ന് സസ്പെൻഷൻ പിൻവലിച്ച് സ്ഥലംമാറ്റത്തിലൊതുക്കി.
വകുപ്പുതല അന്വേഷണം തുടരും. കൊട്ടാരക്കരയിലുണ്ടായ ടിപ്പർ അപകടവുമായി ബന്ധപ്പെട്ട് സുദിൻ ഗോപി, ശരത് എസ്.കുമാർ എന്നീ ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തതും സ്ഥലമാറ്റമായി ഇളവുചെയ്തിട്ടുണ്ട്.
Kerala
കൊച്ചി: എറണാകുളം ചക്കരപ്പറമ്പില് മോഷണം പോയ വാഹനത്തിന് പിഴ. മോഷ്ടാവ് ഹെല്മെറ്റ് ധരിക്കാതെ സ്കൂട്ടര് ഓടിച്ചതിനാണ് പിഴ ചുമത്തിയിരിക്കുന്നത്.
ശനിയാഴ്ച രാത്രിയാണ് വീടിന് മുന്നില് നിര്ത്തിയിട്ടിരുന്ന സ്കൂട്ടര് മോഷണം പോയത്. സ്കൂട്ടര് മോഷ്ടിക്കുന്ന സമയത്ത് ഹെല്മെറ്റും ധരിച്ചു പോകുന്ന കള്ളന്റെ സിസിടി ദൃശ്യങ്ങള് വൈറലായിരുന്നു.
എന്നാല് വ്യാഴാഴ്ച ഉച്ചയ്ക്ക് 12.45ന് ചേര്ത്തല ഭാഗത്തു വച്ച് സ്കൂട്ടറില് യാത്ര ചെയ്യവെ മോഷ്ടാവ് ഹെല്മെറ്റ് വച്ചിരുന്നില്ല. തൊപ്പി മാത്രം വച്ചു കൊണ്ടായിരുന്നു കള്ളന്റെ യാത്ര. ഇതോടെ വാഹനം നഷ്ടപ്പെട്ട ഉടമ ഷിബുവിന് പിഴ ചുമത്തുകയും ചെയ്തു. പാലാരിവട്ടം പോലീസില് നല്കിയ പരാതിയില് അന്വേഷണം നടക്കുകയാണ്.
Kerala
കൊച്ചി: ട്രിപ്പ് മുടക്കിയതിന് മോട്ടോര് വാഹന വകുപ്പ് ചുമത്തിയ പിഴ അടയ്ക്കാന് ഒരു രൂപ വീതം സഹായം തേടി ലിറ്റില് ഫ്ലവര് ബസുടമ. പുരുഷ യാത്രക്കാര്ക്ക് സൗജന്യ യാത്ര പ്രഖ്യാപിച്ച് ശ്രദ്ധേയനായ മാഞ്ഞാലി-ആലുവ റൂട്ടിലെ ലിറ്റില് ഫ്ലവര് ബസുടമ ഡേവിസ് ആണ് പൊതുജനങ്ങളുടെ സഹായം അഭ്യര്ഥിക്കുന്നത്.
ഇന്ദിര ഗ്യാരണ്ടി പദ്ധതി നടപ്പാക്കിയതിന് തുടര്ന്ന് ഒരു വിഭാഗം സ്വകാര്യ ബസുടമകളും ജീവനക്കാരും വലിയ പ്രതിസന്ധിയില് ആയതോടെയാണ് ഉച്ച സമയത്ത് ഒരു ട്രിപ്പ് ഒഴിവാക്കിയത്. ഇതിന്റെ പേരിലാണ് ലിറ്റില് ഫ്ലവര് ബസിന് 7500 രൂപ പിഴ ചുമത്തിയത്.
ഈ സാഹചര്യത്തില് ഒരു രൂപ വീതം ഗൂഗിള് പേ സ്കാനര് വഴി സമാഹരിക്കാന് വേണ്ടി ബസുടമകളോടും ജീവനക്കാരോടും യാത്രക്കാരോടും അഭ്യര്ഥിച്ചുകൊണ്ട് ബസുടമയായ ഡേവിസ് സമൂഹമാധ്യമങ്ങളില് പോസ്റ്റിടുകയായിരുന്നു.
കടുത്ത പ്രതിസന്ധി നേരിടുന്ന സ്വകാര്യ ബസ് മേഖല സംരക്ഷിക്കുന്നതിനുള്ള ശ്രദ്ധ ക്ഷണിക്കുന്നതിന്നും അന്യായമായി പിഴ ചുമത്തിയ നടപടിയില് പ്രതിഷേധം അറിയിച്ചു കൊണ്ടുമാണ് ഡേവിസ് എത്തിയിരിക്കുന്നത്.
Kerala
മൂവാറ്റുപുഴ: പോക്സോ കേസിലെ പ്രതിക്ക് 43 വര്ഷം തടവും രണ്ടേ കാല് ലക്ഷം രൂപ പിഴയും വിധിച്ചു. സൗത്ത് മാറാടി പാറയില് അമീറി (42)നെയാണ് മൂവാറ്റുപുഴ ജില്ലാ സ്പെഷല് ജഡ്ജ് എ. സമീര് ശിക്ഷിച്ചത്. പുത്തന്കുരിശ് പോലീസ് സ്റ്റേഷനില് 2023ല് രജിസ്റ്റര് ചെയ്ത പോക്സോ കേസിലാണ് വിധി.
കോലഞ്ചേരി കടമറ്റത്ത് വ്യാജപ്പേരില് സിദ്ധനായി നടിച്ച് ജ്യോതിഷാലയം നടത്തുകയായിരുന്നു പ്രതി. പേടി മാറ്റുന്നതിനായി പ്രായപൂര്ത്തിയാകാത്ത കുട്ടിയെ രക്ഷിതാക്കള് ജ്യോതിഷാലയത്തില് പൂജ നടത്തുന്നതിനായി കൊണ്ടുവന്നപ്പോള് ലൈംഗികാതിക്രമം നടത്തുകയായിരുന്നുവെന്നാണു കേസ്.
പരാതിയെത്തുടര്ന്ന് പുത്തന്കുരിശ് പോലീസ് കേസ് രജിസ്റ്റര് ചെയ്ത് അന്വേഷണം ആരംഭിച്ചു. ഒളിവില് പോയ ഇയാളെ പോലീസ് പിന്നീട് അറസ്റ്റ് ചെയ്യുകയുമായിരുന്നു. പ്രതി വാടകയ്ക്കെടുത്ത കെട്ടിടത്തില് പ്രവര്ത്തിച്ചു വന്ന ജ്യോതിഷാലയത്തില്നിന്നു നിരവധി വിഗ്രഹങ്ങളും പണവും കണ്ടെത്തിയിരുന്നു.
പുത്തന്കുരിശ് പോലിസ് ഇന്സ്പെക്ടറായിരുന്ന ടി. ദിലീഷായിരുന്നു കുറ്റപത്രം സമര്പ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷല് പബ്ലിക് പ്രോസിക്യൂട്ടര് പി.ആര്. ജമുന ഹാജരായി. എഎസ്ഐ ലേഖയായിരുന്നു കോടതി ലെയ്സന് ഓഫീസര്.
Kerala
തൃശൂർ: കൈക്കൂലിക്കേസിൽ കെഎസ്ഇബി മുൻ അസിസ്റ്റന്റ് എൻജിനിയർക്ക് ഏഴുവർഷം കഠിനതടവും 25,000 രൂപ പിഴയും ശിക്ഷ വിധിച്ച് വിജിലൻസ് കോടതി.
ചാവക്കാട് സ്വദേശിയായ പരാതിക്കാരന്റെ കെട്ടിടത്തിന് അധിക വൈദ്യുതി ലോഡ് അനുവദിക്കുന്നതിനായുള്ള കണക്ഷൻ മാറ്റിനൽകുന്നതിന് 10,000 രൂപ കൈക്കൂലി വാങ്ങിയ കേസിലാണ് കുന്നംകുളം കെഎസ്ഇബി ഓഫീസിലെ മുൻ അസിസ്റ്റന്റ് എൻജിനിയറും കൊല്ലം തഴവ സ്വദേശിയുമായ കെ. ശശി(65) യെ തൃശൂർ വിജിലൻസ് കോടതി ജഡ്ജ് കെ.എം.രതീഷ് ശിക്ഷിച്ചത്. 2014ലാണ് കേസിനാസ്പദമായ സംഭവം.
International
റിയാദ്: കാറിന്റെ ചില്ലുകളിൽ സ്റ്റിക്കർ പതിക്കുന്നതിനെതിരെ ഉടമകൾക്ക് മുന്നറിയിപ്പുമായി സൗദി അറേബ്യ. നിയമം ലംഘിച്ച് സ്റ്റിക്കറുകൾ പതിക്കുന്നവർക്ക് 500 റിയാൽ മുതൽ 900 റിയാൽ വരെ പിഴ ചുമത്തുമെന്ന് സൗദി ട്രാഫിക് വകുപ്പ് വ്യക്തമാക്കി.
യാത്രക്കാരുടെ സുരക്ഷയും സ്വകാര്യതയും ഉറപ്പാക്കുന്ന രീതിയിൽ, വാഹനത്തിന്റെ പിൻവശത്തെ ജനാലകളിൽ 30 ശതമാനം വരെ കൂളിംഗ് സ്റ്റിക്കറുകൾ പതിക്കാൻ പാടുള്ളൂ. വാഹനത്തിനുള്ളിലെ താപനില കുറയ്ക്കാനും ദോഷകരമായ സൂര്യരശ്മികളിൽ നിന്ന് സംരക്ഷണം നൽകാനും ഇത്തരം സ്റ്റിക്കറുകൾ സഹായിക്കുമെങ്കിലും, ഡ്രൈവർമാരുടെ കാഴ്ചയെ യാതൊരു വിധത്തിലും തടസപ്പെടുത്താൻ പാടില്ല. സുരക്ഷിതമായ യാത്രയ്ക്ക് ആവശ്യമായ ദൃശ്യപരത ഉറപ്പാക്കാത്ത തരത്തിലുള്ള മറ്റെല്ലാ വിധത്തിലുമുള്ള സ്റ്റിക്കറുകൾ ഒട്ടിക്കുന്നത് പൂർണമായും നിരോധിച്ചിട്ടുണ്ടെന്നും ട്രാഫിക് വകുപ്പ് അറിയിച്ചു.
നിലവിലെ ചട്ടങ്ങൾ അനുസരിച്ച് മുൻവശത്തെയും പിൻവശത്തെയും ജനാലകളിൽ സ്റ്റിക്കറുകൾ ഉപയോഗിക്കാൻ അനുമതിയുണ്ട്. എന്നാൽ ഇവ പുറത്തുനിന്നുള്ള ദൃശ്യപരത മറയ്ക്കാത്ത വിധം പൂർണമായും സുതാര്യമായിരിക്കണം. ഡ്രൈവറുടെ കാഴ്ചയെ തടസപ്പെടുത്തുന്ന തരത്തിലുള്ള ചിത്രങ്ങളോ മറ്റ് അലങ്കാരങ്ങളോ ഗ്ലാസുകളിൽ സ്ഥാപിക്കാൻ പാടില്ലെന്നും ട്രാഫിക് വകുപ്പ് അറിയിച്ചു.
Kerala
കൊച്ചി: അനുവദനീയമായ പരിധിയില് കൂടുതല് ഭാരം കയറ്റി സര്വീസ് നടത്തിയ വാഹനങ്ങള്ക്കെതിരേ മോട്ടോര് വാഹന വകുപ്പ് സ്വീകരിച്ച നടപടികള് ശരിവച്ച് കോടതി.
മോട്ടോര് വാഹന വകുപ്പ് രജിസ്റ്റര് ചെയ്ത നാല് ഓവര്ലോഡ് കേസുകളിലായി എറണാകുളം അഡീഷണല് ചീഫ് ജുഡീഷല് മജിസ്ട്രേറ്റ് കോടതി ആകെ 3,43,500 രൂപ പിഴ വിധിച്ചു. അഡീഷണല് ചീഫ് ജുഡീഷല് മജിസ്ട്രേറ്റ് മേരി ബിന്ദു ഫെര്ണാണ്ടസ് അധ്യക്ഷയായ ബെഞ്ചാണു വിധി പ്രസ്താവിച്ചത്. വാഹന ഉടമകളില് നിന്ന് 1,71,000 രൂപയും ഡ്രൈവര്മാരില് നിന്ന് 1,72,500 രൂപയും പിഴയായി ഈടാക്കും.
ഒന്നാമത്തെ കേസില് കെഎല് 35 ജെ 9824 നമ്പര് വാഹനത്തിന്റെ ഉടമയ്ക്കും ഡ്രൈവര്ക്കും 56,000 രൂപ വീതം ആകെ 1,12,000 രൂപയും രണ്ടാമത്തെ കേസില് കെഎല് 52 ആര് 1006 നമ്പര് വാഹനത്തിന്റെ ഉടമയ്ക്കും ഡ്രൈവര്ക്കും 64,000 രൂപ വീതം ആകെ 1,28,000 രൂപയും മൂന്നാമത്തെ കേസില് കെഎല് 17 ഡബ്ല്യു 6382 നമ്പര് വാഹനത്തിന്റെ ഉടമയ്ക്കും ഡ്രൈ വര്ക്കും 42,000 രൂപ വീതം ആകെ 84,000 രൂപയും നാലാമത്തെ കേസില് കെഎല് 7 ബിവൈ 657 നമ്പര് വാഹനത്തിന്റെ ഉടമയ്ക്ക് 9,000 രൂപയും ഡ്രൈവര്ക്ക് 10,500 രൂപയും ഉള്പ്പെടെ ആകെ 19,500 രൂപയുമാണു പിഴ ചുമത്തിയിരിക്കുന്നത്.
പരിധി ലംഘിച്ച് അധികഭാരം കയറ്റി ചരക്ക് ഗതാഗതം നടത്തിയാല് റോഡ് സുരക്ഷയ്ക്കു ഭീഷണിയാകുമെന്നതിനാല് ഇത്തരം നിയമലംഘനങ്ങള്ക്കെതിരേ ശക്തമായ നടപടി തുടരുമെന്നും അധികൃതര് അറിയിച്ചു.
നിയമലംഘനങ്ങള് നടത്തുന്ന വാഹന ഉടമകള്ക്കും ഡ്രൈവര്മാര്ക്കുമെതിരേ വരും ദിവസങ്ങളിലും പരിശോധനകള് ശക്തമാക്കാനും ബോധവത്കരണ പരിപാടികള് സംഘടിപ്പിക്കാനും തീരുമാനിച്ചതായി എറണാകുളം ആര്ടിഒ എന്ഫോഴ്സ്മെന്റ് അറിയിച്ചു.
Kerala
തലശേരി: സംഘർഷ സാധ്യത കണക്കിലെടുത്ത് സ്ഥലത്തെത്തിയ പോലീസ് സംഘത്തെ തടഞ്ഞ് കൈയേറ്റശ്രമം നടത്തുകയും പോലീസ് ജീപ്പ് അടിച്ചുതകർക്കുകയും ചെയ്ത കേസിൽ മൂന്നു സിപിഎം പ്രവർത്തകർക്കു തടവും പിഴയും.
കൂത്തുപറമ്പ് പോലീസ് രജിസ്റ്റർ ചെയ്ത കേസിലെ പ്രതികളായ ആമ്പിലാട്ടെ സങ്കീർത്തനത്തിൽ പി. ബാബു (49), മാങ്ങാട്ടിടത്തെ കലശപറമ്പത്ത് കെ. പദ്മനാഭൻ (57), കൈതേരിയിലെ കെ. നിജിൽ (42) എന്നിവരെയാണ് വിവിധ വകുപ്പുകൾ പ്രകാരം അഞ്ചരവർഷം തടവിനും 25000 രൂപ വീതം പിഴ അടയ്ക്കാനും രണ്ടാം അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജി ടിറ്റി ജോർജ് ശിക്ഷിച്ചത്.
2015 നവംബർ 15ന് രാത്രി ഒമ്പതരയോടെ മാങ്ങാട്ടിടം കിണറ്റിന്റവിടയാണ് കേസിനാസ്പദമായ സംഭവം. സിഐ പ്രേം സദനും സംഘവും സ്ഥലത്തെത്തിയപ്പോൾ ആയുധങ്ങളുമായി സംഘടിച്ച് നിൽക്കുന്ന പ്രവർത്തകർ പോലീസിനെ അപായപ്പെടുത്താൻ ശ്രമിച്ച് പോലീസ് ജീപ്പിനു നേരേ അതിക്രമം നടത്തിയെന്നാണ് കേസ്.
പ്രോസിക്യൂഷനു വേണ്ടി അഡീഷണൽ ജില്ലാ ഗവ. പ്ലീഡർ അഡ്വ. വി.എസ്. ജയശ്രീയാണ് ഹാജരായത്. അന്നത്തെ തലശേരി കോസ്റ്റൽ പോലീസ് സ്റ്റേഷൻ സിഐയും റിട്ട. എസിപിയുമായ ടി.കെ. രത്നകുമാറാണു കേസന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്.
Kerala
മലപ്പുറം: രോഗിയായ യാത്രക്കാരന് സീറ്റ് നൽകാത്തതിനും സ്റ്റോപ്പിലിറക്കാത്തതിനും കെഎസ്ആർടിസിക്ക് പിഴ വിധിച്ച് ജില്ലാ ഉപഭോക്തൃ കമ്മിഷൻ. 30,000 രൂപയാണ് പിഴ തുക.
തോട്ടശേരിയറ സ്വദേശി മുഹമ്മദ് സൈനുദ്ദീൻ കോർമത്തിന്റെ പരാതിയിലാണ് നടപടി. കെഎസ്ആർടിസി എംഡിയാണ് പിഴ അടയ്ക്കേണ്ടത്.
മുഹമ്മദ് സൈനുദ്ദീൻ തൃശൂർ ആമ്പല്ലൂരിൽനിന്ന് മലപ്പുറം കൊളപ്പുറത്തേക്കാണ് ബസിൽക്കയറിയത്. ഇരിക്കാൻ സീറ്റൊഴിവില്ലെന്ന് മനസിലായി. രോഗിയായതിനാൽ മൂന്നു മണിക്കൂർ നിന്നുകൊണ്ടുള്ള യാത്ര ബുദ്ധിമുട്ടാണെന്ന് അറിയിച്ചപ്പോൾ കണ്ടക്ടർ തൃശൂരിൽനിന്ന് സീറ്റു കിട്ടുമെന്നറിയിച്ചു.
തൃശൂരിലെത്തിയപ്പോൾ ഒഴിഞ്ഞ സീറ്റുകളിലൊന്നിൽ സൈനുദ്ദീൻ ഇരുന്നു. ബസ് പുറപ്പെട്ടപ്പോൾ ഒരു യാത്രക്കാരനെത്തി സീറ്റ് ഒഴിയണമെന്നും അത് താൻ റിസർവ് ചെയ്തതാണെന്നും അറിയിച്ചു. കണ്ടക്ടറും സീറ്റൊഴിയാൻ ആവശ്യപ്പെട്ടു.
അതിനിടയിൽ മറ്റു സീറ്റുകളിൽ യാത്രക്കാർ ഇരിക്കുകയുംചെയ്തു. ഇതേത്തുടർന്ന് സൈനുദ്ദീന് നിന്ന് യാത്രചെയ്യേണ്ടിവന്നു. സർവീസ് റോഡിലൂടെപോകാതെ ദേശീയപാതയിലൂടെ ഓടിച്ചതിനാൽ കക്കാട് സ്റ്റോപ്പിൽ ഇറങ്ങാനായില്ല. പകരം കൂരിയാട്ട് ഇറങ്ങേണ്ടിവന്നു.
ഇതേത്തുടർന്നാണ് ഉപഭോക്തൃ കമ്മിഷനിൽ പരാതി നൽകിയത്. 25,000 രൂപ നഷ്ടപരിഹാരവും 5,000 രൂപ കോടതിചെലവും 45 ദിവസത്തിനകം പരാതിക്കാരന് നൽകണമെന്നും അല്ലെങ്കിൽ ഒൻപത് ശതമാനം പലിശയടക്കം നൽകണമെന്നുമാണ് കെ. മോഹൻദാസ് പ്രസിഡന്റും പ്രീതി ശിവരാമൻ, സി.വി. മുഹമ്മദ് ഇസ്മായിൽ എന്നിവർ അംഗങ്ങളുമായ ജില്ലാ ഉപഭോക്തൃകമ്മിഷൻ വിധിച്ചത്.
National
ഫരീദാബാദ്: ചുട്ടുപൊള്ളുന്ന വെയിലിൽ നായയെ കെട്ടിയിട്ടയാൾക്ക് പിഴ ചുമത്തി കോടതി. ഫരീദാബാദിലാണ് സംഭവം.
പീപ്പിൾ ഫോർ ആനിമൽസ് യൂണിറ്റിലെ വൃന്ദ ശർമയുടെ പരാതിയുടെ അടിസ്ഥാനത്തിൽ 2024 ജൂൺ 20 ന് ബിപിടിപി പോലീസ് സ്റ്റേഷനിൽ ദീപക് ശർമ എന്നയാൾക്കെതിരെ രജിസ്റ്റർ ചെയ്ത കേസിലാണ് കോടതി വിധി.
10,50 രൂപയാണ് പിഴ തുക. ദീപക് ശർമ തന്റെ വളർത്തു നായയെ ചുട്ടുപൊള്ളുന്ന വെയിലിൽ വീടിന്റെ ചെറിയ ബാൽക്കണിയിൽ കെട്ടിയിട്ടുവെന്നായിരുന്നു പരാതി. വിവരമറിഞ്ഞ് എത്തിയ പീപ്പിൾ ഫോർ ആനിമൽസ് യൂണിറ്റിലെ അംഗങ്ങൾ പോലീസിന്റെ സഹായത്തോടെ നായയെ രക്ഷപ്പെടുത്തി.
സംഘടനയിലെ അംഗങ്ങളോട് ദീപക് ശർമ മോശമായി പെരുമാറിയെന്നും കേസുണ്ട്. മൃഗങ്ങളോടുള്ള ക്രൂരത നിയമത്തിലെ സെക്ഷൻ 11 പ്രകാരം ദീപക് ശർമയെ അറസ്റ്റ് ചെയ്യുകയും ചെയ്തു. പിന്നീട് ഇയാൾക്കെതിരെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 429 കൂടി ചേർത്തു.
15 മാസം നീണ്ടു നിന്ന വാദത്തിന് ശേഷം വ്യാഴാഴ്ച മൃഗങ്ങളോടുള്ള ക്രൂരത നിയമത്തിലെ സെക്ഷൻ 11 പ്രകാരം കോടതി 50 രൂപ പിഴയും ഐപിസി സെക്ഷൻ 429 പ്രകാരം 1,000 രൂപ പിഴയും കോടതി വിധിച്ചു.
Kerala
തിരുവനന്തപുരം: ഗതാഗത നിയമലംഘനത്തിന് കേരളത്തിൽ ചുമത്തിയ ചെല്ലാനുകളുടെ ഫൈൻ 50 ശതമാനമായി കുറയ്ക്കുന്ന ആംനസ്റ്റി സ്കീം 30ന് അവസാനിക്കും.
31/12/2024 നു മുൻപ് മോട്ടോർ വാഹന വകുപ്പും കേരള പോലീസും ചുമത്തിയ ചെല്ലാനുകളാണ് ഇത്തരത്തിൽ തീർപ്പാക്കുക.
https:// services.mvd.kerala.gov.in വഴി അപേക്ഷ നൽകി വാഹന ഉടമകൾക്ക് ഫൈൻ അടയ്ക്കാം.
Sports
ചെന്നൈ: ഐപിഎല്ലിൽ കുറഞ്ഞ ഓവർ നിരക്കിന്റെ പേരിൽ പഞ്ചാബ് കിംഗ്സിന് ബിസിസിഐ പിഴ ചുമത്തി. ചെന്നൈ സൂപ്പർ കിംഗ്സിനെതിരായ മത്സരത്തിലെ കുറഞ്ഞ ഓവർ നിരക്കിന്റെ പേരിലാണ് ക്യാപ്റ്റൻ ശ്രേയസ് അയ്യർക്കും ടീമിലെ മറ്റ് അംഗങ്ങൾക്കും കനത്ത പിഴ ചുമത്തിയത്.
ചെന്നൈയുടെ ഇന്നിംഗ്സില് നിശ്ചിത സമയത്ത് പഞ്ചാബ് രണ്ടോവര് കുറച്ചാണ് പന്തെറിഞ്ഞിരുന്നത്. തുടര്ച്ചയായ രണ്ടാം മത്സരത്തിലും കുറഞ്ഞ ഓവര് നിരക്കിന് ശിക്ഷിക്കപ്പെട്ടതോടെ ക്യാപ്റ്റൻ ശ്രേയസ് അയ്യർക്ക് 24 ലക്ഷം രൂപയാണ് പിഴയായി ചുമത്തിയത്. ഗുജറാത്തിനെതിരായ ആദ്യ മത്സരത്തിലും കുറഞ്ഞ ഓവര് നിരക്കിന് ശ്രേയസിനെ ശിക്ഷിച്ചിരുന്നു.
സീസണിലെ ആദ്യ കുറ്റമായതിനാല് 12 ലക്ഷം രൂപയായിരുന്നു പിഴയായി ചുമത്തിയിരുന്നത്. തുടര്ച്ചയായ രണ്ടാം മത്സരത്തിലും കുറ്റം ആവര്ത്തിച്ചതോടെ ശ്രേയസിന് പിഴത്തുക ഇരട്ടിയായപ്പോള് മറ്റ് ടീം അംഗങ്ങൾ ആറു ലക്ഷം രൂപയോ മാച്ച് ഫീയുടെ 25 ശതമാനമോ പിഴയായി നൽകാനും അച്ചടക്ക സമിതി വിധിച്ചു.
National
ന്യൂഡൽഹി: അനാവശ്യമായി അപ്പീലുകൾ നൽകുന്നുവെന്ന് ആരോപിച്ച് കേന്ദ്ര സർക്കാരിന് 25,000 രൂപ പിഴയിട്ട് സുപ്രീംകോടതി. കോടതികളിൽ കേസുകൾ കെട്ടിക്കിടക്കുന്നതിനെക്കുറിച്ച് ആശങ്കപ്പെടുന്ന കേന്ദ്ര സർക്കാർ തന്നെയാണ് രാജ്യത്തെ ഏറ്റവും വലിയ വ്യവഹാരിയെന്ന് സുപ്രീംകോടതി വ്യക്തമാക്കി.
അനാവശ്യമായ അപ്പീലുകൾ നൽകി കോടതിയുടെ സമയം പാഴാക്കുകയാണെന്നും ജസ്റ്റീസ് ബി.വി.നാഗരത്ന, ജസ്റ്റീസ് ഉജ്ജൽ ഭൂയാൻ എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു. സിഐഎസ്എഫ് കോൺസ്റ്റബിളിനെ ജോലിയിൽ തിരിച്ചെടുക്കണമെന്ന പഞ്ചാബ്-ഹരിയാന ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജി തള്ളിക്കൊണ്ടാണ് ഈ നടപടി.
ഒരു കോൺസ്റ്റബിളിനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ട നടപടി തെറ്റാണെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് കണ്ടെത്തിയിട്ടും എന്തിനാണ് വീണ്ടും അപ്പീലുമായി സുപ്രീംകോടതിയെ സമീപിച്ചതെന്ന് കോടതി ചോദിച്ചു. 11 ദിവസത്തെ അനധികൃത അവധി എടുത്തതിനും സഹപ്രവർത്തകന്റെ മകളുടെ വിവാഹവുമായി ബന്ധപ്പെട്ട ആരോപണത്തിലുമാണ് പത്ത് വർഷത്തെ സർവീസുള്ള കോൺസ്റ്റബിളിനെ പിരിച്ചുവിട്ടത്.
എന്നാൽ ഇതിൽ ഗുരുതരമായ വീഴ്ചയില്ലെന്ന് ഹൈക്കോടതി നേരത്തെ നിരീക്ഷിച്ചിരുന്നു. ഈ കേസ് വീണ്ടും സുപ്രീംകോടതിയിലേക്ക് വലിച്ചിഴച്ചതിനെയാണ് ബെഞ്ച് വിമർശിച്ചത്. തുടർന്നാണ് പിഴ ചുമത്തിയത്.
Sports
ലഹോർ: സുരക്ഷാനിയന്ത്രണങ്ങൾ ലംഘിച്ചതിന് പാക് താരം ഷഹീൻ ഷാ അഫ്രീദിക്ക് പിഴ ചുമത്തി. പാക്കിസ്ഥാൻ സൂപ്പർ ലീഗിലെ ലാഹോര് ക്വാലന്ഡേഴ്സ് ക്യാപ്റ്റന് കൂടിയായ ഷഹീന് അഫ്രീദിയില് നിന്നു 10 ലക്ഷം രൂപയാണ് ഫ്രാഞ്ചൈസി പിഴയായി ഈടാക്കുന്നത്.
ഹോട്ടലിലെ സുരക്ഷാചട്ടം മറികടന്ന് പുറത്തുനിന്നുള്ളവരെ മുറിയിൽ കയറ്റുകയും അവരുമായി താരം സമയം ചെലവഴിക്കുകയും ചെയ്തുവെന്നാണ് കണ്ടെത്തൽ. വിവരം പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡിനെയും (പിസിബി) ക്വാലൻഡർസ് അറിയിച്ചിട്ടുണ്ട്.
കഴിഞ്ഞ ശനിയാഴ്ച രാത്രി 11 നായിരുന്നു സംഭവം. സിംബാബ്വെ താരം സിക്കന്ദര് റാസയുടെ മുറിയിലേക്ക് നാല് പേരേയും കൂട്ടി ഷഹീന് ഷാ അഫ്രീദി എത്തിയിരുന്നു. അതിഥികളെ ഹോട്ടല് മുറിയിലേക്ക് കടത്തരുതെന്ന നിയമം ലംഘിച്ചതിനാണ് നടപടി.
പുലര്ച്ചെ ഒന്നര വരെ ഇവര്ക്കൊപ്പം താരങ്ങള് സമയം ചെലവഴിച്ചതായാണ് വിവരം. അച്ചടക്കവും ഉത്തരവാദിത്വവും കാക്കേണ്ടത് അനിവാര്യമാണ്. അതിന്റെ ഭാഗമായി ഷഹീന്ഷാ അഫ്രീദിയില് നിന്നു 10 ലക്ഷം രൂപ പിഴയായി ഇടാക്കാന് ടീം തീരുമാനിച്ചിട്ടുണ്ട്. ഇക്കാര്യം പിസിബിയേയും ധരിപ്പിച്ചിട്ടുണ്ട്.
സുരക്ഷയുടെ കാര്യത്തില് കര്ക്കശ നിലപാടെടുത്ത ഹോട്ടല് അധികൃതരേയും ടീം അഭിനന്ദിച്ചു. സുരക്ഷാ ചട്ടങ്ങള് പാലിക്കാന് താരങ്ങളെല്ലാം ബാധ്യസ്ഥരാണ്. അതില് ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്നും ടീം വ്യക്തമാക്കി.
Kerala
കൊച്ചി: ഹെല്മറ്റ് ധരിക്കാതെ ഇരുചക്ര വാഹനങ്ങള് ഓടിച്ചതിന് സംസ്ഥാനവ്യാപകമായി ഒരാഴ്ച നടത്തിയ പരിശോധനയില് പിഴ ഈടാക്കിയത് 2,70,51,150 രൂപ. ഇക്കാലയളവില് 51,604 നിയമലംഘനങ്ങള് കണ്ടെത്തി. ഹെല്മെറ്റ് ഓണ് സേഫ് റൈഡ് എന്ന ഒരാഴ്ച നീണ്ട സ്പെഷല് ഡ്രൈവില് 1,13,011 ഇരുചക്ര വാഹനങ്ങളാണു പരിശോധിച്ചത്.
ഇരുചക്ര വാഹനയാത്രയില് ഹെല്മറ്റ് ധരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് പൊതുജനങ്ങളെ ബോധവത്കരിക്കുന്നതിനും റോഡപകടങ്ങള് കുറയ്ക്കുന്നതിനുമായാണ് പോലീസിന്റെ ട്രാഫിക് ആന്ഡ് റോഡ് സേഫ്റ്റി മാനേജ്മെന്റ് വിഭാഗം 18 മുതല് 24 വരെ സംസ്ഥാനവ്യാപകമായി സ്പെഷല് ഡ്രൈവ് സംഘടിപ്പിച്ചത്.
ഇരുചക്ര വാഹനാപകടങ്ങളില് ജീവന് നഷ്ടമാകുന്നതില് ഭൂരിഭാഗം പേരും അപകടസമയത്ത് ഹെല്മറ്റ് ധരിക്കാത്തവരായിരുന്നുവെന്നാണ് റിപ്പോര്ട്ടുകള് സൂചിപ്പിക്കുന്നത്. സംസ്ഥാനത്തെ ഹൈവേ പട്രോളിംഗ് വിഭാഗങ്ങളുടെ നേതൃത്വത്തില് തുടര്ന്നുള്ള ദിവസങ്ങളില് നിരന്തര പരിശോധന നടത്തും. നിയമലംഘനം ആവര്ത്തിക്കുന്നവര്ക്കെതിരേ കര്ശന നടപടി ഉണ്ടാകും.
ട്രാഫിക് ആന്ഡ് റോഡ് സേഫ്റ്റി മാനേജ്മെന്റ് ഐജിയുടെ നിര്ദേശപ്രകാരം ട്രാഫിക് സോണല് എസ്പിമാരുടെ മേല്നോട്ടത്തില് ജില്ലാ ട്രാഫിക് നോഡല് ഓഫീസര്മാരുമായി സഹകരിച്ചാണു പരിശോധനകള് നടത്തിയത്.
ഇത്തരം ഗതാഗത നിയമലംഘനം ശ്രദ്ധയില്പ്പെട്ടാല് പൊതുജനങ്ങള്ക്ക് 974700 1099 എന്ന ശുഭയാത്ര വാട്സാപ് നമ്പറില് ട്രാഫിക് ആന്ഡ് റോഡ് സേഫ്റ്റി മാനേജ്മെന്റ് വിഭാഗത്തെ അറിയിക്കാം.
NRI
ന്യൂ മെക്സിക്കോ: ഫേസ്ബുക്കിന്റെയും ഇൻസ്റ്റാഗ്രാമിന്റെയും മാതൃകമ്പനിയായ മെറ്റ, കുട്ടികളെ ചൂഷണങ്ങളിൽ നിന്ന് സംരക്ഷിക്കുന്നതിൽ പരാജയപ്പെട്ടുവെന്ന് കണ്ടെത്തിയതിനെത്തുടർന്ന് 375 മില്യൺ ഡോളർ (ഏകദേശം 3,100 കോടി രൂപ) പിഴയൊടുക്കാൻ ന്യൂമെക്സിക്കോ ജൂറി ഉത്തരവിട്ടു. സംസ്ഥാനത്തെ ഉപഭോക്തൃ സംരക്ഷണ നിയമങ്ങൾ മെറ്റ മനഃപൂർവം ലംഘിച്ചുവെന്നാണ് ജൂറിയുടെ കണ്ടെത്തൽ.
13 വയസുകാരിയുടെ വ്യാജ പ്രൊഫൈൽ ഉപയോഗിച്ച് നടത്തിയ രഹസ്യ അന്വേഷണത്തിൽ, കുട്ടികളെ ചൂഷണം ചെയ്യുന്നവരിൽ നിന്ന് ഈ പ്രൊഫൈലിലേക്ക് നിരന്തരം സന്ദേശങ്ങളും ചിത്രങ്ങളും ലഭിച്ചതായി ന്യൂ മെക്സിക്കോ അറ്റോർണി ജനറൽ കണ്ടെത്തിയിരുന്നു.
ലാഭത്തിനായി കുട്ടികളുടെ സുരക്ഷ മെറ്റ അവഗണിച്ചുവെന്നും ആപ്പുകളുടെ സുരക്ഷയെക്കുറിച്ച് പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിച്ചുവെന്നും കോടതി നിരീക്ഷിച്ചു.
കോടതി വിധിയോട് വിയോജിക്കുന്നുവെന്നും ഇതിനെതിരെ അപ്പീൽ നൽകുമെന്നും മെറ്റ വക്താവ് അറിയിച്ചു. കൗമാരക്കാരുടെ സുരക്ഷയ്ക്കായി തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്നും കമ്പനി അവകാശപ്പെട്ടു.
മേയ് നാലിന് നടക്കുന്ന അടുത്തഘട്ട വിചാരണയിൽ, കുട്ടികളുടെ സുരക്ഷയ്ക്കായി പ്രത്യേക ഫണ്ട് രൂപീകരിക്കണമോ എന്നും ആപ്പുകളുടെ ഡിസൈനിൽ മാറ്റം വരുത്തണമോ എന്നും കോടതി തീരുമാനിക്കും.
കുട്ടികളുടെ സുരക്ഷയുമായി ബന്ധപ്പെട്ട് ആഗോളതലത്തിൽ ടെക് ഭീമന്മാർ നേരിടുന്ന ഏറ്റവും വലിയ തിരിച്ചടികളിലൊന്നായി ഈ വിധി വിലയിരുത്തപ്പെടുന്നു.
International
ലോസ് ഏഞ്ചല്സ്: അമിതമായ സമൂഹമാധ്യമ ഉപയോഗം കുട്ടികളുടെ ശാരീരിക-ബൗദ്ധിക വളർച്ചയെ ദോഷകരമായി ബാധിക്കുന്നുവെന്ന കണ്ടെത്തൽ ലോകമെങ്ങും ചർച്ചയായിരിക്കെ ചരിത്ര വിധിയുമായി യുഎസ് കോടതി.
വ്യക്തികളില് ആസക്തിയുണ്ടാക്കുന്ന വിധത്തില് സമൂഹമാധ്യമ പ്ലാറ്റ്ഫോമുകള് പ്രവര്ത്തിക്കുന്നെന്ന പരാതിയില് മെറ്റയ്ക്കും ഗൂഗിളിനും അമേരിക്കയിലെ കോടതി 56 കോടി രൂപ നഷ്ടപരിഹാരം വിധിച്ചു.
ഇന്സ്റ്റഗ്രാമിന്റെ മാതൃസ്ഥാപനമായ മെറ്റ, യുട്യൂബിന്റെ മാതൃസ്ഥാപനമായ ഗൂഗിള് എന്നിവയ്ക്കാണ് ലോസ് ഏഞ്ചല്സിലെ കോടതി പിഴ ചുമത്തിയത്. മെറ്റ 4.2 ദശലക്ഷം ഡോളറും ഗൂഗിള് 1.8 ദശലക്ഷം ഡോളറും നഷ്ടപരിഹാരം നല്കണമെന്നാണു കോടതിയുടെ ഉത്തരവ്. മെറ്റയും യുട്യൂബും കാരണം മാനസികാരോഗ്യം തകർന്നെന്ന യുവതിയുടെ ഹർജിയിലാണ് വിധി.
ചെറുപ്പം മുതലുള്ള സോഷ്യല് മീഡിയ ഉപയോഗം മൂലം നിരവധി മാനസികാരോഗ്യ പ്രശ്നങ്ങള് നേരിടുന്നുവെന്നു ചൂണ്ടിക്കാട്ടി കലിഫോര്ണിയ സ്വദേശിനിയായ കാലെ(20)യാണു കോടതിയെ സമീപിച്ചത്. പരാതിയില് ഒമ്പതു ദിവസങ്ങളിലായി 40 മണിക്കൂറിലധികം നീണ്ട വാദങ്ങള്ക്കു ശേഷമാണ് കോടതി വിധി പറഞ്ഞത്.
ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക്, വാട്സാപ് എന്നിവയും ഗൂഗിളും യുവതിയുടെ മാനസികാരോഗ്യത്തിനു ഹാനികരമായ ആസക്തി ഉളവാക്കുന്ന സമൂഹമാധ്യമ പ്ലാറ്റ്ഫോമുകൾ മനഃപൂർവം നിർമിച്ചതായി കോടതി കണ്ടെത്തി.
കുട്ടികളുടെ മനസിനെ ബാധിക്കുന്നുവെന്ന് അറിഞ്ഞിട്ടും കമ്പനികൾ പ്ലാറ്റ്ഫോമുകളിൽ മാറ്റം വരുത്തിയില്ലെന്നും കോടതി നിരീക്ഷിച്ചു.
സോഷ്യല് മീഡിയ മേഖലയിലെ ഭീമന് കമ്പനികളായ മെറ്റയ്ക്കും ഗൂഗിളിലും ഇപ്പോള് ചുമത്തിയിരിക്കുന്ന പിഴത്തുക വളരെ ചെറുതാണെങ്കിലും സമാനമായ നിയമനടപടികള്ക്കു തുടര്ച്ചയുണ്ടാകും.
ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് പ്ലാറ്റ്ഫോമുകളിലൂടെ കുട്ടികളുടെ മാനസികാരോഗ്യത്തെ ദോഷകരമായി ബാധിക്കുകയും ലൈംഗിക ചൂഷണ സാധ്യതകൾ മറച്ചുവയ്ക്കുകയും ചെയ്തുവെന്ന പരാതിയിൽ മെറ്റ കുറ്റക്കാരാണെന്ന് ന്യൂ മെക്സിക്കോയിലെ ജൂറിയും കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു.
സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന ഉള്ളടക്കത്തേക്കാൾ, ആപ്പുകൾ നിർമിച്ചിരിക്കുന്ന രീതിയാണു കോടതിയിൽ ചോദ്യം ചെയ്യപ്പെട്ടത്. കുട്ടികളെയും കൗമാരക്കാരെയും ചൂഷണം ചെയ്യുന്നതിനായി മനഃപൂർവം 'ആസക്തി' ഉളവാക്കുന്ന രീതിയിലാണ് ഇൻസ്റ്റഗ്രാമും യുട്യൂബും രൂപകല്പന ചെയ്തിരിക്കുന്നതെന്ന് ജൂറി കണ്ടെത്തി.വിധിയിൽ സന്തോഷമുണ്ടെന്ന് ജൂറി അംഗങ്ങൾ വ്യക്തമാക്കി.
കുട്ടികളുടെ അനുഭവക്കുറവും മാനസികമായ പ്രത്യേകതകളും മുതലെടുക്കുന്ന 'മനഃസാക്ഷിക്കു നിരക്കാത്ത' ബിസിനസ് രീതികളാണു മെറ്റ പിന്തുടരുന്നത്, പ്ലാറ്റ്ഫോമുകളുടെ സുരക്ഷയെക്കുറിച്ച് മെറ്റ മേധാവികൾ പൊതുമധ്യത്തിൽ തെറ്റായ പ്രസ്താവനകൾ നടത്തി തുടങ്ങിയ വാദങ്ങളാണു പ്രോസിക്യൂഷൻ കമ്പനിക്കെതിരേ ഉയർത്തിയത്.അപ്പീൽ നൽകുമെന്ന് മെറ്റയും ഗൂഗിളുംകോടതിവിധിക്കെതിരേ അപ്പീല് നല്കുമെന്ന് മെറ്റയും ഗുഗിളും വ്യക്തമാക്കി.
കൗമാരക്കാരുടെ മാനസികാരോഗ്യം വളരെ സങ്കീർണമായ ഒന്നാണെന്നും അതിനെ ഒരു ആപ്പുമായി മാത്രം ബന്ധിപ്പിക്കാനാകില്ലെന്നും മെറ്റ വ്യക്തമാക്കി. യുട്യൂബ് ഒരു സോഷ്യൽ മീഡിയ സൈറ്റല്ലെന്നും മറിച്ച് ഉത്തരവാദിത്വത്തോടെ നിർമിച്ച ഒരു സ്ട്രീമിംഗ് പ്ലാറ്റ്ഫോമാണെന്നും ഈ കേസിൽ യുട്യൂബിനെ തെറ്റായി വ്യാഖ്യാനിക്കുകയാണു ചെയ്തതെന്നും ഗൂഗിൾ പറഞ്ഞു.
International
ലണ്ടൻ: ലണ്ടനിൽ പൊതുസ്ഥലത്ത് പാൻ മസാല ചവച്ച് തുപ്പിയതിന് രണ്ട് ഇന്ത്യക്കാർക്ക് പിഴ. എഡ്ജ്വെയറിൽ താമസിക്കുന്ന അക്ഷിത് കുമാർ ഭദ്രേ പട്ടേൽ, റുയിസ്ലിപിലെ ഹിതേഷ് പട്ടേൽ എന്നിവർക്കാണ് പിഴ ചുമത്തിയത്.
1,391 പൗണ്ട് വീതമാണ് ഇരുവർക്കും പിഴ ചുമത്തിയത്. ഏകദേശം ഇന്ത്യൻ രൂപ 1.72 ലക്ഷം ആണ് പിഴ. പാൻ മസാല ചവച്ചുതുപ്പിയതിന് നേരത്തെ നൂറ് പൗണ്ട് വീതമാണ് ഇരുവർക്കും പിഴ ചുമത്തിയിരുന്നത്. എന്നാൽ പിഴ തുക അടയ്ക്കാതെ വന്നതോടെയാണ് പിഴ വർധിപ്പിച്ചത്.
കിംഗ്സ്ബെറി റോഡിലെ മെട്രോ സ്റ്റേഷന് സമീപത്താണ് അക്ഷിത് പട്ടേൽ പാൻമസാല ചവച്ചുതുപ്പിയത്. ഹിതേഷ് പട്ടേൽ വെംബ്ലി ഹിൽ റോഡിൽ പാൻമസാല ചവച്ച് തുപ്പുകയായിരുന്നു. എന്നാൽ ഇരുവരും കോടതിയിൽ ഹാജരാവുകയോ പിഴ അടയ്ക്കുകയോ ചെയ്തിരുന്നില്ല.
ഇതേ തുടർന്നാണ് പിഴത്തുക 1391 പൗണ്ടാക്കി ഉയർത്തിയത്. നടപ്പാതകളിലെയും കെട്ടിടങ്ങളിലെയും പാൻമസാലയുടെ കറകൾ വൃത്തിയാക്കാൻ വേണ്ടി മാത്രം ബ്രൈന്റ് സിറ്റി കൗൺസിൽ പ്രതിവർഷം 30,000 പൗണ്ട് ചെലവഴിക്കുന്നതായാണ് റിപ്പോർട്ട്.
Kerala
ചടയമംഗലം: യുവാവിനെ പെട്രോൾ ഒഴിച്ച് കത്തിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം കഠിനതടവും പിഴയും. കൊല്ലം ചടയമംഗലം ഇടയ്ക്കോട് സ്വദേശി സനലിനെയാണ് കൊല്ലം അഡീഷണൽ സെഷൻസ് കോടതി ശിക്ഷിച്ചത്. ഭാര്യയുമായി ബന്ധമുണ്ടെന്ന സംശയത്തിൽ വർക്ക്ഷോപ്പ് ജോലിക്കാരനും ബന്ധുവുമായ കലേഷിനെയാണ് സനൽ അതിക്രൂരമായി കൊലപ്പെടുത്തിയത്.
2024 മാർച്ച് 13നാണ് കേസിനാസ്പദമാായ സംഭവം നടക്കുന്നത്. ബക്കറ്റിൽ പെട്രോളുമായാണ് സംഭവ ദിവസം സനൽ കലേഷ് ജോലി ചെയ്തിരുന്ന വർക്ഷോപ്പിൽ എത്തിയത്. ഈ സമയം ഇവിടെയില്ലാതിരുന്ന കലേഷിനെ ബൈക്ക് നന്നാക്കാനുണ്ടെന്ന് ഫോണിൽ വിളിച്ചുപറഞ്ഞ് സ്ഥലത്തെത്തിച്ചു. തുടർന്ന് ബക്കറ്റിൽ കരുതിയ പെട്രോൾ സനൽ കലേഷിന്റെ ദേഹത്തേക്ക് ഒഴിച്ചു. ഓടി രക്ഷപ്പെടാൻ ശ്രമിച്ച കലേഷിന്റെ നേർക്ക് പ്രതി പന്തം കത്തിച്ച് എറിയുകയായിരുന്നു.
തീ പടർന്ന് ദേഹമാസകലം പൊള്ളലേറ്റ കലേഷിനെ നാട്ടുകാരാണ് ആശുപത്രിയിൽ എത്തിച്ചത്. ചികിത്സയിലിരിക്കെ കലേഷ് മരിച്ചു. പട്ടാപ്പകൽ നടന്ന ക്രൂര കൃത്യത്തിന് സനലിന് വധശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. എന്നാൽ പ്രതിയുടെ പ്രായവും കുടുംബ പശ്ചാത്തലവും പരിഗണിച്ച് ശിക്ഷ ജീവപര്യന്തമായി നിജപ്പെടുത്തുകയായിരുന്നു.
Kerala
കൊച്ചി: സംസ്ഥാനത്ത് മാലിന്യമുക്ത നവകേരളത്തിനായി തദ്ദേശ സ്വയംഭരണ വകുപ്പ് നടപ്പാക്കിയ ഓപ്പറേഷന് ക്ലീന് സ്വീപ്പ് പദ്ധതിയില് കഴിഞ്ഞ വര്ഷം ഈടാക്കിയത് 9.72 കോടി രൂപ. ഹോട്ടലുകള്, സ്ഥാപനങ്ങള് എന്നിവിടങ്ങളില് നിന്ന് നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങള് പിടിച്ചെടുക്കാനും വ്യാപകമായി പരിശോധന നടത്താനും നിയമ നടപടിയെടുക്കാനുമായി നടപ്പാക്കിയ പദ്ധതിയാണ് ഓപ്പറേഷന് ക്ലീന് സ്വീപ്പ്.
കഴിഞ്ഞ വര്ഷം ശുചിത്വ ചട്ട ലംഘനങ്ങളുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് പൊതു സ്ഥലങ്ങളിലേക്കോ സ്വകാര്യ സ്ഥലങ്ങളിലേക്കോ മാലിന്യം വലിച്ചെറിഞ്ഞതുമായി ബന്ധപ്പെട്ട് 5.33 കോടി രൂപയാണ് പിഴ ഈടാക്കിയത്. കടകളുടെയും വാണിജ്യ സ്ഥാപനങ്ങളുടെയും പരിസരം വൃത്തിയായി സൂക്ഷിക്കാതിരുന്നതിന് 12,58,854 രൂപ പിഴ ഈടാക്കി.
യൂസര് ഫീസ് നല്കുന്നതില് വീഴ്ച വരുത്തിയതിന് 12,58,854 രൂപയും ഉപയോഗിച്ച വെള്ളം പൊതു സ്ഥലങ്ങളിലേക്കോ ജലാശയങ്ങളിലേക്കോ ഒഴുക്കിയതിന് 1.03 കോടി രൂപയുമാണ് പിഴ ഇനത്തില് ലഭിച്ചത്. അനധികൃത മാലിന്യമോ വിസര്ജ്യ വസ്തുക്കളോ കൊണ്ടു പോകുന്നതിന് ഉപയോഗിച്ച വാഹനങ്ങള് പിടിച്ചെടുത്തതിലും കണ്ടുകെട്ടലിലും 4,86,050 രൂപ പിഴ അടപ്പിച്ചു.
നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ ഉപയോഗത്തിന് 1.02 കോടി രൂപയും മറ്റ് നിയമലംഘനങ്ങള്ക്ക് 56,18,340 രൂപയുമാണ് പിഴ അടപ്പിച്ചത്. നിയമലംഘനങ്ങള് കൃത്യമായ ഇടവേളകളില് പരിശോധിക്കാനും സ്പോട്ട് ഫൈന് ചുമത്തല്, ലൈസന്സ് റദ്ദാക്കല് എന്നിവ ഉള്പ്പെടെയുള്ള നടപടികള് സ്വീകരിക്കാനുമായി സംസ്ഥാനത്തുടനീളം എന്ഫോഴ്സ്മെന്റ് സ്ക്വാഡുകളുണ്ട്.
എന്ഫോഴ്സ്മെന്റ് സ്ക്വാഡുകള് പ്രവര്ത്തിക്കുന്നതിന്റെ ഭാഗമായി സ്വീകരിക്കുന്ന നടപടികള് കൃത്യമായി രേഖപ്പെടുത്തുന്നതിനായി വാര് റൂം പോര്ട്ടല് സംവിധാനവും നിലവിലുണ്ട്. ഈ പദ്ധതിയിലൂടെ കഴിഞ്ഞ വര്ഷം 43,803 നിയമലംഘനങ്ങള് കണ്ടെത്തി. 297 കേസുകള് രജിസ്റ്റര് ചെയ്തു.
Kerala
തലശേരി: സഹപ്രവർത്തകയായ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന കേസിൽ ശിശുരോഗ വിദഗ്ധനായ ഡോക്ടറർക്ക് ആറ് മാസം തടവും 20,000 രൂപ പിഴയും ശിക്ഷിച്ചു. തലശേരി ജുഡീഷൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ശിക്ഷവിധിച്ചത്.
തലശേരിയിലെ ഡോ. എം.കെ. സന്തോഷിനെയാണ് ശിക്ഷിച്ചത്. പീഡന ശ്രമത്തിന് മൂന്നുമാസം തടവിനും 10,000 രൂപ പിഴയടയ്ക്കാനും ലൈംഗിക ചുവയോടെ പെരുമാറിയതിന് മൂന്ന് മാസം തടവിനും 10,000 രൂപ പിഴയടയ്ക്കാനുമാണ് ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കിൽ 20 ദിവസം അധിക തടവ് അനുഭവിക്കണം.
Kerala
കണ്ണൂർ: കണ്ണൂർ പിണറായിയിൽ ജ്യോത്സ്യനെ കുത്തികൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം തടവും 35000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. കേസിൽ പ്രതിയായ എരഞ്ഞോളി സ്വദേശി സി.കെ. റമീസിന് തലശേരി അഡീഷണൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്.
പിഴത്തുക കൊല്ലപ്പെട്ട കുഞ്ഞിരാമൻ ഗുരുക്കളുടെ ഭാര്യയ്ക്ക് നൽകാനും കോടതി ഉത്തരവിട്ടു. പാറപ്രം സ്വദേശി കുഞ്ഞിരാമൻ ഗുരുക്കളെ 2012ലാണ് ജോത്സ്യാലയത്തിൽ വച്ച് റമീസ് കൊലപ്പെടുത്തിയത്. 2012 ഫെബ്രുവരി നാലിനായിരുന്നു കേസിനാസ്പദമായ സംഭവം.
ഫെബ്രവരി 26ന് കുഞ്ഞിരാമൻ ഗുരുക്കൾ മരിച്ചു. വ്യക്തിരമായ കാര്യങ്ങൾക്ക് ജോത്സ്യനെ ഇടയ്ക്കിടെ കണ്ട റമീസ് പലകുറി പണവും നൽകിയിരുന്നു. എന്നാൽ റമീസ് ഉദ്ദേശിച്ച കാര്യം നടന്നില്ല. തുടർന്നുണ്ടായ വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് കണ്ടെത്തൽ.
Sports
വഡോദര: വനിതാ പ്രീമിയർ ലീഗ് ട്വന്റി-20 ക്രിക്കറ്റിൽ ഡൽഹി ക്യാപിറ്റൽസിന്റെ ക്യാപ്റ്റൻ ജെമീമ റോഡ്രിഗസിന് പിഴ ശിക്ഷ.
ചൊവ്വാഴ്ച ഗുജറാത്ത് ജയന്റ്സിനെതിരായ മത്സരത്തിലെ കുറഞ്ഞ ഓവർ നിരക്കിനാണ് ജെമീമയ്ക്ക് 12 ലക്ഷം രൂപ പിഴ ചുമത്തിയത്. മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസ് മൂന്ന് റണ്സിന് പരാജയപ്പെട്ടു.
ഫെബ്രുവരി ഒന്നിന് വഡോദരയിൽ യുപി വാരിയേഴ്സിന് എതിരേയാണ് ഡൽഹിയുടെ അടുത്ത മത്സരം.
Movies
മലങ്കര അണക്കെട്ടിന്റെ ഭാഗമായ കുടയത്തൂര് ജാലശയ തീരത്ത് മാലിന്യം തള്ളിയതിനെത്തുടര്ന്ന് കുടയത്തൂര് പഞ്ചായത്ത് 50,000 രൂപ പിഴയിട്ടു. പഞ്ചായത്ത് പരിധിയില്വരുന്ന ജലാശയ തീരത്താണ് സിനിമ ചിത്രീകരണത്തിനു ശേഷം മാലിന്യം ഉപേക്ഷിച്ചത്.
വെള്ളത്തോടു ചേര്ന്നുള്ള സ്ഥലത്ത് വലിയ അളവില് മാലിന്യം തള്ളിയതിനു പുറമേ പാഴ് വസ്തുക്കള് കത്തിച്ച ചാരം കൂമ്പാരമായി കിടക്കുകയാണ്. ഇതുസംബന്ധിച്ച് വ്യാപകമായി പരാതികള് ഉയര്ന്നതിനെത്തുടര്ന്നാണ് പിഴ ഈടാക്കാന് കുടയത്തൂര് പഞ്ചായത്ത് കര്ശന നടപടി സ്വീകരിച്ചത്.
സിനിമ ചിത്രീകരണം നടന്നത് എംവിഐപിയുടെ ഉടമസ്ഥതയിലുള്ള പ്രദേശത്തായിരുന്നതിനാല് ചിത്രീകരണം നടത്തിയവരില്നിന്ന് പിഴ ഈടാക്കണം എന്നാവശ്യപ്പെട്ടുള്ള കത്ത് എംവിഐപി അധികൃതര്ക്ക് പഞ്ചായത്ത് നല്കി.
എംവിഐപിയില്നിന്ന് അനുമതി വാങ്ങിയാണ് ജലാശയ തീരങ്ങളില് സിനിമ ചിത്രീകരിച്ചത്. ഇതിന് 25,000 രൂപ ഫീസും ഈടാക്കിയിരുന്നു. മലയാളം, തമിഴ്, കന്നട തുടങ്ങി വിവിധ ഭാഷകളിലെ നൂറുകണക്കിന് സിനിമകള്ക്ക് പശ്ചാത്തലമായ ഇവിടെ കഴിഞ്ഞ ഏതാനും മാസങ്ങളായി നടന്ന ചിത്രീകരണങ്ങളുടെ അവശിഷ്ടങ്ങളാണ് പ്രധാനമായും കുന്നുകൂട്ടിയിട്ടിരിക്കുന്നത്.
ചിത്രീകരണത്തിനായി സെറ്റിടാന് ഉപയോഗിച്ച ആസ്ബസ്റ്റോസ്, സിമന്റ്, തെര്മോകോള്, ജിപ്സം, പ്ലാസ്റ്റിക്, ഇരുമ്പ് തുടങ്ങിയ മാലിന്യങ്ങളാണ് തീരത്തുനിന്നു നീക്കം ചെയ്യാതിരുന്നത്.
Kerala
ഇരിട്ടി: ബംഗളൂരുവിൽ മോട്ടോർ വാഹന ചട്ടങ്ങൾക്ക് വിരുദ്ധമായി മോഡിഫിക്കേഷൻ നടത്തിയ മലയാളി വിദ്യാർഥിയുടെ കാറിന് ഒരു ലക്ഷത്തിലേറെ രൂപ പിഴ ചുമത്തി.
വലിയ ശബ്ദമുണ്ടാക്കി തീതുപ്പി ഓടിക്കൊണ്ടിരിക്കുന്ന രീതിയിലുള്ള സൈലൻസർ ഘടിപ്പിച്ച കേരള രജിസ്ട്രേഷൻ കാറിനാണ് യെലഹങ്ക റീജണൽ ട്രാൻസ്പോർട്ട് അധികൃതർ 1,11,500 രൂപ പിഴയിട്ടത്.
17 വർഷം പഴക്കമുള്ള കാറിന്റെ മൂല്യം 70,000 രൂപ മാത്രമാണ് . എറണാകുളത്ത് രജിസ്റ്റർ ചെയ്തിട്ടുള്ളതാണ് കാർ. ബംഗളൂരുവിലെ ഭാരതി നഗർ-ഹെന്നൂർ റോഡിൽ ശല്യമാകുന്ന രീതിയിൽ കാർ സഞ്ചരിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ ജനങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കു വച്ചിരുന്നു. ഇത് ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ് വകുപ്പ് അധികൃതർ നടപടിയെടുത്തത്.
Kerala
കൊച്ചി: പറവൂര് നഗരസഭയിലെ പൊതു കാനയിലേക്ക് അനധികൃതമായി പൈപ്പുകള് സ്ഥാപിച്ച് മാലിന്യം ഒഴുക്കിയ വ്യാപാര സ്ഥാപനങ്ങള്ക്ക് പിഴ. പൊതു കാനയിലേക്ക് മാലിന്യം ഒഴുക്കുന്നതിനായി അനധികൃതമായി സ്ഥാപിച്ച പൈപ്പുകള് നീക്കം ചെയ്യാന് നഗരസഭ ആരോഗ്യ വിഭാഗം നടപടികള് ആരംഭിച്ചു.
നഗരത്തിലെ പൊതു കാനകളില് കക്കൂസ് മാലിന്യവും ഭക്ഷണാവശിഷ്ടങ്ങളും ഒഴുകുന്നതായ പരാതിയെ തുടര്ന്നാണ് ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥര് പരിശോധന നടത്തിയത്. ഇതിന്റെ ഭാഗമായി മെയിന് റോഡില് മുന്സിപ്പല് കവല മുതല് ചേന്ദമംഗലം കവല വരെയുള്ള ഇരുവശത്തെയും കാനകളുടെ മൂടി തുറന്നു പരിശോധന നടത്തി.
ആദ്യഘട്ട പരിശോധനയില് നമ്പൂരിയച്ചന് ആലിന് സമീപമുള്ള പൊതു കാനയിലേക്ക് മാലിന്യം ഒഴുക്കാനായി സ്ഥാപിച്ച രണ്ടുസ്ഥാപനങ്ങളുടെ പൈപ്പുകള് കണ്ടെത്തി. നഗരസഭ നിയമങ്ങള് ലംഘിച്ചതിന്റെ അടിസ്ഥനത്തില് ഇവര്ക്കെതിരെ പിഴ ചുമത്തുകയും നോട്ടീസ് നല്കുകയും ചെയ്തു.
നോട്ടീസില് വ്യക്തമാക്കിയ നിശ്ചിത സമയപരിധിക്കുള്ളില് പൈപ്പുകള് നീക്കം ചെയ്തില്ലെങ്കില് സ്ഥാപനങ്ങളുടെ ലൈസന്സ് റദ്ദാക്കുന്നത് അടക്കമുള്ള കര്ശന നടപടികളിലേക്ക് നീങ്ങുമെന്ന് ആരോഗ്യവിഭാഗം മുന്നറിയിപ്പ് നല്കി.
National
ബംഗുളൂരു: മോഡിഫൈ ചെയ്ത വാഹനവുമായി ബംഗുളൂരുവിലെത്തിയ മലയാളി വിദ്യാർഥിക്ക് 1,10,000 രൂപ പിഴ. ബംഗുളൂരുവിൽ എഞ്ചിനിയറിംഗ് പഠിക്കുന്ന കണ്ണൂർ സ്വദേശിയായ വിദ്യാർഥിയാണ് 70,000 രൂപയ്ക്ക് വാങ്ങിയ കാർ മോഡിഫൈ ചെയ്തത്.
ഇതിനായി ലക്ഷങ്ങളാണ് പൊടിച്ചത്. സൈലൻസറിൽ നിന്നും അമിത ശബ്ദത്തോടൊപ്പം പുക കുഴലിൽ നിന്നും തീപ്പൊരി ചിതറുന്ന വിധത്തിലായിരുന്നു വാഹനത്തിൽ മാറ്റം വരുത്തിയത്.
വാഹനം ബംഗുളൂരുവിലെ നിരത്തിലൂടെ ചീറി പായുന്നതിന്റെ വീഡിയോകൾ ഇയാൾ സമൂഹമാധ്യമത്തിൽ പങ്കുവച്ചിരുന്നു. വാഹനം അമിത വേഗതയിൽ അപകടമുണ്ടാകുന്നവിധം തിരക്കേറിയ നിരത്തിലൂടെ പായുന്നത് യാത്രക്കാർക്കും ഏറെ അലോസരമുണ്ടാക്കി. തുടർന്ന് ഇവർ വീഡിയോ പകർത്തി അധികൃതരെ പരാതി അറിയിക്കുകയായിരുന്നു.
തുടർന്ന് യെലഹങ്ക ആർടിഒയാണ് വാഹനം പിടികൂടി പിഴ ചുമത്തിയത്. ചോദ്യം ചെയ്യലിൽ പുതുവർഷം സുഹൃത്തുക്കൾക്കൊപ്പം ആഘോഷിക്കാനാണ് താൻ വാഹനം കൊണ്ടുവന്നതെന്ന് വിദ്യാർഥി പറഞ്ഞു.
Kerala
കാസര്ഗോഡ്: പ്രായപൂര്ത്തിയാകാത്തവര് വാഹനങ്ങളോടിച്ച് അപകടങ്ങളുണ്ടാക്കുന്നത് പതിവായതോടെ അതു തടയാന് ജില്ലയിലെല്ലായിടത്തും പോലീസ് പ്രത്യേക ശ്രദ്ധയും ജാഗ്രതയും പുലര്ത്തുന്നുണ്ട്. എന്നാല് ജാഗ്രത കൂടിപ്പോയാലും പൊല്ലാപ്പാവുമെന്ന് കഴിഞ്ഞ ദിവസം തെളിഞ്ഞു.
കഴിഞ്ഞ ഞായറാഴ്ച വൈകിട്ട് ചെര്ക്കള-ബേര്ക്ക റോഡിലൂടെ പോവുകയായിരുന്ന വിദ്യാനഗര് പോലീസിന്റെ പട്രോളിംഗ് സംഘമാണ് റോഡരികില് നിര്ത്തിയിട്ട സ്കൂട്ടറിലിരുന്ന് ദിവാസ്വപ്നം കാണുന്ന ഒരു പത്താംക്ലാസുകാരനെ കണ്ടത്.
കണ്ടപാടേ ചാടിവീണ് കുട്ടിയെ സ്കൂട്ടറുൾപ്പെടെ കസ്റ്റഡിയിലെടുത്തു. സംഭവം കണ്ട് അടുത്തുള്ള കടയില്നിന്ന് ഒരു പെണ്കുട്ടി ഓടിവന്നു. സ്കൂട്ടര് തന്റേതാണെന്നും പത്താംക്ലാസുകാരന് തന്റെ അനുജനാണെന്നും പറഞ്ഞു.
മാജിദ തസ്രീന് എന്നാണ് തന്റെ പേരെന്നും തനിക്ക് 19 വയസുണ്ടെന്നും ആര്സിയും ലൈസന്സുമുണ്ടെന്നും താനാണ് സ്കൂട്ടര് ഓടിച്ചിരുന്നതെന്നും വിശദീകരിച്ചു.
പക്ഷേ ഒന്നും കേള്ക്കാതെ പോലീസ് വണ്ടിയും കൊണ്ടുപോയി. പ്രായപൂര്ത്തിയാകാത്ത കുട്ടിക്ക് സ്കൂട്ടര് ഓടിക്കാന് നല്കിയതിന് മാജിദയ്ക്കെതിരേ കേസുമെടുത്തു.
പക്ഷേ മാജിദ വെറുതെയിരുന്നില്ല. സമീപത്തെ കടകളില് നിന്നുള്ള സിസിടിവി ദൃശ്യങ്ങളുള്പ്പെടെ ശേഖരിച്ചു. അനുജനെ പിന്നിലിരുത്തി മാജിദ സ്കൂട്ടര് ഓടിച്ചുവരുന്നതും വണ്ടി നിര്ത്തി രണ്ടുപേരും കടയില് കയറുന്നതും പിന്നീട് അനുജന് തിരിച്ചുവന്ന് സ്കൂട്ടറിലിരിക്കുന്നതുമെല്ലാം ആ ദൃശ്യങ്ങളിലുണ്ടായിരുന്നു.
സ്കൂട്ടറില് ഇരുന്നതല്ലാതെ കുട്ടി ഒരിക്കലും വണ്ടി സ്റ്റാര്ട്ട് ചെയ്തിട്ടില്ലെന്നും ദൃശ്യങ്ങളില്നിന്ന് വ്യക്തമായിരുന്നു. ഈ ദൃശ്യങ്ങളെല്ലാം വച്ച് മാജിദ ജില്ലാ പോലീസ് മേധാവി ബി.വി.വിജയ് ഭാരത് റെഡ്ഡിക്ക് പരാതി നല്കി.
ഇതോടെ വിദ്യാനഗര് പോലീസ് വെട്ടിലായി. വണ്ടിയില് ഒരു കുട്ടി വെറുതേ ഇരുന്നാലും കേസെടുക്കാന് കഴിയുമോ എന്ന ചോദ്യത്തിനു മുന്നില് വിയര്ത്തു. പൊല്ലാപ്പില് നിന്ന് തലയൂരാന് ഇനിയെന്ത് വഴിയെന്ന് ചിന്തിച്ച് വണ്ടിയുടെ ബുക്കും പേപ്പറുമെല്ലാം പരിശോധിച്ചപ്പോഴാണ് വണ്ടിക്ക് ഇന്ഷ്വറന്സില്ലെന്ന് മനസിലായത്.
ഉടന്തന്നെ ആ വകുപ്പു മാത്രം ചേര്ത്ത് മാജിദയ്ക്കെതിരേ പെറ്റി കേസെടുത്തു. കുട്ടിക്ക് വാഹനമോടിക്കാന് നല്കിയെന്ന കേസ് ഒഴിവാക്കി വാഹനം തിരികെ വിട്ടുനല്കുകയായിരുന്നു.
Kerala
പത്തനംതിട്ട: തിരുവല്ലയിൽ പ്രണയപ്പകയിൽ കവിത എന്ന യുവതിയെ കുത്തിപ്പരിക്കേൽപ്പിച്ച ശേഷം പെട്രോൾ ഒഴിച്ച് തീ കൊളുത്തി കൊന്ന കേസിൽ പ്രതി അജിന് ജീവപര്യന്തം തടവും അഞ്ച് ലക്ഷം രൂപ പിഴയും ശിക്ഷ. പത്തനംതിട്ട അഡീഷണൽ ജില്ലാ കോടതിയാണ് ജീവപര്യന്തം തടവിന് ശിക്ഷിച്ചത്.
നേരത്തെ പ്രതി കുറ്റക്കാരനാണെന്ന് അഡീഷണൽ ജില്ലാ കോടതി കണ്ടെത്തിയിരുന്നു. 2019 മാർച്ച് 12ന് തിരുവല്ലയിൽ വെച്ചാണ് ക്രൂര കൊലപാതകം നടന്നത്. സഹപാഠിയായിരുന്ന പെൺകുട്ടി പ്രണയബന്ധത്തിൽ നിന്നും പിന്മാറിയതിനെ തുടർന്ന് അജിൻ അവരെ വഴിയിൽ തടഞ്ഞുനിർത്തി ആക്രമിക്കുകയായിരുന്നു.
സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള് പുറത്തു വന്നിരുന്നു. കവിതയെ വഴിയിൽ തടഞ്ഞുനിര്ത്തി സംസാരിച്ചുകൊണ്ടിരിക്കുമ്പോള് തന്നെ കയ്യിൽ കരുതിയിരുന്ന കത്തിയെടുത്ത് കുത്തിവീഴ്ത്തി പെട്രോളൊഴിച്ച് തീ കൊളുത്തുകയായിരുന്നു. നാട്ടുകാരടക്കം ഓടിയെത്തി തീയണച്ച് കവിതയെ ആശുപത്രിയിൽ എത്തിച്ചു.
ഗുരുതരമായി പൊള്ളലേറ്റ കവിത പിറ്റേന്ന് തന്നെ മരിച്ചു. കൊലക്കുറ്റത്തിൽ ശക്തമായ സാക്ഷിമൊഴികളും സമര്പ്പിക്കാൻ പ്രോസിക്യൂഷന് സാധിച്ചിരുന്നു. സിസിടിവി ദൃശ്യങ്ങളടക്കം നിര്ണായകമായി.
Kerala
കോട്ടയം: ബിരിയാണിയിൽ നിന്ന് ചത്ത പഴുതാരയെ കണ്ടെത്തിയ സംഭവത്തിൽ ഹോട്ടലിനും സൊമാറ്റോയ്ക്കും പിഴ ചുമത്തി. ഏറ്റുമാനൂർ സ്വദേശി വിഷ്ണു നൽകിയ പരാതിയിൽ ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കമ്മീഷനാണ് നടപടിയെടുത്തത്.
ഹോട്ടൽ ഉടമ 50000 രൂപ നഷ്ടപരിഹാരവും 2000 രൂപ കോടതി ചെലവും പരാതിക്കാരന് നൽകണം. കൂടാതെ ബിരിയാണിയുടെ വില തിരികെ നൽകണം. നഷ്ടപരിഹാരമായി സൊമാറ്റോ 25,000 രൂപനൽകാനും കമ്മീഷന്റെ ഉത്തരവിൽ പറയുന്നു.
കഴിഞ്ഞ നവംബർ പത്തിന് അതിരമ്പുഴയിലുള്ള ഹോട്ടലിൽനിന്ന് സൊമാറ്റോ ആപ്പ് വഴി ഓർഡർ ചെയ്ത ബിരിയാണിയിൽ നിന്നുമാണ് ചത്ത പഴുതാരയെ കിട്ടിയത്. പരാതിയുമായി സൊമാറ്റോയെ സമീപിച്ചപ്പോൾ ബിരിയാണിയുടെ വില തിരിച്ചു നൽകാമെന്ന് അറിയിച്ചെങ്കിലും പണം ലഭിച്ചില്ല.
തുടർന്ന് വിഷ്ണു ഭക്ഷ്യസുരക്ഷാ വകുപ്പിന് പരാതി നൽകുകയായിരുന്നു. പാകം ചെയ്തതും വിതരണം ചെയ്തതുമായ ഭക്ഷണത്തിലാണ് പഴുതാരയെ കണ്ടെത്തിയത്. ഇത് ഹോട്ടലിന്റെ ഭാഗത്തുനിന്നുള്ള ഗുരുതര വീഴ്ചയാണെന്നും കമ്മീഷൻ കണ്ടെത്തി.
Kerala
കൊച്ചി: ഭൂമി തരം മാറ്റാനുള്ള അപേക്ഷ നിരസിച്ച റവന്യൂ ഡിവിഷന് ഓഫീസര്ക്കു ഹൈക്കോടതി 10,000 രൂപ പിഴ വിധിച്ചു.
അപേക്ഷ നിരസിച്ച നടപടി ചോദ്യം ചെയ്തു മലപ്പുറം പൊന്നാനി സ്വദേശിനി എ.ബി. സുജയ നല്കിയ ഹര്ജിയിലാണു മലപ്പുറം തിരൂര് റവന്യൂ ഡിവിഷന് ഓഫീസര് 10,000 രൂപ ഒരു മാസത്തിനകം അപേക്ഷകയ്ക്കു നല്കാന് ജസ്റ്റീസ് സി.എസ്. ഡയസ് ഉത്തരവിട്ടത്.
ഹര്ജിക്കാരിയുടെ ഭര്ത്താവിന്റെ പേരില് പൊന്നാനി വട്ടക്കുളം വില്ലേജിലുള്ള 15 സെന്റ് സ്ഥലത്ത് പതിറ്റാണ്ടുകള്ക്കുമുമ്പ് നിര്മിച്ച കെട്ടിടം നിലവിലുണ്ട്. ഈ ഭൂമിയുടെ തരം മാറ്റലിനു നല്കിയ അപേക്ഷയാണു നിഷേധിച്ചത്. ജില്ലാ കളക്ടര്ക്ക് അപ്പീല് നല്കിയെങ്കിലും നടപടി ഉണ്ടാകാത്തതിനെത്തുടര്ന്ന് ഹൈക്കോടതിയെ സമീപിച്ചപ്പോള് അപ്പീലില് എത്രയും വേഗം തീരുമാനമെടുക്കണമെന്ന് ഉത്തരവുണ്ടായി.
തുടര്ന്ന് കളക്ടര് അപേക്ഷ ആര്ഡിഒയ്ക്കു കൈമാറിയെങ്കിലും ഭൂമി ഡാറ്റാ ബാങ്കില് ഉള്പ്പെട്ടതാണോ അല്ലയോ എന്നു പരിശോധിക്കാതെ ആര്ഡിഒ വീണ്ടും അപേക്ഷ തള്ളുകയായിരുന്നു. വില്ലേജ് ഓഫീസറുടെ റിപ്പോര്ട്ടില് സ്ഥലം ഡാറ്റാ ബാങ്കില് ഉള്പ്പെടുന്നതല്ലെന്നു വ്യക്തമാക്കിയിരിക്കെയാണ് ഈ നടപടി. ഇക്കാര്യം വില്ലേജ് ഓഫീസര് സമര്പ്പിച്ച സത്യവാങ്മൂലത്തിലും വ്യക്തമാക്കിയിരുന്നു.
ഡാറ്റാ ബാങ്കില്നിന്ന് 2023 ജനുവരിയില് ഈ ഭൂമി ഒഴിവാക്കിയതാണ്. അതേസമയം, തൊട്ടടുത്ത സ്ഥലം തരംമാറ്റി നല്കിയ രേഖയടക്കം ഹര്ജിക്കാരി കോടതിയില് ഹാജരാക്കി. നിഷേധാത്മക സമീപനം സ്വീകരിച്ചതിലൂടെ അപേക്ഷ നിരസിച്ച് ഹര്ജിക്കാരിയെ നിയമനടപടികളിലേക്ക് എത്തിക്കുകയാണ് ആര്ഡിഒ ചെയ്തതെന്നു കോടതി വിലയിരുത്തി.